Vembanadan

വെമ്പനാടൻ


മ്പത്വമോടു മഹിതാശകളാൽ ചുഴന്നി-

ട്ടമ്പോ! കുലുക്കമിയലാത്തൊരു “വെമ്പനാടൻ”

തൻപേരിനാലെ ഭുവനത്രയമാകെ നിത്യം 

വെമ്പിച്ചുകൊണ്ടു വിലസുന്നു ഗഭീരനായി.                           

 1

വഞ്ചിക്കുതന്നിലധിവാസമണച്ചിടുന്നോൻ

വഞ്ചിയ്ക്കകത്തു മരുവുന്നതു ചിത്രമല്ലേ? 

വഞ്ചിക്ഷിതിസ്ഥനിവനിസ്ഥിതിയിൽ പ്രണാശം

വഞ്ചിക്കു ചേർത്തു വിഹരിപ്പതതീവചിത്രം!                         

2

സമ്പൂർണ്ണനാകിലുമിവൻ നിജ വേല വിട്ടി-

ട്ടിമ്പത്തിനൊത്തു ചെറുതും കളിയാടുകില്ല 

മുമ്പേതുടങ്ങിയിവനുള്ളാരലച്ചിലിന്നോ-

സമ്പാദ്യമേറുമളവും കുറവില്ല തെല്ലും.                                       

3

കണ്ടാൽ ശരിക്കു മുകളാകെ നിരപ്പു, പാരം 

കുണ്ടാണകത്തു മുഴുവൻ, ചതി പറ്റുമാർക്കും

വേണ്ടുംവിധത്തിലടിചേർന്നു നമിക്കുവോരേ

രണ്ടില്ല പക്ഷമൊരുനാളുമവൻ ത്യജിക്കാ.                                   

4

സമ്പത്തുവേണ്ട നിജ സന്തതി വേണ്ടൊരുത്തൻ

തൻപത്തുചേർന്നു മരണത്തിനൊരുങ്ങിയെന്നാൽ 

സമ്പൂർണ്ണമായ് ജലമായവനേകിടാതീ

വമ്പൻ, വിശാലഹൃദയൻ വിടുകില്ല തെല്ലും.                               

5

മാനത്തിനർഹത തികഞ്ഞൊരു “തമ്പുരാനും”

ഹീനത്വമേറു “മടിയാനു” മൊരേ തരത്തിൽ

സ്നാനം കഴിഞ്ഞു ശവസംസ്കരണം ലഭിക്കാം 

മാനിച്ചു തന്റെയുടലിങ്ങു വെടിഞ്ഞുവെന്നാൽ.                     

6

ശീതത്തിലുഷ്‌ണമിവനേകിടുമാശ്രയിച്ചാൽ 

ശീതം കൊടുക്കുമതുപോൽ പരമുഷകാലേ 

മാതാവു തന്നുരസിചേർന്നൊരു കുഞ്ഞിനെപ്പോ- 

ലേതാളുകൾക്കുമതിമോദമിവൻ കൊടുപ്പൂ.                               

7

ചുറ്റും ശരിക്കു വിലസുന്നൊരു കേരവൃക്ഷം

കുറ്റം വെടിഞ്ഞു തലചായ്ക്കു നമിക്കകൊണ്ടോ 

മാറേറ്റിടുന്ന കനകാഭരണം കണക്കേ 

മുറ്റുന്ന നൽകുലകളായവ ചാർത്തിടുന്നു.                                 

 8

ശല്യപ്പെടുത്തി രസഹീനത ചേർത്തു പാരം

വല്ലാത്ത വേലയരികത്തു നടത്തിയെന്നാൽ

കില്ലേതുമെന മഹിതാശയനാണ്ടുതോറും

നെല്ലാണു വേണ്ടതരുളുന്നതവർക്കുമോദാൽ.                           

9

മദ്ധ്യേകടന്നു ചില നാടുകൾ വേർപെടുത്തി-

ട്ടൗദ്ധത്യമോടുമവിടെ സ്ഥിതി ചെയ്തു നിത്യം

മദ്ധ്യസ്ഥനെന്ന നില നേടിയതോർത്തിടുമ്പോൾ 

ബുദ്ധിപ്രഭാവമതുലം തവ, വെമ്പനാടാ!                                         

10

നാട്ടാർകരങ്ങളതി നീതിയോടെ ഗ്രഹിച്ചും

നാട്ടാർ രസത്തിലഭിമാനമിയന്നുകൊണ്ടും

കാട്ടും പ്രതാപമഹിമാവു നിനച്ചിടുമ്പോൾ 

രാട്ടിന്നു തുല്യനിവനെന്നതിനില്ലവാദം.                                         

11

കണ്ടിട്ടു നിന്റെയളവറ്റ മഹത്ത്വമെല്ലാ-

മിൻഡ്യൻ സമുദ്രമുടനേ കരമേകിയല്ലൊ 

നീണ്ടിങ്ങുവന്ന കരമാണിഹ കൊച്ചിരാജ്യം 

രണ്ടായ് പിരിച്ചു വിലസുന്നഴിയെന്ന പേരിൽ                               

12

                                  (കേരളീയ കത്തോലിക്കൻ, ജൂൺ 1922)