Bharathamahalakshmi-001

 ഭാരതമഹാലക്ഷ്മി

    (1962)


   1

     മുഖവുര

ഇതാ ഒരു ചെറിയ ഖണ്ഡകാവ്യം വിദ്വജ്ജനഹസ്‌തങ്ങളിൽ ഞാൻ സവിനയം സമർപ്പിക്കുന്നു. ഇതിഹാസപുരാണാ ദികളിൽനിന്നല്ല. വേദാന്തങ്ങളിൽനിന്നല്ല, സ്വന്തമനോധർ മ്മത്തിൽനിന്നുമല്ല, ഭാരതചരി ത്രത്തിൽനിന്നാണ് ഇതിൻ്റെ ഇതിവൃത്തം ഞാൻ സ്വീകരിച്ചിട്ടുള്ളത്. 1857-ലെ മഹാവിപ്ല വം ഭാരതചരിത്രത്തിൽ ഒരു മഹാസംഭവം തന്നെ യാണ  ല്ലോ. സ്വതന്ത്രഭാരതസൃഷ്‌ടിയുടെ നാന്ദിയായി ഗണിക്കപ്പെ ടുന്ന ആ വിപ്ലവത്തിനിടയിൽ, വമ്പന്മാരായ ഈസ്റ്റിൻഡ്യാക്കമ്പിനിക്കാരോടു ധീരധീരം പോരാടി വീരസ്വർഗ്ഗംപ്രാപിച്ച ഒരു  പുരുഷവനിതയാ ണ് ജാൻസിയിലെ ലക്ഷ്‌മീറാണി. ചെറിയ ഒരു രാജ്യത്തിലെ ചെറുപ്പക്കാ രിയായ ആ റാണി ഭാരതത്തിനു വലിയ ഒരഭിമാനസ്തംഭംതന്നെ. ആ മഹതി യെ സംബന്ധിച്ച് ഒരു ഖണ്‌ഡകാവ്യമെഴുതാനുള്ള പ്രചോ ദനം എന്നിൽ അലയടിക്കാൻ തുടങ്ങിയിട്ട് കുറഞ്ഞോരു നാളുകളായി. എങ്കിലും, അതിനായി കാത്തിരുന്ന പ്രശാ ന്തമായ ഒരന്തരീക്ഷത്തിൽ ഞാനെത്തിച്ചേർന്നത് അടു ത്ത കാലത്തുമാത്രമാണ്.

ജാൻസിറാണിയെ സംബന്ധിച്ചു സർദാർ കെ.എം. പണി ക്കർ ആത്മകഥാ രൂപത്തിൽ എഴുതിയിട്ടുള്ള പുസ്‌തക വും, ശ്രീ ഗോപാല വ്രതൻ ജീവച രിത്ര രൂപത്തിലെഴുതി യിട്ടുള്ള പുസ്‌തകവും ചില പ്രബന്ധങ്ങളുമെല്ലാം ഞാൻ വായിച്ചിട്ടുണ്ട്. അധികം വായിച്ചതുകൊ ണ്ടല്ല, ഈ കൊച്ചു റാണി യുടെ അപദാനങ്ങൾ എന്നെ അമ്പരപ്പിച്ചതുകൊ ണ്ടാണ് ഇങ്ങനെ ഒരു കാവ്യമെഴുതാൻ ഞാൻ തൂലികയെ ടുത്തത്. ശത്രുക്കൾ പോലും കീർത്തി ക്കത്തക്ക അപദാ നങ്ങളാൽ യശസ്വിനിയായ-ഭാരതമാതാവിൻ്റെ പ്രേഷ്‌ഠ സന്താനമായ-ഈ ചെറുപ്പക്കാരിയെ ഒന്നു കീർത്തിക്കു ന്നതിൽ എനിക്കു മുണ്ട് അനല്‌പമായ ഒരഭിമാനം. ഞാനും ഒരു ഭാരതീയ വനിതതന്നെ യാണല്ലോ.

എന്റെ കാവ്യത്തിലേനായിക വിലാസലോലുപയല്ല. കാവ്യം ശൃംഗാരര സപ്രധാനവുമല്ല. പത്തുവയസ്സു പ്രായക്കൂടു തലുള്ള ‘നാനാ’ച്ചേ ട്ടനെ കുതിരപ്പന്തയത്തിൽ തോല്‌പിച്ച ആ പന്ത്രണ്ടുകാരി ആമരണം ഒരു യോദ്ധാവായിട്ടു തന്നെയാണ് ചരിത്രത്തിലെന്നതുപോലെ കാ വ്യത്തിലും പ്രത്യക്ഷപ്പെടുന്നത്. എട്ടൊൻപതുവയസ്സു പ്രായമുള്ള സമ്പുഷ്‌ടഗാത്രനായ ദത്തുപുത്രനെ പിന്നിൽ ചേർത്തു കെട്ടിക്കൊണ്ട് രാത്രി സമയത്ത് അമ്പ തടി തൂക്കനേ യുള്ള ദുർഗ്ഗമഭാഗത്തു കുതിരചാടിച്ച് ജാൻസിക്കോട്ടയി ൽനിന്നു രക്ഷപ്പെട്ട ആ മഹാധീരയ്ക്ക് ആരു തന്നെ തൊഴുകൈ കൂപ്പു കില്ല? ജാൻസിയിലും, കാല്‌പിയിലും, ഗ്വാളിയാറിലും പരാജയം നേരിട്ടാലെ ന്ത്? വിധവയായ ആ യുവതിയുടെ അനിതരവനിതാ സാധാരണമായ ധീരതയ്ക്ക് ഒരു പരാജയവും ഒരിക്കലുമുണ്ടായിട്ടില്ല. തലയുടെ ഒരുവശം പിളർന്നുപോയിട്ടും വൈരിയെ വാളിന്നിരയാ ക്കിയതിനുശേഷം വീരസ്വ ർഗ്ഗം പൂകിയ ആ സിംഹിനിയെ എത്ര മഹാകാ വ്യങ്ങളെഴുതി കീർത്തി ച്ചാൽ മതിയാകും? എന്റെ ഈ ചെറുകാവ്യം അതിനൊരു നാന്ദിപോലുമാ യിട്ടുണ്ടെന്നു ഞാൻ വിചാരിക്കുന്നില്ല. സ്വദേശാഭിമാ നത്തിൻ്റെ തിരത്ത ള്ളൽ എന്നെക്കൊ ണ്ടു ചിലതെല്ലാം എഴുതിച്ചു എന്നുമാത്രം.

ഈ ധീരവനിതയുടെ വീരചരിത്രം സംഗ്രഹരൂപ ത്തിലെ ങ്കിലും ഇവിടെ യൊന്നു ചേർക്കുന്നത് കാവ്യപാരായണ ത്തിനു സഹായക മാകുമെന്നു ഞാൻ വിചാരിക്കുന്നു. മഹാരാഷ്ട്ര ചക്രവർത്തി ബാജിറാവുദ്വിതീയൻ ഈസ്റ്റിൻഡ്യാ ക്കമ്പനിക്കാരുമായി ഒരു സന്ധിക്കു വഴിപ്പെട്ട് അവ രുടെ പെൻഷൻപറ്റി കഴിയുന്നകാലം. താമസവും പുനാവിട്ടു ബിറുരിൽ (ബ്രഹ്മാ വർത്തം) ആണ്. അദ്ദേഹ ത്തിന്റെ അതിവിശ്വസ്തനായ ഒരാശ്രി തനാണ് ‘മോരോ പന്ത്’ എന്ന മാഹാരാഷ്ട്ര ബ്രാഹ്മണൻ. കിരീടം നഷ്ടപ്പെട്ട കാലത്തും പേഷ്വാ ഈ ആശ്രിതനെ അഭയം നല്കി സംരക്ഷിക്കുന്നു. നമ്മുടെ കഥാ നായിക ‘മനുകർണ്ണി കാഭായി’ മോരോപന്തിൻ്റെ ഏക സന്താനമാണ്. അവ ൾക്കു നാലുവയസ്സേപ്രായമുള്ളൂ, അമ്മ ഭാഗീരഥിബായി ദിവംഗതയായ പ്പോൾ അച്ഛൻ്റെ പരിപൂർണ്ണ സംരക്ഷണ യിൽ, മിക്കവാറും പേഷ്വയുടെ കൊട്ടാര ത്തിൽത്തന്നെ അവൾ വളർന്നു, സുന്ദരിയും ചുണക്കുട്ടിയുമായ ‘മനു’ അനപത്യനായ പേഷ്വായുടെ അതിവാത്സല്യഭാജനമാ യിത്തീർന്നു. അദ്ദേഹത്തിന്റെ ദത്തുപുത്രൻ നാനാ സാഹേബ്, നാനയുടെ അനുജൻ റാവുസാഹേബ്, ഒരു സേവകനായ താത്യാടോപ്പെ, ഇവർക്കെല്ലാം മനു ഒരു കുഞ്ഞനുജത്തിയായിരുന്നു. അവരോടൊരുമിച്ച് അക്ഷരവിദ്യയും ആയുധവിദ്യയും അവളഭ്യസിച്ചു. ആയോധനത്തിലായിരുന്നു അവൾക്കു കൂടുതൽ പ്രവണത. അതുകൊണ്ട് അവൾ ഒരു യോദ്ധ്റിയായി വളർന്നു എന്നുതന്നെ പറയാം. കഷ്‌ടിച്ചു പന്ത്രണ്ടു വയസ്സാ യപ്പോഴേക്കും കുതിര സ്സവാരിയിലും കളരിപ്പയ റ്റുകളിലുമെല്ലാം യുവകേസരികളായ ചേട്ടന്മാരെ തോല്‌പിക്കത്തക്കവണ്ണം മനു കേമിയാ യിത്തീർന്നു. പക്ഷേ ബാല്യവി വാഹം നടപ്പിലിരുന്ന അക്കാലത്ത് ആ പന്ത്രണ്ടുകാരി അഥവാ പതിമൂന്നു കാരി ഒരു നാല്‌പത്തി രണ്ടുകാര ന്റെ ഭാര്യാപദമലങ്കരിച്ചു എന്നു പറ ഞ്ഞാൽ കഴിഞ്ഞല്ലൊ. ജാൻസിയിലെ രാജാവായ ഗംഗാധരറാവു വിന്റെ രണ്ടാംവിവാഹം. പരേതയായ ആദ്യഭാര്യയിൽ അദ്ദേഹത്തിനു സന്താ നങ്ങളുമുണ്ടായിരുന്നില്ല. അങ്ങനെ മനുഭായി ജാൻസിയിലെ ‘ലക്ഷ്‌മീ ഭായിറാണി’ ആയിത്തീർന്നു.

അഴകൊത്ത തോഴികളും ആഡംബരമൊത്ത ജീവിതവും ആയുധാ ഭ്യാസസൗകര്യങ്ങളും മറ്റും അവൾക്കു സ്വാഗത മരുളി എന്നല്ലാതെ, ദാമ്പ ത്യജീവിതത്തിൻ്റെ ആനന്ദങ്ങ ളൊന്നും അത്രതന്നെ അനുഭവപ്പെട്ടില്ല. ഭർ ത്താവ് അങ്ങ നെയൊരുപ്രകൃതക്കാരനുമായിരുന്നു. വയസ്സു പതിനാറു കഴിഞ്ഞു, അവൾ ഒരു മാതാവായി. എങ്കിലും സന്താന സുഖം വിധി അവൾ ക്കനുവദിച്ചില്ല. രണ്ടുമാസം കഴിഞ്ഞ പ്പോൾ ആ ശിശു അന്തരിച്ചു. അതി നേത്തുടർന്നു രാജാവ് ക്ഷയരോഗബാധിതനായി കാലഗതിയടഞ്ഞു. പതി നെട്ടു വയസ്സുമാത്രം പ്രായമുള്ള ലക്ഷ്മീറാണി വിധവയായി, രാജ്യത്തിലെ റാണിയുമായി, വിദഗ്‌ധമായ രാജ്യഭരണം! വിലാസലോലുപനായ രാജാവി ന്റെ കാലത്ത് രാജ്യകാര്യ ങ്ങളെല്ലാം വളരെ അശ്രദ്ധയിലായിരുന്നു. ഇപ്പോൾ ജന ങ്ങൾ സംതൃപ്‌തരാണ്. രാജ്യം ഐശ്വര്യത്തിൽ പുരോഗ മിക്കുകയാണ്. അപ്പോഴിതാ നരകവാ തിൽ തുറക്കപ്പെട്ട തുപോലെ 1857-ലെ ചരിത്രപ്രസിദ്ധമായ മഹാവിപ്ലവം!

ധീരയായ ലക്ഷ്‌മീറാണി വമ്പന്മാരായ കമ്പനിക്കാരു ടെയാക്രമണത്തിൽ ജാൻസി വിട്ടു കാല്‌പിയിലേയ്ക്കും അവിടെനിന്നു ഗ്വാളിയാ റിലേയ്ക്കും പലായനം ചെയ്യാൻ നിർബന്ധിതയായി. ഗ്വാളിയാറിൽ വച്ച് കമ്പനിക്കാരു മായുണ്ടായ യുദ്ധത്തിൽ ധീരധീരം സമരം ചെയ്ത് അടർക്ക ളത്തിൽ വീണ് അവൾ വീരസ്വർഗ്ഗം പ്രാപിച്ചു. “വിജയം, അല്ലെങ്കിൽ മരണം, ശത്രു ക്കൾക്കു കീഴടങ്ങുകയില്ല” എന്നതായിരുന്നു അവളുടെ ദൃഢനിശ്ചയം. വേഷംകൊ ണ്ടും ഭീകരമായ വീരപരാക്രമങ്ങൾകൊണ്ടും റാണിയെ ഒരു യുവസേനാനായകൻ എന്നാണ് പ്രതി പക്ഷ പ്രമാ ണികൾ ധരിച്ചിരിക്കു ന്നത്. യാഥാർത്ഥ്യം ഗ്രഹിച്ചപ്പോൾ ജനറൽ ഹ്യൂറോസ്സുപോലും സമ്മതിച്ചു പറഞ്ഞു. “അവരുടെയിടയിൽ ഏറ്റവും ധീരയും പ്രഗത്ഭയുമാ യിരുന്നു ആ റാണി” എന്ന്. ധീരയായ ജോൺ ഓഫ് ആർക്കിനോടും ഇംഗ്ലണ്ടിലെ ബൊഡീഷ്യാറാണിയോ ടും മറ്റും ലക്ഷ്മ‌ീറാണിയെ തുല്യപ്പെടുത്തി ക്കൊണ്ട്, ടോറസ് ആർനോൾഡ് മുതലായ ഗ്രന്ഥകാരന്മാർ രേഖപ്പെടുത്ത യിട്ടുണ്ട്.

ലക്ഷ്മീറാണി മരിച്ചോ?….

അവൾ സ്വതന്ത്രഭാരതത്തിൻ്റെ അരുണകിരണങ്ങളേറ്റ് സുസ്മേരവ ദനയായി ഭരിക്കുന്നു.

ജാൻസിറാണി കീജേ!

ഗ്രന്ഥകർത്രി

ഇലഞ്ഞി

8-12-1962                             

“മനു”വിന്റെ ജനനവും ബാല്യവും

ഭാരതധരണിയിലന്നൊരു ധീര 

     കുലാംഗന-അല്ലല്ല 

പൂരുഷവനിത-യശസ്സുപരത്തി 

     യിരുന്നഭിമാനമൊടേ. 

പേരുവിശേഷം “മണികർണ്ണിക”

     യതു “മനു”വെന്നും പറയും 

പാരിൽ കീർത്തിതയാണവൾ ലക്ഷ്മി 

     ഭായീനാമത്താൽ.

1

ഹൈന്ദവപൂജിതതീർത്ഥം കാശി, 

     യതിന്റെ മണൽത്തരികൾ- 

ക്കെന്നും മേന്മലസിക്കുന്നുണ്ടവ- 

     ളവിടെ ജനിച്ചതിനാൽ 

ജന്മം ബ്രാഹ്മണജാതിയിലത്രേ 

     ക്ഷത്രിയജീവിതവും 

പെണ്മണിയാളെക്കൊണ്ടഭിമാനിത 

     നീയേ ഭാരതമേ!

2

ധീരാംഗനയുടെ ധന്യജനിത്രി 

     ഭാഗീരഥിഭായി, മോരോപ്പന്താണച്ഛൻ, പേഷ്വാ-

         യ്ക്കാശ്രിതനദ്ദേഹം.

ആ ദാമ്പത്യക്കല്പകവല്ലരി

     ചാലേപുഷ്പിച്ചു 

സാകല്യേന ഫലിച്ചതുതന്നേ 

     മനുവാം ‘സന്താനം’

3

 

വീരമഹച്ചരിതങ്ങൾ ദിനംപ്രതി 

     കേട്ടു ചെറുപ്പത്തിൽ 

ധീരതയുള്ളിലുറച്ചു തഴച്ചുവ- 

     ളർന്നു തുടങ്ങിടവേ 

നാലുവയസ്സിൽ ജനനി ദിവംഗത-

     യായി, വിധിവിഹിതം 

ബാലകരെപ്പോൽ തന്നേയവളും 

     വളരണമെന്നാവാം.

4

മകുടംപോയൊരു മന്നവനായി- 

     പ്പേഷ്വാ കഴിയുകിലും 

മതിയിലുദാരതയോടേയാശ്രിത- 

     നഭയം നല്‌കുകയാൽ 

ബ്രാഹ്മാവർത്തം വാസസ്ഥലമായ്, 

     മനുവിനു കൂട്ടരുമായ് 

നിർമ്മല മൈത്രിയിലഗ്രേസരരാം 

     രാജകുമാരന്മാർ.

5

‘നാനാസാഹേബെ’ന്നു പറഞ്ഞാ

     ലറിയണമെല്ലാരും 

നാനായെപ്പോൽ വേറൊരുചേട്ടൻ 

     താത്യാ;രണ്ടാളും

 ബാലികയെക്കാളെട്ടും പത്തും

     കൂടിയ പ്രായക്കാർ 

ലാളിതയായ് മനുവവരുടെ കുഞ്ഞുസ- 

     ഹോദരിയായ്ത്തീർന്നു.

6

സോദരിയെന്നല്ലേറ്റം ശരിയായ് 

     സോദരനെന്നോതാം 

സാദരമവളെച്ചേട്ടന്മാരതു 

     പോലെ വിചാരിച്ചു.

അവരൊടു കിടചേർന്നശ്വാരോഹണ 

     മായുധവിദ്യകളും 

മനുവിനു മേന്മേൽ രസകരമായി- 

     ത്തീർന്നിതു നാൾതോറും

7

പേഷ്വാബാജിയപുത്രനു നാനാ

     ദത്തകമകനെന്നാൽ

സാക്ഷാൽ കണ്മണി നിസ്സന്ദേഹം

     മണികർണ്ണികയത്രേ.

ഒരുമിച്ചവളെയുമാക്കീകളരിയി- 

     ലായുധവിദ്യകളിൽ 

അധിക വിദഗ്ദ്ധതയവളിൽക്കണ്ടതു 

     ഗുരുവിനൊരത്ഭുതമായ്.

8

കാവ്യാലങ്കാരാദിയുമുത്തമ 

     പാചകവിദ്യകളും 

കാലോചിതമായ് തന്നെ പഠിച്ചവ- 

     ളൊരു ചെറുപണ്ഡിതയായ്. 

“കാമിനി രൂപിണി ശീലവതീമണി” 

     ധീരാഗ്രേസരയും 

പാഞ്ചാലിയുമഭിമന്യുവുമെന്നുപ- 

     റഞ്ഞീടാമവളെ.

9

സായാഹ്നത്തിൽ സരസംസുന്ദര- 

     വാജികളിൽക്കയറി 

പോയീടുക പതിവാണു സവാരി- 

     യ്ക്കവർ മൂന്നാളുകളും.

ചേട്ടന്മാരെപ്പിന്നിടുവാനും 

     മതിയാകുന്നവിധം

 മട്ടോലും മൊഴിയാളതിപടുവായ് 

     ഗുരുവിൻ വത്സലയായ്.

10

അശ്വാരോഹണമത്സരമൊന്നാ

     ദ്വാദശവാർഷികയും 

അശ്വത്ഥാമാസമനായുള്ളൊരു 

     നാനാച്ചേട്ടനുമായ് 

നേരമ്പോക്കിൽ നടത്തപ്പെട്ടു.

     ദൃക്സാക്ഷികളായി 

ചാരേനിന്നിതുഗുരുവും താത്യാ-

     ച്ചേട്ടനുമിരുവശവും.

11

മദ്ധ്യേമാർഗ്ഗം കാണുംകുല്യയൊ-

     രൊറ്റച്ചാട്ടത്താൽ 

ഉദ്ദേശിച്ചുതരണം ചെയ് വതിൽ 

     വിജയം നേടിടുവാൻ 

ഒത്തുപറഞ്ഞു, വേഗതകൂട്ടി- 

     ക്കുതിരകളേവിട്ടു 

വിദ്യുല്ലതിക കണക്കവൾ മുമ്പേ 

     യെത്തീലക്ഷ്യത്തിൽ.

12

രാജകുമാരനുമറബിക്കുതിരയു- 

     മവളൊടു സുല്ലിട്ടു 

രാജീവേക്ഷണഗുരുവിനെ നോക്കിയൊ 

     രഞ്ജലിയർപ്പിച്ചു 

അഭിനന്ദിച്ചു ദേശികനവളേ 

     യധികകൃതാർത്ഥതയോ-

ടഭിമാനവുമാഗുരുവിനു കരളിൽ 

     തിങ്ങിക്കവിയുകയായ്.

13

കൊട്ടാരത്തിൽ മടങ്ങിച്ചെന്നു 

     സംഭവമൊക്കെയുടൻ 

കേട്ടുപേഷ്വാ, മണികർണ്ണികയെ

     മകളെപ്പോൽ തന്നേ 

അർദ്ധാസനവും നൽകിയിരുത്തി-

     സ്സാദരമാശ്ലേഷി- 

ച്ചുദ്യോതാക്ഷികളരനിമിഷത്തേ- 

     യ്ക്കവളിലുറപ്പിച്ചു

14

മാറിലണിഞ്ഞൊരു മാല്യവിശേഷം

     കൈയിലെടുത്തുടനേ 

കൂറേറുന്നൊരു പുഞ്ചിരിയോടേ

     മനുവിനെയണിയിച്ചു.

“കുതിരപ്പന്തയ വിജയത്തിന്നിതു 

     സമ്മാനിപ്പൂഞാ- 

നിതിലും വലുതായിനിയുമൊരാഗ്രഹ-                         

     മുള്ളതുപറയട്ടെ.

15

ഉന്നതനിലയിൽ നല്ലൊരുവരനൊടു 

     മൊത്തുവിവാഹിതയായ് 

നിന്നെക്കാണണമതു സാധിച്ചാ- 

     ലധികകൃതാർത്ഥൻ ഞാൻ. 

വേണ്ടും പ്രായവുമായി നിനക്കിനി

     ബാലികമാരെപ്പോൽ 

വേണ്ടാ കണ്മണിയീവിധമുള്ള സ- 

     വാരി വിനോദങ്ങൾ

16

എല്ലാം വേണ്ടതുപോലെ നടത്താം’

     പേഷ്വാ വിരമിച്ചു 

കല്യാണീമണി ബാലികയവളെ- 

     ന്തുത്തരമോതിടും?

ഇല്ലാതില്ലൊരു കുണ്ഠിതമകമേ 

     ഹൃദ്യവിനോദങ്ങൾ-

 ക്കെല്ലാം പൂർണ്ണവിരാമം വന്നതിൽ; 

     മൌനം ദീക്ഷിച്ചു.

17

അതുമുതലൊരു ഗുരുദേവനുകീഴിൽ

      വായനതുടരുകയായ് 

നിതരാം വേദപുരാണാദിയിലും 

     പാരംഗതയാവാൻ.

അതിനിടയിൽ ചിലയാലോചനകൾ

     ‘കല്യാണം’ വരുവാ- 

നതുവല്ലതുമിക്കൗമാരം കഴി- 

     യാത്തവളറിയുന്നോ?

18

ജ്യോതിഷവിദ്വാന്മാരുടെ വരവും 

     ഗൌരവഭാവത്തിൽ 

ജാതകപരിശോധനയും മറ്റും 

     കാണായതുമൂലം 

മേധാവതിയവളേതാണ്ടെല്ലാ- 

     മറിയുന്നുണ്ടാവാ 

മേതായാലും വെളിയിലതൊന്നും 

     കാണിച്ചതുമില്ല.

19

ബാല്യവിവാഹം നിർബ്ബന്ധിതമാ- 

     ണക്കാലത്തെല്ലാം 

തെല്ലും സ്ത്രീസ്വാതന്ത്ര്യവുമില്ല 

     വിദ്യയുമതുപോലെ.

എല്ലാം ബന്ധുജനങ്ങൾ നടത്തും 

     ഭാവിശുഭം വരുവാൻ 

ചൊല്ലാറില്ല വിസമ്മതമൊന്നും

     സാധുകുമാരികമാർ.

20