Bharathamahalakshmi-002

II

വിവാഹിതയായ മനുഭായി 

ജാൻസിയിലേ ലക്ഷ്‌മീറാണി


നുവൊരു മണാട്ടിയായ്

     ജാൻസിയിൽ റാണിയായ് 

മനതളിർ വിവാഹോത്സ- 

     വത്തിൽ കുളിർത്തതായ് 

ഇനിയുമൊരു ജീവിതം 

     വ്യത്യസ്ത‌മാണെന്ന 

നിനവുഹൃദിചേർന്നുവോ? 

     സംശയിച്ചീടണം.

 

1

വരനൊരു പിതാവിനെ-

     പ്പോലെയാണാമഹാ 

നിരുപതിലിരട്ടിയും 

     മിച്ചവും പ്രായമായ് 

അതിലൊരു പൊരുത്തമി- 

     ല്ലെങ്കിലും ‘ഭൂപ’നാ- 

ണവനതു നിമിത്തമായ് 

     ബാജി സന്തുഷ്ടനായ്

2

മണിമയ മനോജ്ഞമാ- 

     ല്യങ്ങളും കങ്കണ- 

ക്വണിതവുമവൾക്കു ചേ- 

     ർത്താനന്ദമേറ്റവും 

അണിവതിനമൂല്യ പ- 

     ട്ടാംബരശ്രേണിയും 

ഗുണികൾ യുവതോഴികൾ 

     നർമ്മസല്ലാപവും

3

ഹിതകര സവാരികൾ- 

     ക്കൊത്തിണങ്ങീടുമ- 

ക്കുതിരകളുമായുധാ- 

     ഭ്യാസഗേഹങ്ങളും 

സഖികളതിലഭ്യാസ- 

     മുള്ളവർ, കൊട്ടാര- 

സുഖമിവയിലൊക്കെയും

     കണ്ടിരിയ്ക്കാമവൾ

4

മധുവിധുനുകർന്നില്ല 

     ഭൈമിയെപ്പോലെയാ 

വിധുമുഖി സുദീപ്തമാം 

     പൌർണ്ണമി ജ്യോത്സ്നയിൽ 

വരനൊടൊരുമിച്ചുള്ള 

     സ്വൈരസല്ലാപവും 

പരിമിത, മഹോശുഷ്‌ക- 

     ദാമ്പത്യജീവിതം!

5

ഇരവുപകൽ നാടകം

     നൃത്തഗീതാദിയും

സരസമതിൽ നിർല്ലീന 

     ചിത്തനത്രേ പ്രിയൻ 

അകലെ നഗരത്തിലായ്

     രമ്യഹർമ്മ്യം രാജ- 

സദനമതിൽവാസമാ 

     ണെപ്പോഴും ഭൂമിപൻ.

6

ചിലദിവസമെത്തിടും ‘

     ലക്ഷ്മി’യെക്കാണുവാൻ

 സുഖവിവരമൊക്കെയാ- 

     രാഞ്ഞിടും വേണ്ടപോൽ. 

ഒരുകുറവുമില്ലവൾ-

     ക്കൊന്നിനും;ജീവിതം 

പരമസുഖദായകം

     സംതൃപ്തയാണവൾ.

7

അവളൊരു മഹാധീര, 

     “ലക്ഷ്മീ മഹാറാണീ 

യുവജന വികാരങ്ങ- 

     ളേശാത്ത ബാലിക 

ചെറുതുമവളസ്വസ്ഥ- 

     യായില്ല, ലേശവും 

പരിഭവമവൾക്കില്ല 

     കാന്തനോടൊന്നിലും

8

ചിരപരിചിതാഭ്യാസ- 

     മായോധനം ധീര- 

പുരുഷഹൃദയാന്വിത- 

     യ്ക്കാനന്ദദായകം 

തരുണികളിലാഹ്ലാദ- 

     മേകും വിലാസങ്ങ- 

ളരുവയർ ഗണിച്ചതി- 

     ല്ലത്രയ്ക്കു കാര്യമായ്.

9

തരുണിസമശീലനാം

     രാജാവും ജാൻസിയിൽ

ഭരണമതു നിർജ്ജീവ- 

     മാക്കിച്ചമയ്ക്കയാൽ 

എതിരുചെറുതില്ലാത്ത

     ശക്തിയാം ബ്രിട്ടന- 

ന്നതിനുപരി കൈയേറി

     വാഴുന്നകാലമാം

10

പല സമകളായിത്തു- 

     റക്കാത്തൊരായുധ- 

പ്പുരകളുടെപൂട്ടൊക്കെ 

     മെല്ലെത്തുറന്നവൾ 

സഖികൾ പലരെച്ചേർത്തു 

     താൻ സ്വയംനേത്രിയാ-

 യൊരുകളരിയുൽഘാ-

     ടനംചെയ്തു റാണിയാൾ.

11

യുവതികൾ സുധീരകൾ 

     തന്നെയല്ലാരോഗ്യ- 

വതികൾ യുവറാണിത-

     ന്നഭ്യാസ ശാലയിൽ

 അനുദിനവുമെണ്ണത്തിൽ 

     വർദ്ധിച്ചു നല്ലോരു 

പുതിയ വനിതാസേന- 

     യുണ്ടായി ജാൻസിയിൽ

12

വിരുതുപരമാർന്നേറെ 

     വിഖ്യാതരായുള്ള 

ഗുരുവരെയും റാണി 

     യേർപ്പെടുത്തീടിനാൾ 

അടവുപതിനെട്ടിലും

     പോരായ്‌മയേതുമി

 ല്ലരികൾ വിറകൊള്ളുമാ-

     റഭ്യസ്തരായവർ

13

ദിനസരിപഠിത്തമു- 

     ണ്ടക്കാലവും കാവ്യ-

സരണിയിലതേവിധം

     സൽപുരാണത്തിലും 

സരസചതുരംഗലീ- 

     ലയ്ക്കും സമർത്ഥരാം 

ദ്വിജവരവയോവൃദ്ധർ 

     നല്കുന്നുശിക്ഷണം

14

സമകൾ പലതീവിധം 

     പോകുന്നു കൌമാര- 

മിനിയുമവളോടൊത്തു 

     നില്ക്കുന്നതെങ്ങനെ?

പ്രകൃതി പരിപാടിക്കു 

     കീഴ്പ്പെട്ടിടാതെ നാ-

മൊരുനിമിഷമെങ്കിലും 

     പിന്നിട്ടിടാവതോ?

15

അവളെ നവയൌവ്വനം 

     മെല്ലെസ്സമീപിച്ചു 

ലളിതയവൾ മുഗ്ദ്ധയായ് 

     സമ്പുഷ്ടഗാത്രയായ് 

അഴകിനൊരപൂർവ്വ സാ- 

     രസ്യവും വന്നുചേ- 

ർന്നൊരു നവവധൂടിയാ- 

     ണിപ്പൊഴെന്നോതിടാം.

16

പ്രിയതമനുമേതാണ്ടാ

     രാനന്ദരംഗമാ- 

യവളുടെയടുപ്പവും

     സ്വൈരസല്ലാപവും 

ഇതിനിടയിൽ രാജ്യവും

     വീണ്ടുകിട്ടീ, ജാൻസി- 

യതിലവൾ ‘മഹാലക്ഷ്മി’ 

     തന്നെയെന്നോർത്തവൻ.

17

                                   

പഴയനില മാറീട്ടു 

     ലക്ഷ്മിയോടൊന്നിച്ചു 

മിരവു പകൽപോക്കാ- 

     നതീവ സന്തുഷ്ടനായ് 

ചില ദിവസമെങ്കിലും

     വന്നിരുന്നു പ്രിയൻ 

സഖിജനവുമാഹ്ലാദ- 

     മാർന്നിതക്കാഴ്ചയിൽ

18

അടവുകളുമശ്വത്തി- 

     ലോട്ടവും ഗുസ്ത‌ിയും 

ചൊടിയൊടബലാ സൈന്യ 

     സംവിധാനങ്ങളും 

അരചനൊരു ലീലയായ് 

     ത്തന്നേ വിചാരിച്ചു; 

തരുണി രണഭൂമിയിൽ 

     കാലുകുത്തീടുമോ?

19

കരുതലിദമെങ്കിലും 

     ലക്ഷ്മീഹിതങ്ങളോ- 

ടവഗണനലേശവുമു- 

     ണ്ടായില്ലൊരിക്കലും 

ഹിതമഹിതമെല്ലാ- 

     മറിഞ്ഞു വർത്തിക്കുവാ- 

നവനിപതി സന്നദ്ധ-

     നായിരുന്നെപ്പൊഴും

20

അതുശരി,യിതൊക്കെയാ- 

     ണെങ്കിലും സംഗതി- 

ക്കിടതടവുവന്നുപോയ് 

     നാരിയല്ലേയവൾ?

തിരുവയറുവാഴ്ചയാ- 

     രബ്‌ധമായ് പിന്നെയി- 

പരുഷതര പൌരുഷാ- 

     ഭ്യാസങ്ങൾചെയ്കയോ?

21

സുമതികൾ വയോവൃദ്ധ- 

     മാതാക്കളൊക്കെയും

പലതുമുപദേശിച്ചു 

     വാത്സല്യപൂർവ്വകം 

അധികതരലജ്ജയോ- 

     ടൊക്കെയും ശ്രദ്ധിച്ചു

പുതിയ പരിപാടികൾ- 

     ക്കേറ്റം വിധേയയായ്

22

ഹിതകരവിനോദങ്ങൾ 

     വിട്ടകന്നീടിലും 

മതിയിലസുഖം കട- 

     ന്നെത്തിയില്ലേതുമേ.

ഒരുശിശുവിനമ്മയായ് 

     തീരുവാൻ പോകയാ- 

ണതുലഹൃദയാനന്ദ- 

     മായതിൽ കണ്ടവൾ

23

അവളൊരു മഹാറാണി 

     സാക്ഷാൽ സുമംഗളാ- 

മണികളണിയുന്നൊരു 

     മൗലിമുത്തല്ലയോ?

അവളുടെ ദിവാസ്വപ്ന- 

     മെത്രയെന്നാരറി- 

ഞ്ഞതു സഹജമായ് 

     വരാം രാമാജനങ്ങളിൽ

24

ഭരതസമനാം സുതൻ 

     രാജ്യം ഭരിപ്പതും 

ധരണിയുടെ സീമകൾ 

     കൈയിലാക്കുന്നതും

 അവനൊരു മഹാബലി- 

     യ്ക്കെ‌ാപ്പം ജനങ്ങളേ- 

യതിസുഖസമൃദ്ധിയിൽ 

     സംരക്ഷചെയ്തതും

25

സ്വയമതികൃതാർത്ഥയായ് 

     താനമ്മറാണിയായ് 

സുതനെയനുമോദിച്ചു 

     ചാരത്തിരിപ്പതും 

ഇതിലധികമെന്തുള്ള

     ജന്മസാഫല്യമെ- 

ന്നകതളിരിലോർത്തിട്ടു 

     കോൾമയിർക്കൊൾവതും

26

വളരെയധികം ദിവാ- 

     സ്വപ്നങ്ങളീവിധം 

വളരുവതുമറ്റാരു 

     കാണുന്നു മാനസേ? 

ചെറുചെറുതരംഗങ്ങ- 

     ളായിട്ടിതൊക്കെയു-

ള്ളറയിലിളകിക്കളി- 

     ച്ചീടും നിഗൂഢമായ്.

27

സഖികൾ, കുതിരസ്സവാ

     രിക്കുമായോധന- 

ക്കളരികളിലേക്കും 

     വരാത്തതെന്തെന്നിദം 

ഒരു സുഖദമന്ദസ്‌മി- 

     തത്തോടേചോദിക്കു- 

മതിനു ചിരിതന്നെയാ- 

     സ്വാമിനിക്കുത്തരം

28

വരുമൊരു പുരാണപാ- 

     രംഗതൻശാസ്ത്രികൾ 

സരസതരപാരായ-

     ണങ്ങൾ നടത്തിടും

 അതിൽ നിരതയായ്ത്‌തന്നെ- 

     യമ്മമാരോടുമൊ- 

ത്തവളധികനേരം 

     വ്യയം ചെയ്കരീതിയായ്

29

അകതളിരിലാനന്ദ- 

     വായ്പോടുറാണിയെ

 പ്പകലിരവുകാത്തുകൊ- 

     ണ്ടീടാൻ വിദഗ്ദ്ധകൾ 

കിളിമൊഴികൾ തോഴികൾ

     കൂടെയുണ്ടെപ്പൊഴും 

മിളിതസുഖസമ്പൂർണ്ണ- 

     ശാന്തമാം ജീവിതം.

30

ഒരു ശുഭമുഹൂർത്തം! 

     മഹാ“ഭാഗ്യലക്ഷ്മി”യാം 

ഗുണവതി മഹാറാണി 

     യമ്മയായ്ത്തീർന്നിതാ!

സകലഗുണലക്ഷണൻ 

     സൽപുത്രനെക്കൊണ്ടു

ധരണിപതി സന്താന

     സൌഭാഗ്യപൂർണ്ണനായ്

31

ജനതതിയിലാഹ്ലാദ- 

     മെങ്ങും, വിശേഷമായ്

 ജനപദമലങ്കരി- 

     ച്ചാട്ടവും പാട്ടുമായ് 

മധുരപലഹാരങ്ങൾ 

     വിദ്യാലയങ്ങളിൽ 

വിതരണവും, മന്തണർ-

     ക്കൻപുറ്റസദ്യയും

32

ഒരുദിവസമല്ലൊന്നു

     രണ്ടാഴ്ച്‌ചയല്ലതിൽ 

പരമിതുവിധത്തിൽ 

     തുടർന്നുമഹോത്സവം

അരചനുമതിൽപരം

     പ്രോത്സാഹനംകൊടു

ത്തരുളി, യവനാദ്യം 

     പിതാവായതല്ലയോ?

33

അതിരുകൾ കവിഞ്ഞുള്ളൊ- 

     രാന്ദസാഗരം 

ത്തിരയടിയിലാന്ദോള-

     മാർന്നുധരാധവൻ

സ്വകരഗതമായ് വന്നു 

     രാജ്യാധികാരമി-

 ന്നൊരുസമതികഞ്ഞില്ല 

     പുത്രനും ജാതനായ്.

34

“ശരി ശരി മഹാലക്ഷ്‌മി- 

     യാണെന്റെ ലക്ഷ്മി”യെ- 

ന്നൊരുലളിതഗീതമ- 

     ച്ചുണ്ടിലുണ്ടെപ്പോഴും 

“സുഭഗയവൾ കാൽവച്ച 

     നാൾതൊട്ടു രാജ്യത്തി- 

ലുണരുവതു കാണുന്നു 

     ഭാവുകം നിസ്തുലം.”

35

സുരുചിരതടിൽ പ്രഭാ- 

     പൂരമെത്തുന്നതും 

മറയുവതുമൊന്നിച്ചു

    തന്നേ കഴിഞ്ഞുപോം

 ഒടുവിലവശേഷിപ്പൂ 

     നൈരാശ്യമാംതമ- 

സ്സതുവളരെ ദീർഘിച്ചു 

     നിന്നീടുമെപ്പോഴും

36