Bharathamahalakshmi-003

III

ലക്ഷ്മിറാണിയുടെ 

സന്താനനഷ്ടം, വൈധവ്യം


ധീരയാം മഹാറാണി ജാൻസിതൻ മഹാലക്ഷ്മി

പാരവശ്യത്തിലാണ്ടു ശയ്യയിൽ കിടക്കുന്നു 

 

അമ്മമാരുണ്ടുചുറ്റും തോഴിമാരനേകരു –

ണ്ടമ്മഹാറാണിക്കതുകൊണ്ടൊരാശ്വാസമില്ല. 

 

അത്തറുപനിനീരും തോഴിമാർമാറിമാറി 

മെത്തയിൽ തളിക്കുന്നു ചാമരം വീശീടുന്നു 

 

കൊട്ടാരഭിഷഗ്വരൻ കേമനാണദ്ദേഹവും 

കെട്ടഴിച്ചോരോഗ്രന്ഥം നോക്കുന്നു മാറിമാറി

 ഔഷധവിശേഷങ്ങൾ ഫലവത്താകുന്നില്ല 

ശേഷമെന്തോതീടേണ്ടു? ശ്വാസമാത്രയാണവൾ

 

 പ്രജ്ഞയില്ലാത്തമട്ടിൽ കണ്ണുകൾ തുറക്കാതെ 

പ്രാജ്ഞയാംലക്ഷ്‌മീറാണീ ധീരയാം മഹായോദ്ധ്റി 

 

പള്ളിമഞ്ചത്തിൽ കിടന്നീടുന്നകാഴ്ചകണ്ടാ-

 ലുള്ളലിഞ്ഞീടാത്തവൻ മർത്യനല്ലെന്നോതണം

 

 ആഷാഡഭൂതികളായ് സഞ്ചരിച്ചീടും ചില 

കാഷായവസ്‌ത്രക്കാരും നോക്കുന്നു പൊടികൈകൾ

 

 അറിയപ്പെട്ട മഹാക്ഷേത്രങ്ങളോരോന്നിലും 

കുറവില്ലാതെ വഴിപാടുകൾ പലതരം 

 

അമ്മമാർ നേർന്നീടുന്നു കണ്ണുനീർ തുടയ്ക്കുന്നു 

ചിന്മയൻ തന്നോടർത്ഥിച്ചീടുന്നു കൈകൾ കൂപ്പി. 

 

മാനസക്ലേശം തീരാനീശ്വൻ തുണയ്ക്കണം

 മാനുഷപ്രയത്നങ്ങൾ നിഷ്ഫലം നിരർത്ഥകം

 

 എത്രയോ ചെറുപ്പത്തിൽ, വയസ്സു പതിനാറു മാത്രമേയുള്ളൂ-കുഞ്ഞിനമ്മയായ് തീർന്നു സാധ്വി.

                                         

ജീവജീവനായൊരാ കുഞ്ഞിനെതന്നിൽ നിന്നും

 ജീവദാതാവു തിരിച്ചെടുത്തു; സഹിപ്പതോ? 

 

ആദ്യസന്താനത്തിൻ്റെയാമുഖസരോരുഹം 

ഹൃദ്യമായ് ചുംബിച്ചുതൻ ചുണ്ടുകൾ കുളിർപ്പിക്കാൻ, 

 

മാറണച്ചാശ്ശേഷിച്ചു കോൾമയിർക്കൊണ്ടീടുവാൻ

കുറൊടേസ്തന്യമുട്ടിത്താരാട്ടിയുറക്കുവാൻ, 

 

ഉറങ്ങും കുഞ്ഞിന്റെയാ ചുണ്ടിലൂറും പുഞ്ചിരി 

നിറഞ്ഞരസത്തോടേ നോക്കിനിന്നാഹ്‌ളാദിപ്പാൻ, 

 

മാതൃഹൃത്തിലേയഭിവാഞ്ഛയുമാനന്ദവും 

മാതാക്കളല്ലാതുള്ളോരെങ്ങനെഗ്രഹിക്കുന്നു? 

 

അച്ചെറുദീപനാളം സത്വരമണഞ്ഞുപോയ് 

വാച്ചകൂരിരുട്ടിൻ്റെ വാഴ്‌ചഭീകരമായി. 

 

ഇങ്ങിനിവരാതങ്ങു പോയൊരോമൽക്കുഞ്ഞിനെ-

യങ്ങനെയനുഗമിച്ചമ്മതൻ അർദ്ധജീവൻ.

 

ആർത്തയായനാരോഗ്യയായവൾ കുറേക്കാലം

 മെത്തയിൽ കിടന്നുപോയെത്രധീരയാകിലും 

 

റാണിയെസ്സമാശ്വസിപ്പിക്കുവാനെത്തുംഭൂപൻ

 ക്ഷീണിതനാണദ്ദേഹം റാണിയെക്കാളുംഖിന്നൻ. 

 

വൈദ്യുതശക്തിദ്വന്ദ്വം കൂട്ടിമുട്ടീടുംപോലാ 

ഹൃദയംതപിച്ചുകൊണ്ടടുക്കും കുട്ടിമുട്ടും. 

 

രണ്ടുമുജ്വലിപ്പിക്കും ദുഃഖത്തെപ്പരസ്പ‌രം 

മിണ്ടുവാൻ വാക്കില്ലാതെ കുഴങ്ങും രണ്ടുപേരും

 

 “ആ മഹാദുഷ്‌ടൻകുലദ്രോഹി”യെന്നേവമെല്ലാം

 ഭൂമിപൻ താനേതന്നേ പറയും ചിന്താവിഷ്‌ടൻ. 

 

ആരെയുദ്ദേശിച്ചാണീ വാക്കുകളാരറിഞ്ഞു 

മാരകദ്രോഹം ചെയ്തോകുഞ്ഞിനൊടാരെങ്കിലും?

 

ഉണ്ടൊരുവർത്തമാനം രഹസ്യപ്പരസ്യമായി-

വണ്ടുകൾ മൂളുമ്പോലെ നാട്ടിലക്കാലത്തെല്ലാം.

 

ആയതുമിക്കവാറും ഭൂപനുംകേട്ടിരിക്കാം 

ന്യായവുമില്ലാതില്ല കേൾക്കുകിൽ വിശ്വസിക്കാൻ.

 

നാടുവാഴിതൻ ജ്യേഷ്‌ഠൻ നാടുനീങ്ങിയ രാജൻ 

നാലുപേരറിയാതെ വേട്ടൊരു മുസ്ലീം സ്ത്രീയിൽ 

 

ആദ്യജാതനായുണ്ടായ് ‘ആലി’യെന്നൊരു പുത്രൻ, 

ആശയേറെയുണ്ടവന്നച്ഛൻ്റെ മുടിചൂടാൻ 

 

രാജപുത്രനാകയാൽ രാജ്യവാസികളെല്ലാം. 

സാദരം ‘നവാബ് സാഹേബെ’ന്നെല്ലാം വിളിക്കുന്നു.

 

ഒട്ടുപേരദ്ദേഹത്തിൻ കക്ഷിയായ് പാദംസേവി- 

ച്ചൊട്ടിനില്പതും കാണാമധികാരം നല്കുവാൻ.

 

അമ്മയെത്തല്ലീടിലും രണ്ടഭിപ്രായമുണ്ട് 

അമ്മുമ്മച്ചൊല്ലുപണ്ടേ കേട്ടിരിപ്പതാണല്ലോ. 

 

രാജപീഠത്തേയന്നു ഭൂഷിതമാക്കീടുന്ന

രാജനാം ഗംഗാധര റാവുവിന്നെതിരായി 

 

നില്ക്കുമാദുഷ്ടാത്മാവിന്നാഭിചാരത്തലത്രേ 

കൈക്കുഞ്ഞിൻ വിനാശമെന്നൊരു സംസാരംനാട്ടിൽ. 

 

അപ്പിതാവതു സഹിച്ചീടുമോ? കരൾപിള- 

ർന്നപ്പുറം കടക്കുന്ന ബാണമെന്നതുപോലെ 

 

വേദനവളർത്തിടുന്നായതന്തരാത്മാവിൽ 

ഭേദമാക്കുവാൻ തൈലമെവിടെക്കണ്ടെത്തിടും? 

 

ആധിയെന്നതുപാരം ശക്തിമത്തായീടിലോ 

വ്യാധിയായ്ത്തീരും പിന്നെ മറുകൈനോക്കാനില്ല. 

 

ദിനരാത്രങ്ങൾ മുമ്പോട്ടൊന്നൊന്നായ് കടന്നുപോയ്

വനിതാരത്നം റാണിയസ്വാസ്ഥ്യവിമുക്തയായ്.

 

രാജാവിന്നനാരോഗ്യം നാൾതോറും വർദ്ധിക്കുന്നു 

രാജയക്ഷ്മ‌ാവെന്നുള്ള വിധിയിൽ ചെന്നെത്തുന്നു.

 

ആട്ടവും പാട്ടുമില്ല കൊട്ടാരം നിശ്ശബ്ദമായ്,

രാട്ടിനു വിരസമായ് സുന്ദരകലകളിൽ.

 

ശാന്തമാം സ്വഭാവത്തിൻ സൗകുമാര്യവുംപോയി

മുന്തിനില്ക്കുകയായി നിർദ്ദയത്വമേതിലും.

 

സംഗതിനിസ്സാരമാണെങ്കിലുമപരാധി- 

യ്ക്കംഗവിച്ഛേദം തൊട്ട ശിക്ഷകൾ വിധിക്കയായ് 

 

വധശിക്ഷയും നല്‌കും തക്കകാരണം വിനാ- 

വിധിയിൽ കാരുണ്യമെന്നുള്ളതേ കേൾപ്പാനില്ല. 

 

സുപ്രസിദ്ധയായൊരു നർത്തകി, രാജപ്രീതി- 

യല്പമല്ലാതെയാർജിച്ചിരുന്ന മോത്തിഭായി

 

 എപ്പൊഴുമദ്ദേഹത്തിൻ നൃത്തശാലയെ സ്വർഗ്ഗ-

 മാക്കിയ ദേവാംഗനാ തുല്യ, സൌന്ദര്യധാമം, 

 

അവളും സാഹേബിൻ്റെ കക്ഷിയെന്നാരോ പറ-

 ഞ്ഞവളെ നിഷ്കാസിതയാക്കി രാജ്യത്തിൽ നിന്നും. 

 

അന്തരം സ്വഭാവത്തിന്നീവിധം വന്നീടുവാൻ 

ബന്ധമോർക്കുകിൽ രോഗം തന്നെയെന്നറിഞ്ഞിട്ടും 

 

വൈദ്യനെസ്സമീപിക്കില്ലൌഷധങ്ങളും വേണ്ടാ 

വർദ്ധമാനമാം രോഗം തനിയേ ശമിക്കുമോ?

 

 “ക്ഷുദ്രകർമ്മങ്ങൾ കൊണ്ടാണീ വിനാശങ്ങളെല്ലാം 

ക്ഷുദ്രമല്ലാതെയിതിന്നില്ലൊരി പ്രതികർമ്മം’ 

 

ഭൂപതിക്കഭിപ്രായമെപ്പൊഴുമിതുതന്നേ- 

യാപത്തു സമീപിച്ചാൽ വേണ്ടതു തോന്നീടുമോ? 

 

മന്ത്രവാദികൾ പലേ കപടവേഷക്കാരും

 തന്ത്രമോരോന്നുചെയ്‌തും കാശുവാങ്ങിയും പോകും. 

 

ക്ഷേത്രങ്ങളോരോന്നിലും വഴിപാടുകൾനേർന്നു 

കാത്തിരുന്നിട്ടും ഗുണം കണ്ടതില്ലശേഷവും.

 

 ആശ്വാസപ്രതീക്ഷതൻ പരിധിക്കങ്ങേപ്പുറം 

നിശ്ശേഷശയ്യാലംബിയായ്ക്കഴിഞ്ഞു പാർത്ഥിവൻ 

 

പട്ടണമദ്ധ്യത്തിലാണിപ്പൊഴുംവാസം, തന്റെ- 

യിഷ്ടമേറിയ സൌധം വിട്ടകന്നിടാ നൃപൻ. 

 

പതിദേവതാ ലക്ഷ്മീറാണിയെക്കാണുന്നതും

 ഹിതമല്ലെന്നമട്ടാണെന്തൊരു കാലക്കേടോ! 

 

സമ്മതം വിസമ്മതമൊന്നുമേ ഗണിക്കാതെ

പെണ്മണി സമീപിച്ചു രോഗിയാം ഭർത്താവിനെ. 

 

അവളുമദ്ദേഹത്തോടൊരുമിച്ചാക്കി വാസം 

ധവനെ ശുശ്രൂഷിപ്പാൻ സതി സന്നദ്ധയായി. 

 

മന്ത്രതന്ത്രങ്ങളെല്ലാമകറ്റിട്ടായുർവ്വേദ-

തന്ത്രങ്ങൾ പ്രയോഗിച്ചു തുടങ്ങി വേണ്ടുംവിധം 

 

സമയം കഴിഞ്ഞുപോയ്, നിലതെറ്റിയരോഗം 

ശമനസന്നദ്ധത കാട്ടിയില്ലശേഷവും

 

 ഖിന്നയായ് ലക്ഷ്‌മീറാണി ധീരയെന്നിരിക്കിലും 

മന്നവൻ മന്നിൽനിന്നും വിടവാങ്ങുന്ന മട്ടായ് 

 

അനപത്യനദ്ദേഹം ചിന്തിച്ചു സ്വവംശത്തിൻ 

നിലനില്പിനായൊരു ദത്തെടുക്കേണ്ടും കാര്യം. 

 

ലക്ഷ്മിയോടാലോചിച്ചു, കുടുംബബന്ധക്കാരൻ 

ലക്ഷണ സമ്പൂർണ്ണനാമാനന്ദകുമാരനെ 

 

വയസ്സു നാലേയുള്ളൂ തന്റെ പിൻഗാമിയാക്കാ-

 നുറച്ചു, ദർബാറൊന്നു ചെറിയ തോതിൽകൂടി. 

 

രോഗശയ്യയിൽ ദത്തു നടന്നു, “ദാമോദര- 

റാവു”വെന്നാകുട്ടിക്കു പുതിയപേരും നല്കി. 

 

രാപ്പകൽ ശുശ്രൂഷിച്ചു കാന്തനെസ്സതീരത്നം 

വ്യാപൃതയായീടാതെ മറ്റൊരു കാര്യത്തിലും 

 

ഏകസന്താനത്തെയും വിട്ടകന്നെന്നേയ്ക്കുമായ്

വ്യാകുലാഗ്നിയിൽ കരൾ നീറുമാസാധ്വീമണി 

 

അല്ലലെങ്ങനെ ഹൃത്തിലൊതുക്കും ശയ്യാലംബി 

വല്ലഭൻ മരണത്തോടടുക്കും കാഴ്ചകണ്ടാൽ? 

 

അന്ത്യസന്ദേശം നല്‌കാൻ ലക്ഷ്‌മിയേ വിളിച്ചുത- 

ന്നന്തികേമഞ്ചത്തിന്മേൽ കൈപിടിച്ചിരുത്തവേ

 

 ആ മഹാധീരപൊട്ടിക്കരഞ്ഞു സഹനത്തിൻ

 സീമകണ്ടുപോയ്, നില്ക്കക്കള്ളിയില്ലെന്നമട്ടിൽ

                                   

കുഴഞ്ഞു ചുണ്ടും നാവും വരളുന്നതിന്നിട-

യ്ക്കിഴഞ്ഞ ശബ്ദത്തോടെ ഭൂപതി സംസാരിച്ചു.

 

“ധീരയാം, ലക്ഷ്മീ,യെൻ്റെ രാജ്യത്തിൻ മഹാലക്ഷീ, 

സാരമില്ലിതൊന്നുമേ ശാന്തയായിരിക്ക നീ.

 

ദത്തുപുത്രനെ സ്വന്തപുത്രനായ് വളർത്തിക്കൊ- 

ണ്ടെത്രയും സമർത്ഥയായ് ഭരിക്ക ജാൻസിരാജ്യം.

 

പുരുഷന്മാരെവെല്ലും നാരി നീ, യുടന്തടി 

യ്ക്കാരു നിർബന്ധിച്ചാലും വഴിപ്പെട്ടുപോകൊലാ.” 

 

സചിവപ്രധാനനെ സവിധേയാനയിച്ചി-

ട്ടുചിതസന്ദേശങ്ങൾ നില്‌കിയദ്ദേഹത്തിനും.

 

കുട്ടിയെ-പ്രിയപ്പെട്ട ദത്തുപുത്രനെ-

മന്ദം നീട്ടിയകരങ്ങളാൽ തടവിത്തലോലിച്ചു.

 

ക്ഷീണിതനായി തെല്ലു നിശ്ശബ്ദനായി, വീണ്ടും 

പ്രാണനാഥയെ നോക്കിച്ചുണ്ടുകൾ ചലിപ്പിച്ചു. 

 

അർദ്ധമീലിതങ്ങളായ് കണ്ണുകൾ, തീർന്നു സർവ്വം! 

വൃദ്ധമാതാക്കൾ കേണുറാണിമോഹിച്ചു വീണു.