Bharathamahalakshmi-004

സഖികളുടെ സാന്ത്വനം

രുതേ കരയരുതേ പ്രിയ- 

സഖി, നീ കരയരുതേ.

ധരണീതലമതിൽ നിൻ ചൂടു

മിഴിനീർചൊരിയരുതേ.

വിരഹാഗ്നിയിൽ സുഭഗേതവ 

ഹൃദയാമലകുസുമം

പൊരിയുന്നതു മെരിയുന്നതു-

 മയിതേ വിധിവിഹിതം

1

 

വിധി, മാനുഷഹിതമെന്നതി- 

നൊരു കാലവുമണുവും 

വഴിമാറുക വരികില്ലതു- 

വെറുതേ കരയരുതേ.

ധരണീപതിതവനാഥനു 

ഭവസാഗരതരണം 

വരണംസഖി, വിധികല്പിത- 

സമയത്തു വരണം

2

 

തരുണീമണി, തവകണ്മണി

ചെറുകുഞ്ഞിനെ മൃതിവ- 

ന്നിരയാക്കിയ കരൾവേദന

കരിയാത്തൊരു വ്രണമായ്. 

പിറകേയിതുമതിദാരുണം! 

അതിനെന്തൊരു മറുകൈ?

പറയേണ്ടതു പലതില്ലിഹ 

ഹൃദിധീരത-സഹനം

3

 

ജനനം മൃതി കദനങ്ങളു- 

മറിയാത്തവനുടയോൻ

ജനലോകമിതനുഭൂതിയി- 

ലറിവാൻ തിരുവരുളായ്

 അതിനേതുമൊരപവാദവു- 

മൊരു വേദവുമമലേ, 

ഇതുനാൾവരെയരുളീലയി 

വിധുരേ, കരയരുതേ.

4

 

നരജീവിതമൊരു ശൃംഖല, 

ചുടുകണ്ണികൾ തുടരെ 

പരിചോടതിലിടചേർന്നതു 

പണിതീരണമഴകിൽ 

തുണയെന്നിയെയഖിലാണ്ഡവു-

 മുരുവാക്കിയ കരതാർ                      

പണിയുന്നൊരു പണിയാണിതു;

 സഖി, നീ കരയരുതേ.

5

 

അരുതേഹൃദികദനം, പര-

 മുപരിപ്രഭയരുളാൻ 

കനകം കനലതിലെന്നതു 

വിധമീ പണിവിരുതൻ

 പരപൂരുഷനൊഴിവെന്നിയെ

 സഹനാഗ്നിയിൽ നരനെ

 വിരവോടിടുവതിലെന്തിനു വ്യഥ?

 നീ കരയരുതേ.

6

 

ഭവരാഷ്ട്രമിതൊരു ശാശ്വത

 നിലയൊന്നിനുമരുളാ 

നിരുപാധിക വിധിയാണതി- 

നെതിരില്ലിതുവരെയും. 

ഒരുസംഭവ,മൊരു സംസ്ഥിതി, 

യഥനാശവുമതുതാ- 

നഖിലാണ്ഡവുമണുജീവിയു 

മറിയുന്നൊരു നിയമം

7

 

ഒരുനാൾ പരിമളധോരണി 

ചൊരിയുന്നൊരു കുസുമം

 മൃദുവല്ലിയിൽ വിലസും നവ-

ശുഭസുന്ദരതനുവായ് 

ഉദയം പുനരണയുമ്പൊഴു – 

തതു കാണ്മതു തറയിൽ,

 പ്രഭയും പരിമളവും നഹി

ശരണം പൊടിപടലം

8

 

ശശിലേഖയെ മുടിയായണി 

വതിനെന്നൊരു വിധമാ 

ചെറുതെന്നലിലിളകിപ്പര

 മഭിമാനമൊടുയരും 

തരുവീരനുമൊരുനാൾ പരി- 

സരധൂളിയിലടിയും 

പദചാരികളുടെ കാലിണ 

മുടിയാകിന നിലയിൽ.

9

 

അലയാർന്നൊരു കുളിർകാന്തിയി- 

ലവനീതലമഖിലം 

പുതുപാല്ക്കടൽ സമമാക്കിന

 വിധു നിഷ്പ്രഭമുഖനായ് 

ഇരുളാംയവനികയിൽ മറ- 

യുകയെന്നതു പതിവാ- 

ണൊരു രാത്രിയിലൊരുതിങ്കളി- 

ലറിയുന്നിതു സഖി നാം.

10

 

ഒരു കുന്നിനു ബതലായൊരു 

കുഴിയുണ്ടതു കണിശം 

തെളിവേറിന പകലിൻ മറു- 

വശമുണ്ടിരുൾ നിശയും. 

എരിയുന്നൊരു മണിദീപിക- 

യതിനുണ്ടൊരു നിഴലെൻ 

പ്രിയസ്വാമിനി, പ്രിയസോദരി 

യിനിനീ കരയരുതേ

11

 

ഹൃദിവായ്കൊരു പരിപാവന-

 ദൃഢസൌഹൃദമതുതാൻ

 നിലനില്പതു, മൃതിമൂലവു-

 മതിനില്ലൊരു ലയവും 

അഖിലേശനിലതു ഭക്തിയു- 

മതിദീനരിലലിവും 

പ്രിയനിൽ പ്രണയവുമായ് ബത 

പകരും പലതരമായ്.

12

 

ചിതയിൽ പതിയുടെ ഗാത്രമ- 

തെരിയുന്നൊരു സമയം 

സതിതൻ കരൾ പ്രണയാനല 

ശിഖതന്നിലുമെരിയും

ഒരുവാരിനുവക ചാമ്പലു തരുമാ 

ജഡമൊടുവിൽ പ്രണയം

 പ്രഭവിതറി സ്ഥിര- 

നിലയാർന്നിടുമനിശം.

13

 

എഴുനേല്ക്കുക സഖി,യെന്തിനു

 കരയുന്നിനി? ഹൃദയ- 

പ്രണയങ്ങളിലൊരുമിക്കുക 

വരികില്ലൊരു വിരഹം. 

ചിരകാലവുമൊരുമിച്ചൊരു 

സുഖജീവിതമയിതേ 

പരമണ്ഡലമതിലുണ്ടതു 

വരശാന്തിദമതുലം

14.

 

തവധീരത പുരുഷോചിത-

 മതിനിന്നൊരു കുറവും 

വരികെന്നതു ശരിയല്ലതു 

കരുതീടണമകമേ 

അബലാജനസഹജം നില- 

യിതിൽനിന്നുണരുക നീ 

വളരെകരയുകിലും സഖി, 

ഫലമില്ലൊരു ചെറുതും.

15

 

സഖിമാരുടെ മൃദുസാന്ത്വന 

വചനാമൃതമിതുപോൽ 

സുഖശീതളനവധാരയൊ- 

ടെതിരായൊഴുകിടവേ 

നനവാർന്നൊരു നയനങ്ങളി- 

ലൊരുചേതനയുളവായ് 

വിടരും പുടമതിനുള്ളിലെ 

മിഴിനീലിമ തെളിവായ്

16

 

പ്രിയതോഴികളുടെ കൈകളി- 

ലമരുന്നൊരുനിലയിൽ

 സ്വയമങ്ങനെയവൾ കണ്ടിതു 

നെടുവീർപ്പൊടുസഹിതം 

ഒരു മാതിരി പരിശാന്തിയൊ- 

ടെഴുന്നേല്ക്കിലുമുലകം 

വരണവർണ്ണിനിയുടെ ദൃഷ്ടിയി- 

ലിരുൾമൂടിയ കടലായ്.

17

 

നെടുലോചനയുഗളം ബത 

ചുടുമുത്തുകളിനിയും 

പൊഴിയിപ്പതുകരവെള്ളയി 

ലണിയുന്നിതു സഖിമാർ.

നിജദത്തകമകനേയൊരു 

മണിമാല്യവുമതിനാ- 

ലണിയിച്ചിടുവതിനോ സതി

 പുണരുന്നതിനിടയിൽ

18

 

സുഖദംപരിചരണം പല- 

തവർചെയ്തൊരു വിധമാ-

മഹിളാമണിയുടെ ജീവിത-

 മിനിയും തുടരുകയായ്.

“സതി’യെന്തിനു? സതിയാണവൾ; 

മതിഹീനതയതു ചെ- 

യ്യരുതെന്നിതി പതിനല്കിയൊ- 

രുപദേശവുമൊടുവിൽ

19

 

ധരണീപതിയുടെ രാജ്യവു- 

മവളും വിധവകളായ് 

മതി ശാലിനി സഹധർമ്മിണി 

നിനവാർന്നതു ഹൃദയേ. 

നിജധർമ്മവുമവളോർത്തിതു 

പരിചിൽ പ്രിയഹിതവും 

ഭരമേറ്റവൾഭരണം, ജന- 

പദസുസ്ഥിതിയതിനായ്.

20

 

അബലാമണി, നവയൗവന; 

മതുമല്ലതിനിടയിൽ

പതിയും പരഗതിചേർന്നവൾ, 

ഹതയായൊരു വിധവ.

അവൾ ജാൻസിയിൽ മുടിചൂടിയ- 

തഭിമാനമൊടനിശം 

മഹിളാജനഹൃദയങ്ങളി- 

ലുണരേണ്ടൊരു വിഷയം

21