മുപ്പത്തൊന്നും പതിനഞ്ചും

I
അങ്ങനെ ചെങ്കൊടി പാറിപ്പാറി-
സംഗതിയെല്ലാം വഷളാകുമ്പോൾ
ഇളകിമറിഞ്ഞ സമുദ്രംപോലെ
ജനതതിയൊച്ച മുഴക്കീടുമ്പോൾ
കാസർക്കോടു തുടങ്ങിസ്സമരം
പാറശ്ശാലവരേയെത്തുമ്പോൾ
നഗരംതോറും ഗ്രാമംതോറും
സമരാവേശം പിരിമുറുകുമ്പോൾ
മുക്കിൽനിന്നും മൂലയിൽനിന്നും
മുദ്രാവാക്യമുയർന്നീടുമ്പോൾ
അവധികഴിഞ്ഞും സ്കൂളുകൾ മുമ്പോ-
ട്ടവധിയിലങ്ങനെ നീങ്ങിടുമ്പോൾ
കുട്ടികളെല്ലാം ജാഥയായി
കൂട്ടംകൂടി നടന്നീടുമ്പോൾ
മന്നത്തപ്പനെയെവിടെയുമാളുകൾ
വന്ദിച്ചെഴുന്നള്ളിച്ചീടുമ്പോൾ
സർക്കാരാഫീസെല്ലാമങ്ങനെ
പിക്കറ്റിങ്ങിൽ സ്തംഭിക്കുമ്പോൾ
എം. എസ്. പി. ക്കാർ നിറയും വാനുക-
ളെങ്ങും ചുറ്റിനടന്നീടുമ്പോൾ
രണ്ടും നാലും പത്തും നൂറും
രണ്ടായിരവുമറസ്റ്റാകുമ്പോൾ
നരവേട്ടകളും രക്തക്കളവും
പരിധികവിഞ്ഞു പരന്നീടുമ്പോൾ
ദിവസംതോറും നിമിഷം തോറും
വിവരം ഡൽഹിയിലെത്തീടുമ്പോൾ
ഇന്ദിരയും ചെന്നച്ഛനെ ദുർഭഗ-
സന്ദേശം പലതറിയിക്കുമ്പോൾ
ലോകമഹാനാം ഭാരതമന്ത്രിയെ-
യാകുലചിന്തയലട്ടുകയായി.
ജനസമ്മതനാമാജനനേതാ-
വനുകമ്പാകുലനായിത്തീർന്നു.
എങ്ങനെ പിന്നെയിരിക്കും ഡൽഹിയി-
ലെങ്ങനെ നിമിഷം പോക്കിടുമവിടെ?
തൽക്ഷണമിങ്ങുപറന്നെത്തീ നില
വീക്ഷിച്ചറിയാനായിത്തന്നേ.
കണ്ടൊരു നാടിതു കേരളമോയെ-
ന്നുണ്ടായില്ലേ സംശയമെന്തോ!
പ്ലാക്കാർഡുകളുമുയർത്തിയിരമ്പി-
യടുക്കുന്നൂ ജനപാരാവാരം.
“രക്ഷിക്കണമേ! രക്ഷിക്കണമേ!
രക്ഷസ്സുകളെശ്ശിക്ഷിക്കണമേ!”
II
‘നാട്ടിൻ ചെങ്കൊടിഭരണം വേണ്ടാ’
കൂട്ടത്തോടെ മുറവിളിയെങ്ങും
മല്ലാക്ഷികളും ബാലികമാരും
പല്ലില്ലാത്തൊരു വൃദ്ധന്മാരും
അഭിഭാഷകരും തൊഴിലാളികളും
പ്രഭുകുലജാതരുമെല്ലാംതന്നെ
കോരിച്ചൊരിയും മഴയുടെയുഗ്രത-
യാരറിയുന്നു? സമരാവേശം!
കാലിക്കലവും കൊണ്ടൊരു ജാഥാ
ചൂലും കൈയിലെടുത്തൊരു ജാഥാ
പാളത്തൊപ്പിക്കാരുടെ ജാഥാ
കാളും പന്തവുമായൊരു ജാഥാ
തലയിൽ ചട്ടി കമത്തിയ ജാഥാ
പലവക തൊഴിലാളികളുടെ ജാഥാ
ജാഥാതന്നേ രാപകലെല്ലാം
മിഥ്യാവാക്കുകളല്ലിവയൊന്നും
കണ്ടം വിതയും കപ്പനടീലും
വേണ്ടാ ചെങ്കൊടിയറബിക്കടലിൽ
കൊണ്ടെത്താഴ്ത്തുകിലതിനാൽ സകലതു-
മുണ്ടായീടുമെന്നുള്ളൊരു മട്ടിൽ
സഹനത്തിന്റെയടിത്തട്ടെത്തി-
സമരാവേശം കൊണ്ട ജനത്തെ
ജവഹരി കണ്ടു, നീതി നടത്തുവ-
തവിഹിതമല്ലെന്നുള്ളിലുറച്ചു.
സാമോപായം നോക്കി കമ്യൂ:-
സ്സർക്കാരായതു ഗൗനിച്ചില്ല.
നീതിയറിഞ്ഞോൻ, നിയമമറിഞ്ഞോൻ,
ഭീതിവെടിഞ്ഞ നയജ്ഞൻ നെഹൃു
കേന്ദ്രം വഴിയായ് വേണ്ടതുചെയ്തു
മന്ദേതരശുഭഫലവും വന്നു
മന്നത്തപ്പൻ യാഗാശ്വത്തെ
‘മന്ത്രിമഹാളി’ൽ തന്നേ കെട്ടി.
ഹുംകൃതിയോടു പറന്നുകളിച്ചി-
ട്ടങ്ങനെ ചെങ്കൊടി കടലിൽ താണു.
III
ആ നാളിൽ ഭാരതാംബയ്ക്കാമോദം വളർന്നുത-
ന്നാരോമൽ കുമാരിയാം കേരളത്തേ
മാറോടുചേർത്തണച്ചു രോമാഞ്ചംപൂണ്ട കൈയാൽ
താരാട്ടിയാനന്ദാശ്രുപൊഴിച്ചു പാരം.
പോകട്ടെ കഴിഞ്ഞവ; മേലിലേക്കൊരു പാഠ-
മാകട്ടെ നിനക്കിതെന്നുപദേശിച്ചു.
ഭാരതാംബികേ ദേവീ, യാംഗ്ലേയശൃംഖലയേ
ചോരചിന്താതെയുള്ള സമരത്താലേ
ധീരയായ് പൊട്ടിച്ചു നീയോഗസ്റ്റുപതിനഞ്ചിൽ
ചാരിതാർത്ഥ്യമെന്നേയ്ക്കും ചരിത്രമായി.
കേരളം പുന്നാരമോളാണല്ലോ നിനക്കവൾ
പോരാതെവന്നീടുമോ ധീരതയിൽ?
ഓഗസ്റ്റു വരുംമുമ്പേ മോസ്കോശൃംഖലയറു-
ത്താഗോളകീർത്തിതയായവൾ കുമാരി.
ജൂലൈ മുപ്പത്തൊന്നോടേ തായാൾതന്നങ്കമേറി
മാലചാർത്തിച്ചതില്ലേയവളേയമ്മ?
ഭാരതം വിജയിക്ക! കേരളം വിജയിക്ക!
ത്യാഗികൾ വീരധർമ്മഭടർ ജയിക്ക!
ധീരകളായ് രണത്തിലേർപ്പെട്ടു മുന്നേറിയ
കേരളവനിതകൾ ജയിക്ക മേന്മേൽ!
മാതൃഭൂമിക്കുവേണ്ടി ജീവനേ സമർപ്പിച്ച
ധീരരക്തസാക്ഷികൾ വിജയിക്കട്ടെ!
‘ഭാരതകേസരി’യെത്താരുണ്യം പുണരട്ടെ
വീണ്ടു, മാരോഗ്യവാനായ് വിജയിക്കട്ടെ!
(ദീപിക, 15 ആഗസ്റ്റ് 1959)
