Karayalle Karayalle

 കരയല്ലേ കരയല്ലേ


രയല്ലേ കരയല്ലേ വിദ്യാലയാംബികേ, 

കരയല്ലേ കണ്ണുനീർ ഞാൻ തുടയ്ക്കാം. 

തനയരേ കാണാഞ്ഞു കരളുരുകും നിന്നോ- 

ടനുകമ്പ വളരെയുണ്ടകതാരിൽ മേ. 

ഉമയമ്മറാണിയേപോലങ്ങു കേഴുവാ- 

നമലേ ഞാനോതുന്നു കാര്യമില്ല. 

അവിടുന്നെന്തറിയുന്നു? നാടെല്ലാം ദേവീയി- 

ന്നവതാളമാർഗ്ഗത്തിലെത്തി നില്പു.

പുര കത്തും നേരത്തു മേലുകീഴ്‌നോക്കാതെ 

കരയും കുഞ്ഞുങ്ങളേ മാറ്റിടേണ്ടേ? 

പലതുണ്ടു കാര്യങ്ങൾ പരമരഹസ്യങ്ങൾ; 

ചിലതെല്ലാം ചെവിയിൽ ഞാനോതിടട്ടേ? 

ഉണ്ണുന്ന ചോറിനു നന്ദിയില്ലാത്തവർ, 

കണ്ണുനീർക്കൊതിയന്മാർ, വഞ്ചകന്മാർ, 

പരിചാരകന്മാരപ്പാചകന്മാരങ്ങേ 

യരുമക്കിടാങ്ങൾക്കായ് ഭക്ഷണത്തിൽ 

വിഷമിട്ടു താളിച്ചുസൂക്ഷിക്കുന്നു ചിത്ത- 

ഭ്രമമുണ്ടാക്കും വിധം നിഷ്ഠൂരന്മാർ.

ചതിയെല്ലാമറിയുന്നോരാചാര്യശ്രേഷ്ഠന്മാർ 

മതിമാന്മാർ വേണ്ടതു ചെയ്തു ശീഘ്രം.

ഇടനെഞ്ചു തകരേണ്ടാ, നെടുനിശ്വാസം വേണ്ടാ, 

ചുടുകണ്ണീർ ചിന്തേണ്ടാ, ഭവതി കേൾക്കൂ. 

അവരെല്ലാമപകടരഹിതരായ് വാഴുന്നു- 

ണ്ടെവിടെയുമാകട്ടെ, സുസ്ഥിതിയിൽ. 

ഉപവാസമാണിപ്പോൾ യോഗീന്ദ്രന്മാരിൽ നി- 

ന്നുപദേശം സിദ്ധിക്കമൂലമായി. 

വിഷഭോജനത്തേക്കാളുപവാസം നന്നല്ലോ

വിഷയാഭിലാഷവും നീങ്ങുമല്ലോ.

“തടയല്ലേ ഞാനൊന്നു ചോദിക്കട്ടേയെന്റെ 

മടിയിലെൻ വത്സരേ വച്ചുകൊൾവാൻ 

അവരുടെയാഹ്ലാദക്കൊഞ്ചൽ കേട്ടീടുവാ-

നവരെത്താലോലിച്ചൊന്നാശ്ലേഷിപ്പൻ 

ഇനിയെന്നു സാധിക്കുമെത്രനാളേക്കെന്റെ 

തനിവാസമീവിധം ദീർഘിക്കേണം?”

 

ഭവതിയക്കാര്യത്തിൽ ചിന്തിച്ചുകേഴേണ്ട

ഭവുകങ്ങളവിളംബം വന്നുചേരും

ഒളിവീശിവന്നെത്തുമൊരു സുപ്രഭാതമ- 

ന്നിളകിയാഹ്ലാദിച്ചു മക്കളെല്ലാം

അരികത്തുവന്നിടുമങ്കത്തിലേറിടും 

കരലതയാൽ ചുറ്റിപ്പുണരുമങ്ങേ. 

ഒഴുകുന്നോരാനന്ദക്കണ്ണുനീർകൊണ്ടപ്പോൾ 

കഴുകുന്ന കവിളത്തു ചുംബനങ്ങൾ 

തെരുതെരെയെന്നല്ല മതിവരേയർപ്പിക്കും 

പരമാനന്ദത്തിലങ്ങാണ്ടു പോകും. 

ക്ഷമകേടുകൂടാതെ കാത്തിരുന്നാലുമാ 

സമയത്തേ സ്വാഗതം ചെയ്തുകൊൾവാൻ 

ഇവരെ, യീവിശ്വാസവഞ്ചകന്മാരേയി- 

ന്നിവിടെനിന്നാദ്യമായോടിക്കേണം.

അതു സാധിച്ചില്ലെങ്കിലരുമക്കുഞ്ഞുങ്ങൾക്കും 

സതി, നിന്റെ നാട്ടിനും രക്ഷയില്ല. 

പരിശുദ്ധബാഷ്പം നീ പഴുതിൽ ചിന്തീടാതെ-

യൊരു സത്യാഗ്രഹമാരംഭിക്ക നല്ലു. 

പരിചര്യ വേണ്ടതു സാദരം ചെയ്തുകൊ- 

ണ്ടരികത്തു നിന്നീടാം ഞാനും ദേവി

                                                                         (ദീപിക, 14 ജൂൺ 1959)