Bharathamahalakshmi-009

IX

ഗ്വാളിയറിൽ ഭയങ്കരയുദ്ധം

ലക്ഷ്മീറാണി ഭൈരവീസമാനയായീ 

സമരം ചെയ്തു വീരമൃത്യു കൈവരിക്കുന്നു.


സുവർണ്ണസുപ്രഭാതമൊ- 

ന്നടുത്തുവന്നു ഭൂവിലേ- 

യ്ക്കുയർന്നുയർന്നുനോക്കിടുന്നു, 

കണ്ടിടേണ്ടതാരയോ!

തമസ്സിനുള്ളിലാണ്ടുകേ-

ണിടുന്ന ഭൂമിദേവിയാൾ- 

ക്കമംഗളങ്ങൾ നീക്കുവാ 

നുദാരമായ് ശ്രമിക്കയോ?

1

ഭയംകലർന്നു കൂരിരു 

ട്ടകന്നു മാറിടുന്നിതാ 

തെളിഞ്ഞിടുന്നുവെങ്കിലും 

ചുവന്നിടുന്നു ഭൂമുഖം 

പതത്രികൾ പലേതരം 

സ്വരങ്ങളാൽ നവീനമാ- 

മഹസ്സിനുള്ള ജാതകം

പരസ്യമാക്കിടുന്നുവോ?

2

കുളിച്ചു ദേവപുജചെയ്തു 

തോഴിമാരുമൊത്തുവ

 ന്നകത്തുകേറി റാണി ലക്ഷ്മ‌ി 

ഭായി പൂരുഷാംഗന. 

പടയ്ക്കൊരുക്കമായി, നല്ല

 ലോഹകഞ്ചുകങ്ങളേ 

ധരിച്ചുകൊണ്ടുവയ്ക്കുമേ 

ലണിഞ്ഞു പട്ടുവസ്ത്രവും

3

അഴിഞ്ഞു പാദതാരിനെ 

ത്തടഞ്ഞിടുന്ന കൂന്തല- 

ങ്ങൊതുക്കിയുച്ചിയിൽ ശരിക്കു

 കെട്ടിവച്ചു തോഴിമാർ. 

വിലപ്പെടുന്ന വീരവാളി 

വേണിയേമറയ്ക്കുമാ-

 റെടുത്തുചുറ്റിശീർഷരക്ഷ-

യുണ്ടതിന്റെയുള്ളിലും.

4

നിവർന്നു നിന്നു ദർപ്പണത്തി-

 ലൊന്നുനോക്കി, യൗവനം 

തികഞ്ഞു രാജസപ്രഭാവ- 

മാർന്നനല്ല സൈനികൻ. 

വഴിഞ്ഞിടുന്നു സൗകുമാര്യ- 

മാമുഖത്തു, ഗൗരവം 

കുറഞ്ഞിടാത്ത മട്ടിലൊന്നു

 പുഞ്ചിരിച്ചു പോയവൾ

5

അടുത്തുനിന്നൊരംഗരക്ഷ-

 കാഗ്രഗണ്യമോത്തിഭായ് 

എടുത്തുകൊണ്ടുവന്നരയ്ക്ക

 തൂക്കി തോക്കു ഖഡ്ഗവും

 വിളിച്ചു സുന്ദർകൊണ്ടുവന്ന

 ദത്തുപത്രനേയഹോ 

പുണർന്ന കാഴ്ച‌കാൺകിലേതു

ധീരനും കരഞ്ഞുപോം.

6

പൊടുന്നനേവിലോചനങ്ങൾ

 രണ്ടിലും ജലംനിറ- 

ഞ്ഞടർന്നുവീണ മുത്തുകൾ 

കുമാരകന്നു മാല്യമായ്. 

തുടുത്തൊരാകവിൾത്തടത്തി- 

ലുമ്മവച്ചുകൊണ്ടവൾ 

തുടച്ചു തന്റെ കണ്ണുമ- 

കുമാരകന്റെ കന്നവും.

7

“നിനക്കു ജന്മമേകിടാതെ 

ഞാൻ നിനക്കൊരമ്മയായ്, 

എനിക്കു പുത്രനായി നീ 

കുറച്ചുകാലമോമനേ, 

പറഞ്ഞിടേണ്ടതെന്തു ഞാൻ? 

പരാപരന്റെയിഷ്ടമാ

 ണിതൊക്കെയെന്നു മാത്രമോ-

 ർത്തടങ്ങിടുന്നതുത്തമം.

8

ഇതഃപരംനിനക്കു സുന്ദ

 റമ്മയായിരിക്കു”മെ-

 ന്നുരച്ചുകൊണ്ടു കൊച്ചുകൈകൾ

 രണ്ടിലും പിടിച്ചുടൻ 

കൊടുത്തു സുന്ദറിന്റെകൈയി,

ലേങ്ങലോടെ ബാലനേ 

യടുത്തണച്ചവൾക്കു നാവിൽ

 വന്നതില്ലൊരക്ഷരം.

9

തുറിച്ചുനോക്കി രാജ്‌ഞിയെ- 

പ്പരിഭ്രമിച്ചു ബാലകൻ 

ഗ്രഹിപ്പതെന്തുകൊച്ചുകുട്ടി 

ഭാവികാര്യഗൌരവം? 

പ്രിയംനിറഞ്ഞ തോഴിയെ- 

ക്കുമാരനോടുമൊത്തവൾ

 പുണർന്നുവീണ്ടുമോതി രണ്ടു

 വാക്കുകൂടിയീവിധം

10.

“ഇറങ്ങിടുന്നു സുന്ദർഞാൻ, 

തിരിച്ചുവന്നു കാണുമെ-

 ന്നുറച്ചിടേണ്ട, വീരമൃത്യു 

വെന്നെയാദരിച്ചിടും. 

രിപുക്കളെൻകളേബരം

 തൊടാതെമാനമായി നീ

 ചിതയ്ക്കുചേർത്തിടേണമെന്നു- 

മാത്രമെന്റെയാഗ്രഹം.

11

സപത്നിയാകിലും സഹോ- 

ദരിയ്ക്കുതുല്യയായൊരാ

 നടീപ്രവീര, യുദ്ധവീര, 

മോത്തിയോതിശാന്തയായ് 

എനിയ്ക്കുമാചിതയ്ക്കുമേ 

ലിടം തരാനപേക്ഷ, 

നാം മരിക്കിലും പുലർത്തിടാം 

സഹോദരത്വമെപ്പൊഴും.

12

പറഞ്ഞു നില്പതിന്നിടയ്ക്കു

 യുദ്ധകാഹളം ശ്രവി 

ച്ചിറങ്ങികൈയ്ക്കു കൈപിടിച്ചു 

രണ്ടുപേരുമക്ഷണം. 

തിരഞ്ഞെടുത്തവാജികൾ

വഹിച്ചുകൊണ്ടുപാഞ്ഞുപോ-

യരാതിവർഗ്ഗമമ്പരക്കു

മാറു രണ്ടുപേരെയും.

13

തൊടുത്തുചേർത്തു തൽക്ഷണം

 പ്രവർത്തനം തുടങ്ങുവാൻ

 തിടുക്കമാർന്നയന്ത്രമൊന്നിൽ

 സത്വരപ്രവാഹമായ് 

അണഞ്ഞവൈദ്യുതിക്കുതുല്യ- 

മായി റാണിതന്റെയാ

സമാഗമം രണാങ്കണത്തി-

 ലെന്നുതന്നെ ചൊല്ലിടാം

14.

ഇടഞ്ഞു രണ്ടുസൈന്യവും, 

തുടങ്ങി ഭീകരം രണം, 

പൊടിച്ചുതള്ളിയശ്വസൈന്യ- 

മങ്കഭൂമിയാകവേ.

നടുങ്ങിഭൂമുഖം, പര- 

സ്പ‌രം പെരുത്തവീറൊടേ 

തുടർന്നിരുന്നൊരഗ്നിഗോള- 

വർഷണം നിമിത്തമായ്.

15

രണപ്രവീരർ ശക്തിയോടു 

വീശിടുന്ന വാളുകൾ 

ക്ഷണപ്രഭാസമാനമായ് 

തിളങ്ങിടുന്നിതെങ്ങുമേ.

തടഞ്ഞിടഞ്ഞുകൂട്ടിമു- 

ട്ടിടുന്ന ശബ്ദഘോഷമോ 

പടയ്ക്കു ഭീകരത്വമേ- 

റ്റിടുന്നതീവ ശക്തിയായ്.

16

അരിഞ്ഞുവീണകൈ, പിടിച്ച-

 വാൾ വിടാതുയർന്നിടു- 

ന്നരിക്കുനാശമക്ഷണം 

വരുത്തുമെന്നവാശിയാൽ 

കബന്ധവും പിടഞ്ഞെണീ- 

റ്റിടുന്നു പോർതുടർന്നിടാൻ 

ശിരസ്സുപോകിലും കൃത- 

പ്രതിജ്ഞയാൽ സുശക്തമായ്.

17

അടർക്കളം തകർത്തുകൊണ്ടു 

കക്ഷിരണ്ടുമൊന്നുപോൽ 

ചൊടിച്ചുനിന്നു ചെയ്തു യുദ്ധ- 

മക്ഷയപ്രവീണരായ് 

ഒടുക്കമെന്തുചൊന്നിടേണ്ടു! 

കർമ്മസാക്ഷി സാക്ഷിയാ-

 ണിടയ്ക്കു ചേർന്നവഞ്ചനയ്ക്കു;

സിന്ധ്യ ചെയ്തപാതകം!

18

ജിയാജിറാവുസിന്ധ്യ, പേഷ്വ-

  യോടുതോറ്റ ഗ്വാളിയോർ 

നരാധിപൻ, കനിഞ്ഞു പേഷ്വ 

വിട്ടയയ്ക്കമൂലമായ് 

സ്വതന്ത്രനായി, ബ്രിട്ടനോടു 

ചേർന്നുകൊണ്ടിതാ ചതി- 

ക്കൊരുങ്ങിയാകൃതഘ്നനിന്നു; 

ദുർദ്ദശാവിപാകമേ!

19

ലഭിച്ചിടുംതനിക്കു പോയ 

രാജ്യമെന്നുമാനസേ 

ധരിച്ചുകൊണ്ടു കമ്പനി- 

പടക്കുതാങ്ങുനിന്നവൻ.

അവന്റെ പൂർവ്വസൈന്യവും 

തിരഞ്ഞുനിന്നു കഷ്ടമേ

 യനീതിയെന്ന മൂൾപ്പടർപ്പൂ-

 കൊണ്ടുമൂടി ഭൂതലം.

20

വരുന്നു വഞ്ചനയ്ക്കു കൈ- 

കൊടുത്തഹോ പരാജയം 

വിരഞ്ഞിടുന്നുതന്നെയെ 

ന്നറിഞ്ഞു പൂരുഷാംഗന, 

“മരിക്കിൽവീരമൃത്യുവാണു, 

ശത്രുവിന്റെ മുമ്പിൽഞാ- 

നൊരിക്കലും നമിക്കയില്ല

ശീർഷ’മെന്നുറച്ചവൾ.

21

പുകഞ്ഞുപൊട്ടുവാനൊരുങ്ങു

 മഗ്നിപർവ്വതംകണ- 

ക്കകംനിറഞ്ഞ ശൗര്യമാ- 

മുഖത്തുവന്നു തൽക്ഷണം

 എരിഞ്ഞുപാഞ്ഞിരുന്നു കൊള്ളി

മീൻപരാജയപ്പെടും 

തരത്തിലത്രവേഗമാർന്നു

 പോർക്കളത്തിലെങ്ങുമേ.

22

പിടിച്ചുവീശികൈകൾരണ്ടി

 ലൊന്നുപോലെവാളുകൾ, 

കടിച്ചുവൽഗ വേണ്ടമട്ടു- 

വാജിയെ നയിക്കയും, 

എടുത്തുപാഞ്ഞു ഘോടകത്തിൽ

ഭൈരവീസമാനയായ് 

അടർക്കളത്തതിൽ വിശ്വരൂപ- 

യായിറാണി ദൃശ്യയായ്.

23

അടുത്തുതന്നെ മോത്തിഭായി- 

യെങ്ങുമുണ്ടു പിന്തുണ-

 യ്ക്കമിത്രകക്ഷിയേതുമേ

 യറിഞ്ഞതില്ല റാണിയേ.

പ്രഗത്ഭരാം യുവാക്കളായ് 

ഗണിച്ചു രണ്ടുപേരെയും 

തികഞ്ഞ പൗരുഷത്തിനൊത്ത 

വേഷവും ധരിക്കയാൽ.

24

ഉയർന്നുനിന്ന കർമ്മസാക്ഷി 

താണുതാണുപോകയാ- 

ണനിഷ്ടസംഭവങ്ങൾക-

ണ്ടകം തപിക്കമൂലമോ? 

അനല്പസങ്കടത്തിലാണ- 

ടുത്തിടുന്ന രംഗമെ- 

ന്നറിഞ്ഞിരിക്കമൂലമോ? 

പറഞ്ഞുകൊൾവതെങ്ങനെ?

25

മരിച്ചുവീണുസൈനിക- 

പ്രവീണരൊട്ടനേകരും 

വിശിഷ്യതന്റെനാരിസേന,

 യോർക്കുകിൽസഹിപ്പതോ?

എരിഞ്ഞുതീയിലെണ്ണപോ- 

ലസഹ്യവാർത്തകൾ ശ്രവി 

ച്ചെരിഞ്ഞവൾക്കു ജന്മസിദ്ധ 

മായതൻ പരാക്രമം.

26

അണഞ്ഞിടേണ്ടനേരമായി

 ദീപമേ മനോഹരേ, 

തെളിഞ്ഞുദീപ‌ികാട്ടിടേണ്ട- 

താണു നീയിതേവിധം 

അണഞ്ഞിടാത്തതാരമായി

 ഭാരതത്തിനെന്നുമേ-

 യൊളിപ്രവാഹമേകുവാൻ

വിയത്തിൽവന്നുദിക്ക നീ.

27

കടന്നു പട്ടണത്തിലേക്കു

 ശത്രുസേന ശക്തിയായ് 

തടഞ്ഞുനിന്നെതിർക്കുവാ 

നസാദ്ധ്യമെന്നുകാൺകയാൽ

പരിഭ്രമിച്ചപേഷ്വറാവു- 

സാഹെബിന്റെ സേനകൾ

 തിരിഞ്ഞു നാലുപാടുമോടി 

ജീവരക്ഷണാർത്ഥമായ്.

28

“മരിക്കിലെന്തു? വീരമൃത്യു; 

ശത്രുവിന്റെ കീഴിൽഞാ 

നിരിക്കുകില്ല ജീവനോടു 

കൂടിയെന്നു പിന്നെയും 

കൃതപ്രതിജ്ഞയായ് തകർത്തു- 

പാഞ്ഞു വൈരിസേനയെ-

 സ്സമർത്ഥമായരിഞ്ഞുകൊണ്ടു 

നീങ്ങിറാണിധീരയായ്

29

മരിച്ചുവീണു സുന്ദർപോർ- 

ക്കളത്തിൽ, മോത്തിഭായിയും

 കരൾക്കരുത്തനല്പമാണു

കൂസലെന്നി പിന്നെയും 

തുടർന്നിരുന്നറാണിതൻ 

പരാക്രമങ്ങൾ-ഹാ! ചതി- 

ച്ചിടത്തുകാലിലാഞ്ഞുകേറി 

യുണ്ടയൊന്നു നിർദ്ദയം.

30

പിടിച്ചവാളുയർത്തിവീശി- 

യാഭടന്റെ നേർക്കുപാ 

ഞ്ഞെടുത്തുധീരതാഴെയി

 ട്ടവന്റെ ശീർഷമക്ഷണം

 തടുത്തുനില്ക്കുവാൻ കഴി- 

ഞ്ഞിടുന്നതിന്നുമുമ്പൊരാൾ

 നടത്തിവാൾ പ്രയോഗമൊന്നു 

റാണിതൻ ശിരസ്സിലായ്.

31

കഴിഞ്ഞുകാര്യമീശ്വരാ! 

മികച്ചതന്ത്രമൊക്കെയും 

നിറഞ്ഞിരുന്നൊരുത്തമാംഗ- 

മാദരാർഹമെങ്കിലും 

പിളർന്നുപോയി! ശത്രുവിന്റെ 

കണാവും പിളർന്നുകൊ- 

ണ്ടഹോവരിച്ചു വീരമൃത്യു 

റാണിലക്ഷ്മിധന്യയായ്.

32

ഉദിച്ച സൂര്യനസ്തമിച്ചു 

യുദ്ധവും സമാപ്തമായ്; 

അടർക്കളത്തിൽനിന്നു സുന്ദർ

 കൊണ്ടുപോയ് മഹാനിധി.

അടുത്തിരുന്നു കണ്ണുനീർ 

കണങ്ങൾ വീഴ്തിയാമുഖം

 തുടച്ചവൾ കൃതാർത്ഥയായ്; 

നടത്തിയന്ത്യകർമ്മവും

33

 സ്വതന്ത്രഭാരതാംബികേ,

കൃതാർഥയായ്ക്കഴിഞ്ഞുനീ

വിതച്ചവിത്തുകൊയ്തെടുത്തു

നൂറുമേനിമേന്മയിൽ.

ഇതിൽക്കവിഞ്ഞൊരാശനിന്റെ 

ഹൃത്തിൽ വന്നിരിക്കുമോ? 

ജയിക്ക നീ ജയിക്ക നീ! 

ചിരംജയിക്ക നീ ശുഭേ!!

34