Bharathamahalakshmi-008

VIII

കാൽപിയും കമ്പനിക്കാർ പിടിച്ചടക്കി 

റാണിയും പേഷ്വയും ഗ്വാളിയറിൽ അഭയം തേടുന്നു


പ്രിയതയേറിയ ജാൻസിയെക്കൈവിട്ട

 മഹതി ലക്ഷ്മീ മഹാറാണിധീരയായ് 

വിജയലബ്ധിക്കു വീണ്ടും ശ്രമിക്കുവാൻ

 തുനിവൊടേതന്നെ ചെന്നെത്തി കാൽപിയിൽ

1

അവിടെയുമെത്തി കമ്പനിപ്പട്ടാള-

 മപജയം തന്നെ നേരിട്ടുപിന്നെയും.

അവൾ നിരാശയിലാണ്ടില്ല; ഗ്വാളിയോർ 

ഉടനെ സ്വാധീനമാക്കുവാൻ നോട്ടമായ്.

2

സമരസന്നദ്ധൻ പേഷ്വയും സേനയും

 നയവിദഗ്ധയാം റാണിയും യോജിച്ചു

 കൃപണൻ സിന്ധ്യയെത്തോൽപിച്ചു പേഷ്വതൻ

 കൊടിപറപ്പിച്ചു ഗ്വാളിയോർ രാജ്യത്തിൽ.

3

വിജയാഘോഷങ്ങൾ റാവു സാഹേബിനു

 മതിവരാതെ തുടർന്നിതു മേല്ക്കുമേൽ 

ലഹരിസേവയും സദ്യയും സർവ്വത്ര 

നടന ഗീതങ്ങൾ മാദകനൃത്തവും.

4

ഭരണമേധാവി നാടിനേയിങ്ങനെ 

യൊരുവിലാസമഹാരംഗമാക്കുമ്പോൾ

 വിജയമാർഗ്ഗങ്ങളാരാഞ്ഞു രാപ്പകൽ

 പരിസരങ്ങളിൽ ചുറ്റുന്നുവൈരികൾ

5

പരമസാത്വികറാണിക്കീ കാഴ്ചകൾ 

ഹൃദയഭേദികളായി നിരന്തരം 

അവസരം നോക്കിയൊന്നുപദേശിക്കാ- 

നവളുറച്ചേവം ചൊല്ലിനാൾ ശാന്തയായ്.

6

സമരസാമീപ്യമോർക്കാതെ സുന്ദര-

 കലകളിലങ്ങു ലീനനായ് വാഴ്ക്‌യോ? 

സുഖദകല്ലോലമാലതൻ കീഴിലു-

 ണ്ടടിയൊഴുക്കെന്നതങ്ങറിയേണമേ

7

അരചനായ് കൃതകൃത്യനായ് മേന്മയിൽ 

മണിമകുടം ധരിച്ചിരിക്കുന്നൊരീ

ശിരസ്സിൽ ഗൗരവചിന്തകൾ വേണ്ടയോ?

 തരികമാപ്പു ഞാൻ ചൊന്നതുതെറ്റെങ്കിൽ.”

8

എവിടെ യേശുന്നീവാക്കുകൾ? വേദാന്തം 

സഫലമാകുമോ പോത്തിൻ്റെ കർണ്ണത്തിൽ? 

പതിവുപോൽ ദിനരാത്രങ്ങൾ പിന്നെയും

കടന്നുപോകയായ് മാറ്റമേതും വിനാ.

9

ജയമഹോത്സവമത്തനാം പേഷ്വയേ

 ജനറൽറോസിന്റെ പീരങ്കിഗർജനം

 കിടിലംകൊള്ളിച്ചനേരത്തുമാത്രമാ 

തരുണിചൊന്നതു കാര്യമെന്നോർത്തവൻ.

10

പരിഭ്രമത്തൊടും പശ്ചാത്താപത്തൊടു 

മവളിലാഹവ നേതൃത്വമർപ്പിച്ചു 

സമയമില്ലേതും സന്നാഹം കൂട്ടുവാൻ 

സമരകാഹളമന്തികേ കേൾക്കുന്നു.

11

അണിനിരത്തുവാനാജ്ഞയായ് സേനയെ 

രണപടുക്കൾ നേതാക്കൾ നയിക്കയായ് 

ജയവും തോൽവിയുംകൂടാതെയന്നത്തേ

 സമരവും സമാപിച്ചെന്നുചൊല്ലിടാം.

12

വെറുമൊരാരംഭയുദ്ധം കഴിഞ്ഞതി- 

ലൊരുകൃതാർത്ഥത റാണിക്കുണ്ടായില്ല.

ഇരവിൽ നിദ്രയുമില്ലാതെയാകയാൽ

തുടരെയൊരോരോചിന്തയിലാണ്ടവൾ.

13

“ഇരുപതും രണ്ടുമായൊരിപ്രായത്തി- 

ന്നിടയിലെന്തെന്തു നാടകരംഗങ്ങൾ 

അഭിനയിച്ചു കഴിഞ്ഞു ഞാനെൻശിരോ-

ലിഖിതമോർക്കിലനന്യസാധാരണം!

14

ഇതിനിടയ്ക്കൊരു രാജകളത്രമായ്, 

ഒരു ശിശുവിനു മാതാവുമായി ഞാൻ.

വിധവയാ,യൊരു രാജ്യത്തിൽ റാണിയായ്, 

അടർക്കളത്തിലിറങ്ങിഞാൻ യോദ്ധ്റിയായ്.

15

വിജയമാശിച്ചു മാനവുമാശിച്ചു 

പരമപാവന പ്രേമത്തെയാശിച്ചു 

കലുഷമാകാത്ത സത്യവും നീതിയും 

കരുണയും തേടി, കണ്ടതില്ലൊന്നുമേ

16.

ജനനിവേർപെട്ടു നാലുവയസ്സിലേ

 ജനകനന്നെനിക്കമ്മയും കൂടെയായ്.

വളർന്നുഞാനൊരു രാജകുമാരിയായ് 

പരമുദാരനാം പേഷ്വതൻ വത്സയായ്.

17

സുമുഖിയന്നെന്റെ ജീവിതദേവത

 മധുരമന്ദസ്മ‌ിതങ്ങൾ ചൊരിഞ്ഞഹോ!

ഇരുളിലാചിരിയിപ്പൊഴും കാണ്മുഞാ- 

നൊരു ചലച്ചിത്രമെന്നകണക്കിനേ.

18

ഒഴുകിടുന്നൊരു നിർഝരിപോലെയാ 

കളകളാരവമാർന്ന ദിനങ്ങളോ 

പിറകിലേയ്ക്കൊന്നു ചാഞ്ഞുനോക്കീടാതെ 

ത്വരയൊടങ്ങനെ വന്നുകടന്നുപോയ്.

19

കഴിഞ്ഞുകൂടിയ ദാമ്പത്യജീവിതം 

തരിശുഭൂമിപോൽ തന്നെ കാണുന്നു ഞാൻ 

ഒരു സതിക്കതു ചിന്തിക്ക ദുസ്സഹം 

മറവിയിൽ ശാന്തിതേടുവതുത്തമം.

20

പരിണയത്തിന്റെയർത്ഥം ഗ്രഹിക്കാത്ത 

വെറുമൊരുകളിപ്രായത്തിൽ ഭാര്യയായ്

 പതിയൊരു കലാതല്‌പരൻ, ജീവിതം 

നടികളോടൊത്തു നാട്യരംഗങ്ങളിൽ.

21

പ്രണയവല്ലരിമൊട്ടിട്ടു ഞാനൊരു 

ശിശുവിനമ്മയായ് തങ്കക്കിനാവുപോൽ

ഉപയമപ്രായമായപ്പൊഴേയ്ക്കൊരു

 വിധവയുമായി; ദുർഭഗജീവിതം!

22

പരമസങ്കടം, ജാൻസിയിൽ നിന്നെന്നോ- 

ടൊരുമിച്ചല്ലോ തിരിച്ചതെൻ താതനും

 ഇനിയുമദ്ദേഹം വന്നുചേർന്നിട്ടില്ല 

യമപുരിതന്നിലാക്കിയോ വൈരികൾ

23

ജനകനെപ്പോലെയാർന്നൊരു പേഷ്വയും

സഹജസ്നേഹം പുലർത്തിയ ‘നാനാ’യും

 ഹൃദയവേദിയിലാരൂഢരായിരു ന്നൊരു

സഖികളുമൊക്കെവേർപെട്ടുപോയ്.

24

സകലതും സഹിച്ചേതിനുവേണ്ടിഞാ-

നതിനെ-ജാൻസിയെ-ദുഷ്‌ടരാംവൈരികൾ

 ജയമഹോത്സവംഘോഷിച്ചു നാശത്തി- 

ന്നലകടലാക്കിയെന്നതും കേൾക്കുന്നു.

25

ഒളിവിൽ ഞാനോടിപ്പോന്നതുമൂലമാ- 

യവലംബമേതുമില്ലാതെയായൊരെൻ

ജനതയെപ്പറ്റിയോർത്തിടുമ്പോളെന്റെ

ഹൃദയസ്പ‌ന്ദനം നിന്നുപോകുന്നിതോ?

26

പതികളെ പ്രതി മാറിടം കാണിച്ച

 സതികൾ ഭാരതരത്നങ്ങളാണവർ 

മരണമല്ല വരിച്ചതാധീരകൾ 

ചിരസുഖം, വീരസ്വർഗ്ഗമല്ലോദൃഢം

27

രുധിരം വീണു നനഞ്ഞൊരാജാൻസിയു

മവിടെയുണ്ടായോരാർത്തനാദങ്ങളും

 അറിയുന്നുണ്ടു ഞാൻ കാണാതെകേൾക്കാതെ

ഹൃദയവേദനയാരോടുചൊല്ലീടും!

28

നഗരമാകവേ, ക്ഷേത്രങ്ങൾകൂടെയും 

എരിയുമഗ്‌നിയിൽ വെന്തതോർത്തീടുമ്പോൾ

 കരളു വെന്തു ദഹിക്കുന്നുകൂട്ടത്തിൽ;

പരമപൂരുഷാ, പാഹിമാം! പാഹിമാം!!

29

സുരവധുടീസമാനകൾ സുന്ദരീ-

 മണികൾ രാപ്പകലാടിലസിച്ചൊരാ

നടനശാലയും രാജകൊട്ടാരവും

അനലദേവതയ്ക്കാഹുതിയായെന്നോ?

30

അപരിഹാര്യമഹാനഷ്‌ടം സങ്കടം! 

സരസ്വതീമഹാൾ ജ്ഞാനഭണ്ഡാഗാരം

അതു ദഹിപ്പിക്കാനേതൊരു ശത്രുവും 

തുനിയുമോ മർത്യമാനസമുള്ളവൻ

31

ഒരു മഹാമരുഭൂമിയോ ഇന്നെന്നെ 

വലയംചെയ്യുന്നു ചൂടുകാറ്റൂതുന്നു?

അകലെനില്ക്കുന്നു നിദ്രയാം ദേവിയും

 ഹൃദയതാപത്താൽ ക്ഷീണിതയായി ഞാൻ

32

ഒരുവനുമൊരു പിന്തുണയില്ലാത്ത 

യുവതി, നാടുവിട്ടോടിയറാണി ഞാൻ

 വിജയമെന്നെ വന്നാശ്ലേഷിച്ചീടുവാ-

നൊരുവഴിയില്ല; തോൽവിയോ ദുസ്സഹം.

33

കരിമരുന്നിനു തീകൊളുത്തീട്ടതിൽ 

കുതിച്ചു വീഴുവാനോർത്തതാണെന്നു ഞാൻ.

തടഞ്ഞു താതനുമുറ്റബന്ധുക്കളും

 പ്രിയകുമാരനെയോർത്തു ഞാൻ ജീവിച്ചു.

34

എനിക്കു ജാൻസിയെക്കിട്ടുകില്ലേയിനി? 

സ്വതന്ത്രയായ് ഭരിച്ചീടുകില്ലേയിനി?

മധുവും ക്ഷീരവുമോലുന്ന ജാൻസീനീ 

വരികയില്ലയോ വീണ്ടുമെൻ കൈകളിൽ?

35

ഒരു വിധത്തിൽ സപത്നിമാർ നാമെന്നാ- 

ലൊരുവിധത്തിൽ നീയെൻ സഹധർമ്മിണി.

ഒരുമിച്ചീടുവാൻ തന്നേ ശ്രമിപ്പൂ ഞാൻ

 വിജയമല്ലെങ്കിൽ വീരമൃത്യുദൃഢം

36

അകലെനില്ക്കട്ടെ ഭീരുത, നാളെയും 

സമരമാണു, സമാപനമായ് വരാം.

തുനിഞ്ഞിറങ്ങുകതന്നെ, “മഹാരാഷ്ട്ര- 

ചരിതമാണെൻ്റെ ജീവനും ധൈര്യവും.”

37

കിടക്കയിൽ നിന്നു ചാടിയെണീറ്റവൾ, 

തുടർന്നുചിന്തകൾ -“സംശയിക്കേണ്ടിനി.

വിധവയായിരുന്നല്ലോ താരാഭായി

തരുണിതാനഹല്യാഭായി ഹോൾക്കറും.

38

അവരിലുണ്ടായ ധൈര്യവീര്യാദിക- 

ളിവളിലില്ലാതെപോകുന്നതെങ്ങനെ? 

ധമനികൾ മഹാരാഷ്ട്രരക്തം വഹി- 

ച്ചിളകിടുന്നതാണെൻ്റെ യീദേഹവും.”

39