ഓടിവാ ചാച്ചാ നെഹ്രു

ഓടിവാ ചാച്ചാനെഹ്രു, ഓടിവാ ചാച്ചാന്റെ,
ഓടിവാ പറന്നുവാ ഞങ്ങളെ കൊല്ലും മുമ്പേ.
കാടരാം കിരാതന്മാർ ഞങ്ങളെ നായാടുന്നേ,
നാടുനീളെയിട്ടയ്യോ ഞങ്ങളേ മർദ്ദിക്കുന്നേ,
കേരളപ്പിള്ളേരുടെയുച്ചരോദനം വന്നു
ചേരുകില്ലയോ ചാച്ചാ ഡൽഹിയിൽ? വേഗം വായോ.
വന്നുകണ്ടീടുന്നെങ്കിൽ ചാച്ചനു സഹിക്കില്ല.
വന്നിടേണമേ വേഗം ഞങ്ങളെ രക്ഷിക്കണേ.
ഇങ്ങനെയൊരുകളി കേരളം കണ്ടിട്ടില്ലെ-
ന്നെങ്ങുമേ വയസ്സന്മാർ പറഞ്ഞു ദുഃഖിക്കുന്നു.
ചാട്ടവാറുകൾകൊണ്ടു ഞങ്ങളെ തല്ലീടുന്നു.
കാട്ടിലെ ചൂരൽ വെട്ടി ഞങ്ങളെ ചതയ്ക്കുന്നൂ.
ഘനത്ത സപ്പാത്തിട്ട കാലിനാൽ തൊഴിക്കുന്നു
കനിവില്ലാതെ കഷ്ടം! കരണത്തടിക്കുന്നു.
മറിച്ചു നിലത്തിട്ടു വലിച്ചു വഴിനീളെ-
ത്തെറിക്കും രക്തം കണ്ടു രസിപ്പൂകിരാതന്മാർ.
അറസ്റ്റു ചെയ്തിടുന്നൂ ബാലികാബാലന്മാരെ
നിറഞ്ഞു തുറുങ്കെല്ലാം; ഞെക്കിവച്ചടയ്ക്കുന്നു.
പാഠശാലയിൽ പോകാൻ കുട്ടികളില്ലെന്നായി,
പഠനം നിരർത്ഥകം നീതിയില്ലാത്തനാട്ടിൽ.
ഓടിവാ ചാച്ചാനെഹ്രു, ഞങ്ങളെ രക്ഷിക്കുവാൻ
ഓടിവാ കിരാതന്മാർ തോക്കു നീട്ടുന്ന ചാച്ചാ.
തേടുവാൻ മറ്റെങ്ങുമില്ലഭയം ഞങ്ങൾക്കയ്യോ
വീടുകൾക്കുള്ളിൽ കേറിവരുന്നേ കാട്ടാളന്മാർ
അമ്മയെത്തല്ലീടുന്നേയച്ഛനെക്കൊല്ലാൻ പോണേ
അമ്മിണി വിറച്ചൊരു മൂലയിലിരുപ്പാണേ.
പഞ്ചഭൂഖണ്ഡങ്ങളിൽ കീർത്തിതൻ നെഹ്രു ചാച്ചൻ
ചഞ്ചലത്വമില്ലാത്ത ധീരനെന്നിരിക്കിലും
ബാലവൃന്ദത്തെക്കണ്ടാതന്നെത്താൻ മറന്നിട്ടു
ലോലചിത്തനായങ്ങു കളിച്ചുപോകുന്നില്ലേ?
കേരളത്തിലേകുഞ്ഞുമക്കളെയെല്ലാം തൂത്തു
വാരിയിക്കിരാതന്മാർ ചക്കിലിട്ടാട്ടീടുന്ന
ഭീകരരംഗം നേരേവന്നു കാണുവാനങ്ങേ-
യ്ക്കാകുമോ രണ്ടായാലും പറന്നു വേഗം വായോ.
ചാച്ചനിങ്ങെത്തുംവരേ ശക്തിയൊക്കെയുമെടു-
ത്തുച്ചത്തിൽ വിളിക്കും ഞാൻ ക്ഷീണിതയായീടാതെ.
മുറ്റത്തു സത്യാഗ്രഹമനുഷ്ഠിച്ചീടും തെല്ലു
മാറ്റമില്ലൊട്ടുതന്നെ താമസിക്കല്ലേ ചാച്ചാ!
(ദീപിക, 7 ആഗസ്റ്റ് 1958)
