Bethlahem Poove

ബേത്‌ലഹം പൂവേ


പാതിരാപ്പൂവേ, ബേത്‌ലഹം പൂവേ, 

ഭൂതിയിൽ പരിശോഭിതേ,

നീയൊരത്ഭുതസൂനതല്ല- 

മീയനന്തതയിലാകവേ.

സാരസത്തിനുമീർഷ്യചേർത്തിടും

കോരകങ്ങളാൽ സാദരം

സ്വാഗതം ചെയ്തു നിന്നിരുന്നു നീ-

യാഗമിപ്പൊരു രാത്രിയേ

ആരറിഞ്ഞു നിന്നുള്ളിലേ മനോ-

ഹാരിതയസാധാരണം?

 

ലോകബാന്ധവൻ പോയ്മറഞ്ഞുടൻ 

തൂകിടുന്നു നീ പുഞ്ചിരി

എന്തു പുഞ്ചിരി! മേല്ക്കുമേൽ പരം

ചന്തമേറുന്ന പുഞ്ചിരി!

സാരമെന്തതിനെന്നറിഞ്ഞവ-

നാരുമില്ലഹോ സൂനമേ,

സൽപ്രതാപവാനായ് വിയത്തിലാ-

നില്‌പു നിന്നൊരു ഭാനുമാൻ

അല്പമാത്രകൾ കൊണ്ടധഃപതി-

ചപ്പുറത്തായ കാഴ്ചയിൽ

ചില്‌പുമാന്റെ വിനോദവീഥിക-

ളിപ്രകാരമെന്നോർക്കവേ

പുഷ്പമേ ചിരിവന്നുപോകയോ?

സ്വല്പമില്ലതിലത്ഭുതം.

പാലൊളി പരത്തീടുമുന്നത-

ജാലികൻ വിധു കേവലം

പാറയാണെന്നു മാനസേ നിന-

ച്ചൂറിടുന്നിതോ പുഞ്ചിരി?

നീലവിണ്ണിനു മാലചാർത്തുന്ന 

ശ്രീലതാരകാസഞ്ചയം

പാരിജാതത്തിൻ പൂക്കളെന്നു സ-

സ്‌മേരയായി നീയോർക്കയോ?

 

ഉല്ലസത്തരമാമൃദുസ്മിതം 

മെല്ലെ മെല്ലെ വളർന്നിതാ

ഫുല്ലസുന്ദരസൂനമായി നീ-

യല്ലിലാരിതു കാണുവാൻ?

നിദ്രയെന്നിയേ നിന്നടുത്തിരു-

ന്നർദ്ധരാത്രിയിലാകയാൽ

തൂമയോടു നിൻ കോമളാകൃതി 

ക്ഷേമദായകം കണ്ടു ഞാൻ. 

ജന്മസാഫല്യം പൂർത്തിയായെന്നു

സമ്മതിക്കുന്നെൻ കണ്ണുകൾ 

ആരുമാസ്വദിക്കാത്ത സൗരഭ-

പൂരവും മമ നാസിക

ആസ്വദിക്കുന്നു ഹാ! കൃതാർത്ഥ ഞാൻ,

നീ സുമാന്വയ റാണിയും.

 

ഒത്തിണങ്ങിയ സദ്ഗുണങ്ങളും

ഗാത്രശോഭയുമുള്ള നീ

എന്തിനിങ്ങനെ രാത്രിനേരത്തു

ചിന്തിടുന്നു നിൻ കാന്തിയേ?

ഗാഢചിന്തയിൽ കാണ്മു ഞാൻ തവ

ഗൂഢമാം മനോവാഞ്ഛിതം

സാധ്വിമാർ മുടിമുത്തു നീ, പരി-

ശുദ്ധ ജീവിതകാംക്ഷിയും

ഇഷ്ടമില്ലൊരു ലേശവും പര-

ദൃഷ്ടിഗോചരയാകുവാൻ

ആകയാൽ നടുയാമിനിക്കിദം

സ്വാഗതം ചെയ്തു നില്പ്പു നീ. 

ആമയം വിനാ നീ മനോഹര, 

കാമിനീകുല മാതൃക

 

ബേത്ലഹേമിലെ ദിവ്യമാം ഗുഹ- 

യ്ക്കൊത്ത നൽ പ്രതിരൂപമായ് 

എന്റെ ദൃഷ്ടിയിലാഭചിന്നുന്നു

നിന്റെയാകൃതിയത്ഭുതം!

കീലമങ്ങനെ ദ്വാരസീമനി

ലാലസിപ്പതു കാണുകിൽ 

മാർഗ്ഗദർശിയായ് വന്നതാരമെ-

ന്നോർക്കുമാഗതനേവനും.

കേസരങ്ങൾ പരാഗവാഹികൾ 

ഭാസുരം നവശില്പമായ്

ചേർന്നു പൂമൃദുമെത്തതന്നഴ

കാർന്നു കാണ്മതും വിസ്മയം.

ഉണ്ണിയേശുവിൻ ശയ്യയാണതെ-

ന്നെണ്ണിടുന്നിതാ കാണികൾ.

ആകെ നോക്കുകിൽ ബേത്ലഹേമിലെ-

യാഗുഹയ്ക്കനുരൂപയായ്

നീ ലസിക്കുന്നു ദിവ്യപൈതലിൽ 

ലീല തീർന്നൊരു രംഗമായ്.

(വിശ്വദീപ്തി, ഡിസംബർ, 1969)