Ennum Njan Snehikkum

എന്നും ഞാൻ സ്നേഹിക്കും


എന്നും ഞാൻ സ്നേഹിക്കുമെന്നും ഞാൻ സ്നേഹിക്കു-

മെൻ പ്രേമനാഥനേ ഞാൻ സ്നേഹിക്കും.

ഇന്നും ഞാൻ സ്നേഹിക്കും നാളേയും സ്നേഹിക്കു-

മെന്നേക്കുമെന്നേക്കും ഞാൻ സ്നേഹിക്കും.

സമ്പൂർണ്ണമായുള്ള പാവനസ്നേഹത്താ-

ലെൻ പ്രേമനാഥനേ ഞാൻ സ്നേഹിക്കും.

സമ്മാനമോർത്തല്ലസൗഭാഗ്യമോർത്തുമ-

ല്ലെൻ പ്രേമനാഥനേ ഞാൻ സ്നേഹിക്കും.

നശ്വരലോകത്തിലെങ്ങുമില്ലാതുള്ള

ശാശ്വതസ്നേഹത്താൽ ഞാൻ സ്നേഹിക്കും. 

സമ്പത്തുകാലത്തും ദാരിദ്ര്യകാലത്തു-

മെൻ പ്രേമനാഥനേ ഞാൻ സ്നേഹിക്കും. 

അല്ലിലും നല്ല പകലിലും തുല്യമെൻ

കല്യാണസിന്ധുവേ ഞാൻ സ്നേഹിക്കും.

യൗവനകാലത്തും വാർദ്ധക്യകാലത്തും 

ജീവൻ പിരിയുന്നനേരത്തോളം 

അല്ലല്ല പിന്നീടും ജീവൻ പിരിഞ്ഞാലും 

വല്ലഭനായോനേ ഞാൻ സ്നേഹിക്കും.

പഞ്ചഭൂതമയമെന്റെ ദേഹം വീണ്ടും 

പഞ്ചഭൂതങ്ങളായി വേർപെട്ടാലും

അഞ്ചിതസുന്ദരനായോരെൻ നാഥനേ

യഞ്ചിടാതെന്നുമേ ഞാൻ സ്നേഹിക്കും. 

ലോകമശേഷമെൻ പാവനസ്നേഹത്തേ

ഭാഗിച്ചുകൊള്ളുവാൻ യത്നിച്ചാലും, 

സൃഷ്ടികളൊക്കെയെൻ സ്നേഹത്തിന്നോഹരി

കിട്ടുവാൻ കേണേറ്റം യാചിച്ചാലും, 

എല്ലാ സമയത്തുമെല്ലാസ്ഥലത്തുമെൻ 

വല്ലഭനേമാത്രം ഞാൻ സ്നേഹിക്കും, 

ആദിത്യചന്ദ്രന്മാരെൻ കരയുഗ്‌മത്തിൽ 

മോദിച്ചു നൃത്തം നടത്തിയാലും,

വാനത്തുമേവുന്ന താരങ്ങളാകെയെൻ 

മേനിക്കുഹാരമായ് ശോഭിച്ചാലും,

പുല്ലുപോലെല്ലാമുപേക്ഷിച്ചുകൊണ്ടന്റെ 

വല്ലഭനേമാത്രം ഞാൻ സ്നേഹിക്കും. 

കുന്നുപോൽ പൊന്നും പണവും വിശേഷമായ്

മിന്നും മനോഹരരത്നങ്ങളും

വന്നെന്റെ കാലിണകൂപ്പിനമിച്ചാലും

മെൻ നാഥനേമാത്രം ഞാൻ സ്നേഹിക്കും. 

എന്നല്ല മൂന്നുലോകത്തിനും റാണിയാ-

യെന്നെക്കിരീടമണിയിച്ചാലും

സന്ദേഹം കൂടാതെ ഞാനതുസംത്യജി-

ച്ചെൻ നാഥപാദതാർ സേവിച്ചീടും

സ്വർഗ്ഗവും ഭൂമിയും പാതാളലോകവും

മർക്കനും ചന്ദ്രനും താരങ്ങളും

എല്ലാ നശിച്ചിട്ടു സൃഷ്ടിക്കു മുമ്പുള്ളാ-

രില്ലായ്മ സർവത്ര വ്യാപിച്ചാലും

ആദ്യനായന്തമില്ലാത്തവനായെങ്ങും 

വേദ്യനായുള്ളോനെ ഞാൻ സ്നേഹിക്കും.

എന്നും ഞാൻ സ്നേഹിക്കുമെന്നും ഞാൻ സ്നേഹിക്കു-

മെൻ നാഥനേമാത്രം ഞാൻ സ്നേഹിക്കും.

ഇന്നും ഞാൻ സ്നേഹിക്കും നാളേയും സ്നേഹിക്കു-

മെന്നേക്കുമെന്നേക്കും ഞാൻ സ്നേഹിക്കും.

                                                        (കുടുംബദീപം, 1936)