പള്ളിത്താരാട്ട്

ആരിരം രാരി രാരാരോ-രാരി
രാരിരം രാരി രാ രാ രോ.
ആരോമലുണ്ണിയുറങ്ങൂ- പൂന്തേൻ
ചോരുന്ന വല്ലിയുറങ്ങു.
പൂരിച്ച മോദത്തോടമ്മ-നല്ല
താരാട്ടു പാടാമുറങ്ങു
കൊഞ്ചിക്കുഴഞ്ഞു നീ തൂകീ-ടുന്ന
പുഞ്ചിരിപ്പൂവെണ്ണിലാവിൽ,
വഞ്ചിനാടാകെ കുളുർത്തീ-ടുന്നു
ചെഞ്ചെമ്മേ നീയൊന്നുറങ്ങു.
മംഗളഗാനങ്ങൾ നാടു- നീളെ
പൊങ്ങി മുഴങ്ങുന്നു മേന്മേൽ;
മങ്ങാതെ ഭവ്യങ്ങളെല്ലാം-നിന്നിൽ
തങ്ങുന്നു, നീയൊന്നുറങ്ങു.
വാനുലകത്തിൽ വസിക്കും – ദിവ്യ
മാനിനിമാരും നിനക്കായ്
ഗാനങ്ങളാലപിക്കുന്നു, – വേഗം
ആനന്ദത്തോടെയുറങ്ങു.
പഞ്ചമിച്ചന്ദ്രനെ വെല്ലും-നവ
കാഞ്ചനമൂർത്തിയിതെന്റെ
നെഞ്ചിനു തങ്കപ്പതക്കം,-ഉണ്ണീ
ചാഞ്ചാടി നീയൊന്നുറങ്ങു.
എന്നോമൽ തങ്കക്കുടമേ, നിന്റെ
പൊന്നുമുഖം കാണുംനേരം
വിണ്ണവർക്കില്ലാത്ത ഭാഗ്യം-ഇതെ-
ന്നെണ്ണി ഞാനാനന്ദിക്കുന്നു.
പെണ്മണിമാണിക്യമായ- വഞ്ചി-
തന്മകുടത്തിൽ ലസിക്കും
മേന്മയേറീടുമീ രത്നം-അഹോ,
ബ്രഹ്മാവു തീർത്തതുതാനോ!
ഏതൊരു പാവനവസ്തു കൊണ്ടീ
ചേതോഹരമായ മൂർത്തി
ധാതാവിതേവിധം തീർത്തു-, നിത്യം
ഭൂതലേ ഭൂതി ചൊരിവാൻ!
കസ്തൂരി കാഞ്ചനമെല്ലാം-പൊടി-
ച്ചത്തറിൽ നന്നായ് കുഴച്ച്
മേൽത്തരം മൂശിയിലിട്ടു- വാർത്ത
മൂർത്തിയോ നീയെൻ കുമാരാ!
പാരിജാതത്തിൻ പരാഗം-കൊണ്ടു
കാര്യമായ് തീർത്തൊരു ദേഹം
ശാരദചന്ദ്രികതന്നിൽ- മുക്കി-
പ്പാരിൽ വിധാതാവു വച്ചോ!
മിന്നൽപ്പിണരിന്റെ ദീപ്തി- നല്ല
പൊന്നിൻ ചിമിഴിലടച്ച്
മന്നിലേക്കേവമയച്ചോ-ധര-
യ്ക്കുന്നമ്രതേജസ്സരുളാൻ!
അമ്പിളി തന്റെ കലയോ,-ഇതു
ചെമ്പകപ്പൂവിൻ കുലയോ!
വൻപെഴും പാല്ക്കടൽതന്നിൽ- മേളി-
ച്ചിമ്പം വളർക്കുമലയോ!
ശാരദനീരദഭാസ്സോ,- മുനി
നാരദനേന്തും മഹസ്സോ!
ആരിലുമാനന്ദമേകും-കാന്തി
ചോരുന്നൊരിന്ദ്രധുസ്സോ!
തങ്കച്ചെന്താമരപ്പൂവോ,-തെല്ലും
പങ്കമേശാത്ത മധുവോ!
കുങ്കുമകാന്തി കലർന്നു- വാനിൽ
തങ്കുന്ന ബാലരവിയോ!
മന്ദാരശാഖിതൻ വിത്തോ,-
ദേവി ഇന്ദിര ചാർത്തുന്ന മുത്തോ
ഇന്ദ്രാണിതന്നുടെ നാസാ- മണി-
തന്നിൽ കളിക്കുന്ന ഞാത്തോ!
വാസന്തീവല്ലിതൻ മൊട്ടോ,- മധു-
മാസമം മങ്കതൻ പൊട്ടോ
ഭാസ്വാൻ ജ്വലിച്ചുയർന്നാലം-തെല്ലും
കൂസാത്ത ദീപ്തിപ്പകിട്ടോ!
ചന്ദനച്ചാറിൻ തണുപ്പോ,-ഗുളം
തന്നീടും നല്ലോരിനിപ്പോ!
സ്വർന്നദിതന്നിൽ കളിക്കും-വീചീ-
വൃന്ദത്തിൻ കാന്തിത്തിളപ്പോ
പഞ്ചാമൃതത്തിൻ രസമോ,-പാടി-
കൊഞ്ചും കുയിലിൻ സ്വരമോ!
പഞ്ചവർണ്ണക്കിളിപ്പൈതൽ- തന്റെ
പഞ്ചമരാഗരസമോ!
വഞ്ചീനിവാസികൾ ചെയ്ത-പുണ്യ-
സഞ്ചയം മൂർത്തിയായ് വന്നോ!
കാഞ്ചനത്തിന്നു സുഗന്ധം- ചേർന്നെൻ
നെഞ്ചിൽ വിഭൂഷയായ് തീർന്നോ!
ഓമനേ, തങ്കമേ, പൊന്നേ,- എന്റെ
പ്രേമപ്പൂവല്ലിക്കുരുന്നേ,
കാമനും കാലിണകൂപ്പും- ദിവ്യ
കോമളത്തൂമലർച്ചെപ്പേ-
ഉണ്ണീ, എന്നോമൽ കുമാരാ,- പൂർവ്വ-
പുണ്യത്തികവേയുറങ്ങു;
അർണ്ണോജതല്ലജം തോല്ക്കും-കുഞ്ഞു
കണ്ണുകൾ മന്ദമടയ്ക്കു.
സമ്മോദപൂർവ്വം തഴുകി- ഞാനി-
ന്നുമ്മവയ്ക്കുന്ന ശിരസ്സിൽ,
മേന്മയേറുന്ന കിരീടം-മേലിൽ
ചെമ്മേ തിളങ്ങേണ്ടതല്ലോ!
തങ്കപ്പകിട്ടു കലരും- നല്ല
പങ്കേരുഹപ്പൂവിനോടും
അങ്കംപൊരുതുമിക്കൈകൾ- മേലിൽ
ചെങ്കോൽ ധരിക്കേണ്ടതല്ലോ!
മേൽത്തരം കാര്യങ്ങളന്നു- നിന്റെ
നിദ്രയേ ഭംഗപ്പെടുത്താം;
അത്തലകന്നു നീ ഇന്നു- മന-
സ്വസ്ഥതയോടെയുറങ്ങു.
എന്മകനേ നീയുറങ്ങു, -എന്റെ
പൊന്മകനേ നീയുറങ്ങു.
കണ്മണി നിൻമുഖം നോക്കി-നോക്കി
അമ്മയടുക്കലിരിക്കാം.
(1927)
