Aruthe Cheyyaruthe

അരുതേ ചെയ്യരുതേ!


വിടേയ്ക്കാണീയിരുളിൽ മകനേ, 

          കുരിശു തകർക്കാനോ?

അവിടെച്ചെന്നിട്ടവരൊടു കൂടി-

          കള്ളുകുടിക്കാനോ?

അവഹേളിതരാമവരൊടുക്കൂട്ടു

          പിടിച്ചു നശിക്കരുതേ,

അരുതേ, നീയാ ക്രിസ്ത്യാനികളുടെ

          പള്ളി തകർക്കരുതേ.

അവരുടെ ദേവനെയപമാനിച്ചാൽ

          ദുരിതം നേരിടുമേ, 

വെറുതേയിങ്ങനെയവിവേകത്തിനു 

          മകനേ, തുനിയരുതേ.

കുരിശു തകർത്തും പള്ളി തുരന്നും 

          പരനെ ദ്രോഹിച്ചും 

വൈതരണികളെ സൃഷ്ടിച്ചനുദിന-

          മവയിൽ ചാടരുതേ.

പാതിരിമാരെ ചീത്തകളൊന്നും 

          പറയരുതൊരുനാളും

ത്യാഗികളാണവർ ദിവ്യന്മാരാ-

          ണതു നീയറിയേണം

ഈശ്വരനുണ്ടെന്നോർക്കുക മകനേ,

          കുരിശിനുപാസകരേ

ദ്രോഹിക്കരുതേ, ശവസംസ്കാരം 

          തടയാൻ കൂടരുതേ.

ദേവാലയമണിപീഠങ്ങളെയും

          പരിപാവനമാകും

ദൈവികവസ്തുക്കളെയും നിന്ദി-

          ച്ചുദ്ധിതനാകരുതേ.

ഈശ്വരനോടു കളിച്ചാലക്കളി

          ഭീകരമായ് വരുമേ

തീ മഴ പെയ്യും വെള്ളിടിവെട്ടും 

          സൂക്ഷിക്കുക മകനേ.

ക്രിസ്ത്യാനികളുടെ വേദം നന്നായ്

          വായിച്ചീടുക നീ

എത്ര മനോഹര, മെത്രമഹത്തര-

          മെങ്ങനെ പറയേണ്ടൂ

ഗാന്ധിജിയതിനേയത്യാദരവോടു

          നന്നായുരുവിട്ടു

ശാന്തിദമാംവിധ മദ്ദേഹം പല-

          തുദ്ധരണികളാക്കി.

പുടവ കൊടുത്തൊരു പെൺകുഞ്ഞിനെ നീ

          കരയിച്ചീടരുതേ,

അവളുടെ കണ്ണീർക്കടലിൽ മുങ്ങി

          ശ്വാസം മുട്ടരുതേ,

ജയിലിൽ പോയിട്ടവളുടെ ജന്മം 

          പാഴാക്കരുതേ നീ,

പറയുന്നതു ഞാനാണെന്നോർക്കുക, 

          കുരിശു തകർക്കരുതേ!

എന്തൊരു കഷ്ടം! ജന്മം നല്കിയ

          ജനനി പറഞ്ഞാലും

സന്താനങ്ങൾ വകവയ്ക്കാത്തൊരു 

          കാലവുമായല്ലൊ!

പോകുകയാണോ പൊന്മകനേ നീ? 

          കുരിശു തകർക്കാനോ?

ശാപം തലയിൽ വീഴും, ദുഷ്ടത 

          ചെയ്യാൻ തുനിയരുതേ.

പള്ളി തുറപ്പിന്റെ വാർത്തകൾ കയറി-

          പത്രം നിറയുന്നു,

കൊള്ളക്കാരുടെ കുരിശുതകർക്കൽ

          തുടരെക്കേൾക്കുന്നു

കൊള്ളരുതാത്തവ ചെയ്തു കൃതാർത്ഥത

          നേടും ദാംഭികരായ്

പിള്ളേരിങ്ങനെ മുന്നേറീടുകി-

          ലെവിടെപ്പോയ് നില്കും!                                                                                                                          

            (തൊഴിലാളി, ജൂൺ 2, 1964)