Divamgathanaya Jagathpithavu

ദിവംഗതനായ ജഗത്പിതാവ്


നത്തനഷ്ടം വലിയൊരുസങ്കട-

          മുലകിനു നേരിട്ടു,

കരച്ചിൽ പോലേഘണ്ടാനാദം

          കേൾപ്പൂ പള്ളികളിൽ

ഉയർന്നുനിന്നൊരു രാഷ്ട്രപതാകക-

          ളെല്ലാംതാണല്ലൊ 

ചലിച്ചിടുന്നതുമില്ലവയൊന്നും 

          സങ്കടഭാരത്താൽ

ജനപ്രിയൻ ജോൺ മാർപ്പാപ്പായുടെ

          ദേഹവിയോഗത്താൽ

ജനങ്ങൾ കേഴുന്നവരുമൊരുപോ-

          ലേതുമതക്കാരും.

കറുപ്പുവർണ്ണക്കൊടികളുമേന്തീ –

          ട്ടോലും മിഴിനീരും 

തുടച്ചുകൊണ്ടാണല്ലോ ജാഥാ

          നീങ്ങുവതെവിടേയും.

തടിച്ചുകൂടുന്നെങ്ങും ജനതതി,

          യനുശോചനയോഗം

നടത്തിടുന്നു, ഗൽഗദപൂർവ്വം

          സംസാരിക്കുന്നു.

ദിഗന്തസീമകളിൽനിന്നെല്ലാം 

          സന്ദേശാവലിയും

ലഭിച്ചിടുന്നു വത്തിക്കാനിൽ,

          കൂട്ടവിലാപംപോൽ

നയജ്ഞനായ വിശാലമനസ്കൻ,

          സൽഗുണസമ്പന്നൻ,

ജഗത്പിതാവായി വാണൊരു ദിവ്യൻ.

          ശാന്തിദയോഗീന്ദ്രൻ,

ഭരിച്ചകാലം കുറവെന്നാലും വിജയം വലുതത്രേ

പിരിഞ്ഞുപോയി! ദൈവഹിതത്തിനു

          തലതാഴ്ത്തീടുക നാം.

നിറഞ്ഞു ഹൃത്തിൽ തിങ്ങും സ്നേഹം, 

          പാവനമാം സ്നേഹം, 

കുറഞ്ഞുപോകില്ലെന്നല്ലൊരു പടി 

          കൂടും സ്വർഗ്ഗത്തിൽ.

പരത്തിൽനിന്നും പൈതൃകമാംപര-

          മാശിസ്സനുനിമിഷം 

ജഗത്തിലേയ്ക്കവിടുന്നുചൊരിഞ്ഞിടു-

          മതിനായർത്ഥിക്കാം.

സഭയ്ക്കു നന്മയ്ക്കങ്ങുതുടങ്ങിയ 

          സൂനഹദോസിനെയും 

നയിച്ചുലക്ഷ്യപ്രാപ്തിയിലെത്തി –

          ച്ചീടാൻ കനിയണമേ.

പിരിഞ്ഞകന്നു വസിക്കും സോദര 

          ലക്ഷങ്ങളെയെല്ലാ-

മൊരേപതാകയ്ക്കടിയിൽ ചേർത്തി-

          ട്ടതുവിജയിക്കട്ടെ!

(23-ാം ജോൺ മാർപ്പാപ്പായുടടെ ദേഹവിയോഗമാണു വിലാപവിഷയം, ദീപിക, ജൂൺ 11, 1963.)