Johnykuttiyude Mangalam

ജോണിക്കുട്ടിക്കു മംഗളം


മംഗളം! തങ്കമേ, ജോണീ കുമാരകാ, 

മംഗളം മേല്ക്കുമേൽ മംഗളം തേ! 

നിത്യനാം താതന്റെയുന്നതഗേഹത്തി –

ലെത്തി നീ സാമോദം ഘോഷിക്കുന്ന 

നൂതനമായൊരു വത്സരത്തിന്നായി 

ഭൂതികളാശംസിച്ചീടുന്നു ഞാൻ.

സത്യമോർത്തീടുമ്പോളെന്റെയാശംസക –

ളർത്ഥവത്തല്ലെന്നു വന്നുപോകാം. 

നൂതനഗേഹത്തിൽ മംഗളമല്ലാതെ 

യാതനാശങ്കകളേതുമില്ല

യാതൊരു നേത്രവും കാണാത്ത ഭാവുകം,

കാതുകൾക്കജ്ഞാതഭവ്യപൂരം, 

മാനുഷബുദ്ധിയിലെന്നാളുമെത്താത്തോ-

രാനന്ദമല്ലോയെന്നോമനേ നീ

കാണുന്നു, കേൾക്കുന്നു, ചൂഴുന്നു നിന്നെ, യെൻ 

ജോണീ, നീ ഭാഗ്യവാൻ തന്നെയല്ലോ.

എന്നാലും ഞാനെന്റെ മാനുഷത്വം മൂല-

മിന്നിതു രേഖപ്പെടുത്തിടുന്നു.

തള്ളിപ്പുറപ്പെട്ടു നിർബാധമായെന്റെ –

യുള്ളിൽ നിന്നെത്തുമീയാശയങ്ങൾ 

വാക്കിനാൽ രേഖപ്പെടുത്താതെ തെല്ലൊന്നു 

നീക്കിവച്ചീടുക സാധ്യമല്ല.

പോയ കൊല്ലങ്ങളിൽ മംഗളാശംസകൾ

നീയെനിക്കാദ്യമായിങ്ങയച്ചു

ആനന്ദക്കണ്ണുനീർത്തുള്ളികൾ വർഷിച്ചു 

ഞാനന്നാ കാർഡുകൾ നോക്കി നോക്കി. 

ഇന്നിതാ വിണ്ണിലേക്കെന്റെ നേത്രങ്ങളേ 

മന്ദമുയർത്തീട്ടു നിശ്ചലയായ്

ഏകാഗ്രചിത്തയായ് നിന്നെയോർമ്മിച്ചുകൊ-

ണ്ടേകയായ് തൂലിക കൈയിലേന്തി

മാനസവീണയെ മീട്ടുന്നു ഞാനെന്നാ-

ലാനന്ദമൂർത്തിയിലാനന്ദിച്ചൂ.

പാർത്തലവാസികൾക്കാസ്ഥലത്തേക്കൊരു 

വാർത്താനിവേദനമാർഗ്ഗമില്ല.

എങ്കിലും ദൈവിക ‘ശക്തിപ്രവാഹ’ത്താൽ 

ശങ്കയില്ലെന്റെയീ സന്ദേശങ്ങൾ 

എന്നിട്ടും ഭദ്രമായ് നിന്റെ കർണ്ണങ്ങളിൽ 

സത്വരമെന്നുറച്ചീടുന്നു ഞാൻ. 

ഓമനേ, ഭാവുകം! രാജാധിരാജന്റെ-

യോമനപ്പൈതലായ് വാണീടും നീ

മാമകാശംസകൾ കേൾക്കവേ പുഞ്ചിരി

സാമോദം തൂകുന്നുണ്ടെന്നെ നോക്കി

ഞാനതു കാണുന്നു; കണ്ണുകൾ കൊണ്ടല്ല

മാനസദർപ്പണംതന്നിലത്രേ

നെഞ്ചകം പാരം കുളുർപ്പിച്ചീടുന്നു നിൻ 

പുഞ്ചിരി പഞ്ചമിച്ചന്ദ്രനേക്കാൾ

താനേ ഞാനോരോരോ ഗാഢമാം ചിന്തയിൽ

ലീനയായ് വാഴുന്ന നേരത്തെല്ലാം

സ്വർല്ലോകദൈവികമാധുരി ചിന്തുന്ന 

നല്ലൊരു ഗാനങ്ങൾ ദൂരെനിന്നും

കേട്ടീടുന്നുണ്ടു ഞാനായതെന്നോമന –

കുട്ടന്റെ പാട്ടുകൾ തന്നെയല്ലേ? 

മാലാഖമാരോടു തുല്യമായ് സംഗീത- 

മാലപിച്ചീടുവാനിത്രവേഗം

പാടവം കൈവന്നോ മാണിക്യപൈതലേ? 

പാടുക ധന്യനാം ഗായകൻ നീ.

ഇപ്പോഴും കേൾക്കുന്നു നിന്റെ സംഗീതം ഞാ- 

നെപ്പോഴും കേട്ടീടാനാശിക്കുന്നു. 

സന്താപഭാരത്താൽ ക്ഷീണിതചിത്തനാം 

നിൻ താതനേയും മറ്റുള്ളോരേയും 

സന്തോഷിപ്പിച്ചാലുമീവിധം പാടി നീ

സന്തതം നാകലോകത്തുനിന്നും.

 

          കൂട്ടത്തിൽ പാടുന്നതാരാണു കുഞ്ഞേ, നിൻ

കൂട്ടരോ വാനിലേ ദൂതന്മാരോ?

വീണാനിനാദവും കേൾക്കുന്നുണ്ടല്ലോയി-

ക്ഷോണിയിൽ കേൾക്കാത്ത മേന്മയോടെ. 

ആളുകൾക്കെപ്പൊഴുമാഹ്ളദം, സമ്പൂർണ്ണ

മേളമാണല്ലോ നിന്മന്ദിരത്തിൽ. 

എന്തിനീ മംഗള സന്ദേശമെന്നിദം 

ചിന്തിച്ചുപോകുന്നു പിന്നെയും ഞാൻ

 

          ഭൂതലവാസികൾക്കേതൊരു കാലത്തും

ഭൂതിയെച്ചിന്തുന്ന ഭണ്ഡാഗാരം

അന്തരംകൂടാതെ സ്വന്തമാക്കിപ്പരം

സന്തുഷ്ടചിത്തനായ് വാണിടുന്ന

ധന്യരിൽ ധന്യനാം പൊന്നോമൽ തങ്കമേ, 

നിന്നോടു വേണ്ടുന്ന മംഗളങ്ങൾ 

താണു യാചിക്കുകയാണല്ലോ ന്യായമി 

ക്ഷോണീനിവാസികൾ ഞങ്ങളെല്ലാം

തന്നാലും ഞങ്ങൾക്കു വേണ്ടുന്നതൊക്കെയു-

മിന്നേക്കുമാത്രമല്ലെന്നെന്നേക്കും

നിത്യനാം താതന്റെ രാജാധിരാജന്റെ –

യെത്താത്ത നിക്ഷേപംതന്നിൽനിന്നും

വാരി നി വർഷിക്ക് നിന്നോമൽക്കൈകളാൽ 

പാരിലെപ്പോരായ്മ തീർന്നിടട്ടെ!

                                                   (കുടുംബദീപം, ജനുവരി 1949)