കരയുന്ന കന്യകാശ്രമം

കണ്ണീർ പ്രവാഹം തുടയ്ക്കും കരങ്ങളേ-
യെണ്ണാവതോ? കണ്ടുനില്ക്കാനുമാവതോ?
മാറിടം തട്ടിത്തകർത്തുയർന്നീടുന്ന
നീറുന്ന ദീർഘനിശ്വാസങ്ങളെത്രയോ
വല്ലാതെ പാരം വിതുമ്പുന്ന വക്‌ത്രങ്ങ-
ളല്ലാതെ കഷ്ടമേ! കാണ്മതില്ലാരിലും
ഏവം മഹാമർത്യസാഗരം-ദൈവമേ,
ആവതില്ലെങ്കിലും നോക്കി ഞാൻ നിന്നുപോയ്.
യുദ്ധക്കളം കണ്ട ഗാന്ധാരിയെപ്പോലെ
യുദ്ദിഷ്ട ദിക്കിലെത്തിച്ചേർന്നതാണു ഞാൻ.
ആരോ വരാനെന്നമട്ടിൽ പ്രവേശന
ദ്വാരം തുറന്നിട്ടിരിക്കയാണാശ്രമം
അക്ഷികൾ നിർന്നിമേഷങ്ങളായിട്ടൊരേ
ലക്ഷ്യത്തിലേക്കാണു നോക്കുന്നതേവരും.
മഞ്ചദ്വയം കവാടത്തിലെത്തിക്കഴി –
ഞ്ഞഞ്ചിതം, പക്ഷേ, മനോദുഃഖവർദ്ധകം.
കാണികൾക്കുള്ളം ദഹിപ്പിക്കുമാഗ്നേയ-
ബാണങ്ങളെന്നും നിനച്ചിരിക്കാം ജനം.
എങ്കിലും സമ്പൂജ്യവസ്തുക്കൾ രണ്ടിലും
തങ്കുന്ന സത്യമജ്ഞാതമല്ലാർക്കുമേ.
ജീവിതം സത്യവേദത്തിനായർപ്പിച്ചൊ-
രാ വേദസാക്ഷിണിമൗലിരത്നങ്ങളെ
പൂവിട്ടു പൂജിച്ചു താങ്ങുന്ന മഞ്ചങ്ങൾ
സാവധാനത്തിൽകവാടത്തിനുള്ളിലായ്.
എല്ലാവരും – കന്യകാശ്രമത്തിന്റെ മതിൽ-
ക്കല്ലും – കരഞ്ഞുപോയക്കാഴ്ച കാണവേ
അന്തരീക്ഷം മങ്ങി, വാരിവാഹം ബാഷ്പ-
ബിന്ദുക്കളിറ്റിറ്റു വീഴ്ത്തിയാ വേളയിൽ.
ആകെ നിശ്ശബ്ദം, വിലാപപ്രദക്ഷിണം
പൂകി കപ്പേളയിൽ യാത്രചോദിക്കുവാൻ.
ഇന്നലെ പ്രാർത്ഥിച്ചു ഭക്തിപ്രകർഷത്തി-
ലാഴ്ന്നതിക്കപ്പേളയിൽത്തന്നെയാണവർ.
ഇന്നിതാ കേവലം നിർജ്ജീവഗാത്രങ്ങ –
ളെന്നല്ലനേകരെക്കണ്ണീരിലാഴ്ത്തുവോർ
ശ്വേതാംബരങ്ങളും പുഷ്പചക്രങ്ങളും
ചേതസ്സമാകർഷകം ചാർത്തിയാരെയും
നോക്കാതെ മിണ്ടാതെയല്ലോ കിടക്കുന്നു
ദീർഘമാം നിദ്രയിൽ നിർല്ലീനരായവർ.
ഈ ലോകദൃശ്യങ്ങൾ കണ്ടാസ്വദിക്കുവാ-
നാലോചനങ്ങൾ തുറക്കില്ല ഭാവിയിൽ.
ഉള്ളിന്റെയുള്ളിലേയാമോദവായ്പിൽ നി-
ന്നുള്ള മന്ദസ്മേരമൂറിടാ ചുണ്ടിലും.
എന്താണിവർക്കെന്തു സംഭവിച്ചെന്നേവ-
മേവമന്തരംഗത്തിലുൽക്കണ്ഠയേറീടുന്ന
വായനക്കാരാ, മഹാസംഭവം നിന-
ക്കായി ഞാൻ തെല്ലൊന്നു സംഗ്രഹിച്ചോതിടാം.
അല്ലൽപ്പെരുങ്കടൽ ക്ഷോഭമെൻ മാനസേ
വല്ലാതെ കൂലം തകർത്തിടുന്നെങ്കിലും
ഗൽഗദത്തോടെ പറഞ്ഞിടാം, ശ്രദ്ധിച്ചു-
കേൾക്കണം സോദരാ, വാർക്കണം കണ്ണുനീർ.
ശ്രീയേശുദേവന്റെ ദിവ്യസൂക്തത്തിലു-
ണ്ടീയാശയങ്ങൾ, പഠിച്ചിരിക്കുന്നു നാം
“എന്നെക്കുറിച്ചൊരാൾ ജീവൻ ത്യജിക്കുകിൽ
ധന്യൻ സ്വജീവനേ ഭദ്രമാക്കും ദൃഢം.”
ഇക്കപോതങ്ങളും ക്രിസ്തുധർമ്മത്തിനാ –
യുൽക്കടത്യാഗം-സമർപ്പിച്ചു ജീവനേ.
വേദപാഠാദ്ധ്യാപനത്തിലൂടേ തെല്ലു –
മാദായമോർത്തല്ല, സേവനം ചെയ്യുവാൻ
സൂര്യവാരത്തിലെ സുപ്രഭാതം കഴി –
ഞ്ഞാരാലിറങ്ങിപ്പുറപ്പെട്ടതാണവർ.
അക്കന്യകാശ്രമം വാതിലിൽക്കൂടെയാ
മക്കളേമുന്നോട്ടയച്ചു സന്തുഷ്ടയായ്.
എത്രയോകാലമായ് നല്ലകാര്യങ്ങൾക്കൊ –
രത്തലേതും വിനാ പോരാറുണ്ടവർ.
ഈ ദിഷ്ടദോഷം നിറഞ്ഞുള്ള ഭാവിയെ
ഹാ! ദൈവമല്ലാതെ കണ്ടതില്ലാരുമേ.
ഒട്ടുനേരം സത്യവേദകാര്യം കൊച്ചു –
കുട്ടികൾക്കൊത്തപോലെല്ലാം പഠിപ്പിച്ചു
ചാരിതാർത്ഥ്യത്തോടെ പിന്തിരിഞ്ഞപ്പൊഴോ
നേരം കടന്നിരുന്നുച്ചയ്ക്കുമപ്പുറം.
കത്തുന്ന തീപോൽ തപിപ്പിച്ച സൂര്യാത-
പത്തെത്തപോബലത്താൽ സഹ്യമാക്കിയും.
എത്തുന്ന വാഹനങ്ങൾക്കും വഴിക്കാർക്കു-
മാത്തമോദം വശം മാറിയും നീങ്ങിയും
ഗാത്രം തളർന്നിട്ടു ഗണ്യമാക്കാതെയും
യാത്രചെയ്താത്ത പോമൂർത്തികൾ ശാന്തരായ്.
മിന്നൽപ്പിണർ പോലെ, സംഹാരരുദ്രനെ-
പിന്നിലാക്കുംപോലെ,യെന്നല്ല തെല്ലുമേ –
ലക്കും ലഗാനുമില്ലാതെ പിന്നൂടെ വ-
ന്നൂക്കോടടുക്കുന്ന കാറൊന്നു കണ്ടുടൻ
ഞെട്ടിബ്ഭ്രമിച്ചോടി സാധുക്കളെങ്കിലും
വിട്ടില്ല, പിന്നാലെയെത്തിയാ വാഹനം
തട്ടിത്തെറിപ്പിച്ചു ദൂരത്തെടുത്തിട്ടു
നിഷ്ഠുരതാണ്ഡവം! പൂമേനികൾക്കുമേൽ
ആക്കത്തോടേ ചെന്നുകേറി,യേണങ്ങളേ-
യാക്രമിക്കും ക്രൂര സിംഹത്തൊടൊപ്പമായ്.
രണ്ടുപേരിൽനിന്നു മേശുവേ പാഹിയെ-
ന്നുണ്ടായ രോദനം ക്ഷിപ്രം നിലച്ചുപോയ്.
ആ ദീനരോദനം, നിഷ്ക്കളങ്കസ്വരം,
മേദിനീവാസികൾ കേട്ടതില്ലെങ്കിലും.
എണ്ണമില്ലാതുള്ള വിണ്ണോർ ശ്രവിച്ചതാ-
യെണ്ണിടാം, കൂട്ടമായ് വന്നിരിക്കാമവർ.
സ്വാഗതംചെയ്തെന്നുമോർക്കാ,മൊടുങ്ങാത്ത
ഭാഗധേയത്തിലേക്കാക്കപോതങ്ങളേ.
ബാക്കിയെന്തോതണം? കാറിന്റെ നേതാവുശീഘ്രമോ-
ടിക്കടന്നെങ്ങോ മറഞ്ഞുപോയ്.
എങ്ങുപോയാലെന്തു? ഗൂഢസങ്കേതങ്ങ-
ളെങ്ങുമില്ലാഭോഷനെച്ചേർത്തുകൊള്ളുവാൻ.
രണ്ടുകണ്ണെപ്പോഴുമെങ്ങും തുറന്നതാ –
യുണ്ടേതു ധൂളിയും ദൃശ്യമാകുംവിധം.
ആ ലോചനങ്ങളെ വഞ്ചിച്ചൊളിക്കുവാ –
നീ ലോകരംഗത്തിരുട്ടത്തുമാവതോ?
പെറ്റമാതാവിന്റെയാശ്ലേഷമല്ലാതെ
മറ്റൊരാലിംഗനം ചുംബനം സ്പർശനം
ഒന്നുമേല്ക്കാത്ത സമ്പൂജ്യദേഹങ്ങള –
യെന്നും മഹത്തുക്കളാദരിച്ചീടവേ
കഷ്ടമേ! കൈയേറി മർദ്ദിച്ച വാഹനം
ദുഷ്ടനാം നേതാവിനോടൊത്തു തൽക്ഷണം
ഊഴിതൻ ഗർഭത്തി,ലേറ്റമാഴത്തിലേ-
ക്കാഴേണ്ടതായിരുന്നില്ലയോ ദൈവമേ!
ശാന്തം മഹാപാപ,മെന്തോ പറഞ്ഞുപോയ്
സന്താപമൂർച്ഛയാൽ ചിന്താവിഹീന ഞാൻ.
എല്ലാവരോടുമങ്ങെല്ലാം ക്ഷമിച്ചാലു, –
മല്ലലും ശിക്ഷയും നല്കാതെയീശ്വരാ!
മദ്യപിച്ചാൽ പിന്നെ മർത്യന്റെ ചിന്തയും
ബുദ്ധിയും നിഷ്ഫലം ഭ്രാന്തനാണാനരൻ
വേശ്യയോടൊപ്പം വെറുക്കണം മാനുഷൻ
നിശ്ശേഷമായിട്ടു മദ്യപ്പിശാചിയേ.
സാക്ഷിക്കു വിസ്തൃതാകാശവും ഭൂമിയും
പക്ഷിജാലങ്ങളും മാത്രമെന്നോർക്കിലും
പെട്ടെന്നു നാലുഭാഗത്തുനിന്നും ജന-
ക്കൂട്ടമാ രംഗത്തു വന്നെത്തിയാർത്തരായ്.
കന്യാസ്ത്രീയമ്മമാർ പാടേ പറന്നെത്തി
ഖിന്നരായ്, പൊട്ടിക്കരഞ്ഞുപോയാളുകൾ.
ദുഷ്ടരും ശിഷ്ടരും സാനുകമ്പം ബാഷ്പ-
വൃഷ്ടിയോടേ, സഹായത്തിനുദ്യുക്തരായ്.
ആ വിപദ്ഗസ്തരേയാതുരാഗാരത്തി-
ലേവരുംകൂടിയെത്തിച്ചുടൻ; കിം ഫലം?
ആ സ്ഥാപനം പൂതമായ്തീർന്നു സമ്പൂജ്യ-
ഗാത്രങ്ങളെക്കൊണ്ടതും മഹാനേട്ടമാം.
സത്യവേദത്തിനായ് ജീവൻ ത്യജിച്ചവർ,
ക്രിസ്തുവിന്നായ്ത്തന്നെ ജീവനർപ്പിച്ചവർ,
വേദവാക്യത്തിലേയാന്തരാർത്ഥം ഗ്രഹി-
ച്ചാദരിച്ചാവിധം ജീവിച്ചുപോന്നവർ,
ഇന്നിതാ നമ്മോടു യാത്രചോദിക്കയാ –
ണെന്നേയ്ക്കുമല്ല,തൽക്കാലവേർപാടിനായ്.
നീളെക്കിടക്കുന്ന ഭൂതലത്തിൽ നിന്നൊ-
രാളോളമുള്ള ഭാഗം വിളംബംവിനാ
നിത്യവിശ്രാന്തി സങ്കേതമായ് കിട്ടുവാ –
നർത്ഥിക്കയാണതാ കൂപ്പുകൈയോടവർ
എല്ലാം തയാറായി; മണ്മറഞ്ഞീടുവാ-
നല്ലോ തുടങ്ങുന്നതാ വേദസാക്ഷികൾ.
പോകുന്നു കണ്ണുനീർത്താഴ്‌വാരമാകുന്ന
ലോകത്തെവിട്ടാത്തപസ്വിനീമൗലികൾ.
പ്രായം ചെറുപ്പമാണെന്നാലുമീലോക-
മായങ്ങളെല്ലാമറിഞ്ഞുപേക്ഷിച്ചവർ
സൗരഭ്യമാരും ശ്വസിച്ചറിഞ്ഞീടാത്തൊ-
രാരണ്യപുഷ്പങ്ങളജ്ഞാതമുത്തുകൾ.
“ഇന്നു ഞാൻ, നാളെ നീയെന്നുള്ള നിശ്ശബ്ദ-
സന്ദേശമത്രേ നമുക്കു നല്കുന്നവർ.
അന്ത്യസന്ദേശം, സദാപി നാമോർമ്മയിൽ
ചിന്തതന്നാഴത്തിലും കാത്തുകൊള്ളുകിൽ
സന്താപസിന്ധുവിന്റെ മദ്ധ്യേ തുഴഞ്ഞാലു-
മന്ത്യം ശുഭം നമുക്കെന്നു കാണാം ദൃഢം.
മുക്തരെപ്പറ്റി പ്രസംഗം നടത്തുവാ –
നെത്തി വാചാലൻ പുരോഹിതാഗ്രേസരൻ.
ഗൽഗദംകൂടാതെ വാക്കൊന്നു മുമ്പോട്ടു
നിർഗ്ഗമിപ്പിക്കാൻ കഴിഞ്ഞതില്ലെങ്കിലും
“മണ്ണാണു മാനുഷാ നീ, നിന്റെയന്ത്യവും
മണ്ണിലേക്കാണെന്ന വേദവാക്യത്തോടേ
ഒട്ടു സംസാരിച്ചു, നില്ക്കും മഹാജന-
ക്കൂട്ടം ശ്രവിച്ചു നേത്രാംബു വർഷിക്കവേ.
മിണ്ടാതെയും നിന്നുപോയ് ചിലപ്പോൾ ഹൃത്തി-
ലുണ്ടായ ശോകവിജ്യംഭണം മൂലമായ്.
“രണ്ടാമതാമേശുനാഥൻ വരും, നമു –
ക്കുണ്ടാകുമപ്പോളനന്തമാം ജീവിതം.
ഭിന്നിച്ച ദേഹിദേഹങ്ങളും വീണ്ടുചേർ-
ന്നൊന്നിച്ചുനില്ക്കുമാ ഭാഗ്യാനുഭൂതിയിൽ.
സൗജന്യമല്ല സൗഭാഗ്യനിർഭാഗ്യങ്ങ –
ളീ ജീവിതത്തിലേ നേട്ടമാണൊക്കെയും.
ത്യാഗമാർഗ്ഗത്തിൽ പുരോഗമിച്ചീടിലോ
നാകം നമുക്കായ് കവാടം തുറന്നിടും.
തത്ര നാമൊന്നിച്ചുചേർന്നീടുകിൽ പിന്നെ
മൃത്യുവും വേർപാടുമില്ല സന്താപവും.”
ഏവം സമാപിച്ചുകൊണ്ടു തൻ കണ്ണുകൾ
സാവധാനം തുടച്ചാവന്ദ്യ വൈദികൻ.
കാർമ്മികൻ വൈദികൻ ക്രിസ്തീയസംസ്കാര-
കർമ്മത്തിനായ് ജപ്രഗ്രന്ഥമേന്തീടവേ
ഒന്നല്ല രണ്ടുമല്ലൊട്ടേറെ വൈദികർ
വന്നു മഞ്ചങ്ങളെച്ചുറ്റിനിന്നാർത്തരായ്.
എണ്ണമില്ലാതെ കന്യാസ്ത്രീകൾ, തോരാതെ
കണ്ണീരൊഴുക്കുന്ന മാതാപിതാക്കളും,
മോഹിച്ചുപോകുന്ന വല്യമ്മ വീഴാതെ
ദേഹത്തു താങ്ങിപ്പിടിക്കും കുമാരിമാർ,
വീട്ടുകാർ, നാട്ടുകാരെന്നുവേണ്ടീ വാർത്ത
കേട്ടിട്ടു സാനുകമ്പം വന്നുചേർന്നവർ,
വിദ്യാലയത്തിലെ ബോധനങ്ങൾ പരം
ഹൃദ്യമായ് കേട്ടിരുന്നിട്ടുള്ള ശിഷ്യരും,
നാനാമതസ്ഥരാബാലവൃദ്ധം ജനം
താനേ മറന്നപോൽ കർത്തവ്യമൂഢരായ്
നെഞ്ചത്തു കൈവച്ചു നില്ക്കുന്ന വേളയിൽ
മഞ്ചങ്ങൾ മുമ്പോട്ടു നീങ്ങുന്ന കാഴ്ചയായ്.
പോർക്കളം വിട്ട ജേതാക്കളേ ഗേഹത്തി-
ലാക്കുവാൻ സ്വീകരിച്ചാദരിക്കുംവിധം
എന്നാലതീവ നിശ്ശബ്ദമായ് മ്ലാനമായ്
മന്ദമന്ദം നീങ്ങിയാമർത്യസാഗരം.
അന്ത്യവിശ്രാന്തി ഗേഹത്തിലെത്തിക്കഴി –
ഞ്ഞന്ത്യകർമ്മങ്ങളും തീർന്നു വേണ്ടുംവിധം
പൂവിട്ടു മണ്ണിട്ടുമൂടിയാദേഹങ്ങ-
ളേവരും പിന്തിരിഞ്ഞീടേണ്ട നേരമായ്.
ഭൂദേവിയുള്ളിന്റെയുള്ളിൽ പ്രതിഷ്ഠിച്ചു
സാദരം, കൈവന്ന ദിവ്യരത്നങ്ങളെ.
എല്ലാം സമാപിച്ചുകൊണ്ടിദം കാർമ്മികൻ
ചൊല്ലുന്നു, “സർവ്വാധിനാഥനാമീശ്വരൻ
ഈയാളുകൾക്കും വിശുദ്ധരോടൊന്നിച്ചു
ഭൂയിഷ്ഠസൗഭാഗ്യസമ്പൂർണ്ണ ജീവിതം
ഏകിക്കടാക്ഷിച്ചുയർത്തട്ടെ സ്വർല്ലോക-
മാകുന്ന രാഷ്ട്രത്തിലെന്നുമെന്നേക്കുമായ്!”
“മണ്ണാണു മാനുഷാ നീ, നിന്റെയന്ത്യവും
മണ്ണിലേക്കാണെന്നു വീണ്ടുമോർമ്മിക്ക നാം.
ആരുമേതും പ്രതീക്ഷിച്ചിരിക്കാതുള്ള
നേരത്തുമെത്തും സമാഹ്വാനമീവിധം,
നീക്കുപോക്കൊന്നുമില്ലപ്പൊഴേ പോകണം
തക്കതായ കാര്യങ്ങളെത്രയുണ്ടാകിലും.
കേഴുന്ന നാടേ, യിതാ നിന്നൊടൊത്തു ഞാൻ
കേഴുന്നു; നിന്റെ തൃക്കൈയിലെൻ കണ്ണുനീർ
വീഴട്ടെ നിന്നെസ്സമാശ്വസിപ്പിക്കുവാൻ;
പാഴുവാക്കൊട്ടേറെയെന്തിനോതുന്നിവൾ?
കന്യകാഗാരമേ, ശക്തയല്ലിന്നു ഞാൻ
നിന്നോടു രണ്ടുവാക്കോതുവാനംബികേ.
ഈ മഹാദുഃഖത്തിനോശാനയെന്നപോൽ
സാമോദമമ്പതാമാണ്ടു ഘോഷിച്ചു നീ
അങ്കത്തിലേറിക്കളിച്ചന്നു മോദിച്ച
തങ്കക്കിടാങ്ങളേയിന്നു നിർജ്ജീവരായ്
ക്രൂശിൻ ചുവട്ടിലേയമ്മയെപ്പോലെ ക-
ണ്ടാശ്ലേഷമേകുന്നിതശ്രുമാല്യങ്ങളും.
തോരാതെയോലുന്ന നിന്റെയിക്കണ്ണു നീ-
രാരാലുമാവതില്ലൊപ്പിത്തുടയ്ക്കുവാൻ
നീളെക്കിടക്കുമീ രക്താക്ഷരങ്ങളാ
നാളാഗമത്തിലും, മായുന്നതെങ്ങനെ?
പിൻഗാമികൾക്കുമീ സംഭവം മേല്ക്കുമേ –
ലേങ്ങലുണ്ടാക്കിടും ദീർഘനിശ്വാസവും.
നല്ലകാര്യം; സ്നേഹബാഷ്പബിന്ദുക്കളാ-
ലല്ലോ പവിത്രമാകേണ്ടതീ ഭൂതലം.
അമ്മേ! സമാശ്വസിച്ചാലുമൊന്നോർത്തു നീ
നിന്മക്കളെത്രയോ സൗഭാഗ്യപൂരിതർ!
വേദസാക്ഷിത്വക്കിരീടം ധരിച്ചു സ-
മ്മോദവായ്പോടതാ സ്വർഗ്ഗത്തിലാണവർ.
വാഴട്ടെ, വാഴട്ടെ, നിത്യമാം ശാന്തിയിൽ
താഴാത്ത ഭൂതിയിൽ; സാന്ത്വനം! സാന്ത്വനം!
