Lokatheyararinju

ലോകത്തേയാരറിഞ്ഞു


ലോകത്തേയാരറിഞ്ഞു? വിപുലമൊരുമഹൽ-

          ഗ്രന്ഥമാണായ,താർക്കും

വായിച്ചാൽ വിജ്ഞരാകും ലളിതഗഹനമായ്

          തോന്നുമദ്ധ്യായമേതും

ജീവിക്കും കാലമെല്ലാം മനുജനതുപഠി 

          ക്കുന്നു, പക്ഷേ ഗ്രഹിക്കാൻ

സാധിക്കുന്നില്ലവേണ്ടുംവിധ,മപജയവും 

          വന്നിടുന്നാകയാലേ.

 

വിദ്വാന്മാരെന്തറിഞ്ഞു? പലരുമതുമിതും

          ഗ്രന്ഥമുണ്ടാക്കു,മെല്ലാം

വായിക്കും മാറിമാറി,സ്സഭയിൽ വിരുതൊടേ

          സൽപ്രസംഗം മുഴക്കും.

ആചാര്യസ്ഥാനമേല്ക്കും ചിലർ മഹിതതരം 

          സേവനം ചെയ്യു,മെന്നാ 

ലായില്ലാ കാര്യമേതും വിജയമവിടെയ –

          ല്ലെന്നറിഞ്ഞീടണം നാം. 

ഈലോകത്തെപ്പഠിക്കുന്നവനു പഠനമായ്,

          വന്നു സർവ്വജ്ഞപീഠം 

താനേപാദംനമിക്കും, വലിയൊരു വിജയം

          തന്നെയാണായതോർത്താൽ.

ആചാര്യന്മാർ വഴിക്കല്ലനുഭവപഠനം

          കൊണ്ടു മുന്നേറിടേണം 

ധീമാന്മാരാകിലും മാർക്കിരുപതുശതമാ –

          നത്തിലെത്താൻ പ്രയാസം.

മാതാവിന്നുള്ളിൽനിന്നും വെളിയിൽ വരു മുടൻ

          തന്നെയാരംഭപാഠം

വായിക്കാൻ നാം തുടങ്ങും, പലതുമുരുവിടും, 

          വീണ്ടുമാരംഭമത്രേ.

കാലം മുന്നോട്ടുപോകും, ബിരുദുകൾ കുശലൻ 

          നേടിടും നിഷ്പ്രയാസം,

പ്രാരംഭത്തെക്കടന്നില്ലിനിയു,മതറിവി –

          ല്ലാമനീഷിക്കുതെല്ലും.

ലോകത്തേയാരറിഞ്ഞു? ഗഹനഗഹനമാ –

          ണാമഹൽ ഗ്രന്ഥമെന്ന-

ല്ലാദാമിൻ മക്കളിന്നും മുഖവുര പഠനം 

          തീർന്നുനീങ്ങീട്ടുമില്ല.

ഓരോതാളും വിരൽ തൊട്ടുടനുടനെ മറി –

          ക്കുന്നവൻ കേമനാണെ-

ന്നാരും ഭാവിച്ചിടുന്നു, ലിപികളുമറിയു-

          ന്നില്ലതിൽ മിക്കപേരും.

*ഞെട്ടിക്കും വാർത്തയൊന്നിങ്ങതിനിടയിലിതാ

          വൈദ്യുതാഘാതതുല്യം

പെട്ടെന്നെത്തുന്നു കാതിൽ, തുടരെയെഴുതുവാൻ 

          നീങ്ങിടുന്നില്ല പേനാ

കഷ്ടം! വാക്കില്ല ചൊൽവാൻ, കുടിലത നിറയും 

          ലോകമേ, നീ ചതിച്ചോ?

ശിഷ്ടൻ ജോൺ കെന്നഡി, ഹാ! കിടിലമിതുളവാ-

          ക്കുന്നു ലോകത്തിലെങ്ങും.

ലോകത്തേയാരറിഞ്ഞു? ചതികൾ പതിയിരി-

          ക്കുന്ന കാടാണു ലോകം

ദ്വേഷത്തിന്റെ നർത്തനത്തിന്നനുദിനമിടമേ-

          കും കളിത്തട്ടുലോകം

ലോകം മുന്നോട്ടുപോകും, സ്വയമതിനിടയിൽ 

          മാർഗ്ഗദീപം കെടുത്തും,

താനേതന്നേ കുഴിക്കും കുഴിക,ളവയിലേ-

          യ്ക്കന്ധനെപ്പോലെ വീഴും.

ലോകത്തിൻ ശാന്തിമാർഗ്ഗം തലമുറകളിലേ-

          യ്ക്കാകുവോളം തെളിക്കാൻ

പ്രാഗത്ഭ്യത്തോടുയത്‌നിപ്പതിനിടയിൽ മഹാൻ 

          കെന്നഡീ,യങ്ങുപോയോ?

ഓടിപ്പോകുന്ന കാറിൽ ത്വരിതഗതിയിലും

          ലാക്കുതെറ്റാതെയെത്തി-

ക്കൌടില്യം നിർവഹിക്കാൻ ഖലനുടെ വെടിയു-

          ണ്ടയ്ക്കു സാധിച്ചുവെന്നോ?

പോയല്ലോ വിശ്വദീപം! തിരിയതിലിനിമേൽ 

          ദീപനാളം, ജ്വലിക്കാം,

കേഴുന്നു ലോകമാകെ, ‘കെയർ വിഭവ’മശി –

          ക്കുന്ന കുഞ്ഞുങ്ങൾപോലും

നീയെന്നും നിൻശിരസ്സിന്നണിമണിമകുടം

          ലോകമേ, തട്ടിവീഴ്ത്തി-

പ്പാദത്തിൻ കീഴ്‌ഞെരിക്കുന്നൊരു ചെറുശിശുവിൻ

          കേളിയാട്ടം കണക്കേ

ഓർമ്മിക്കൂലോകമേ,യാപഴയകഥകൾ, നീ 

          ലിങ്കനോടെന്തു ചെയ്തു?

വില്യം മക്കിൽലിയോടും, പറയണമിനിയും

          ജൈംസുഗാർഫീൽഡിനോടും,

ഇന്നാളല്ലോ മഹാത്മാ സകലജനസമാ –

          രാധ്യനാം ഗാന്ധിയോടും… 

ചെയ്യല്ലേ,യാത്മഹത്യാപരമിതുകഠിനം 

          ഭാവിയിൽ; നീചനീചം!

ക്രൂശിക്കപ്പെട്ടിടേണ്ടുന്നവനെയുലകമേ, 

          പീഠമേറ്റിത്തൊഴുന്നോ?

നാശം നീക്കാൻ ശ്രമിക്കുന്നവനെയഹിതനായ്

          ക്രൂശിലേറ്റുന്നുവോ നീ?

നീതിക്കൊന്നാശ്വസിക്കാനെവിടെയുമിടമേ-

           കാത്തൊരീ ദുഷ്ടലോകം!

ലോകത്തേയാരറിഞ്ഞു? വലിയൊരു വിഷമ

          പ്രശ്നമക്കാര്യമോർത്താൽ

ഭൂഗർഭത്തെപ്പഠിക്കാം, കടലിനടിയിലും

          താണുകാര്യം ഗ്രഹിക്കാം, 

ശൂന്യാകാശത്തെവന്നിട്ടൊടുവിൽ വിധുവിലും

          മർത്യനൊട്ടെത്തിയേക്കാം

സാധിക്കാം മേല്ക്കുമേലായണുപഠനവു,മെ –

          ന്നാലുമാർക്കും ഗ്രഹിക്കാ-

നാവില്ലാമാനുഷാ, നിൻഹൃദയ,മതിനക-

          ത്തുള്ളമായങ്ങളെന്തോ!

മർത്യൻ കീഴോട്ടുപോകുന്നൊരു വന്യമൃഗമായ്

          തീരുവാനെന്നമട്ടിൽ,

പാർത്തട്ടിൽനിന്നുപൊങ്ങാൻ പണികളുമവന-

          ക്ഷീണമായ് ചെയ്തിടുന്നു.

വിദ്വേഷം പൂണ്ടു രക്തപ്പുഴയുടെ നടുവിൽ 

          ചാടിനീന്തിക്കളിക്കു-

ന്നസ്വാസ്ഥ്യത്തോടുലോകം, ‘നരക’മഭിനയി-

          ക്കുന്നു നാനാവിധത്തിൽ. 

മാർഗ്ഗഭംശംഭവിച്ചോരുലകിനെയിനിമേൽ 

          നേർവഴിക്കാർ നയിക്കും?

പ്രാർത്ഥിച്ചാലീശ്വരൻ ചെയ്തിടുമതു, നരനാൽ 

          കേവലം സാദ്ധ്യമല്ല.

 

“കാവൽപ്പട്ടാളമെല്ലാം രജനിയിൽ വെറുതേ 

          കണ്ണടയ്ക്കാതെ നില്ക്കും

സർവ്വേശൻ പട്ടണത്തെപ്പരിചൊടു പരിര-

          ക്ഷിച്ചിടുന്നില്ലയെങ്കിൽ.”

ലോകത്തിന്റെ പ്രധ്യഷ്യൻ പ്രമുഖനൊരു മഹാ

          ധന്യനേതാവുപോയി;

പോയി മാതാപിതാക്കൾക്കവരുടെയരുമ 

          പ്പുത്രനാമർദ്ധജീവൻ;

കുഞ്ഞുങ്ങൾക്കച്ഛനുംപോയ്; വലിയൊരു ഹൃദയം 

          തിങ്ങിടും പ്രേമസമ്പ-

ത്തെല്ലാമർപ്പിച്ചനാരീമണിയുടെ ഹൃദയാ-

          നന്ദസർവ്വസ്വവും പോയ്

പോയല്ലോ ഭാരതത്തിന്നൊരു പരമസുഹൃ –

          ത്തല്പമല്ലാത്ത നഷ്ടം!

വയ്യല്ലോ താങ്ങുവാനിക്കദനഭരമതി-

          ന്നെന്തുചെയ്യാവതോർത്താൽ?

ഹാ! ഭൂഖണ്ഡങ്ങളഞ്ചും കരയുവതൊരുപോൽ 

          തന്നെയെന്നോർത്തു തമ്മിൽ

വീതിച്ചാലല്പഭാരം കുറയുകിലതിനാൽ 

          സാന്ത്വനം തേടിനോക്കാം.

വീണ്ടും-മായാത്ത ചിത്രം! കദനജലധിയിൽ 

          മുങ്ങുമാജാക്വിലീനെ

ക്കണ്ടെങ്കിൽ! രണ്ടുവാക്കാലവരുടെ കരളിൽ 

          സാന്ത്വനം വീഴ്ത്തിയെങ്കിൽ!

ഉണ്ടല്ലോ ചാരിതാർത്ഥ്യം; വനിതകളവരും 

          ഞാനു,മക്കാരണത്താൽ

കണ്ടീടുന്നെന്റെ ചക്ഷുസ്സുവരുടെ ഹൃദയം

          ഭാവനാദർശനത്തിൽ.

ധന്യേ, തെല്ലാശ്വാസിക്കൂ, ധവനൊരുമകുടം,

          രക്തസാക്ഷിക്കിരീടം

തന്നേ ചാർത്തി പ്രതാപസ്ഥിരതയിലെതിരി-

          ല്ലാതെ വാഴുന്നുവല്ലൊ

നിന്നോടൊന്നിച്ചു പ്രാർത്ഥിച്ചനുദിനമനുശോ-

          ചിച്ചിടുന്നുണ്ടു ലോകം.

ധന്യൻ ജോൺ കെന്നഡിക്കായനുനിമിഷമിതാ 

          ശാന്തി ഞാൻ നേർന്നിടുന്നു.

                                                     (ദീപിക, 8 ഡിസംബർ 1963)