Marichittilladeham

മരിച്ചിട്ടില്ലദ്ദേഹം


ആംഗ്ലേയാക്ഷരമാലയ്ക്കേഴാമക്ഷരം പോയി,

മങ്ങലായ് മലയാളസാഹിത്യാന്തരീക്ഷത്തിൽ 

ഇങ്ങിനിവരാതെങ്ങു പോയെന്നോ മഹാകവി? 

ഞങ്ങളോ സമപ്രായം; മരിച്ചിട്ടില്ലദ്ദേഹം. 

 

പിന്നെയെന്തിനാണെന്റെയകമേ വല്ലാത്തൊരു

ഖിന്നിത, യെന്തോ തീരാനഷ്ടമുണ്ടായമട്ടിൽ ?

അന്തരംഗമേ വൃഥാ ചഞ്ചലിക്കാതെ, “കവി –

യന്തരിച്ചാലും മരിക്കില്ലെന്നു മഹദ്വാക്യം

 

എന്തിനായ് ഖേദിക്കണമഥവാ, നഭസ്സിലാ

ശാന്തിദ”മോടക്കുഴൽ നാദമുണ്ടല്ലോ കേൾപ്പാൻ

നാമതിൽ ലയിക്കുമ്പോൾ “വിശ്വദർശനം’ നിത്യ 

ക്ഷേമ സാകല്യം നമുക്കനുഭൂതിയായ് വരും. 

 

അതിനെക്കവിഞ്ഞൊന്നും നമുക്കില്ലാശിക്കുവാ-

നതിനാൽ നിത്യശാന്തികവിക്കും നേരുന്നു ഞാൻ. 

ഹേ, മഹാകവേ, നിത്യശാന്തിയുണ്ടാകട്ടങ്ങേ –

യീമഹീതലം നല്കീല്ലാർക്കു മാ മഹാഭാഗ്യം.

                                                    (ഭാഷാപോഷിണി, ജൂലായ്, 1978)