Pokalle Kunjacha

പോകല്ലേ കുഞ്ഞച്ചാ


രിശുദ്ധാരൂപിയെ ഹൃദയത്തിനാഴത്തി-

ലൊരുമാത്ര ചിന്തിച്ചിട്ടിതു വായിക്കൂ. 

പോകല്ലേ കുഞ്ഞച്ചാ, നന്നായിച്ചിന്തിച്ചി-

ട്ടാകട്ടെ മുമ്പോട്ടു കാലുവയ്ക്കാൻ. 

സാഹസസംരംഭം നന്നല്ല, പരിശുദ്ധ 

റൂഹായോടാദ്യമായ് പ്രാർത്ഥിക്കേണം 

മുതലാളിക്കൊട്ടേറെ വിളഭൂമി കൊയ്യാനു –

ണ്ടതിനില്ല വേലക്കാർ വേണ്ടുവോളം.

കതിരെല്ലാം ചായുന്നു കൊഴിയുന്നു ധാന്യങ്ങ-

ളതിനെക്കുറിച്ചല്പം ചിന്തവേണ്ടേ?

 

നവപൂജയർപ്പിച്ചൊരാ സുപ്രഭാതത്തെ

യിവിടെയങ്ങോർക്കണമല്പനേരം.

അന്നത്തെ തീക്ഷ്ണത, യാത്മരക്ഷയ്ക്കായി-

ട്ടന്നുജ്യംഭിച്ച മനോരഥങ്ങൾ.

എന്നല്ല “കൈവന്ന ഭാഗ്യം പൗരോഹിത്യ-

മെന്നകതാരിലെച്ചാരിതാർത്ഥ്യം, 

എല്ലാമൊന്നാവർത്തിച്ചീടുക, ചിന്തക-

ളെല്ലാമിന്നത്തേതു ദൂരെപ്പോകും.

“വ്യർത്ഥാഭിമാനത്താൽ ബലഹീനനായ ഞാ-

നോർത്തതെല്ലാം മൗഢ്യമെന്നു തോന്നും. 

ഉള്ളിൽ പറന്നെത്തും പരിശുദ്ധാരൂപിയെ –

നുള്ളിക്കളയാതെ സ്വീകരിക്കൂ.

വൈദികപട്ടമേറ്റൊരു നവവൈദികൻ 

ബലിപീഠത്തിൻ  മുമ്പിലെത്തിടുമ്പോൾ 

തിരുസ്സഭാമാതാവിന്നകതാരിലേഹർഷ-

ത്തിരയടിയെത്രയെന്നാരുകണ്ടു? 

വാനവസംഹതി മാനുഷർ കേൾക്കാത്ത 

ഗാനവിശേഷങ്ങൾ പാടുമപ്പോൾ. 

പരിശുദ്ധന്മാരെല്ലാമഞ്ജലീബദ്ധരായ് 

പരമപിതാവിനെ വാഴ്ത്തിപ്പാടും

ആശ്വാസം പാപികൾക്കാസന്നമരണർക്കോ 

ശാശ്വതാനന്ദത്തിൻ സുപ്രതീക്ഷ,

പരിശുദ്ധപൂജയാൽ ശുദ്ധീകരാത്മാക്കൾ

ക്കരികത്തു ചേരുന്നു സ്വർഗ്ഗരാജ്യം

അരുളുന്നു താങ്ങും തണലും പുരോഹിതൻ 

മരണത്തോളം മനുഷ്യാത്മാക്കൾക്കായ് 

വൈദികരില്ലെങ്കിലീ വകസേവന-

മാദത്തിൻ  മക്കൾക്കായാരു ചെയ്യും? 

പോകല്ലേ കുഞ്ഞച്ചാ, നന്നായിച്ചിന്തിച്ചി-

ട്ടാകട്ടെ മുമ്പോട്ടു കാലുവയ്ക്കാൻ. 

ഇന്നോളമർപ്പിച്ച ബലികളോരോന്നിലും

വന്നല്ലോ കൈകളിൽ മർത്യദൈവം 

ഇന്നിനിയഭിഷിക്ത കരതലയുഗമതിൽ

വന്നിടാനാശിപ്പതെന്തോന്നാവാം!

നന്നായിച്ചിന്തിക്ക, നന്നായി ധ്യാനിക്ക, 

തന്നീടും ദാനങ്ങൾ ശുദ്ധാരൂപി.

പോയാലും പോകുവാൻ സാധിക്കില്ലങ്ങേയ്ക്കു 

മായാവലയം ഞാനൊന്നുതീർക്കും.

പ്രാർത്ഥനകൊണ്ടൊരു വേലി ഞാൻ കേട്ടീടു-

മച്ചനുസാദ്ധ്യമല്ലതുതകർക്കാൻ

ഉള്ളിന്റെയുള്ളിൽ നിന്നുയരുന്ന പ്രാർത്ഥന 

തള്ളാൻ സർവ്വേശനും സാദ്ധ്യമല്ല.

 

വീണ്ടും ഞാൻ ചോദിക്കുന്നൊരു ചോദ്യം കുഞ്ഞച്ചാ 

ചുണ്ടെലിയെത്തോല്പിച്ചിട്ടില്ലം ചുട്ടാൽ

ഉണ്ടാകും നഷ്ടം നിശ്ശേഷം നമുക്കല്ലേ?

ചുണ്ടെലി ചാടിപ്പോം വീടുകത്തും,

പിന്നീടു ഖേദിച്ചാൽ ഫലമേതുമുണ്ടാകി-

ല്ല,ന്നിപ്പോളാഴത്തിൽ ചിന്തിക്കേണം.

അണിമണിമേടമേലധിവാസമാർത്തവൻ 

കണികണ്ടേക്കാം പക്ഷേ മണ്ണിൻ കൂന

അതുതന്നെ മെച്ചമെന്നോർത്തിട്ടു താഴേയ്ക്കു

കുതികൊണ്ടാൽ പിന്നത്തേതറിയാമല്ലോ? 

 

ഇവിടംകൊണ്ടുപശാന്തി സാദ്ധ്യമല്ലെങ്കിൽ മ –

റ്റെവിടെയും പോകാമീ ഭൂതലത്തിൽ

സ്വാഗതം വന്ദ്യരാം വൈദികർക്കെവിടെയും

ആഗോളവ്യാപകം മിഷൻ രംഗം

വിട്ടുപേക്ഷിക്കൊലാ ദൈവത്തിൻ ദാനമായ്

കിട്ടിയ പരിശുദ്ധ പൗരോഹിത്യം.

വിരമിക്കുന്നിവിടെ ഞാൻ; തുടരുന്നെൻ പ്രാർത്ഥന 

പരിശുദ്ധാരൂപിയോടങ്ങേയ്ക്കായി.

                                                                                       (1978)