പ്രേഷിതരത്നം

പേരെടുത്തുള്ളൊരു കേരളഭൂമിക്കു
പാരിച്ച ദീപ്തിയെച്ചേർത്തിടുന്ന
ആദർശപൂരുഷനായൊരു ദിവ്യനേ
സാദരം ഞാനെന്നുമോർമ്മിക്കുന്നു.
ആരാണാ യോഗീന്ദ്രൻ പാവനമായൊരു
പേരിനേ രേഖപ്പെടുത്തിടുവാൻ
തങ്കമനോജ്ഞലിപികളും പോരെന്നു
ശങ്കിച്ചുപോകുന്നു സത്യമായ് ഞാൻ,
എന്താണീലോകത്തിൽ ചെയ്തതാപുണ്യവാൻ?
ശാന്തിയേ സ്നേഹിച്ചു ത്യാഗത്തേയും.
ഉന്നത സാമ്രാജ്യ സിംഹാസനങ്ങളി-
ലൊന്നിലും പ്രത്യക്ഷനായതില്ല.
ഘോരയുദ്ധങ്ങളിലേർപ്പെട്ടു മേല്ക്കുമേൽ
ക്രൂരകൃത്യങ്ങളെച്ചെയ്തതില്ല.
നൂതനമായുള്ളശാസ്ത്രീയതത്ത്വങ്ങൾ
യാതൊന്നും കണ്ടുപിടിച്ചതില്ല.
സ്തുത്യമായ് സാഹിത്യസേവനം ചെയ്തൊരു
കീർത്തിയേ സമ്പാദിച്ചില്ല ധന്യൻ.
പഞ്ചഭൂഖണ്ഡങ്ങൾ സാഗരങ്ങൾ ചുറ്റി-
സ്സഞ്ചാരം ചെയ്തുമില്ലാ മഹാത്മാ
ദേശികലോകത്തിന്റെ ദേശികനായുള്ളൊ-
രേശുമഹേശന്റെ യാദർശത്തിൽ
ജീവിതായോധനം ചെയ്തു ജയക്കൊടി
കൈവശമാക്കിയാ പുണ്യധീരൻ.
വിശ്രുതി സംത്യജിച്ചജ്ഞാതജീവിത-
മാശ്രമഗേഹത്തിൽ നിർവ്വഹിച്ച
ത്യാഗിപ്രവീരനേ- സാക്ഷാലാരാധ്യനാം
യോഗിയേ-ലോകത്തിലാരറിയും?
ഉജ്ജ്വലത്തായൊരു സൗരഭ്യം കാട്ടിലേ
നിർജ്ജനവായുവിൽ നീളെ വീശി
അല്പമാം ജീവിതം ഭംഗിയായ് സാധിച്ച
പുഷ്പങ്ങൾ ലോകത്തിലെത്രയെത്ര!!
നിർമ്മലാത്മാവായ കർമ്മലീത്താക്കാരൻ
നന്മയേ സ്നേഹിച്ച ത്യാഗമൂർത്തി
മാതൃകാവൈദികൻ മർസ്സല്ലീനോസച്ചൻ
മാതൃഭൂമിക്കഭിമാനഹേതു
ദൈവികസേവനംകൊണ്ടു തൻ പാവന
ജീവിതാദ്ധ്യായങ്ങൾ പൂർത്തിയാക്കി
സജ്ജനമാനസവേദിയിൽ വാഴുമാ
പൂജ്യനേ വാഴ്ത്തുക ലോകമേ നീ.
സ്വാർത്ഥതാലേശമേശാത്തൊരു ജീവിതം
പ്രാർത്ഥനാനിഷ്ഠ, സൽകൃത്യബോധം,
സത്യമായ് മറ്റൊരു സാലേസെന്നവനു-
മോർത്തിടുമാറുള്ള ശാന്തശീലം,
ഊഹിതസീമയേ പിന്നിലാക്കും പര-
സ്നേഹപാരമ്യമെന്നീവിധത്തിൽ
ഭക്തനിൽ ശോഭിച്ച സൽഗുണജാലങ്ങൾ
വ്യക്തമാക്കീടുവാൻ വാക്കുപോരാ.
വേദപ്രചാരത്തേ സർവ്വപ്രധാനമാ-
യാ ദിവ്യപുരുഷൻ സ്വീകരിച്ചു.
കേവലം നിസ്സാരകീടങ്ങളേപോലെ
ജീവിതാവശ്യങ്ങൾക്കായി മാത്രം
സന്തതം ക്ലേശിക്കും സാധുവാം മർത്യന്റെ –
യന്തരാത്മാവിലേ കാന്തിപൂരം.
സ്വർല്ലോകനാഥന്റെ സൂക്ഷ്മ പ്രതിച്ഛായ-
കല്യനേയത്യന്തമാകർഷിച്ചു.
മാനുഷാത്മാക്കളേ നാശമാർഗ്ഗത്തിൽ നി-
ന്നാനയിച്ചേശുവിൻ തൃപ്പാദത്തിൽ
നിത്യസൗഭാഗ്യ പന്ഥാവിലാക്കീടുവാൻ
സ്തുത്യമായ് രാപകൽ ജോലിചെയ്തു.
ധന്യരായ് ധാരാളം ശിഷ്യ പ്രവീണരേ –
യുന്നതസ്ഥാനത്തു കണ്ടിടുമ്പോൽ
ദേശികസത്തമൻചാരിതാർത്ഥ്യം നിറ-
ഞ്ഞാശ്വസിച്ചാനന്ദിച്ചീടുന്നെങ്കിൽ,
അദ്ധ്വാനം മൂലമായ് വർദ്ധിച്ച സമ്പത്തിൻ
ഹൃദ്യമാം കാഴ്ചയിൽ മർത്യചിത്തം
ഗംഭീരമായുള്ള സംപ്രീതിത്തള്ളലാൽ,
ജ്യംഭിച്ചു ചാഞ്ചാടിപ്പോകുന്നെങ്കിൽ,
ഹന്തസൗഭാഗ്യമേ! ജീവിതകാലത്തിൽ
സ്വന്തസമ്പാദ്യമായ് സംഭരിച്ചു
രക്ഷിച്ച ലക്ഷോപലക്ഷമാത്മാക്കളേ
മോക്ഷത്തിൽ കാണുന്ന ദൈവദാസൻ
എന്തൊരു നിസ്സീമവാചാമഗോചര
സന്തുഷ്ടി, ശാശ്വതചാരിതാർത്ഥ്യം
ആസ്വദിച്ചീടുന്നു! പ്രേഷിതജോലിക്കു
പ്രോത്സാഹമേകുമീ ചിന്തയാർക്കും.
കിട്ടിയനാണയം സ്വാമിഭക്തൻ കുഴി-
ച്ചിട്ടതിലുത്സാഹശീലമുള്ളോൻ.
സാദരം വ്യാപാരം ചെയ്തതുവർദ്ധിപ്പി-
ച്ചാദായം മേലാവിൽ ബോദ്ധ്യമാക്കി.
വിശ്വസ്തദാസനിൽ പാരം പ്രസാദിച്ചു
ശാശ്വതസ്വർല്ലോകഭൂതിയെല്ലാം
കൈകണക്കില്ലാതെ സമ്മാനിച്ചാനുടൻ
നാകലോകാധിപൻ ഭക്തദാസൻ.
വാരാശിഗർത്തത്തിൽ ഭൂലോകമന്നവ –
രാരുമറിയാതെ ഗോപ്യമായി
താണുകിടന്നൊരു മാണിക്യതല്ലജം
പാണിയിൽ രാജാധിരാജനേന്തി
മാനിച്ചു മൗലിയിൽ ചേർത്തണിഞ്ഞത്യന്ത-
മാനന്ദിക്കുന്നു വിജ്ഞാനമൂർത്തി.
അന്തരമേശാത്തോരുന്നതസ്ഥാനത്തു
സന്തതം ഭാസുരരശ്മി വീശി
പ്രോജ്വലിച്ചീടുന്ന രത്നമേ നീ ജയ!
സജ്ജനാരാദ്ധ്യനായ് നീ ജയിക്ക!!
(കുടുംബദീപം, 1945)
