മൂന്നാം സർഗ്ഗം

വിശ്വമഹാനഗരത്തിലെത്തിച്ചേർന്നോരാ വിദ്യാർത്ഥി
വിശ്വമഹാൻ ഭാവിയിലെന്നാരറിയുന്നു?
വർത്തമാനം ഭൂതം ഭാവിയെല്ലാമൊരുപോലെകാണും
നിത്യൻമാത്രം നിസ്സന്ദേഹമറിഞ്ഞുകാര്യം.
കോൾമയിർകൊണ്ടിരിക്കേണം ലണ്ടൻമഹാപുരിയതിൽ
ക്ഷേമദമാ കഴലിണസ്‌പർശിച്ചനേരം
പതിനെട്ടുകാരനൊരു യുവവിദ്യാർത്ഥിയെക്കണ്ടാ-
ലതിമാത്രം മതിപ്പെന്തുവരുവാനുള്ളു?
വിക്ടോറിയാ ഹോട്ടലിൽപോയ് മജുംദാറുമൊരുമിച്ചു
താല്കാലികതാമസത്തിനേർപ്പാടുചെയ്തു.
ദാദഭായി നവറോജി, ഡോക്‌ടർമേത്താ, മറ്റും പല-
രാദേശത്തുണ്ടക്കാലത്തു ഭാരതീയരായ്.
മേത്താവന്നു സന്ദർശിച്ചു മോഹനു സന്തോഷമായി
വ്യർത്ഥവാക്കായിരുന്നില്ല വർത്തമാനങ്ങൾ.
ആംഗ്ലേയരോടൊത്തുപോകാനറിഞ്ഞിരിക്കേണ്ടും പല
സംഗതികളാത്മാർത്ഥമായുപദേശിച്ചു.
ഹോട്ടലിലെപ്പണച്ചെലവമിതമാകയാൽ നല്ല വീട്ടിലൊരേടത്തുപാർക്കാൻ
നോക്കേണമെന്നും പറഞ്ഞിട്ടുപിരിഞ്ഞുപോയ് മഹാമനസ്ക്കനാം
മേത്താ ചെറുപ്രായക്കാരനല്ലേ ഗാന്ധിയെന്നോർത്തു.
മൂന്നുനാളു തികഞ്ഞില്ല, മൂന്നുപവൻകൊടുക്കേണ്ടി
വന്നു; ഹോട്ടൽ വിട്ടു ഗാന്ധി പാർപ്പിടം മാറി.
പരിച്ഛേദം സസ്യഭുക്കായിരിക്കയാൽ വേണ്ടതുപോ-
ലൊരിക്കലും കിട്ടാറില്ല ഭോജനമെങ്ങും.
വീണ്ടും വീണ്ടും വാസസ്ഥലം മാറേണ്ടതായ് സാഹചര്യ-
മുണ്ടായവന്നു; സ്ഥലം ലണ്ടൻപട്ടണമല്ലേ?
അപ്പക്കഷണങ്ങൾ മത്സ്യമാംസാദിയോടിടചേർന്നു
സ്വല്പംകിട്ടുമതുകൊണ്ടു ജീവിച്ചുപോന്നു.
കുടുംബജീവിതത്തിന്റെയോർമ്മയായി, നാട്ടിലേയ്ക്കു
മടങ്ങുവാൻ പ്രലോഭനംപോലുമുണ്ടായി.
പലപ്പോഴും നടക്കാനായിറങ്ങിടും; കുറേദൂരെ-
ചിലപ്പോളങ്ങനെപോകും തെരുവിലൂടെ.
അക്ഷരങ്ങൾ വലുതായിട്ടൊരിടത്തുകണ്ടു “സന്ധ്യ-
ഭക്ഷണശാല’യെ,ന്നൊരു വലിയമേട.
തേടിപ്പോയവള്ളി കാലിൽചുറ്റിയശുഭസായാഹ്ന,
മോടിയെത്തിക്കവാടത്തിൽ തെല്ലൊന്നു നിന്നു.
അകത്തേയ്ക്കു കടന്നിരുന്നധികസംതൃപ്‌തിയോടേ-
യകത്താക്കിയാഹാരങ്ങളാവശ്യംപോലെ.
വീടും നാടും വെടിഞ്ഞിട്ടന്നാദ്യമാണു വിശപ്പിൻ്റെ-
യാടലകറ്റുവാൻ തക്ക സുഖഭക്ഷണം.
സസ്യാഹാരസംബന്ധമായ് വില്‌പനയ്ക്കുതയാറായ
പുസ്തകശേഖരവുമാസ്ഥലത്തുകണ്ടു.
നിധികിട്ടിയതുപോലെയതിൽനിന്നും ചിലതെല്ലാ-
മധികസന്തോഷത്തോടേ വിലയ്ക്കുവാങ്ങി.
ജനയിത്രിയോടുചെയ്‌ത സുപ്രതിജ്ഞപാലിക്കുവാ-
നനായാസം സാദ്ധ്യമെന്നു സമാധാനമായ്.
ഗുരുജനസമാനരും സഖാക്കളും പറഞ്ഞിട്ടു-
മൊരിക്കലുമാപ്രതിജ്ഞലംഘിച്ചിട്ടില്ല.
നിറഞ്ഞഗൗരവത്തോടേയൊരു സുഹൃത്തിതേവിധം
പറഞ്ഞൊരു സന്ദർഭത്തിൽ സസ്നേഹംതന്നേ;
“നിങ്ങളെൻ്റെസോദരനായിരുന്നെങ്കിലസംശയം
നിങ്ങളേ ഞാൻ നാട്ടിലേയ്ക്കു വിട്ടയച്ചേനേ.
പഠിപ്പില്ല ജനിത്രിക്കു, ലോകപരിചയമില്ല,
മടയനേപ്പോലെ താങ്കൾ പ്രതിജ്ഞചെയ്തു.
ആ സ്ത്രീരത്നമീനാട്ടിലേ സാഹചര്യം ഗ്രഹിക്കുന്നി-
ല്ലർത്ഥലേശമില്ലാതുള്ള സത്യവാഗ്ദാനം.
ആരോഗ്യത്തെ ഹനിക്കുന്ന മർക്കടമുഷ്ടിയാണിതു
നേരേതന്നെയുറപ്പിച്ചു പറയുന്നു ഞാൻ.”
എന്തിനേറെ? യിതുകൊണ്ടുമിതിലേറെ വാക്കുകൊണ്ടും
ഗാന്ധിദൃഢചിത്തൻ തെല്ലും കുലുങ്ങിയില്ല.
പരിപൂർണ്ണ സസ്യഭുക്കായ് വിദേശത്തും സ്വദേശത്തും
മരിക്കുന്നകാലത്തോളമവൻ ജീവിച്ചു.
അത്രയല്ല സസ്യഭക്ഷ്യപ്രവർത്തക സംഘാംഗമായ്
വർത്തിച്ചിരുന്നദ്ദേഹമന്നിംഗ്ലണ്ടിൽതന്നേ.
ഭക്ഷണത്തിലുള്ള നിഷ്‌ഠയൊഴിച്ചേതുകാര്യത്തിലു-
മാക്ഷേപമില്ലാംഗ്ലേയരേയനുകരിപ്പാൻ.
ആചാര്യമര്യാദകളെ മനസ്സിലാക്കാൻ ശ്രമിച്ചു
വാചാലതയോടെ ഭാഷ സംസാരിക്കാനും
വസ്ത്രധാരണത്തിലുള്ള പ്രത്യേകരീതികളെല്ലാം
തത്രസ്ഥരെപ്പോലെയാക്കാൻ മടിച്ചില്ലേതും.
ഒന്നാംതരമാംഗ്ലേയനായ് കാണപ്പെടാൻ പര്യാപ്തമായ്
ത്തീർന്നു മോഹൻഗാന്ധിയുടെ വേഷമാറ്റങ്ങൾ.
സ്വർണ്ണംകൊണ്ടു വാച്ചിനൊരു ചങ്ങലയുമിട്ടു; കൈയിൽ
കണ്ണഞ്ചുമാറൊരു വടിഖർജ്ജുരശില്പം.
അല്പനേരമല്ലചെലവാക്കിയതീവേഷമെല്ലാം
ദർപ്പണത്തിൽ നോക്കിമോടിത്തികവിലാക്കാൻ.
യുവതികളൊത്തു നൃത്തംചെയ്യുന്നതാദേശത്തിലേ
സവിശേഷപരിഷ്‌കാരമാണെന്നു കണ്ടു.
നൃത്തപരിശീലനവുമാരംഭിച്ചുസംഗീതത്തി-
നൊത്തു ചുവടൊന്നുവയ്ക്കാൻ സാധിക്കാതായി.
സംഗീതാഭ്യസനത്തിനും ശ്രമംചെയ്തുനോക്കി; നല്ല
സംഗതി,യെന്നാലതിലും വിജയിച്ചില്ല.
ഒന്നാംതരം സായിപ്പായിപ്പരിഷ്കാരിയായിത്തീരാൻ
മൂന്നുമാസക്കാലത്തോളം ശ്രമം തുടർന്നു.
ഒരുദിനം മനസ്സാക്ഷിയുണർന്നതിൻഫലമായി
ശരിയല്ലതന്റെപോക്കെന്നവനുതോന്നി.
പരിഷ്കാരിയാകാനല്ല പഠിക്കാനാണല്ലോതൻ്റെ
പരദേശവാസമെന്നു കരളിലോർത്തു.
“അനാവശ്യച്ചെലവെത്രചെയ്‌തുപോയി! സ്വഗേഹത്തിൽ
ധനസ്ഥിതിയത്രമാത്രം മികച്ചതല്ല.
നന്മനസ്സുകൊണ്ടു ജ്യേഷ്‌ഠസഹോദരൻ തൻ്റെഭാവി
മേന്മയോർത്തു തരുന്നതാണിപ്പണമെല്ലാം.
അതുകൊണ്ടു ധൂർത്തടിച്ചു സമയവും പാഴാക്കിയാ-
ലതിൽപ്പരമപരാധം വരുവാനില്ല.
മനഃപരിഷ്കാരംവേണം ബാരിസ്റ്റരാകേണമതാ-
ണെനിക്കത്ര വേണ്ടനേട്ടം മറ്റൊന്നുമല്ല.
തിരിച്ചുഞാനെൻ്റെ നാട്ടിൽപോകേണ്ടവനാണുകൈയി-
ലിരിക്കുന്ന സമ്പാദ്യമാണെനിക്കാവശ്യം.”
ഒരു മാത്രകൊണ്ടുമോഹൻ പരിപക്വമതിയായി
വിരമിച്ചുവേണ്ടാതനമെല്ലാറ്റിൽനിന്നും.
വരുമിതുപോലെയോരോ മനസ്സാക്ഷിക്കുത്തെല്ലാർക്കും
പരിഗണിക്കായ്ക്‌കിൽ ഫലമധഃപതനം.
മിതമാക്കി ചെലവെല്ലാം, സ്വയംപാകംചെയ്തുഭക്ഷ്യ,
മൊതുങ്ങിജീവിച്ചുകൊണ്ടു പഠിത്തമായി.
വണ്ടിയാത്രയുപേക്ഷിച്ചു കാൽനടയായ് പോയിക്ലാസ്സി-
ലുണ്ടായിരുന്നൊട്ടു ദൂരമെന്നിരുന്നാലും.
അറിയാതെയാണെങ്കിലും മഹാനാകാനടിസ്ഥാന-
മുറപ്പിച്ചു ഗാന്ധിജിയാകാലഘട്ടത്തിൽ.
മഹൽ ഗ്രന്ഥങ്ങളുമായിപ്പരിചയപ്പെട്ടു, നല്ല
സുഹൃത്തുക്കളോടുമുണ്ടായ് വന്നു സമ്പർക്കം.
മതമേതായാലുമതിൽ പരമസത്യമുണ്ടെങ്കി-
ലതുകാണാനാരാഞ്ഞിരുന്നദ്ദേഹമെന്നും.
അഗമ്യമല്ലെന്നുകണ്ടു ക്രിസ്‌തീയ ‘വിശുദ്ധഗ്രന്ഥം’
ഭഗവത്ഗീതയെപ്പോലെയതും വായിച്ചു.
ആരാധിക്കാൻപോയിരുന്നു പള്ളികളിൽ പലപ്പോഴും;
പാരായണം ചെയ്‌തുഖുറാനനിഷ്‌ടമെന്യേ.
നിരീശ്വരഗ്രന്ഥങ്ങളും നോക്കാറുണ്ടായിരുന്നെന്നാൽ
നിരീശ്വരസിദ്ധാന്തത്തെ വെറുത്തിരുന്നു.
നിയമജ്ഞനാകാനുള്ള പഠനത്തിലല്ലാതൊന്നിൽ
വ്യയംചെയ്യാൻ സാധിച്ചില്ല സമയമേറെ.
‘ലണ്ടൻ മട്രിക്കുലേഷനും’പഠിച്ചിരുന്നെന്നോർക്കുമ്പോ-
ളുണ്ടോപിന്നെയിഷ്‌ടംപോലെ വായിക്കാൻനേരം?
ഏതുമതത്തിനുമോർത്താൽ ത്യാഗസേവനങ്ങളത്രേ
കാതലെന്നുമതിശാലി മനസ്സിലാക്കി.
മൂന്നുകൊല്ലക്കാലംകൊണ്ടു നിയമപാഠങ്ങളെല്ലാം
തീർന്നു; പ്രശസ്ത്‌തമായ് വന്നു വിജയലബ്ധി.
നാട്ടിലേയ്ക്കുപോരും മുമ്പു സ്നേഹസൂചകമായ്ത്തൻ്റെ
കൂട്ടുകാർക്കു ഗാന്ധിയൊരു വിരുന്നുനല്കി.
സസ്യഭക്ഷണങ്ങളെക്കൊണ്ടു വിരുന്നിനുമോടികൂട്ടാ-
നുത്സാഹിച്ചു, സസ്യഭുക്കാണല്ലോ മോഹനൻ.
നാലുവാക്കു ഭംഗിയായിപ്പറഞ്ഞൊന്നു പിരിയുവാ-
നാലോചിച്ചിട്ടതുമാത്രം സാദ്ധ്യമായില്ല.
എന്തുചെയ്യാം? സഭാകമ്പം പണ്ടുമുതൽ പലരേയും
പന്താടിവിനോദിച്ചിട്ടുണ്ടഭിജ്ഞന്മാരേ.
അവരെല്ലാം വിജയിച്ചു മുന്നേറിയെന്നുള്ള സത്യ-
മവിശങ്കം ചരിത്രങ്ങൾ പറയുന്നല്ലോ.
ഒരുകാലത്തതിലേറെ ഗാന്ധിജിക്കും ഭാസുരമായ്
വരും ഭാവി; താളുകളേ മറിച്ചുപോകൂ.
