രണ്ടാം സർഗ്ഗം

മറ്റ്ട്രിക്കുലേഷൻ പരീക്ഷയിൽ മോഹനൻ
ചെറ്റും പ്രയാസമില്ലാതെ
പാസ്സായി മേൽക്കുമേൽ വിദ്യയാർജ്ജിക്കുവാ-
നുത്സാഹമുണ്ടകതാരിൽ.
നാട്ടിലേയുന്നത വിദ്യാലയങ്ങളോ-
ടൊട്ടുനാൾ സമ്പർക്കമാർന്നു.
ഇഷ്ടമായില്ലവനാകയാൽ ഭാരതം
വിട്ടുപോകാമെന്നുതോന്നി.
അന്തർഗ്ഗതം വെളിക്കാക്കാതെ സംഗതി
സ്വന്തം സഹോദരനോടും
ബന്ധുക്കളാം വിജ്ഞരോടുമാലോചിച്ചു,
ചിന്തിച്ചു വേണ്ടപോലെല്ലാം.
“ബാരിസ്റ്റരാകുന്നതാണേറ്റമുത്തമം’
സാരജ്ഞനാമൊരാളോതി.
ആരും വിസമ്മതമുന്നയിക്കില്ലെന്നു
പൂരുഷകേസരിയോർത്തോ?
“നീരാഴിതാണ്ടിയാൽ ഭ്രഷ്‌ടുണ്ടു”രച്ചൊരാൾ
പാരിച്ച ഗൗരവത്തോടേ.
“ഏതുകാര്യത്തിലും മാനിക്കണം തൻ്റെ
ജാതിധർമ്മങ്ങളേയാരും.”
“മേച്ഛരോടൊത്തു ജീവിച്ചീടിലേവനും
ക്ലേച്ഛനായിത്തരംതാഴും.
നിശ്ചയം; മോഹനൻ പക്വതയില്ലാത്ത
കൊച്ചൻ പതിനെട്ടുകാരൻ.”
“ഭാരതം വിദ്യയിൽ പേരും പ്രശസ്തിയും
ചേരുന്ന നാടാണു പണ്ടേ
ഭാരതീയർക്കതു പോരു”മെന്നും ചിലർ
നേരെ പറഞ്ഞഭിപ്രായം.
മോഹൻ വിവേകിയാ,ണച്ഛനപ്പോലെ താൻ
സ്നേഹിച്ചുപോരുന്ന മാന്യൻ
കൊച്ചച്ഛനുണ്ടാരാളിക്കാര്യമങ്ങേരു
നിശ്ചയിക്കേണമെന്നോർത്തു.
പേർത്തുമാലോചിച്ചു കാലം കളഞ്ഞില്ല
യാത്രപുറപ്പെട്ടുവേഗം
ചെന്നെത്തിയദ്ദേഹം പാർക്കുന്നദേശത്തു
ചൊന്നുതൻ കാര്യങ്ങളാകെ.
വൈഷ്ണവന്മാർക്കൊത്ത ജാതിധർമ്മങ്ങളിൽ
തീക്ഷ്‌ണതയേറുന്ന ദേഹം
കേട്ടകാര്യങ്ങളെപ്പറ്റിയോർത്തങ്ങനെ
ദൃഷ്ടികൾ താഴ്ത്തിയിരുന്നു.
“യാദസ്പതീയാത്ര, ഇംഗ്ലണ്ടിലെത്തിയി-
ട്ടാദിക്കിൽ ദീർഘിച്ചവാസം
ഹിന്തുധർമ്മത്തിനു വർജ്ജ്യമാണീവക,”
ചിന്തിച്ചു ബുദ്ധിമാൻ വീണ്ടും.
മുത്തച്ഛ, നച്ഛനും, പാരം പ്രഗത്ഭരായ്
സംസ്ഥാനമന്ത്രിമാരായി.
ഒത്തുവന്നീടാവതാണു പാരമ്പര്യ-
മുത്തമൻ മോഹനിൽകൂടി,
“ഇപ്രകാരം ഭാവിഭാസുരം കൈവരാ-
നഭ്യസ്തവിദ്യനാകേണം.
പൊയ്പോയകാലങ്ങൾ പോലല്ല മേല്ക്കുമേ-
ലുല്പതിച്ചീടുന്നു ലോകം.”
തീരുമാനം സ്വയം ചെയ്‌തുടൻ മോഹൻ്റെ
നേരേ തിരിഞ്ഞേവമോതി
“വാരിധി പിന്നിടാനാഗ്രഹിക്കുന്നു നീ
ബാരിസ്റ്ററാകുവാനായി,
ഭാരതീയാചാരമോർത്താലതിൽത്തെല്ലു
പോരായ്മയുണ്ടെന്നു കാണാം.
സാരമാക്കാതെ ഞാൻ സമ്മതം നല്‌കുന്നു
ഭാരതശ്രേയസ്സിനായി.
അമ്മയും ജ്യേഷ്‌ഠനുമാത്മാർത്ഥമായിട്ടു-
സമ്മതം നല്കുകിൽ പോകൂ
നമ്മുടെ നാട്ടിനും വീട്ടിനും വേണ്ടുന്ന
നന്മയ്ക്കു വിത്തു നീ പാകൂ.”
ആ നല്ലൊരമ്മയും ജ്യേഷ്‌ഠനും നേരത്തേ
ആനുകൂല്യം ഹൃത്തിലാർന്നു
തേനിറ്റുവീഴ്ത്തിയീ നൂതനസന്ദേശം
മാനസതാരിലൊട്ടേറെ.
പാരം കൃതാർത്ഥനായ് മോഹൻ; പണത്തിൻ്റെ
കാര്യത്തിലാണിനി ക്ലേശം.
ഭാര്യതൻ പണ്ടങ്ങൾ വിറ്റാലുമാസംഖ്യ
പോരുമോ സന്ദേഹമായി.
“വേണ്ടുന്നസംഖ്യ ഞാനെത്രമേൽ ക്ലേശിച്ചു-
മുണ്ടാക്കിടാം”ജ്യേഷ്‌ഠനോതി.
കുണ്ഠിതം ചേതസ്സിലൊട്ടേറെയാവഴി-
ക്കുണ്ടായിരുന്നതും നീങ്ങി,
യാത്രാനുവാദം ലഭിക്കേണ്ടതിന്നായി
മിത്രഗേഹങ്ങളിൽ പോയി
പേർത്തും തടസ്സങ്ങളുന്നയിച്ചൊട്ടുപേർ
വ്യർത്ഥവാദങ്ങളായാലും.
ഒട്ടുപേരപ്പൊഴും ശാഠ്യംപിടിക്കുന്നു
ഭ്രഷ്ടചൊല്ലിപ്പുറത്താക്കാൻ
കഷ്ടമേ! ചിത്തം വിശാലമല്ലെങ്കിലോ-
ശിഷ്ടരും ഗോഷ്ഠികൾ കാട്ടും.
ഭാരതസീമയെ ലംഘിച്ചിതേവിധം
ദൂരസ്ഥലങ്ങളിലാരും
പോയിപ്പഠിക്കുമാറില്ലാത്ത കാലമാ-
ണായതുമോർക്കേണ്ട കാര്യം.
പൂർവ്വവിദ്യാലയം സാഭിമാനം ശ്രവി-
ച്ചീവിപര്യാസങ്ങളെല്ലാം
മാനിച്ചയയ്ക്കണം മോഹനെയെന്നോർത്തു
സാനന്ദമായ് ക്ഷണം നല്കി.
അദ്ധ്യാപകന്മാരുമെണ്ണത്തിലേറുന്ന
വിദ്യാർത്ഥിവർഗ്ഗവുംകൂടി
നന്നായ് സദസ്സൊന്നു രൂപീകരിച്ചതിൽ
വന്നെത്തി മോഹനൻ ഗാന്ധി.
ഒന്നല്ലനേകമാശംസകൾ മേല്ക്കുമേൽ
വന്നതെല്ലാം കേട്ടശേഷം
നന്ദികാണിക്കേണ്ട കർത്തവ്യമോർത്തവൻ
വന്ദിച്ചെഴുന്നേറ്റു നിന്നു.
നാലുവാക്കോതുവാൻ ചാതുര്യമില്ലാത്ത
ശീലം; സഭാകമ്പമേറും
ചേലിൽക്കുറിപ്പൊന്നു കൈയിൽപ്പിടിച്ചിട്ട –
താലിലപോൽ വിറയാർന്നു.
നേരേവരുന്നില്ല വാക്കൊന്നു,മെങ്ങനെ
പാരായണം നടത്തീടും?
ആരാണു? വിശ്വമഹാനായ ഗാന്ധിജി;
ആരിതു വിശ്വസിച്ചീടും?
ഒട്ടൊക്കെ വായിച്ചു തീർക്കുവാൻ വയ്യാതെ
പെട്ടെന്നു താനേയിരുന്നു,
പൊട്ടിച്ചിരിച്ചില്ലൊരാളു, മത്രയ്ക്കവർ
വിഡ്ഢികളായിരുന്നില്ല.
വീട്ടിലെത്തിച്ചേർന്നു കണ്ടു കസ്തൂർബായെ-
ക്കുട്ടിയോടൊന്നിച്ചു ഗാന്ധി
വിട്ടുപോകേണ്ടുന്ന സംഗതിയോർക്കവേ
പൊട്ടും ഹൃദന്തമെന്നായി.
ഏതാനും മാസമേ പ്രായമായിട്ടുള്ളൂ
പ്രീതനാമാദ്യസന്താനം.
പൈതലിൻ പൊന്നിളം ചുണ്ടിലെപ്പുഞ്ചിരി
ചേതസ്സിലൂറുന്ന പൂന്തേൻ.
കണ്ണീരു തിർക്കുന്ന കസ്‌തൂർബായിൽനിന്നു-
മുണ്ണിയെ കൈകളിൽ വാങ്ങി
പൈതൃകസ്നേഹത്തിൻ പാരമ്യത്തോടെയ-
ത്താതൻ പുണർന്നൊട്ടു നേരം.
മാറിലേക്കൊട്ടിപ്പിടിച്ചിരുന്നച്ഛനു –
കുറെഴുമാശ്ശിസ്സുപോലെ.
നൂറുനൂറുമ്മകൾ നല്‌കി പൊന്നോമന
വേറെന്തു താതനു വേണം?
ദാമ്പത്യജീവിതക്കല്പകവല്ലരി-
ക്കിമ്പം വളർത്തും പ്രസൂനം
അമ്പിളിത്തെല്ലുപോലച്ഛൻ്റെ കൈകളി-
ലമ്പൊടുശോഭിച്ചു വാണു.
ഉള്ളിന്റെയുള്ളിലെ പ്രേമത്തിരയടി-
ത്തള്ളലോടൊത്തൊരു നോട്ടം
പുള്ളിമാൻ കണ്ണിയാം ധർമ്മദാരങ്ങളോ-
ടുള്ള സംസാരമായ്ത്തീർന്നു.
നെഞ്ചകംകണ്ടവരല്ലോ പരസ്‌പര-
മഞ്ചുസംവത്സരക്കാലം.
വഞ്ചിതനാണു താനെന്നു ശങ്കിക്കുമോ
കാഞ്ചനം കണ്ടകളാദൻ?
കാന്തനും കാന്തയുമാണവരാനില-
യ്ക്കന്തർഗ്ഗതങ്ങളെക്കാണാൻ
എന്തിനുമേല്ക്കുമേൽ പൊന്തുന്നവാക്കുകൾ?
എന്തിനു ചേഷ്ടകളേറെ?
പെണ്മണിപാരം സുധീരയായ് യാത്രയ്ക്കു
സമ്മതം നല്‌കി സാമോദം.
വെണ്മുത്തുമാല്യവും മാറിലർപ്പിച്ചുതൻ
കണ്മുനദ്വന്ദ്വത്തിലൂടെ.
തമ്മിൽ പിരിഞ്ഞവരുള്ളിലേവേദന
തമ്മിലറിഞ്ഞതുമാത്രം.
അമ്മയെക്കാണുവാനാണിനിയാമകൻ
ചെമ്മെഗമിപ്പതു മോഹൻ.
ഉണ്ടോ ജനിത്രിതൻ സ്നേഹത്തൊടൊക്കുവാൻ
രണ്ടാമതായൊരു സ്നേഹം?
കണ്ടുതീർന്നപ്പൊഴേയമ്മയാപ്പുത്രനെ-
പൂണ്ടു കിശോരനെപ്പോലെ.
മിണ്ടാട്ടമില്ലാതെയൊട്ടുനേരത്തേക്കു
രണ്ടുപേരും നിന്നുപോയി.
ഉണ്ടായി സത്വരസ്‌പന്ദനം ഹൃത്തടം
രണ്ടിലുമൊന്നുപോൽ മേന്മേൽ.
“എന്മകനേ,യെൻ്റെ പൊന്മകനേ’യെന്നാ-
ണമ്മ തുടങ്ങിയതാദ്യം
പൊന്മകൻ ചുണ്ടുചലിപ്പിച്ചു സസ്നേഹ-
“മമ്മേ’യെന്നൊന്നു വിളിച്ചു.
“വീടുമീനാടും വെടിഞ്ഞുനീ പോവതോർ-
ത്താടലുണ്ടുള്ളിലെന്നാലും
പേടിയില്ലല്പവുമീശ്വരൻ നമ്മൊടു
കൂടെയുണ്ടെ’ന്നവളോതി
ഒപ്പിത്തുടച്ചുതൻ കൈകളാലമ്മതൻ
ബാഷ്‌പം പ്രിയംകരൻ മോഹൻ
അപ്രിയംവല്ലതും വന്നതിന്നൊക്കെയും
മാപ്പുമർത്ഥിച്ചു വിനീതൻ.
“തന്നാലുമമ്മേയനുഗ്രഹം, ഞാൻപോയി
നന്നായ് വരേണ്ടതിനായി’
എന്നോതിടുന്ന തൻ പുത്രനോടായിട്ടു
ചൊന്നാൾ ജനിത്രിയാളേവം.
“എന്മകൻ നന്നായ്‌വരട്ടെ! യീനാടിന്റെ
നന്മയ്ക്കുവേണ്ടി നീ പോകൂ.
ചിന്മയൻ നിന്നെ തുണയ്ക്കട്ടെ! ചേതസ്സി-
ലോർമ്മിക്ക ദൈവത്തെയെന്നും.
യാദസ്‌പതിക്കപ്പുറത്തു പോകുന്നു നീ-
യാദേശമോ ക്ലേച്ഛദേശം.
ആദരിച്ചീടണം ജാതിധർമ്മങ്ങളേ
ഭേദംവിനാ കൃത്യമായി.
വിട്ടകന്നീടണം മദ്യവും മാംസവും
കുട്ടിമാൻ കണ്ണിമാരേയും
സത്യപ്രതിജ്ഞനീയെന്നോടു ചെയ്യണം
പ്രത്യേകമീ മൂന്നുകാര്യം.”
എല്ലാംജനിത്രിതന്നിച്ഛയ്ക്കു ചേർന്നപോൽ
സോല്ലാസമാമകൻ ചെയ്തു.
കല്യതന്നാശ്ശിസ്സു വാങ്ങിപ്പുറപ്പെട്ടു
നല്ലവനായൊരു മോഹൻ.
സസ്നേഹമൊന്നിച്ചു പോയിസഹോദരൻ
ലക്ഷ്മിദാസ് ബോംബേയിലോളം
ഓരോതടസ്സങ്ങൾ മൂലമായ് യാത്രയ്ക്കു
നേരിട്ടു താമസം വീണ്ടും.
നല്ലകാര്യങ്ങൾ നടക്കില്ലൊരിക്കലും
തെല്ലും വിഘാതങ്ങളെന്യേ
എല്ലാംജയിച്ചു നാം ലക്ഷ്യത്തിലെത്തണം
നല്ലയോദ്ധാക്കളെപ്പോലെ.
ആയിരത്തെണ്ണൂറ്റിയെൺപത്തിയാറിലേ
സെപ്റ്റംബർ തീയതി നാലിൽ
ആയിരുന്നെത്രയോനല്ല സൂര്യോദയ-
മായാനപാത്രവും വന്നു.
ആഹ്ളാദപൂർവ്വക സ്വാഗതാശംസകൾ
മോഹൻദാസ് ഗാന്ധിക്കുനേരേ
വാഹനത്തിന്റേതായ് വന്നെത്തിശബ്ദപ്ര-
വാഹങ്ങളില്ലാതെയാകാം.
കാളപാനിക്കുമേൽ കപ്പലിൽ ഗാന്ധിജി
കാലടിവച്ചതുനോക്കി
ഓളങ്ങളാടുന്നു സാമോദനൃത്തങ്ങ-
ളാളുകൾ കണ്ടിരിക്കില്ല.
പാരം, പ്രസന്നമായ് നിന്നിരുന്നംബരം
ശാരദനീരദകീർണ്ണം
ആരതുകാണുന്നു? ശ്രദ്ധിച്ചുനോക്കുന്നു?
സാരമെന്തെന്നറിയുന്നു?
എന്തോ കളഞ്ഞുപോയെന്നു തോന്നുംവിധം
ചിന്താനിമഗ്നരായ് ദൂരെ
നിന്ന ബന്ധുക്കളെനോക്കിയർപ്പിക്കയായ്
ഗാന്ധിതൻ കൂപ്പുകൈ നേരേ.
യാനപാത്രം ചലിച്ചീടുന്നു, കൂപ്പുകൈ
വാനിൻ്റെ നേർക്കായിവേഗം
ആനനമീക്ഷണ ദ്വന്ദവും തൽക്ഷണ-
മാനിലപാടിലായ്ത്തീർന്നു.
യാത്രയിലീശ്വരാനുഗ്രഹം കൈവരാൻ
യാത്രികൻ പ്രാർത്ഥിച്ചശേഷം
ആർത്തിരമ്പീടുന്ന സാഗരത്തേ, സഹ-
യാത്രികന്മാരെയും നോക്കി.
കപ്പലിന്നുള്ളിലേ സാഹചര്യങ്ങളോ-
ടൊപ്പിച്ചുപോകുന്ന കാര്യം
ബാപ്പുജിക്കമ്പരപ്പുണ്ടാക്കിയെന്നതി-
ലത്ഭുതം വേണ്ടൊരുലേശം.
സംസാരമേവനുമാംഗലഭാഷയിൽ;
മാംസമാണാഹാരമാർക്കും;
ദാസവർഗ്ഗത്തിനും സാധിച്ചവമോഹൻ –
ദാസിനു ദുഷ്കരമായി.
കൂട്ടുകൂടാത്തവൻ ഗാന്ധി ലജ്ജാശീല-
നിഷ്ടമായ് മൗനത്തൊടേറ്റം.
ഭ്രഷ്ടിൻ്റെ ഹേതുവാലാമിഷാഹാരവും
തൊട്ടില്ല, നിഷ്ഠയിൽനിന്നു.
താനേയിരുന്നു മുറിയിലെന്നേരവും
ധ്യാനിച്ചു മാത്രകൾപോക്കി
ഭക്ഷിച്ചു വല്ല പഴങ്ങളും കൈവശം
സൂക്ഷിച്ചിരുന്നവ മാത്രം
ഈവിധജീവിതം യാനപാത്രത്തിലു-
മാവിദേശത്തിലുമേതും
ആവുമോ? ദീർഘമായ് ചിന്തിച്ചതില്ലവൻ
ദൈവത്തിലാശ്രയമാർന്നു.
ഈശ്വരൻ കൂട്ടത്തിലെങ്ങുമുണ്ടെന്നതു
വിശ്വസിക്കുന്നവൻ ഗാന്ധി.
ആശ്രയം നൽകിയാ ഭക്തനുവേണ്ടപോൽ
ശാശ്വത സ്നേഹസ്വരൂപൻ.
വക്കീൽ ‘ത്രിയംബകറായ്‌മജൂംദാ’റുണ്ടു
കപ്പലിൽ യാത്രികനായി
അപ്പുമാൻ ജ്യേഷ്‌ഠൻ്റെ ആത്മമിത്രം, തെല്ലു
ബാപ്പുവിന്നാശ്വാസമായി.
സാഹചര്യങ്ങളാലേകാകിയായിട്ടു
മോഹനേക്കണ്ടു മജൂംദാർ
സ്നേഹപൂർവ്വം വേണ്ട നിർദ്ദേശമൊക്കെയാ
ദേഹം യുവാവിന്നു നല്കി.
സംസാരഭാഷയിൽ തെറ്റുവന്നാലതു
നിസ്സാരകാര്യമെന്നോതി.
സംസർഗ്ഗമെല്ലാവരോടും പുലർത്തുവാൻ
പ്രോത്സാഹനം ധന്യനേകി.
“നാലുപേരൊന്നിച്ചു മേശയിൽ ഭക്ഷിച്ചു
ശീലിക്കണം മാന്യനാവാൻ.
മൂലയിൽപോയിരുന്നാഹരിക്കുന്നതി-
ക്കാലത്തിനൊത്തതല്ലേതും.”
സാരോപദേശങ്ങളാവശ്യമായ്ക്കണ്ട-
തോരോന്നിതേവിധം നല്‌കി
പാരിച്ചലജ്ജയെ വെല്ലുവാനല്‌പാല്പ –
ധൈര്യവും കോരിപ്പകർന്നു.
വിസ്തൃതമാനസനാമഹാൻ ഗാന്ധിയി-
ലെത്രയും സശ്രദ്ധനായി
എത്തിച്ചു ലണ്ടനിൽ; പാരം കൃതജ്ഞനായ്
വർത്തിച്ചു ഗാന്ധിയും മേന്മേൽ.
