First Verse

ഒന്നാം സർഗ്ഗം


ഭാരതമഹാജനപദത്തിന്നഭിമാന-

കാരണൻ മഹാത്മജി, തെളിഞ്ഞ മണിദീപം 

വീരപൂരുഷാഗ്രണി തൻ്റെ പാവനപദ-

താരിണതൊഴുന്നു ഞാൻ തൂലികയേന്തും കൈയാൽ.

 

ആർഷഭാരതത്തിൻ്റെയാർജിത പുണ്യശ്രേണി-

യീർഷ്യയാൽ മറ്റുള്ളോരെ വീർപ്പുമുട്ടിക്കും വിധം

 മൂർത്തിയായ് ഭവിച്ചൊരു സജ്‌ജനസമ്പൂജ്യനെ-

യെത്ര ഞാൻ നമിക്കിലുമേറെയായ് വരാതെല്ലും.

 

സാർത്ഥികന്മാരായിഹ കടന്നു കുടിയേറി-

പാർത്ഥിവന്മാരെയോരോ തരത്തിൽത്താഴ്ത്തിക്കെട്ടി, 

വിസ്തൃത സാമ്രാജ്യത്തിന്നധിരാട്ടുകളായി-

ഭൂത്രവാണിരുന്നൊരു ശക്തരാം പാശ്ചാത്യരെ 

അത്ഭുതം! നിരായുധസമരത്താലേ യബ്ധി-

ക്കപ്പുറം കടത്തിയ ധന്യനാം മഹാരഥൻ!

 

ഭാരതമാതാവിനേയസ്വതന്ത്രയാക്കിയ

ഘോരശൃംഖല പാടേ തകർത്തു കൃതാർത്ഥനായ്

അജയപ്രതാപവാനെങ്കിലും

വിനീതനായ് 

വിജയക്കൊടി നാട്ടിലുയർത്തിപ്പറപ്പിച്ചു, 

ഭാരതസമ്രാട്ടിനു സമനായ് സ്വരാജ്യത്തെ 

ഭരിച്ച പ്രഗത്ഭനാം പ്രഥമരാഷ്ട്രപതി!

ഈശ്വരവിശ്വാസത്തിലാഴമായുറച്ചവൻ, 

ആശ്രയം തപസ്യയിലെപ്പോഴുമാരാഞ്ഞവൻ,

പ്രാർത്ഥന, ധ്യാനം, തപോനിഷ്ഠയും നിമിത്തമായ്

ഹൃത്തിലേ പവിത്രത ഭദ്രമായ് പാലിച്ചവൻ, 

കർമ്മയോഗിയായ്ത്തന്നേ ജീവിതം നയിച്ചവൻ, 

ജന്മനാടിനായ് രക്തസാക്ഷിയായ് മരിച്ചവൻ, 

ആ മഹാപുണ്യശ്ലോകന്നന്തരംഗത്തിൽ പീഠം, 

നാമൊരുക്കണം, നടത്തീടണം നമസ്യകൾ. 

മൃതനാകിലും ചിരംജീവിയാണാസാത്വികൻ 

സ്മൃതിയിൽ ജീവിക്കുന്നു ലോകരിലെന്നും ധന്യൻ 

കീർത്തനീയനാമങ്ങേ ജന്മദേശത്തേ മണ്ണിൽ

 അത്രനാം ജനിച്ചതു, മാവിയത്തിലേവായൂ 

നിത്യവും ശ്വസിപ്പതും നിസ്‌തുലസൗഭാഗ്യമെ-

ന്നോർത്തു നാമഭിമാനിക്കേണ്ടതാണെല്ലായ്പാഴും. 

 

പണ്ടൊരു ‘മഹാബലി’ ഭരണംനടത്തിയെ-

ന്നുണ്ടൊരു പുരാവൃത്ത, മക്കഥയോർമ്മിച്ചു നാം 

‘ഉണ്ടുതിന്നാഹ്ലാദിച്ചു’ തിരുവോണനാളിനെ-

പണ്ടുതൊട്ടിന്നാൾവരെപ്പതിവായ് കൊണ്ടാടുന്നു. 

സംഗതിയതുമുൻപിൽ വച്ചുനാം ചിന്തിക്കുമ്പോ-

ളെങ്ങനെ സമാദൃതനാകണം മഹാത്മജി! 

കണ്ണിനുമുമ്പിൽ കണ്ടു കടന്നുപോയ മഹാൻ 

വിണ്ണിലേവെറും ക്ഷണപ്രഭയോ? മാരിവില്ലോ? 

അസ്തമിക്കാത്ത ഭവ്യഭാരത നക്ഷത്രമെ 

ന്നോർത്തിടേണ്ടതാണു നാം; വസ്‌തുതയതാണല്ലോ. 

ചരിത്രകാരന്മാരേ, സാഹിത്യകാരന്മാരേ, 

വരുന്ന തലമുറയൊക്കെയീ യാഥാർത്ഥ്യങ്ങൾ 

ധരിക്കേണ്ടതാണെന്നു നിനച്ചു പേനാ നിങ്ങൾ 

ശരിക്കു ചലിപ്പിച്ചിടേണമെന്നഭ്യർത്ഥന. 

ജാതിഭേദവും മതഭേദവും ഗണിക്കാതെ 

ജാതിയിലധഃകൃതർക്കാകവേ സമുന്നതി 

വരുത്തിസ്സംസ്കാരമുണ്ടാക്കിയ പുണ്യശ്ലോകൻ, 

പരക്കെസ്സമാരാധ്യൻ, പരദേശത്തും തഥാ; 

സത്യവുമഹിംസയും ജീവിതമാർഗത്തിലേ

കൈത്തിരികളാക്കിയ പ്രഥിതൻ മഹാസിദ്ധൻ;

പൂർവ്വഭാരതത്തിലേത്താപസവരേണ്യന്മാർ 

സർവ്വരും സമ്പാദിച്ച സുകൃതസമ്പത്തികൾ 

ക്ഷീരവാരിധിയെപ്പോൽ ശക്തിയായ്ക്കടഞ്ഞപ്പോൾ

ആരമാദേവിക്കൊപ്പം

യുഗപുരുഷൻ ഗാന്ധി 

ഭാരതനാട്ടിൽ കത്ത്യവാറിലെ’പ്പോർബന്തറി’ൽ



പാരിനു കൈവന്നൊരു നേട്ടമായ് ഭൂജാതനായ്. 

കർമ്മചന്ദ്ഗാന്ധി, രാജക്കോട്ടിലെ ദിവാനച്ഛൻ 

അമ്മയോ നാരീജനമകുടം പുത്ലീബായി.

കാര്യശേഷിയുള്ളവൻ ധീരനാണച്ഛൻ; ലോക-

കാര്യവിജ്ഞാനത്തിലും മികച്ച വമ്പൻ തന്നെ.

പവിത്രസ്വഭാവവും ഹൃദയസംസ്‌കാരവു-

മവനിൽ പരസ്പ്‌പരം മത്സരം നടത്തുന്നു.

അമ്മയെപ്പറ്റിക്കൂടിക്കുറഞ്ഞൊന്നോതീടട്ടെ, 

കർമ്മചന്ദ് ഗാന്ധിക്കൊത്ത സഹധർമ്മിണിയവൾ. 

രാജ്യകാര്യങ്ങൾ നന്നായറിയാം പുത്ലീബായി-

ക്കാർജിത മനശ്ശക്തി വ്രതനിഷ്ഠയുമേറും.

 ഒന്നുരണ്ടല്ല പല ദിനങ്ങൾ തുടർച്ചയായ് 

നിന്നിടും നിരാഹാരനിഷ്ഠയിൽ നൊയമ്പായി.

 പുത്രനാം മഹാത്മജിക്കമ്മയിൽ നിന്നുപകർ-

ന്നെത്തിയിട്ടുണ്ടീശീലം, ചരിത്രം സാക്ഷിക്കുന്നു.

അനുഭൂതികൊണ്ടോർത്താലമൃതവർഷം തന്നേ. 

 

ജനതയ്ക്കാവന്ദ്യൻ്റെ ജീവിതസന്മാതൃക.

 ദിവ്യസന്ദേശങ്ങളും വേണ്ടപോൽചിന്തിക്കുകിൽ 

ഭവ്യദായകം നല്ല ‘സുവിശേഷ’മാണാർക്കും 

ചെറുപ്പകാലത്തിലും കളവായൊരു വാക്കു 

പറഞ്ഞിട്ടില്ലെന്നതു സമ്മതിക്കേണ്ടും സത്യം.

നല്ലവനല്ലാത്തൊരു സ്നേഹിതൻ പ്രേരിപ്പിച്ചു 

ചില്ലറത്തെറ്റിൽ വീഴാനിടയായതുമൂലം 

മനശ്ശാന്തിയില്ലാതെയുഴന്ന കുമാരകൻ 

നിനച്ചു പശ്ചാത്തപിച്ചച്ഛനെ സമീപിക്കാൻ. 

ഏറ്റുരയ്ക്കണം കുറ്റം, മാപ്പിരക്കണം; ധൈര്യം 

ചെറ്റുമി,ല്ലവൻ ചിന്താവിഷ്‌ടനായിരിക്കവേ 

ഉദിച്ചു പെട്ടെന്നൊരു സൽപ്രചോദനം; പാരം 

ഹൃദയത്തുടിപ്പോടെ കടലാസേന്തി കൈയിൽ.

പൊഴിയും ചുടുബാഷ്‌പകണവും മഷിയും ചേർ-

ത്തെഴുതീസ്വയം കുറ്റപത്രമൊന്നതു ശീഘ്രം 

മടക്കി കൈയിൽപിടിച്ചാതുരൻ പിതാവിന്റെ 

കിടക്കയ്ക്കടുത്തെത്തി, തളർന്നു കൈകാലുകൾ. 

“മകനേ ബാപ്പു, നിൻ്റെ കൈയിലെന്താണെ”ന്നച്ഛൻ

തികഞ്ഞസ്നേഹത്തോടേ

ചോദിച്ചു; കൊടുത്തവൻ. അപരാധബോധവുമതിനാൽത്തന്നെ പാരം 

ത്രപയും പശ്ചാത്താപഭാരവും സംഭീതിയു-

മകമേ സംഘട്ടനം ശക്തിയാകയാൽ തെല്ലൊ-

ന്നകന്നുനിന്നിട്ടവൻ കരഞ്ഞു തേങ്ങിത്തേങ്ങി.

എഴുന്നേറ്റിരുന്നുകൊണ്ടെഴുത്തുവായിക്കവേ-

യൊഴുക്കീ കണ്ണീർധാര താതനും സന്തോഷത്താൽ. 

പുത്രവാത്സല്യം മനശ്ശാന്തിയും കണ്ണീരായി

 വാർത്തീടും നേത്രങ്ങളാൽ നോക്കി വത്സനേയവൻ. 

മാപ്പിരക്കുവാൻ സുതൻ തൽക്ഷണം പിതാവിൻ്റെ

തൃപ്പാദങ്ങളിൽത്താണു നമിച്ചു;

സംസാരിപ്പാൻ

 ശക്തനായില്ല; താതൻ ഹൃദയാനന്ദത്തോടേ-

യക്കുറിപ്പുകൾ കീറി നശിപ്പിച്ചാമാത്രയിൽ.

ഹൃത്തുകൾ പരസ്‌പരം ലിപിയും വാക്കും വിനാ

പുത്രനും പിതാവിനും കഴിഞ്ഞു വായിക്കുവാൻ. 

വടിയില്ലടിയില്ല സ്നേഹവീക്ഷണം മാത്രം! 

വെടിഞ്ഞു കുമാരനാ ദുഷിച്ച തഴക്കങ്ങൾ.

അനുഭൂതിയാലെന്യേയറിയില്ലാ സ്നേഹത്തി-

നല‌മാധുര്യമെന്നോതുന്നു മഹാത്മജി.

 

ജന്മനാ ലജ്ജാശീലൻ, കൂട്ടുകെട്ടില്ലാത്തവ-

നമ്മയെപ്പോലെതന്നേയീശ്വരഭക്തൻ ബാപ്പു.

ഭീരുതയസാമാന്യ, മിരുട്ടുകണ്ടാൽ ഭയം, 

പേരുകേട്ടാലും ഭൂതജാതിയെപ്പാരം ഭയം.

 

രാത്രിയെ, കള്ളന്മാരെ,യുരഗങ്ങളെയെല്ലാ-

മെത്രയും ഭയം, സൂര്യനസ്‌തമിച്ചാലോ പിന്നെ 

പുറത്തേയ്ക്കിറങ്ങുവാൻ ഭയമാണൊരു ദീപം 

മുറിയിൽ വച്ചില്ലെങ്കിലുറങ്ങാൻ സാധിക്കില്ല.

 “നല്ലൊരു ധാത്രി, പേരും നല്ലതുതന്നെ, രംഭ” 

ചൊല്ലുന്നു മഹാത്മജി “ദൈവഭക്തയാണവൾ.



ഭീരുതയെന്ന ബലഹീനതയെന്നിൽ നിന്നും 

ദൂരെനീക്കുവാൻ പരിപാവനമൊരു നയം

 ഭംഗിയായ് പ്രയോഗിച്ചു, രാമനാമത്താൽ ഭയം 

നീങ്ങുമെന്നുപദേശം തന്നവളാത്മാർത്ഥമായ്. 

പഠിച്ചു ഞാനാപാഠം, ഫലവത്തായിക്കാണൂ 

വിടവാങ്ങിയീലോകം പിരിയും നേരം വരേ.”

 

ജനകൻ രോഗാർത്തനായ് ശയിക്കും കാലത്തെല്ലാം 

തനയൻ ബാപ്പുനിന്നു സവിധേ ശുശ്രൂഷയ്ക്കായ്. 

മനശ്ശാന്തിക്കായ് രാമചരിതം രാമായണ-

മനിശം കേൾക്കാനാശിച്ചിരുന്നു ഭക്തൻ രോഗി. 

സ്വരമാധുരിയോടേ പാടുവാൻ വിദഗ്ദ്ധനാ-

മൊരുവൻ സാക്ഷാൽ രാമപദഭക്തനാം വിജ്ഞൻ 

വരിക പതിവായി വീട്ടിലേയ്ക്കെക്കെന്നും തന്നേ 

സരസം സവ്യാഖ്യാനം നടന്നു പാരായണം.

അതിലേയ്ക്കാകർഷണമച്ഛനെക്കാളും മക-

ന്നതിയായ്തീർന്നിട്ടതിൽ വിലയിച്ചിരുന്നവൻ. 

അങ്ങനെ രാമായണഭക്തിയുമകതാരിൽ 

തിങ്ങിനിന്നാഴം കണ്ടു തായിവേരോടെ തന്നെ. 

നാളുകൾ കടന്നുപോയ്, രോഗിതന്നവസാന-

നാളിനെസ്സമീപിക്കയായിരുന്നനുക്ഷണം. 

വിശ്രമംവിനാ രോഗിക്കടുത്തു ദിവാനിശം 

ശുശ്രൂഷാനിരതനായ് സ്നേഹവായ്പോടെ നില്ക്കും

ബാപ്പുവിന്നവശ്യമായ്

തെല്ലൊരാശ്വാസം നല്കാൻ 

സ്വല്പ‌നേരത്തേനോട്ടം മാതുലൻ ഭരമേറ്റു.

 

അടുത്ത വിനാഴികപോലുമത്രികാലജ്ഞൻ 

കടത്തിവിടും വരെ മനുഷ്യന്നജ്ഞാതമാം. 

പരിക്ഷീണനാം ബാപ്പു ശയ്യയിൽ തല മന്ദം

 ചെരിച്ചു ചക്ഷുസ്സുകളടച്ചു; നിദ്രാദേവി-

യടുത്തുവരികയാണപ്പൊഴേയ്ക്കൊരു ഭൃത്യൻ 

തിടുക്കെന്നെത്തിക്കൊട്ടീ വാതിലിൽ വീണ്ടും വീണ്ടും,

ഞെട്ടലോടെഴുന്നേറ്റു,

തുറന്നവാതില്ക്കലാ-

യൊട്ടുസംഭ്രമത്തോടെ നിന്നദാസനെക്കണ്ടു. 

“വേഗമെത്തുക പാരം വിഷമസ്ഥിതിയത്രേ 

രോഗിയാം പിതാവിനെ” ന്നൊരുമട്ടവൻ ചൊന്നാൻ

 

“എന്തുസംഭവിച്ചെന്നു പറയൂ മറയ്ക്കാതെ”

“യന്തരിച്ചുപോയ് താതൻ” ചൊന്നവൻ സഗദ്ഗദം 

അവസാനമാത്രയിൽ വത്സലൻ പിതാവിൻ്റെ 

സവിധേ നില്ക്കാൻ ഭാഗ്യം ലഭിക്കായ്കയാലുള്ള 

കദനം താങ്ങീടുവാൻ കഴിവില്ലാതെ തന്റെ 

ഹൃദയത്തുടിപ്പുകൾ നിന്നു പോയെന്നോർത്തവൻ.

 “കിംഫലം വിഷാദത്താൽ? പോയമാത്രകൾ പോയി, 

സംഭവം നടന്നതുമങ്ങനെ കടന്നുപോയ്. പരിഹാരമുണ്ടാക്കാൻ-

സങ്കടംതീർക്കാൻ-വീണ്ടും 

വരികില്ലാമാത്രകൾ” മതിമാൻ വിചാരിച്ചു. 

സ്നേഹപൂർവ്വകം ശേഷക്രിയകൾ നടത്തുവാൻ

“മോഹനും വേണ്ടുംവിധം ജ്യേഷ്ഠനെസ്സഹായിച്ചു. 

യുഗപൂരുഷൻ മഹാനാകുവാൻ പ്രഗത്ഭനാം 

മകനു ജന്മം നല്‌കി നല്ല ശിക്ഷണം നൽകി 

പതിനാറിലെത്തിച്ച പിതൃസത്തമൻ പാരം 

കൃതകൃത്യനായ് ലോകം വെടിഞ്ഞു പ്രശാന്തനായ്.

 

അപ്പൊഴും വിദ്യാർത്ഥിയാണെങ്കിലും ഗൃഹസ്ഥനും

ബാപ്പുവെന്നതുകേട്ടാൽ

വിസ്‌മയം വേണ്ടാതെല്ലും. 

കളിച്ചുനടക്കുന്ന ബാലികാബാലന്മാരേ 

വിളിച്ചു കുളിപ്പിച്ചു കുറിയും പൊട്ടും ചാർത്തി 

വിലയേറിയ വസ്ത്രഭൂഷകൾ ധരിപ്പിച്ചു 

പലമാതിരി വാദ്യഘോഷങ്ങൾക്കെല്ലാം മദ്ധ്യേ 

പരിണീതരാക്കുക സമുദായാചാരമാ-

യിരുന്നീ നൂറ്റാണ്ടിന്റെയാരംഭകാലംവരേ. 

അച്ഛനമ്മമാരതു വേണ്ടപോലാലോചിച്ചു.

നിശ്ചയിക്കുന്നു, കാര്യം കുട്ടികളറിയില്ല. 

ബാപ്പൂജിയുടെ വാക്കിൽ കേൾക്കുക “പതിമ്മൂന്നി-

ന്നപ്പുറം കടക്കാത്ത സമപ്രായക്കാർ ഞങ്ങൾ

 

പാണിപീഡനത്താലേ കൂട്ടുകാരായി; പരം

 പ്രീണിതരായി കളിത്തോഴരായ് പരസ്പ്‌പരം. 

വീട്ടിലും കോലാഹലം; ചെണ്ടകൊട്ടുന്നു, സദ്യ-

വട്ടമോ പണ്ടില്ലാത്ത വിഭവസമൃദ്ധിയിൽ. 

അന്നുഞാനിതിൽക്കവിഞ്ഞാ വിവാഹത്തെപ്പറ്റി-

യൊന്നുമേ ധരിച്ചില്ലെന്നുള്ളതു സത്യം തന്നേ. 

എങ്കിലും ഭർത്താവുഞാ, നെനിക്കാണധികാരം

പെൺകൊടിയധീനയാണെന്നറിഞ്ഞിരുന്നു ഞാൻ.

 ചെലുത്തി മുറയ്ക്കെ‌ൻ്റെയധികാരമൊക്കെയും 

കുലുക്കംവിനാ വർത്തിച്ചവളും സ്വതന്ത്രയായ്. 

കലഹം സാധാരണമായിരുന്നക്കാലത്തു

 

ചിലപ്പോൾ മിണ്ടാതെയുംകഴിച്ചു ഞങ്ങൾ തമ്മിൽ 

പിടിവാശിയാണതു ഹൃദയഭിന്നിപ്പല്ല 

മിടുക്കാണെന്നും തോന്നി; ബാലിശചിന്താഗതി-

കുറവില്ലാതുള്ളൊരു സഹധർമ്മിണിയാക്കാ-

നുറച്ചു കസ്‌തൂർബായെ നിയന്ത്രിച്ചിരുന്നു ഞാൻ.

എവിടേയ്ക്കായാലുമെൻ

സമ്മതം വാങ്ങിക്കാതെ 

ഭവനം വിടാൻ പാടില്ലെന്നു ഞാൻ നിർദ്ദേശിച്ചു. 

അടുത്ത ഗേഹങ്ങളിൽ സ്വജനങ്ങളെക്കാണ്മാ-

നടുത്ത ക്ഷേത്രങ്ങളിൽ സ്വാമിദർശനത്തിനും 

തനിക്കു പോകാമതിലല്‌പവും തെറ്റില്ലെന്നു 

നിനച്ചുവർത്തിച്ചവൾ ഞാനതിൽ കോപിഷ്‌ഠനായ്. 

അത്രമേൽ നിബന്ധന വേണ്ടതായിരുന്നില്ലെ-

ന്നോർത്തുഞാനനന്തര ജീവിതഘട്ടങ്ങളിൽ. 

മിതഭാഷണി, ശാന്തശീലയുമെന്നാളുമെൻ 

ഹിതവർത്തിനിയുമായിരുന്നു സാധ്വീമണി.

എങ്കിലും നവീനമാമെൻ്റെ യാദർശങ്ങളും 

മങ്കയാളുടെ കുലീനത്വവും പരസ്പ്‌പരം 

ശക്തിയായ് സംഘട്ടനം നടന്ന സന്ദർഭങ്ങ-

ളോർക്കുവാൻ നിർബ്ബന്ധിതനാണു ഞാൻ പലപ്പോഴും.”