തിരുമേനിയുടെ തിരോധാനം

എന്തോരു സന്താപവാർത്ത കേൾക്കുന്നഹോ!
ചിന്താവികല്‌പമോ, മായാവികാരമോ!!
സ്വപ്നവിഭ്രാന്തിയോ നിദ്രയും കൂടാതെ?-
യി പ്രഭാതത്തിന്റെ വല്ല വൈകല്യമോ!!
ഘണ്ടാനിനാദമോ കേൾക്കുന്നു പള്ളിയിൽ
രണ്ടില്ലപക്ഷം കഴിഞ്ഞുപോയ് സംഭവം!!
സർവ്വപ്രപഞ്ചവും താങ്ങുന്ന ദൈവമേ,
സർവ്വേശ്വരാ ദയാവാരിധേ പാഹിമാം
തീരാത്ത നഷ്ടം! സഹിച്ചുകൊണ്ടീടുവാ –
നാരാലുമെന്നാളുമാവാത്ത സങ്കടം!!
അയ്യോ ഭയങ്കരം! ബാക്കിയോതീടുവാൻ
വയ്യാത്ത മട്ടിൽ തളർന്നുപോകുന്നു ഞാൻ!!
ചങ്ങനാശേരിയാം രൂപതേ, നിന്റെയു-
ത്തുംഗഭാഗ്യത്തിന്റെ ദീപം പൊലിഞ്ഞുപോയ്!
കഷ്ടമേ! വൈധവ്യ നിർഭാഗ്യമീവിധം
പെട്ടെന്നിടിത്തീകണക്കു നിന്നുച്ചിയിൽ
നിർദ്ദയം പാഞ്ഞുവീണീടുമെന്നാരുമി-
യർദ്ധരാത്രിക്കുമുമ്പോർത്തില്ലലേശവും
സാക്ഷാൽ സനാഥയായ് സൗഭാഗ്യപൂർണ്ണയാ-
യക്ഷീണഭാസ്സോടു സായാഹ്നനേരത്തു
നിന്നെക്കടാക്ഷിച്ചു രാത്രിയാമങ്ങളേ
പിന്നിട്ട ഭാസ്കരൻ പിന്നീടുദിക്കവേ
അന്തരംഗംവെന്ത നാഥയായ് നിസ്സീമ
സന്താപസിന്ധുവിൽ താണുനീന്തുന്നു നീ!
വിഭ്രാന്തിപൂണ്ടാ വിഭാതസൂര്യൻ പരം
സ്തബ്ധനായ് നിന്നുപോയ് ശോഭാവിഹീനനായ്
എങ്ങും വിലാപം! മഹാവിലാപത്തിന്റെ
രംഗം വിശാലം! വിശാലാശയൻ മഹാ
പണ്ഡിതാഗ്രേസരന്റെ രാജ്യതന്ത്രജ്ഞനാം
പുണ്യവാൻ ധീരയോഗീന്ദ്രനാം മാർ ജെയിംസ്
മെത്രാൻ വിഭൂഷണം ഭാരതാംബയ്ക്കെന്നു
സത്തുക്കൾ സന്തതം ഘോഷിച്ചിരിക്കവേ
ആ മഹാനിക്ഷേപമിന്നുകൈവിട്ടുപോ-
യാമഹാത്മാവിന്നു വേർപെട്ടുപോയെന്നു
കേട്ടാലടങ്ങുമോ? നാനാമതസ്ഥരും
പെട്ടെന്നു കൈകളേ മാറിൽ പതിച്ചിതാ
വിണ്ണിൽ പരത്തുന്നു ദീർഘനിശ്വാസങ്ങൾ,
കണ്ണീർകണങ്ങൾ പൊഴിക്കുന്നു ഭൂമിയിൽ.
തൽക്ഷണം ജോലികൾക്കെല്ലാം വിരാമമായ്
ശിക്ഷണം കൂടാതെ വിദ്യാലയങ്ങളും
നിശ്ശബ്ദമായ്ത്തീർന്നു; വാണിജ്യശാലകൾ
നിശ്ശേഷമെല്ലാമടച്ചുപൂട്ടിക്കഴി-
ഞ്ഞെങ്ങും പറക്കുന്നു കൃഷ്ണവർണ്ണക്കൊടി
തിങ്ങും മനഃക്ലേശപാരമ്യലക്ഷ്യമായ്
അന്തരീക്ഷത്തിന്റെ ദീനസ്വരംപോലെ
ശാന്തമായ് ദേവാലയങ്ങളിൽ നിന്നുള്ള
ഘണ്ടാരവം കാതിലെത്തുന്നതല്ലാതെ
മിണ്ടാട്ടമൊന്നുമില്ലെങ്ങുമേ കേൾക്കുവാൻ.
രാജകൊട്ടാരം തുടങ്ങിക്കുടിൽ വരേ
മാർ ജെയിംസ് മെത്രാന്റെ നിര്യാണസന്ദേശ –
മെത്രയും മർമ്മം പിളർക്കുന്ന ബാണമാ-
യെത്തിക്കഴിഞ്ഞഞ്ചുമാത്രകൾക്കുള്ളിലായ്
ദുഃഖസന്ദേശങ്ങളാത്മാർത്ഥമായ് രാജ-
മുഖ്യൻ തുടങ്ങി പല മഹത്തുക്കളിൽ
നിന്നെത്തിടുന്നൂ, ജലപ്രവാഹം പോലെ
വന്നെത്തിടുന്നു ജനൗഘവും മേല്ക്കുമേൽ.
അഞ്ചുലക്ഷത്തോളമുള്ളോരജങ്ങളേ
ചാഞ്ചല്യമെന്യേയനാഥരായ്കണ്ടുകൊ-
ണ്ടാജ്ഞാനുവർത്തിയായ് വിട്ടുപോകുന്നൊരാ
വിജ്ഞാനിയാം മേഷവൃന്ദനേതാവിനേ,
പൈതൃകം വാത്സല്യമിന്നോളമെത്രയും
മാതൃകായോഗ്യമായി കാണിച്ച താതനേ,
അന്ത്യമായൊറ്റനോക്കൊന്നു കണ്ടീടുവാ-
നന്തരംഗം വിയോഗാഗ്നിയാലുജ്വലി-
ച്ചത്യാശപൂണ്ടും സ്വയം വിസ്മരിച്ചുമാ
ണെത്തുന്നതാ ജനം ചങ്ങനാശേരിയിൽ.
നാട്ടിലേ മന്ത്രി പ്രവീണരും വന്നു കാല് –
ചോട്ടിലർപ്പിക്കുന്നു പുഷ്പഹാരങ്ങളേ
സജ്ജനാരാധ്യനാമാദൈവദാസന്റെ
പൂജ്യമാം തൃക്കരം ചുംബിച്ചിടുന്നവർ
തീരാത്ത നിദ്രയിൽ സുസ്‌മേരനായ്ത്തന്നെ
പാരം പ്രശാന്തനായേറ്റം പ്രഗല്ഭനായ്
അന്യൂനരാജപ്രഭാവത്തൊടെത്രയോ
ധന്യനായ് പള്ളികൊണ്ടീടുമാദിവ്യനേ
ധീരചിത്തന്മാരുമശ്രുബിന്ദുക്കളാൽ
ഹാരമർപ്പിക്കാതെ കണ്ടതില്ലാരുമേ.
വിസ്താരമേറിച്ചലിക്കും മനുഷ്യാർണ്ണ –
വത്തിന്റെ മദ്ധ്യേയലൗകിക പ്രൌഢിയിൽ
നില്ക്കുന്ന വാഹനം കണ്ടാലു,മീ ദിവ്യ
സത്കർമ്മമൂർത്തിയേ സംവഹിച്ചീടുവാൻ
സിദ്ധിച്ച സൗഭാഗ്യപൂരം ഗ്രഹിക്കുമോ
ബുദ്ധിയില്ലാത്തൊരാ നിർജ്ജീവസാധനം?
ജീവിതാഡംബരസ്പർശമേതും വിനാ
ഭൂവിലേവാസം സമാപിച്ച പുണ്യവാൻ
സ്വർല്ലോകയാത്രയ്ക്ക് സമ്രാട്ടിനെപ്പോലെ-
യല്ലാതിരിക്കുന്നു തേരിലാരൂഢനായ്
ചേതോഹരം തേരതിന്റെ ചുറ്റും രാഷ്ട്ര –
നേതാക്കൾ, മന്ത്രിമാർ, സംസ്ഥാനബാന്റുകാർ
ഭക്തസംഘങ്ങളും രൂപതാദ്ധ്യക്ഷരും
ദുഃഖാബ്ധിയിൽ മഗ്നരായ ബന്ധുക്കളും
ഒട്ടനേകംശതം സന്ന്യാസികൾ, സംഖ്യ
കിട്ടുന്നതില്ലത്രമാത്രമാചാര്യരും
പണ്ടെങ്ങുമീവിധം കാഴ്ചയീഭാരതം
കണ്ടിരിക്കില്ലത്രമേൽ ജനക്കൂട്ടവും!!
മെത്രാസനപ്പള്ളിയങ്കണം തൊട്ടങ്ങു
പത്തനം നീളെ പ്രഭാതരംഗം ചൊരി-
ഞ്ഞെത്തിനില്ക്കുന്നു പൊൻവെള്ളിക്കുരിശുകൾ
ചിത്രവർണ്ണങ്ങളിൽ ഛത്രങ്ങളായിരം!!
എല്ലാം മനോഹരം, സ്വർഗ്ഗലോകത്തോടു
തുല്യമെന്നാകിലും സന്താപനാടകം!!
സന്താപവാദ്യം മുഴക്കുന്നു ബാന്റുകാ-
രന്തരംഗത്തിൽ തുളച്ചുകേറും വിധം
കൊച്ചുകുഞ്ഞുങ്ങളും ചിന്താഭരത്തോടു
നിശ്ചേഷ്ടരായ് നോക്കിനിന്നുപോകുന്നഹോ!
മ്ലാനമായ് ബാഷ്പബിന്ദുക്കൾ പൊഴിച്ചീടു-
മാനനങ്ങൾ മാത്രമല്ലാതെ തെല്ലുമേ
മന്ദസ്മിതം ചൊരിഞ്ഞീടുന്ന ചുണ്ടുകൾ
മൂന്നുലക്ഷത്തിന്നിടയ്ക്കില്ല കാണുവാൻ
വേഷഭൂഷാദിപ്പകിട്ടുകൾ യാതോരു
യോഷാമണിക്കുമില്ലെന്നതും സത്യമാ-
ണെല്ലാം നിരർത്ഥകം നശ്വരം തന്നെയെ-
ന്നെല്ലാവരും ധരിച്ചെന്നുകാണിക്കയോ?
ആയിരം ധ്യാനപ്രസംഗത്തിലും ഫലം
ന്യായമായ് നൽകുന്നതീമഹാസംഭവം.
കാപട്യമേശാത്ത വാത്സല്യമോടിതാ
രൂപതാപത്‌നിയോടന്ത്യമാം യാത്രയും
പട്ടണം ചുറ്റിപ്പരസ്യമായ് ചോദിച്ചു
ശിഷ്ടരിൽ ശിഷ്ടൻ മടങ്ങുന്നു ശാന്തനായ്
മംഗല്യചിഹ്നമീ വന്ദ്യനാം നാഥന്റെ –
യംഗുലീഭൂഷയായർപ്പിച്ച നാൾ മുതൽ
ആതങ്കമേശാതെ സമ്പൂർണ്ണമായുള്ള
ഭൂതിപ്രകർഷത്തോടിന്നേദിനം വരേ
വാണു നീ ചങ്ങനാശേരിയാം രൂപതേ,
റാണിയായ് കാണികൾക്കീർഷ്യതോന്നുംവിധം.
അക്ഷോഭ്യചിത്തനായ് രാജ്യവിദ്യാഭ്യാസ-
രക്ഷയ്ക്കുവേണ്ടി പ്രഗല്ഭനാം സി.പി.യോട-
ടങ്കമാടി ജയം കൈവരിച്ചീടുവാൻ
ചങ്കുറപ്പുണ്ടായ നിൻ പ്രേമനാഥനേ
കേരളം മാത്രമല്ലെന്നേയ്ക്കുമമ്മയാം
ഭാരതം തന്നെ നമിച്ചിടും സാദരം
കൊല്ലങ്ങൾ മൂന്നു കൂടിക്കടന്നെത്തിയാൽ
നല്ലോരുകാൽശതാബ്ദത്തിന്റെ ജൂബിലി
കെങ്കേമമായൊന്നു ഘോഷിച്ചിടാമെന്നു
മങ്കമാർ മൗലി നീ,യാശിച്ചിരിക്കവേ
കണ്മുമ്പിലീദുഃഖ നാടകം ദുസ്സഹം
നന്മസ്വരൂപൻ നിനക്കായ് വിധിച്ചിതാ!
മായാപ്രവർത്തകൻ കാരുണ്യമൂർത്തിതൻ
മായാരഹസ്യങ്ങളാരറിഞ്ഞീടുന്നു!
ആവതുദേഹം മഹാചാര്യനാമങ്ങു
ദേവാലയത്തിൽ പ്രവേശിച്ചു പിന്നെയും
തീരാത്ത പൂജയൊന്നർപ്പിച്ചുകൊള്ളുവാൻ
തീരാസുഷുപ്തിക്കുമഞ്ചമേറീടുവാൻ
ഈ ലോകനാടകത്തട്ടിലിന്നേവരേ
ചേലാർന്നമട്ടിൽ കളിച്ചോരു നാടകം
എന്നേയ്ക്കുമായിസ്സമാപിച്ചു സമ്മാന-
മൊന്നാകെ വാങ്ങിക്കൃതാർത്ഥനായ് തീരുവാൻ.
വിശ്വസ്തനായ് സ്വാർത്ഥചിന്താവിഹീനനായ്
വിശ്വൈകനാഥനാം രാജാധിരാജനേ
സേവിച്ച തൃപ്പാദഭക്തന്റെ നിത്യമാം
ജീവിതം സൗഭാഗ്യ സമ്പൂർണ്ണമെന്നു നാം
നീതിസ്വരൂപനിൽ വിശ്വസിക്കുമ്പോഴും
പ്രീതനാം താതനേ വിസ്മരിച്ചീടാതെ
സാദരം സത്കർമ്മസമ്പാദ്യസമ്മാന –
മാദിവ്യനായ് സമർപ്പിക്കയും ചെയ്യണം.
കട്ടിയേറും തിരശ്ശീലയൊന്നാക്കളി-
ത്തട്ടിന്റെ മുമ്പിലായ് താണുവീഴുന്നിതാ
ഇന്നുമെന്നേയ്ക്കുമായാമഹാനാടകം
സന്ദേഹമെന്യേ സമാപിച്ചു ദൈവമേ!
(മധ്യസ്ഥൻ, ഡിസംബർ, 1949)
