Swantham Kochachan

സ്വന്തം കൊച്ചച്ചൻ


I

രാണിക്കിടക്കുന്നതെന്നെയെൻ ശൈശവത്തിൽ

താരാട്ടിയങ്കമേറ്റിത്താലോലിച്ച കൊച്ചച്ചൻ, 

കണ്ണിനാനന്ദം നല്കും കളിപ്പാട്ടങ്ങൾ നല്ല 

വർണ്ണചിത്രങ്ങളെല്ലാം സമ്മാനിച്ച കൊച്ചച്ച,.

സല്കഥാമൃതംകൊണ്ടെൻ കാതുകൾ കുളിർപ്പിച്ചു

ചക്കരയുമ്മകളേ സ്വീകരിച്ച കൊച്ചച്ചൻ,

ദർപ്പണം തന്നിൽ കളിക്കൂട്ടുകാരിയെക്കാട്ടി –

ത്തപ്പിച്ചിട്ടെന്നെയിട്ടു ചിരിപ്പിച്ച കൊച്ചച്ചൻ,

“പഠിച്ചുമിടുക്കിയായ് തീരുവാ’നുപദേശി-

ച്ചെടുത്ത സ്കൂളിലെന്നെയാക്കിയോരാ കൊച്ചച്ചൻ, 

അക്ഷരമോരോന്നു ഞാനെഴുതിക്കാണിക്കുമ്പോൾ

പക്ഷമോടെന്നെ നോക്കിപ്പുഞ്ചിരിച്ച കൊച്ചച്ചൻ, 

വായന കേൾപ്പിക്കുമ്പോൾ, കേട്ടെഴുത്തിന്റെ മാർക്കു-

മായിട്ടു ഞാൻ ചെല്ലുമ്പോളാശ്ലേഷിച്ച കൊച്ചച്ചൻ, 

കപ്പലും കാറ്റാടിയുമുണ്ടാക്കിക്കളിക്കുവാ-

നെപ്പൊഴും കടലാസു തന്നിരുന്ന കൊച്ചച്ചൻ. 

അമ്മയോടെന്തെങ്കിലും ശുണ്ഠി ഞാനെടുക്കുമ്പോൾ

സൗമ്യനാം വക്കീലായി നിന്നിരുന്ന കൊച്ചച്ചൻ

ഇന്നു ഞാൻ കണ്ണീർക്കണം തുടരെപ്പൊഴിച്ചിട്ടു-

മൊന്നുമോതുന്നില്ലല്ലോ സാന്ത്വനവചസ്സുകൾ.

 

          എന്തു ഞാൻ പുലമ്പുന്നു ചിന്തയില്ലാതെ? നിത്യ- 

ശാന്തിദസമാധിയിൽ ലീനനാണാ സാത്വികൻ. 

ചേർന്ന ചുണ്ടുകൾ മേലിൽ വിടർന്നു ചലിക്കില്ല

ചേർത്തടഞ്ഞ നേത്രങ്ങൾ തുറക്കില്ലീ ലോകത്തിൽ 

പാവനകരങ്ങളിൽ നിത്യജീവന്റെയപ്പം

സംവഹിച്ചുയർത്തി ഞാൻ കാണുകില്ലിനിമേലിൽ.

 

          ആദ്യത്തെ ദിവ്യപൂജയാ നല്ല മഹോത്സവം! 

ആനന്ദസ്മരണകൾ നല്കുമാ ശുഭദിനം! 

വന്ദ്യനാം പുരോഹിതനായെന്റെ കൊച്ചച്ചനേ-

യന്നു ഞാൻ കണ്ടു ചുംബിച്ചഭിഷിക്തമാം കൈകൾ 

ഒന്നുകൂടിയാ കൈകളവസാനത്തേതായി-

ട്ടിന്നു ഞാൻ ചുംബിക്കട്ടെ! ഹൃദയം തുടിക്കുന്നു.

കണ്ണുകൾ നിറയുന്നു, ബാല്യകാലത്തിലെന്റെ 

കണ്ണുനീർ തുടച്ചതാണെത്രവട്ടമാക്കൈകൾ! 

അക്കരങ്ങളിൽ പതിഞ്ഞമർന്നോരധരങ്ങൾ

ശക്തിയായ്ച്ചേർന്നുപോയി വേർപെട്ടു പോരുന്നില്ല.

 

          അമ്മയായമ്മാവനായ് അച്ഛനായാചാര്യനായ് 

എന്മനോമുകുരത്തിലാരാദ്ധ്യദീപമായി

സ്നേഹത്തിലെരിയുന്ന മൂർത്തിയാണാ മഹാത്മാ.

ദേഹങ്ങൾ വിയോജിച്ചാൽ ദേഹികൾ സംയോജിക്കും.

 

         ധന്യമാം സന്യാസത്തിന്റെ പാവനമാർഗ്ഗത്തിലേ- 

ക്കുന്നതാദർശത്താലേയെന്നെയാകർഷിച്ചതും, 

വാസനാ സാഹിത്യത്തിന്റെ ചൈതന്യ സ്രോതസ്സെന്റെ- 

യീസിരകളിൽക്കൂടിയൊഴുക്കിപ്പകർന്നതും,

ഒക്കെയെൻ കൊച്ചച്ചനാണത്രേ ഞാൻ പറഞ്ഞാലും 

വാക്കുകൾ വഹിക്കുകില്ലെന്റെയാശയങ്ങളെ.

സുന്ദരമഹാകാവ്യമൊന്നു ഞാൻ രചിച്ചാലും 

തീർന്നിടാത്തതാണെന്റെയുള്ളിലേ വികാരങ്ങൾ. 

എങ്കിലും കണ്ണീരിനാൽ നനഞ്ഞ വരികളെ 

സങ്കടകരം ! തുടർന്നെഴുതാൻ സാധിക്കാത്ത 

പരിതസ്ഥിതികളിൽ പെട്ടു ഞാനുഴലുന്നു 

വരമാ കാവ്യാമൃതമലസിപ്പോകുന്നല്ലൊ! 

തുറന്ന സോഡാക്കുപ്പി ഗ്യാസിനെത്തള്ളിക്കൊണ്ടു 

നിറഞ്ഞീടുമ്പോൾ മാറ്റിവയ്ക്കയോ നാളത്തേയ്ക്കായ്

 

          പോകട്ടെ; നഷ്ടം മഹാനേട്ടമായ്ക്കണ്ടീടും ഞാ-

നാകുലവിചാരങ്ങളെനിക്കു യോജിച്ചതോ? 

ഞാനൊരു സന്യാസിനി, ത്യാഗിനി, ചിന്തിക്കുമ്പോൾ

നൂനമിപ്പരിത്യാഗം കാവ്യത്തെക്കാളും ശ്രേഷ്ഠം.

നൂറുകാവ്യങ്ങൾകൊണ്ടും നിത്യമാം കിരീടത്തി-

ന്നേറുമോ ശോഭയൊറ്റത്യാഗത്താലതുണ്ടാകും.

 

||

അന്നത്തെ സ്മരണകളെന്റെയന്തരംഗത്തിൽ 

വന്നുയരുന്നു വീണ്ടും തിരമാലകൾപോലെ 

പൂമുടി ചാർത്തി ബലിവസ്ത്രങ്ങളണിഞ്ഞൊരു

തൂമന്ദഹാസത്തോടെ മഞ്ചത്തിൽ ശയിക്കുന്ന 

വൈദികസന്യാസിയാം വന്ദ്യനെ സഹോദര –

വൈദികർ -സന്യാസികൾ-സാദരം സ്കന്ധങ്ങളിൽ 

വഹിച്ചു ദിവ്യബലിപീഠത്തോടടുപ്പിച്ചു 

സഹിഷ്ണുക്കളായ് നിന്നു ഗൽഗദസ്വരത്തോടേ 

പ്രാർത്ഥനാഗാനങ്ങളേയാലപിക്കവേ മൃതൻ

യാത്ര ചോദിച്ചീടുന്നാ വേദിയോടെന്നേയ്ക്കുമായ്.

എത്രനാളതിൽ ബലിയർപ്പിച്ച പുരോഹിതൻ, 

എത്രവട്ടമാ പീഠം ചുംബിച്ച പുരോഹിതൻ, 

പൊങ്ങുന്ന പരിമളധൂമങ്ങൾ വീശി വീശി 

ഭംഗിയായാ പീഠത്തെ ധൂപിച്ച പുരോഹിതൻ, 

നിത്യജീവന്റെയപ്പമാ ബലിപീഠത്തിൽനി-

ന്നെത്രയോ ജനങ്ങൾക്കു നൽകിയ പുരോഹിതൻ, 

നിത്യസമ്മാനത്തിനായ് വിളിക്കപ്പെട്ടു; മുദാ 

യാത്രയായ് നിശ്ശബ്ദനായ് വിടവാങ്ങുന്ന രംഗം!

 

          തുറക്കപ്പെട്ടു വാതിൽ, പള്ളിയിൽനിന്നു പുറ-

ത്തിറങ്ങി വിശ്വമാകെയടഞ്ഞ കണ്ണാൽ നോക്കി.

വിസ്തൃതലോകത്തോടു നിത്യയാത്രയും ചൊല്ലി 

സാത്വികാഗ്ര്യനാറടിമണ്ണിനാൽ സംതൃപ്തനായ്. 

ആ നിത്യശാന്തിഗേഹമാ നിത്യനിദ്രാഗാര – 

മാനിസ്വനംഗീകരിച്ചതിനോടടുക്കുന്നു

നിശ്ചലരായെല്ലാരും നില്ക്കവേ കാണാകുന്നു

നിശ്ചലസ്ഥലത്തൊരു തുറന്ന വാതായനം

വായ്തുറന്നഹോ പ്രേതാലയമേ, നീയിന്നെന്റെ

പ്രീതനാം കൊച്ചച്ചനെ വിഴുങ്ങാനൊരുങ്ങുന്നോ?

നോക്കുവാൻ വയ്യാ നിന്നെ ഭീതിയാലെനി,ക്കെന്റെ 

നേതങ്ങൾ താനേതന്നെയടഞ്ഞുപോകുന്നല്ലോ.

 

          വന്ദ്യനാമൊരു വൃദ്ധൻ, പൂജ്യനാമൊരു യോഗി 

വന്നിതാ സമീപത്തിൽ മുട്ടുകാലുകളൂന്നി. 

നരച്ച താടിമീശ വെളുത്ത കർട്ടൻ പോലെ 

വിരിമാറിനു മീതേ കാഷായ വസ്ത്രത്തിന്മേൽ

നിരന്നു ശോഭിക്കുന്നു കണ്ണിലും മുഖത്തുമായ് 

പരന്നു കാണുന്നൊരു കദനച്ഛായാഭാരം.

ആ ദിവ്യനഹോ തന്റെ സ്നേഹിതൻ പരേതനെ 

സാദരം പിടിച്ചെഴുനേല്പിക്കാനൊരുങ്ങുന്നോ? 

അല്ലല്ല, വെണ്മയേറുമുറുമാലൊന്നെടുത്തു കല്യനാ-

സ്നേഹിതന്റെ വദനം മൂടീടുന്നു. 

കാർമ്മികൻ പാടീടുന്നു, പേടകമടയുന്നു,

കർമ്മങ്ങൾ തീർന്നു പെട്ടി കല്ലറയ്ക്കുള്ളിലായി. 

ആ മുഖമിനിയാരും കാണുകില്ലീ ലോകത്തിൽ, 

ആ മഹാത്മാവു നിത്യശാന്തിയിൽ വസിക്കട്ടെ!

 

          ഹാ കുടീരമേ, “പിതൃവനമല്ലെനിക്കു നീ-

യാകവേയോർത്താൽ മാതൃഭവനംതന്നെയല്ലോ

കൊച്ചച്ചൻ പാർക്കുന്നെടമേതുമെന്നമ്മവീടാ-

ണിച്ഛിക്കുന്നവയെല്ലാം കിട്ടുന്ന പുണ്യസ്ഥലം 

വീക്ഷണത്താലെന്നുള്ള മെപ്പോഴും കുളിർപ്പിക്കും

നിക്ഷേപം വഹിക്കുന്ന ചഷകവിശേഷം നീ,

                                                    (കുടുംബദീപം, ഒക്ടോബർ 1960)