സമർപ്പണം

സമർപ്പണം – ഹാ! മധുമഞ്ജരി ഞാ-
നാർക്കു സമർപ്പിക്കും?
തികച്ചുമായതിനർഹനൊരുളു-
ണ്ടങ്ങേ ലോകത്തിൽ.
ദിവംഗമിച്ചൊരു മാതൃസഹോദര-
നെൻ പ്രിയ “കൊച്ചച്ചൻ,’
സമർപ്പണം തിരുവടികളിൽ; മഞ്ജരി
വാസന വീശട്ടെ!
അനുഗൃഹീതകവേ,യവിടുത്തേ
നിസ്തുല വാസനയാ-
ണെനിക്കുമിങ്ങനെ ചോർന്നു ലഭിച്ചതു
മാതുലബന്ധത്താൽ.
ഇതിൽക്കവിഞ്ഞൊരു മരുമകളുണ്ടോ
സമ്മാനിതയാവാൻ?
ഇതിൽക്കവിഞ്ഞൊരു മാതുലസമ്പ-
ത്തുണ്ടോ കിട്ടീടാൻ?
കഴിഞ്ഞു സപ്തതിയെങ്കിലുമതിലേ-
ക്കിച്ചെറു മഞ്ജരിയേ
വഴിഞ്ഞ ഭക്തിയൊടർപ്പിക്കുന്നേൻ
മുകുളിതപാണികളാൽ.
അകം കുളുർത്തു ചൊരിഞ്ഞിടുമാശി –
സ്സിപ്പൊഴുമെന്നേയ്ക്കും
പതിച്ചിട്ടട്ടെ വത്സലയാമി
ഭഗിനീസുതയുടെമേൽ!
