Salimon

സലിമോൻ


നിയും സലി വന്നതില്ലയോ?

പ്രിയമേറും സലിയേതിടത്തിലോ? 

അവനേയൊരുനോക്കു കാണുവാ-

നുഴറുന്നെൻ കരളേതുനേരവും.

 

നിമിഷങ്ങൾ കടന്നുപോകയോ?

ദിനരാത്രങ്ങളപക്രമിക്കയോ? 

അവനെന്നരുമക്കുമാരനാ –

ണവനെക്കാണുവതെന്നു ഞാനിനി?

 

സലി, നീ വരികെന്റെ കണ്മണീ 

സകലം തെറ്റുകൾ ഞാൻ മറന്നിടാം 

പിതൃഹൃത്തറിയുന്നതില്ല നീ 

വിതതം സ്നേഹവികീർണ്ണസാഗരം. 

 

മകനേ, എവിടേക്കു പോയി നീ? 

പല ദേശങ്ങളരിച്ചുനോക്കി ഞാൻ. 

കടലും കരയും കടന്നു ഞാ –

നെവിടെപ്പോയി മറഞ്ഞിരിപ്പു നീ?

 

പകലിൽ സലിയേ നിനച്ചു ഞാൻ 

പടിവാതില്ക്കലിരിപ്പു നിത്യവും 

നിശയിൽ തുടരെക്കിനാവിൽ ഞാ-

നവനെക്കാണൂ പലതരത്തിലായ്. 

 

അവനെന്തിനു പോയി കഷ്ടമേ! 

ഭവനം ശൂന്യമെനിക്കു മേല്ക്കുമേൽ. 

മണിമാളികയാർക്കുവേണ്ടി ഞാൻ 

പണിയിച്ചിങ്ങനെയെന്റെയോമനേ?

 

ഒരു രാജകുമാരനെന്നപോൽ 

സലി, നീയന്നു ശയിച്ചമെത്തയും 

ഹരിചന്ദനമഞ്ചവും സദാ 

കരയുമ്പോൽ ഹൃദി തോന്നിടുന്നു മേ.

 

പരിചാരകവൃന്ദമാ മുറി

ക്കകമെല്ലാം ശുചിയാക്കി വേണ്ടപോൽ 

പനിനീരിനൊടൊത്തു ബാഷ്പവും. 

കുറവില്ലാതെ തളിപ്പൂ നിത്യവും

 

ദിവസംപ്രതി പട്ടുമെത്തകൾ

നവമായ്ത്തന്നെ വിരിച്ചു നില്ക്കവേ 

“വരുമിന്നു വരും കുമാര”നെ-

ന്നവർ താനേ പറയുന്നു ശാന്തരായ്.

 

പല ദൂതരെ നാലുദിക്കിലും 

സലിയെത്തേടുവതിന്നയച്ചു ഞാൻ 

ചിലരെങ്കിലുമെത്തുകില്ലയോ 

ശുഭസന്ദേശവുമായി ദൈവമേ! 

 

അയി സോദരരേ, ക്ഷമിക്കണേ! 

റെയിൽവേസ്റ്റേഷനിലേതുനേരവും 

മടിയെന്നിയെ കാത്തുനില്ക്കുവാ-

നുടനേ പോകുക നിങ്ങളൊട്ടുപേർ. 

 

തുറയിൽ ചിലർ കാത്തുനില്ക്കണം, 

പരദേശങ്ങളിൽനിന്നു നൗകകൾ

വരുമായവയൊക്കെ നോക്കണം

ചിലർ വൈമാനികതാവളത്തിലും.

 

പരനെ,യെരിയുന്നതെന്തു ഹാ! 

കരളിൽ, പുത്രവിയോഗവഹ്നിയോ?

അരുതിസ്ഥിതി താങ്ങുവാനെനി-

ക്കരികത്തെത്തുക ശീഘ്രമോമനേ.

 

മലയോ കടലോ വനങ്ങളോ

സലിയേ മൂടി മറച്ചിരിക്കുമോ 

അലിവോലുക ഹൃത്തിൽ നിങ്ങളെ-

ന്നരുമക്കുഞ്ഞിനെ വിട്ടയയ്ക്കുവാൻ. 

 

അവനേതൊരിടത്തുറങ്ങിടു-

ന്നവനാഹാരവുമാരു നല്കിടും? 

അരികത്തവനാത്മമിത്രമാ-

രവനിപ്പോളവലംബമറ്റവൻ. 

 

കുറവറ്റ നികേതനങ്ങളു-

ണ്ടിഹ ഭൃത്യപ്പരിഷയ്ക്കുമൊത്തപോൽ

സുഖഭക്ഷണവും; വിശന്നു നീ

മകനേ, യാചകനായ് നടക്കയോ? 

 

ഒരുനാളൊരു പേക്കിനാവു ഞാ-

നിരവിൽക്കണ്ടതനുസ്മരിക്കുവാൻ

അരുതെന്നരുമക്കുമാരനെ-

തെരുവിൽക്കണ്ടൊരു നീചഭിക്ഷുവായ്.

 

കവിളൊട്ടി വരണ്ട വസ്ത്രവും, 

കുഴികണ്ണും ദയനീയനോട്ടവും, 

പല പട്ടിണികൾക്കു സാക്ഷിയാം

വയറും, കച്ചര ജീർണ്ണവസ്ത്രവും. 

 

സ്വരമില്ല വിളിച്ചു ‘വല്ലതും

തരണേ’ യെന്നു പറഞ്ഞുകൊള്ളുവാൻ. 

പെരുതായൊരവജ്ഞയാളുകൾ- 

ക്കരികത്തേക്കവനൊന്നടുക്കുകിൽ.

 

ഒരു ചില്ലിയുമില്ല കൈവശം

തൊഴിലൊന്നും വശമില്ല ചെയ്യുവാൻ

പലെടത്തിലതപ്പിയെച്ചിലിൻ 

തരി തിന്നുന്നു വിശപ്പടക്കുവാൻ. 

 

ഇതു ഹന്ത കിനാവുതന്നെയെ-

ന്നതു ഞാനെങ്ങനെ വിശ്വസിച്ചും? 

വരുവാൻ വഴിയുണ്ടിതൊക്കെയും; 

ശരിയായ് ദർശനമായിരിക്കുമോ?

 

മകനേ തളരുന്നു ദേഹ,മെ –

ന്നകമേ കത്തുകയാണു വഹ്നിയും 

മമ ശോണിതമല്ലയോ സ്രവി-

പ്പതു നിൻ നാഡികളിൽ തുടിപ്പൊടേ? 

 

മമ ജീവനിൽനിന്നു സിദ്ധമായ് 

തവ ജീവൻ ദൃഢമാത്മനന്ദനാ,

ഇരുവ്യക്തികളൊന്നുതന്നെ നാ,-

മൊരുമിച്ചാണു സുഖാസുഖങ്ങളും. 

 

പരദേശമതേതു ദേശമെ-

ന്നരുമപ്പുത്രനുഴന്നിടും സ്ഥലം? 

അറിയാനൊരു മാർഗ്ഗമില്ല, ചെ-

ന്നവനെക്കൊണ്ടുവരേണ്ടതെങ്ങനെ?

 

വരണേ സലി, നിന്നെ വീണ്ടുമെ-

ന്നരികിൽക്കണ്ടു സമാശ്വസിക്കുവാൻ

കരവല്ലികളാലെ ചുറ്റിയെൻ

വിരിമാറിൽപ്പുണരാൻ കൊതിച്ചു ഞാൻ.

 

ധനമെന്തിനെനിക്കു കീർത്തിയും

സുഖവും പ്രാഭവമെന്നിതൊക്കെയും

പ്രിയപുത്രനെ വീണ്ടുകിട്ടിയാ-

ലതു നേട്ടങ്ങളിലേക്കു നേട്ടമാം. 

 

ഇനിയും സുരനസ്തമിക്കയോ? 

ദിനമോരോന്നു കടന്നുപോകയോ? 

അയി കൂരിരുളേ, കഠോര നീ 

സലിയെച്ചുറ്റി മറച്ചുവയ്ക്കയോ?

 

ഇരുളിൽ പ്രിയപുത്രനുണ്ടെനി –

ക്കവനെക്കാണണമേതുമട്ടിലും

കരളിൽ കനിവറ്റ രാത്രി,യെ-

ന്നരുമക്കുഞ്ഞിനെയിങ്ങു നീ തരൂ. 

 

ഉയരങ്ങളിൽനിന്നു നോക്കിടു-

ന്നൊരു താരാകുലമേ, കഥിക്കണേ 

പ്രഭയുള്ളവരായ നിങ്ങളെൻ 

സൂതനേയീ ഭുവി കാണ്മതില്ലയോ? 

 

നിശയിലക്കരയുന്ന പക്ഷികൾ 

പറയുന്നെന്തറിയാത്തഭാഷയിൽ 

ഇവയൊക്കെ വൃഥാവിലാപമായ് 

വരുമെന്നോ? പറയൂ നിശീഥിനീ. 

 

പല വെണ്മുകിലും നഭസ്സിലു-

ണ്ടവയെൻ കണ്മണിയാം കുമാരനെ 

ഒളികൊണ്ടു പൊതിഞ്ഞു കാര്യമാ-

യകമേ വച്ചു മറച്ചിടുന്നുവോ?

 

ഇതുപോലൊരു പുത്രനച്ഛനാ-

യിടുവാൻ ഭാഗ്യമുദിച്ചിടായ്കയാൽ 

അവയങ്ങനെ ചെയ്തതായ് വരാ-

മറിയുന്നില്ലവയെന്റെ സങ്കടം. 

 

അതിരറ്റ വിശാലനീലവി –

ണ്ടലമേ, നിന്റെയനന്തതയ്ക്കകം 

ചെറുദീപ്തികണങ്ങളെത്രയു-

ണ്ടതിലൊന്നെന്റെ കുമാരനല്ലയോ? 

 

അരുതിങ്ങനെ ചിന്ത; ഭൂതലം

മുഴുവൻ കേൾക്കുമൊരുച്ചഭാഷിണി

അരികത്തു ലഭിച്ചുവെങ്കിൽ! ആ –

രതു തന്നീടുമെനിക്കുദാരമായ് ?

 

ഇനിയും സ്വരമൊന്നുയർത്തിയെ-

ന്നരുമപ്പുത്രനെ ഞാൻ വിളിക്കയോ!

ചെവിയിൽ ക്ഷണമെത്തുമാ പ്രതി-

ധ്വനിതാൻ കേവല,മില്ല സംശയം. 

 

മകനേ, വരികെന്റെയോമനേ,- 

യവശൻ ഞാനിനിയെന്തു ചെയ്യണം?

വരികെന്നരികത്തു സത്വരം, 

പിരിയാതെന്നൊടു ചേർന്നിരിക്ക നീ.

 

രുചിയൊടൊരു ഭക്ഷണം കഴി-

ച്ചൊരു കാലം മകനേ, മറന്നു ഞാൻ.

ചുടുബാഷ്പകണങ്ങളാണെനി-

ക്കുപദംശം പലഹാരമൊക്കെയും.

 

മകനെന്നരികത്തിരിക്കിലോ

മികവാണെന്നകതാരിനെപ്പൊഴും. 

ഒരു ഭക്ഷണമെന്നിയേ ശമി-

ച്ചിടുമാറുണ്ടു വിശപ്പു ദാഹവും. 

 

സുഖനിദ്രയുമെന്നെ വിട്ടുപോയ്

മകനേ നിന്നൊടുകൂടി,യെത്രയോ

നെടുവീർപ്പുകളീയറയ്ക്കക –

ത്തടരാടുന്നിവനോടു രാത്രിയിൽ.

 

മകനേ, മകനേ,യെനിക്കു മ-

റ്റൊരു വാക്കും വരികില്ല ജിഹ്വയിൽ 

മകനേ, ഹൃദയത്തുടിപ്പൊടെൻ 

മകനേ, നിന്നെ വിളിച്ചിടുന്നു ഞാൻ. 

 

ഗഗനത്തു വെളുത്തുയർന്നു നി –

ല്പൊരു ധാരാധരമെന്റെ വത്സനോ? 

തല,കൈ,യുട,ലൊക്കെയുണ്ടതി-

ന്നളവേയുണ്ടൊരു മർത്യരൂപവും.

 

ഇളകുന്നതു മെല്ലെ, ജീവനു-

ണ്ടതിനെന്നുള്ളതിനെന്തു സംശയം? 

സലിതന്നെ, യവൻ കുനിഞ്ഞു നോ-

ക്കുകയാണെന്നെ, നിറഞ്ഞ ഭാഗ്യമേ! 

 

അവിടേക്കു പറന്നു നിന്നെ ഞാൻ

മകനേ, ഒന്നു പുണർന്നിടേണമോ? 

ചിറകില്ലതിനെന്റെയോമനേ,

വരികെൻ കൈകളിലേക്കു ചാടി നീ. 

 

ഇരുകൈകളതിൽക്കളിച്ചതാ-

ണൊരുനാൾ നീയതു വിസ്മരിച്ചുവോ?

മടിയിൽ സുഖനിദ്രചെയ്തതും 

പവിഴച്ചുണ്ടുകൾ പുഞ്ചിരിക്കവേ.

 

അയി നീരദമേ,യലഞ്ഞുല-

ഞ്ഞളവേയാകൃതി മാറിടുന്നുവോ?

വിരഹാർത്തനെ,യീവിധത്തിലോ

കളിയാക്കുന്നതു? സങ്കടം പരം! 

 

പതിനാറു വയസ്സു, യൗവന-

പുതുസൗന്ദര്യമുണർന്ന ഗാത്രവും

നിതരാം മതിശക്തി, കണ്ടു ഞാൻ 

കൊതിതീർന്നില്ല മദീയ വത്സനെ. 

 

അവനെപ്പരദേശിയേവനോ

ചതിവായ്ക്കൊണ്ടു കടന്നിരിക്കണം. 

അവനെന്തിനു പോയി കഷ്ടമേ! 

കുറവെന്താണവനിങ്ങു വേശ്മനി? 

 

പണമെത്ര നശിച്ചിരിക്കിലും 

പലതും തിന്മകൾ ചെയ്തിരിക്കിലും 

പിതൃഹൃത്തവയൊക്കെ വിസ്മരി-

ച്ചിടുമെന്നോമന വന്നുചേരുകിൽ. 

 

അയി പൂങ്കുളിർതെന്നലേ,യിതെ-

ന്നരുമക്കുഞ്ഞിനൊടൊന്നുരയ്ക്കണേ 

ഉലകം മുഴുവൻ സദാപി സ-

ഞ്ചരണത്താലറിയും സുഹൃത്തു നീ. 

 

അവനേയിവിടേക്കു കൊണ്ടുവ –

ന്നിടുവാനും കഴിയുന്നുവെങ്കിലോ-

അതിലപ്പുറമില്ല, മിത്രമേ,

പരമൗദാര്യമെനിക്കു ചെയ്യുവാൻ.

 

അഴകേറിന പൂക്കൾ നിത്യവും

വിരിയുന്നിണ്ടിഹ പുഷ്പവാടിയിൽ

അതിലോടിനടന്ന പുഷ്പലി-

ട്ടവനിപ്പോൾ സലിയേതിടത്തിലോ?

 

വിരിയുന്ന സുമങ്ങളെങ്ങുമേ

തിരയും നീ മധുമക്ഷികേ, ശുഭേ-, 

സുമവാടിയിലേതിലെങ്കിലും

സലിമോനേയൊരുനോക്കു കണ്ടുവോ? 

 

ഇനിയെങ്ങു തിരഞ്ഞിടേണ്ടു, ഞാ-

നിനിയാരായുവതാരൊടാണു ഞാൻ? 

സ്വരമില്ലിനിയും വിളിക്കുവാൻ 

ചിറകില്ലൊന്നുയരെപ്പറക്കുവാൻ.

 

മകനേ, വരികെന്റെയോമനേ,- 

യിതിലേറെപ്പറയുന്നതെന്തു ഞാൻ?

ഉയരുന്നതുമില്ല ശബ്ദമെ-

ന്നരുമക്കണ്മണി,യെന്റെ ജീവനേ!

 

മോഹിച്ചു വീണ ജനകന്റെ സമീപമെത്തി

സ്നേഹത്തോടേ പരിചരിച്ചുതിരുന്ന ബാഷ്പം

ദേഹത്തു ഭൃത്യരഥതെല്ലു തളിച്ചു, പിന്നീ –

ടൂഹിക്കതന്നെ നിതരാം ദയനീയരംഗം.

 

II

അരയിലൊരു മുഷിഞ്ഞ ജീർണ്ണവസ്ത്ര-

ക്കഷണമുടുത്തുദരം പതിഞ്ഞുപറ്റി 

തരുണനൊരുവനസ്ഥിമാത്രശേഷൻ 

തെരുവിലലഞ്ഞു നടന്നിരുന്നു കഷ്ടം! 

 

പരിചിതരവനേയടുത്തു കണ്ടാ-

ലറിവതസാദ്ധ്യമവൻ പരം വിരൂപൻ

വികൃതികളൊടു കൂട്ടുചേർന്നു ഭിക്ഷാ-

ടനമവിടങ്ങളിൽ നിഷ്ഫലം നടത്തി. 

 

അവരുമവനെയൊന്നിനൊന്നു വഞ്ചി-

ച്ചവനു വഴിക്കു ലഭിച്ച തുച്ഛദാനം

ചെറുതൊരു കൃപയെന്നി കൈക്കലാക്കീ-

ട്ടൊഴുകിയ ബാഷ്പമവന്നു ബാക്കിയാക്കി. 

 

പഴമനവധി തിന്നു ഭോഗി വർഗ്ഗം 

വഴിയിലെറിഞ്ഞ തൊലിക്കവൻ കൊതിച്ചു 

അതുമവനുലഭിച്ചതില്ല ശീഘ്രം

രുചിയൊടു ഗോക്കളശിച്ചിരുന്നതെല്ലാം.

 

സ്ഥിതിയിതു ദയനീയമോർത്തുകണ്ടാ-

ലിതിലധികം വരുവാനൊരുത്തനുണ്ടോ? 

അവനൊരു ധനവാന്റെ സൂനു, സമ്പൽ-

സ്ഥിതിയിലതുല്യനവന്റെ താതനിന്നും.

 

സഹജനവിടെയപ്പിതാവിനോടൊ-

ത്തൊരു സുഖപൂർണ്ണതയാസ്വദിച്ചിടുമ്പോൾ 

ഇവനിതി ഗതികേടു വന്നുചേരാ 

നൊരുവിധമോർക്കിലുമില്ല കാര്യമൊന്നും.

 

മണിമയസദനം മഹാവിശേഷം

പരിചരണത്തിനു ദാസർ വേണ്ടുവോളം

അവരുടെയശനാദി ബാക്കിയിന്നീ

പ്രിയതനയന്നു ലഭിച്ചിരുന്നുവെങ്കിൽ!

 

പഴിയൊരുവനെയോതുവാനുമില്ലീ 

വിനകളശേഷമവൻ സ്വയം വരുത്തി 

അതിനൊരു പരിഹാരമാരു ചെയ്യും? 

ദുരിതഫലം തനതായ സഹിക്കതന്നെ. 

 

ഖലനവനൊരുനാൾ പിതാവിൽ നിന്നും 

വിഹിതധനം ബഹുശാഠ്യമായി വാങ്ങി

ഉടനതിചരിതാർത്ഥനായ് സ്വതന്ത്രൻ 

പിതൃസദനപ്പടിവാതിൽ വിട്ടിറങ്ങി. 

 

അതുമുതലവനെന്തു ഭാഗ്യവാനെ-

ന്നവനു വിചാര, മഹാ വിനാശഗർത്തം

ചെറുതകലെ വിടർന്ന വായുമായി-

ട്ടവനെ വിഴുങ്ങിടുവാനൊരുങ്ങിനിൽക്കെ. 

 

പണമൊരുപിടി കൈവശത്തിലായ്, ദുർ-

ന്നടപടി കൂസലകന്നവൻ തുടങ്ങി 

സസുഖമൊരു വിദേശയാത്രചെയ്തു 

പലവിധ സേവകരാൽപരീതനായി.

 

ഒരിട,മതിവിദൂരമന്യദേശം 

മണിമയമാളിക നിസ്തുലം വിശേഷം 

പ്രിയരൊടുമൊരുമിച്ചു വാസമായി 

സലിയതിലുന്നതനായ രാട്ടിനെപ്പോൽ. 

 

അഹിതമവിടെയാരുമോതുകില്ലെ-

ന്നവനറിയാമതിലേറെയെന്തുവേണം? 

പരിസരഭുവി നാട്യശാല, വേശ്യാ-

ഗൃഹ,മവയോടിടചേർന്നു മദ്യശാല. 

 

പകലുമിരവുമൊന്നുപോലെ നാട്യം 

സദിരുകൾ സഭ്യകളും ഗൃഹത്തിനുള്ളിൽ. 

പലതരസുഖപുഷ്ടി “നാകലോക-

ത്തിതിലധികം സുഖമില്ല”വൻ നിനച്ചു. 

 

തരുണികൾ പദസേവചെയ്തു നില്പു

സുരവനിതാനിവഹത്തെ വെന്നിടുന്നോർ 

തരുണരരികിലുണ്ടു വേണ്ടതാരാ-

നുനിമിഷം ഹിതമെന്തുമാചരിപ്പാൻ. 

 

വലിയതുക നിറച്ചു കെട്ടി ഭദ്ര-

സ്ഥിതിയിലിരുന്ന കനത്ത സഞ്ചിയെല്ലാം 

അനുദിനമൊഴിവായി വന്നു, കഷ്ടം! 

സലിയറിയുന്നതുമില്ല കാര്യമൊന്നും.

 

മധുരമൊഴികളോതിനിന്ന മിത്രാ-

വലിയുടെ സംഖ്യ കുറഞ്ഞുവന്നു മെല്ലെ

ചടുലമിഴികൾ വാരനാരിമാരും

വിടപറയാതെയകന്ന ദൃശ്യരായി.

 

വലിയൊരു മരുഭൂമിയെന്നുതോന്നീ

സലിയുടെ ദൃഷ്ടിയിലാ മനോജ്ഞ ഹർമ്മ്യം

അവനതിനകമേ തനിച്ചു നിന്നു

“ഗതിയിനിയെന്തു’ നിനച്ചു ബുദ്ധിഹീനൻ. 

 

ഉടമ ഝടിതി വന്നു വാടകയ്ക്കായ്, 

പിടലി ഞെരിച്ചവനേയിറക്കിവിട്ടു 

ഉടുതുണിയവനേകമായ സമ്പ-

ത്തൊരു ചെറുതുട്ടുമവന്റെ കൈയിലില്ല.

 

അതുവരെയവനുറ്റമിത്രമായ് നി-

ന്നവരിലൊരാളെയുമൊന്നു കണ്ടുമുട്ടാൻ

വളരെയവനലഞ്ഞു, സാദ്ധ്യമായി-

ല്ലൊടുവിലിരുന്നു കരഞ്ഞു പാതവക്കിൽ.

 

ഒരു യുവരസികൻ കൊഴുത്ത വെള്ള-

ക്കുതിരയിലേറി ഞെളിഞ്ഞിരുന്നു വമ്പൻ 

സരസമൊരു സവാരിയാണു, ദുഷ്ടൻ 

സലിയുടെ നേർക്കു തിരിഞ്ഞുനോക്കിയില്ല. 

 

കുതിര സലിയുടേതുതന്നെ; രത്ന-

പ്രഭ വിരലിൽച്ചൊരിയുന്ന മോതിരങ്ങൾ 

സലിയവനു കൊടുത്തതാണു, ചീനാം-

ശുകമുടയാടയുമുത്തരീയമെല്ലാം. 

 

അകലെമറയുവോളമത്ഭുതത്തോ-

ടവിടെയിരുന്നവനെത്തുറിച്ചു നോക്കി

സലിയഥ ചുടുവീർപ്പുമൊന്നുരണ്ട- 

ല്ലനലശരാവലിപോലയച്ചു പിമ്പേ.

 

ഗണികയൊരുവ,ളെത്രയാടഭൂഷാ-

ദികൾ, വിലയുള്ള സുവർണ്ണ നാണ്യമെല്ലാം 

അവളുടെയൊരു പുഞ്ചിരിക്കുപോലും

സലിയൊടു വാങ്ങിയിരുന്ന സുന്ദരാംഗി. 

 

അഴകൊഴുകിവരുന്നിട്ടു ഭൂഷാ-

ക്വണിതവുമായതിലേ കടന്നുപോയി 

പരിമളപരിവാഹിയായി കാറ്റും

പരിസരസീമയിലെങ്ങുമക്ഷണത്തിൽ. (യുഗ്മകം)

 

അതുവരെയവനെച്ചതിച്ച മന്ദ-

സ്മിതമവനെപ്പൊഴുമോർത്തകം കുളിർത്തു 

അവളുടെ ചിരിയിൽപ്പൊതിഞ്ഞ ഹാലാ-

ഹലമവനെന്തറിയുന്നു? ബുദ്ധിഹീനൻ.

 

“അയി പ്രിയസുമതി. അരക്കടക്ക-

ണ്ണിവനുടെനേർക്കു തിരിക്കണേ സുമാംഗീ

ഭവതിയോടൊരു വാക്കുരച്ചിടാനു,” –

ണ്ടിവനിതി കേണു വിളിച്ചു ലജ്ജയോടേ. 

 

പരിചയലവലേശമറ്റ മട്ടാ-

ണവളുടെ പോക്കു; വിഷണ്ണനായ് കുമാരൻ.

യുവരസികരുമുണ്ടകമ്പടിക്കാ-

ത്തരുണിയകത്തു കടന്നടഞ്ഞു വാതിൽ.

 

“ശിലയൊടു സമമീവിധത്തിലുണ്ടോ

തരുണികളിൽ കര”ളാ കുമാരനോർത്തു

“മധുവിനു പകരം സുമത്തിനുള്ളിൽ

കൊടിയ വിഷം സ്ഥിതിചെയ്കയോ? വിചിത്രം”

 

അവനൊരു തടിപോലെ നിന്നുപോയി 

ഹൃദയവികാരഭരാർത്തനാകയാലേ

അടിമുടിയൊരുപോൽത്തളർന്നു; താങ്ങാ –

നൊരുവനുമില്ല, നിലത്തു വീണു പാവം. 

 

ഒരു നിശയവിടെക്കിടന്നു നിദ്രാ-

രഹിതനവൻ നെടുവീർപ്പുവിട്ടു കേണു.

ഉദയദിനകരന്റെ ശാന്തമാം തൃ –

ക്കരമവനെത്തടവിത്തുടങ്ങി മന്ദം.

 

“മൃദുതരസുമശയ്യ സജ്ജമാക്കി-

പ്പലപരിചാരകർ പങ്കയിട്ടു വീശി

മണിമയസദനത്തിൽ നിദ്രചെയ്യും

സലിയിവനോ?” മിഹിരൻ പകച്ചുപോയി.

 

വിറയലോടെഴുനേറ്റു നിന്നു; ദാഹം 

പശിയതിലും പരമന്തരംഗപീഡ 

ഇവയൊടു സമരം നടത്തിടാനാ-

ത്തരുണനതേവരെയഭ്യസിച്ചതില്ല. 

 

വയറിനു വക നേടിടേണ്ടതിന്നാ-

യവനൊരു യാചകനായ് നടന്നു നീളെ 

തൊഴിലു പരിചയിച്ചതില്ല വീട്ടിൽ; 

ധനികകുമാരനതിന്റെ കാര്യമുണ്ടോ? 

 

അതികഠിന ദവാനലൻ കരിച്ചി-

ട്ടൊരു ശിഖരിക്കു സമാനമായ ശരീരം. 

കരയുക പതിവായി, സ്വമേധയാ താൻ

പണിതൊരു ദുർഗ്ഗതിയോർത്തു ദീനദീനൻ.

 

ഇനിയൊരു വഴിയെന്തു താതനെക്ക-

ണ്ടടിപണിയാ”നതുതന്നെ ചിന്തയായി. 

കരുണയുടലെടുത്ത മൂർത്തിയാണ-

ജനകനതോർത്തകതാരിലാശയേറി.

 

വഴിയവനറിവില്ല, വാഹനത്തിൽ

കയറുവതിന്നൊരു കാശുമില്ല കൈയിൽ

പിതൃഭവനമെത്ര ദൂരമെന്നു-

ള്ളതുമറിയാതെയവൻ കുഴങ്ങി പാരം. 

 

പെരുവഴി പല കാടു മേടു തോടും 

ചുടുനയനാംബുകണങ്ങളാൽ നനച്ചും

ജനകനെയകമേ നിനച്ചുകൊണ്ടും 

സലിയൊരു യാത്ര തുടങ്ങി- തീർത്ഥയാത്ര.

 

ഝരികളിലൊഴുകുന്ന നീർകുടിച്ചു. 

തരുനിര വിട്ടുതിരുന്ന പക്വജാലം

വിടുതികളുടെ വാതിൽത്തെണ്ടിയെച്ചിൽ-

ത്തരികളുമപ്രഭുപുത്രനാഹരിച്ചു. 

 

വിടപികളുടെ കീഴിലുള്ള പുല്ലും 

ചരലുമവന്നു വിരിച്ച ശയ്യയായി 

വസുധയുടെ വിതാനമായി നില്ക്കും

ഗഗനമവന്നെതിരറ്റ പന്തലായി. 

 

പകലിരവുകളെത്രയെത്ര പോയി? 

സലിയൊരു തീർത്ഥകഭിക്ഷതന്നെയെന്നാൽ 

ഒരു നിശയവനെപ്പുണർന്നു ചുംബി-

ച്ചൊരു കനകോജ്ജ്വലമാം കിനാവിലാഴ്ത്തി. 

 

ധവള ജലദമൂർത്തിയെന്നു തോന്നും- 

വിധമൊരു ദൂതനെയൊട്ടടുത്തു കണ്ടു 

പദയുഗമിളയെത്തൊടാതെ പക്ഷ –

ദ്വയമഴകോടു വിരിച്ചുയർന്നു നില്പൂ.

 

ചിറകുകളുടെ ചന്തമെന്തു ചൊല്ലാ-

മിളയിലതിന്നുപമാനവസ്തുവില്ല. 

മനുജരെയനിമേഷരാക്കുവാനും

കഴിയുമവയ്ക്കതുതന്നെയാണു സത്യം. 

 

ഒരു ചെറുചിരി, സൗമ്യമായ നോട്ടം 

സലിയുടെ നേർക്കതിനാലകം കുളിർത്തു

വിരിചിറകുകളാട്ടി വീശി വീശി-

പരവശനിൽപ്പുതുതായ ശക്തി ചേർത്തു. 

 

ഉടനവനറിയാതെ ഹൃദ്യമാം പു –

ഞ്ചിരിയധരങ്ങളിൽ നൃത്തമാടിനിന്നു 

ചെറുശിശുവിനു പൂങ്കിനാവു നല്കും

മധുരമൃദുസ്മിതധോരണിക്കു തുല്യം. 

 

സലിയുടെ ചെവിയിൽ പറഞ്ഞു ദൂതൻ

കനകവിപഞ്ചിക മീട്ടിടും സ്വരത്തിൽ;

“തവ പിതൃഭവനം സമീപമാണെ-

ന്നറിയുക സോദര, നീ സമാശ്വസിക്ക.

 

ഇരുൽ നിശയുടെയന്ത്യയാമമായി, 

കനകമരീചികൾ വീശിടും പ്രഭാതം 

വസുധയെ നവകാന്തിയിൽക്കുളിപ്പി-

ച്ചിടുവതിനിങ്ങണയും വിനാവിളംബം. 

 

ഉണരുക തവ തീർത്ഥയാത്ര വീണ്ടും 

തുടരുക നേർവഴി തെറ്റിടാതെതന്നെ 

വിതതസരണിയിൽക്കടന്നുപോയാൽ 

ചതിവിലകപ്പെടുമെന്നറിഞ്ഞിടേണം. 

 

ഇവിടെയിത നിനക്കു വേണ്ട ഭോജ്യം 

രുചികരമായ് ശുചിയായി വച്ചിരിപ്പൂ. 

സസുഖമതു ഭുജിക്ക, വീട്ടിലെത്തും –

വരെയറികില്ല വിശപ്പു ദാഹമൊന്നും. 

 

അഥ സൃതിയവിശാലമൊന്നു കാണാം, 

പദമതിലൂന്നുക, പോക ശങ്കയെന്യേ,

ഇടയിലസുഖമേകിടുന്ന മുള്ളിൻ 

മുനകളെ നേരിടണം സുധീരമായി. 

 

ഇനിയുദയദിനേശനസ്തമിക്കു-

ന്നതിനിടയിൽ പിതൃഗേഹമെത്തിടും നീ

അശുഭമിടയിലെത്തിടാതെ സൂക്ഷി –

ച്ചിടണമതോർക്കുക; ഞാൻ മടങ്ങിടട്ടെ.” 

 

ഒരു ചിറകടി കേട്ടുണർന്നു, ചുറ്റും

പരിമളധോരണിയും പരന്നിരുന്നു.

സലിയുടെയനുഭൂതിയെന്തുചൊല്ലാ-

മവനകവും പുറവും സമം കുളിർത്തു. 

 

ഉടനടിയൊരു മിന്നൽപോലെ ദൂതൻ

മറയുവതും സലിതൻ തുറന്ന കണ്ണാൽ 

ചെറുതുമൊരു വിശങ്കയെന്നി കണ്ടു 

പരിസരമാകെയവൻ പകച്ചുനോക്കി.

 

അരികിലൊരിലയിൽ പകർന്നിരിക്കു-

ന്നപരിചിതം സുധയെക്കവിഞ്ഞ ഭോജ്യം

അതുമവനകതാരിലത്ഭുതം ചേർ –

ത്തിതുവിധസംഭവമാരു കണ്ടിരിപ്പൂ!

 

“അപകടമതിലില്ല, കണ്ടതൊന്നും 

സ്വപ്നവുമല്ല യഥാർത്ഥദർശനം താൻ’ 

ഇതി നിനവൊടു കൈയിലേന്തി ഭോജ്യം 

രുചിയോടശിച്ചു ബുഭുക്ഷുവായിരുന്നോൻ. 

 

അതുവരെയവനാർന്ന പാരവശ്യ-

സ്ഥിതി ബത വിസ്മൃതിയാം തിരയ്ക്കുപിന്നിൽ

ഝടിതി മുഴുവനായ് മറഞ്ഞു; പാരം

ചൊടിയൊടെണീറ്റു വളർന്നൊരാശയോടേ.

 

ഉദയരവികരങ്ങൾ നീട്ടി വീശി

തിമിരമകന്നുതുടങ്ങി മന്ദമന്ദം

പ്രബലനെതിരിടാനടുത്തിടുമ്പോ-

ളബലനകന്നു ഭയന്നുമാറുമല്ലോ.

 

വലിയ ചുഴിയിലാണ്ടു കപ്പൽ മുങ്ങി-

ജലധിയിൽ നീന്തിയുഴന്നവന്റെ കണ്ണിൽ

കരയുടെയൊരു ദൃശ്യമെന്നമട്ടിൽ 

സലിയുടെ ദർശനവും ഭവിച്ചു നൂനം 

 

അവനിനിയണുവും നിരാശയില്ല

ക്ഷുധ ചെറുതില്ല പിപാസയില്ല തെല്ലും 

അവശത വഴിയാത്ര മൂലമില്ല 

സസുഖമവൻ ത്വരിതം നടന്നിടുന്നു.

 

വഴിയവനറിയാതെ പിന്നിടുന്നു, 

സമയവുമങ്ങനെതന്നെ നീങ്ങിടുന്നു, 

ഒരു ശുഭനിമിഷം! വലത്തുഭാഗ-

ത്തൊരു മണിമാളിക കണ്ടവൻ നടുങ്ങി. 

 

അതു പിതൃഭവനം; വികാരവായ്പാൽ 

ഹൃദയമിടിപ്പു കണക്കിലേറെയായി 

അവനവിടെയിരുന്നുപോയി; പൊട്ടി –

ക്കരയുകയായൊരു കൊച്ചുകുഞ്ഞിനെപ്പോൽ

 

പരിസരഭുവി സഞ്ചരിച്ച ഭൃത്യ-

പ്പരിഷകൾ കണ്ടവനേ,യറിഞ്ഞതില്ല 

അവരുടെ ഹൃദയത്തിൽ വച്ചു പൂജി –

ച്ചിടുകിലു,മത്ര വിരൂപനായ് കുമാരൻ. 

 

അതുവഴി ചിലർ പോയി ബന്ധുമിത്രാ –

ദികളവർ ഭിക്ഷയവന്റെ നേർക്കെറിഞ്ഞു 

അവരുടെയപരാധമല്ല, കാഴ്ച-

യ്ക്കവനൊരു യാചകനായിരുന്നു കഷ്ടം!

 

ഇരുനിലമണിസൗധമേറി വാഴും

പ്രഭുവൊരു നോക്കിനു പുത്രനേയറിഞ്ഞു 

“സലി-സലി-സലിതന്നെ”യെന്നുരച്ചി-

 ട്ടുടനടിയജ്‌ജനിതാവിറങ്ങി കീഴിൽ. 

 

കദനമധികമാകയാലെ ചിത്ത-

ഭ്രമമിതു വന്നുഭവിച്ചുവെന്നുതന്നേ 

ഹൃദി നിനവൊടുമമ്പരന്നമട്ടിൽ

പല പരിചാരകരങ്ങു നോക്കിനിന്നു. 

 

ഒരു ഞൊടിയിടകൊണ്ടു കൊള്ളിമീൻപോൽ

ജനകനണഞ്ഞു സുതന്റെയന്തികത്തിൽ

ഒരുപദമുരിയാടുവാൻ കഴിഞ്ഞി-

ല്ലടിയിണയിൽസ്സലിമോൻ തളർന്നുവീണു. 

 

ഇരുകരവലയത്തിനുള്ളിലാക്കി- 

പ്പുണരുകയാണവനെപ്പിതാവു ശീഘ്രം 

പിതൃസുതഹൃദയങ്ങൾ ചേർന്നമർന്നു, 

ഹൃദയമിടിപ്പുകൾ കൂട്ടിമുട്ടി തമ്മിൽ. 

 

തുടരെയൊഴുകുമശ്രുധാര, ഭാഗീ-

രഥിയമുനാനദികൾക്കു തുല്യമായി

അതിലിതു വിലയിച്ചുകൊണ്ടു പങ്കം

കഴുകുകയോ സലി, നീ വിശുദ്ധനാകാൻ? 

 

പലരുമിനിയുമോർക്കയാണിതെന്തോ? 

പ്രഭുവൊരു യാചകനെപ്പുണർന്നിടുന്നു. 

ഇരുവരുമൊരുപോൽക്കരഞ്ഞിടുന്നു”-

ണ്ടതിനകമുള്ള രഹസ്യമാരറിഞ്ഞു?

 

 “തരണമിവനു മാപ്പും രണ്ടു വാക്കൊ-

ന്നരുളുവതിന്നുഴറുന്നവന്റെ ചിത്തം 

അവസരമതിനേകിയില്ല താതൻ 

ഹൃദയവികാരമതിൽക്കവിഞ്ഞതല്ലോ. 

 

തഴുകിയപടി പുത്രനെപ്പിടിച്ചാ 

ജനകനകത്തു കടന്നു; രണ്ടുപേർക്കും 

അകതളിരിലുദിച്ചുയർന്ന ചിന്താ-

ഭരമനുവാചകർ തന്നെയോർത്തുനോക്കൂ.

 

ജനതതിയതിശീഘ്രമെത്തി വീട്ടിൽ

പരമനുമോദനമപ്പിതാവിനേകാൻ.

നിരവധി വിഭവത്തോടേ വിരുന്നു

ഝടിതിയൊരുക്കി കൃതാർത്ഥനായ താതൻ.

 

പലവക നടനങ്ങൾ വാദ്യഘോഷം

പലപല ഗായകർ ചേർന്ന ഗാനമേള

ഇതുവരെയറിയാത്ത മട്ടു പെട്ടെ-

ന്നഭിനവമുത്സവമൊന്നു തത കാണായ്.

 

സലിയൊരു മണവാളനെന്ന മട്ടാ-

ണവിടെയിരിപ്പതുയർന്ന പീഠമൊന്നിൽ 

ഇടയിടെയവനെപ്പുണർന്നു താതൻ

പുതിയ വിഭൂഷകൾ ചാർത്തിടുന്നു മെയ്യിൽ.

 

എട്ടാമുത്സവമെന്നുമങ്ങനെ നട-

ത്തീടും പിതാവുന്നതൻ

വിട്ടീടാ സലിമോൻ പിതാവിനെയിനി

ത്താന്തോന്നിയായ് പോയിടാ.

ജ്യേഷ്ഠൻ നല്ലവനെങ്കിലും പിതൃഗൃഹേ

സന്തോഷമേളങ്ങളാ

നഷ്ടപ്പെട്ടു മടങ്ങിവന്ന സലിമോ-

നെപ്പറ്റിയാണോർക്ക നാം.