നാലാം സർഗ്ഗം

യുവബാരിസ്റ്റർ ഗാന്ധിജിയേറ്റം
ചരിതാർത്ഥതയൊടുകൂടി
അവികൃതമാനസനംബുധി തിരികെ-
ത്തരണംചെയ്വതിനായി.
തുറമുഖസീമനിയെത്തിച്ചേർന്നു
ഭാരതനാടിനെയോർത്തു
കുറവില്ലാത്ത കൃതജ്ഞതയോടേ
യാംഗലനാടിനെ നോക്കി.
അനുയാത്രികരായ് വന്ന സഖാക്കളൊ-
ടുപചാരത്തൊടുമേറ്റം
വിനയത്തോടും യാത്രപറഞ്ഞു
കപ്പൽ കയറുകയായി.
കൂലംവിട്ടാക്കപ്പലകന്നു
വിജയാരവത്തോടേ
ചാലെ വാരിധിയുള്ളം കൈകളി-
ലേറ്റതിനെത്താരാട്ടി.
ഗാന്ധിജി ചിന്താശീലൻ തനിയേ
മുറിയിൽക്കയറീവേഗം
ചിന്താവീചി പരമ്പരയകമേ
നടനം ചെയ്യുകയായി
നാടിനെയോർത്തു, വീടിനെയോർത്തു,
പ്രിയദാരങ്ങളെയോർത്തു,
വീടുമുഴക്കികേളിനടത്തും
വത്സലപുത്രനെയോർത്തു.
മകനെക്കാണാൻ നാളുകളോരോ-
അക്ഷമയോടേയെണ്ണി
പകലും നിശയും തള്ളിവിടുന്നൊരു-
പ്രിയമാതാവിനെയോർത്തു.
കഷ്ടപ്പെട്ടും പണമുണ്ടാക്കി
പ്പഠനമഹാപരിപാടി
ഇഷ്ടംപോലെശുഭാപ്തിയിലാക്കി
ത്തീർത്തമഹാശയനായ
ജ്യേഷ്ഠനെ, ലക്ഷ്മീദാസിനെയോർത്തു,
പെരിയകൃതജ്ഞതയോടെ
പ്രേഷ്ഠകനിഷ്ഠ സഹോദരനവനോ-
ള്ള കടപ്പാടോർത്തു.
പരദേശത്തു പഠിക്കാൻപോകാൻ
പ്രേരിപ്പിച്ചവരേയും
കരളിൽക്കവിയും നന്ദിയൊടേ ബഹു-
മാനപുരസ്സരമോർത്തു.
ഭീതിയകറ്റാനാത്മാർത്ഥതയൊടു
നാമജപം പരിപൂതം
പ്രീതിയോടുപദേശിച്ചുവളർത്തിയ
‘രംഭ’യെയകമേയോർത്തു.
ജീവിതമെങ്ങനെ നാടിനുനന്മ-
യ്ക്കായി നയിക്കണമെന്നും
ഭാവിയിലെപ്പരിപാടികളെങ്ങനെ
ശരിയാക്കീടണമെന്നും
ഭാവിമഹാനാം ഗാന്ധിമഹാത്മാ-
വാലോചിച്ചവഗാഢം,
സേവനരംഗം പാരം ഹൃദ്യം
മനസാകണ്ടു വിശാലം.
കണ്ണുതിരിച്ചാലാഴിയപാര
വിശാലതയോടെ കാണാം.
പുണ്യപുമാനാമദ്ദേഹത്തിൻ
ഹൃദയത്തോടുസമാനം.
അംബരമേലാപ്പത്ഭുതമതിലു –
മനന്തമിതെല്ലാംനോക്കീ-
ട്ടംബുചരൻ പരമീശ്വരചിന്തയി-
ലാഴുവതും പതിവായി.
ദിവസംപലതും പോയതറിഞ്ഞി-
ല്ലൊരുനാളകലെക്കാണാം
കവിതാശകലം പോലൊരു കരയതു
ബോംബേത്തുറമുഖമല്ലൊ.
ആവർത്തിച്ചു ചിന്തകളെല്ലാ-
മരനിമിഷത്തിനുള്ളിൽ
കോവിദനെയാ വാഹനതല്ലജ –
മവിടെയണച്ചവിളംബം.
വരവേല്പിന്നായ് നില്ക്കുന്നവരു-
ണ്ടവിടെപ്പലരും മോദാൽ,
പരമാദരവൊടുയർന്നു തൊഴുകൈ,
കാലുകൾ മണ്ണിലുമൂന്നി
ഡോക്ടർ മേത്തായഭിവന്ദ്യൻ സ-
സ്നേഹം പുഞ്ചിരിയോടേ
ജ്യേഷ്ഠനൊടൊപ്പം നിലകൊള്ളുന്നു
സ്വീകരണത്തിന്നായി.
പുഷാമോദപുരസ്സരമരിക
ത്തെത്തി നമിച്ചൂ ഗാന്ധി
ശിഷ്ടനുമുടനേ മറുപടിനമനം
വാത്സല്യത്തൊടു നല്കി
ആംഗലദേശത്താരംഭിച്ചൊരു
പരിചയമിവിടെയുണർന്നു,
ഭംഗമകന്നു നവീകൃതമായി
ഗാന്ധി കൃതാർത്ഥനുമായി.
അനുമോദനമാശംസയുമെല്ലാം
ദീർഘിക്കാതെ കഴിഞ്ഞു
പുനരപിസോദരരാനീതരുമാ-
യദ്ദേഹത്തിൻഗേഹേ.
അതിഥികളായിട്ടൊന്നോ രണ്ടോ
നാളുകളവിടെത്തങ്ങി
അതിനിടയിൽ ചോദിച്ചൂ പലതും
വീട്ടിലെ വാർത്തകൾ ഗാന്ധി
പ്രിയമാതാവിന്നരികത്തെത്താൻ
ഗാന്ധി തിടുക്കംകൂട്ടി.
നയശാലിനിയൊടുചെയ്ത പ്രതിജ്ഞകൾ
ലംഘിച്ചില്ലെന്നോതാൻ.
നെഞ്ചുനിറഞ്ഞൊരു സന്തോഷത്താൽ
ബാഷ്പം വഴിയും കണ്ണും
പുഞ്ചിരികൊണ്ടു വിരിഞ്ഞൊരു ചുണ്ടും
മുഖവും മധുരിതവാക്കും
ഭാവനയിൽക്കാണുകയായ് ഗാന്ധിജി,
യമ്മയെവെല്ലും സ്നേഹം
ഭൂവിലറിഞ്ഞവനില്ലൊരു മർത്യൻ
ദ്യോവിലുമുണ്ടാകില്ല.
ഗൃഹസീമനി ചെന്നെത്താനെത്രയു-
മക്ഷമനായ് നിലകൊള്ളും
സഹജനോടെന്തോന്നരുളും? ലക്ഷ്മീ
ദാസിനു സംഭ്രമമായി.
മ്ലാനമുഖത്തൊടു കണ്ണുംതാഴ്ത്തി
ത്തറയിൽത്തന്നേ നോക്കി
മൗനംപൂണ്ട സഹോദരനിൽനി-
ന്നഹിതോദന്തം കേൾപ്പാൻ
ഇടവരുമെന്നു ധരിച്ചു ഗാന്ധിജി,
പലതരചിന്തകളാലേ
കിടിലംകൊണ്ടുഹൃദയം; സംഗതി
യറിയാൻ വ്യഗ്രതയായി.
വന്ദ്യൻ മേത്തയുമെത്തീ സംഗതി-
യാരാഞ്ഞപ്പോളേവം
ചൊന്നു ജ്യേഷ്ഠൻ മന്ദം ഗദ്ഗദ-
പൂർവ്വകശബ്ദത്തോടേ.
മോഹൻ വിദ്യോപാർജ്ജനനിരതിയിൽ
ശീമയിലാർന്നൊരുകാലം
ദേഹത്യാഗം ചെയ്തു ജനിത്രിയ-
തറിയിക്കേണ്ടും കാര്യം.
ദുസ്സഹമാനസ വേദനയവനാ
പരദേശത്തേപ്പാർപ്പിൽ
നിസ്സന്ദേഹം വരുവാനിടയു-
ണ്ടെന്നവിചാരം മൂലം
അറിയിക്കാതെ കഴിച്ചിതുവരെയും;
കൂടുതലായൊരുവാക്കും
പറയാനില്ലെ,ന്നവരജനോടിത
ക്ഷമ ഞാൻ യാചിക്കുന്നു.”
ഇരുവരുമൊത്തു കരഞ്ഞു,മേത്താ
സാന്ത്വനവാക്കുകളാലേ
യൊരുമാതുലനായ് വർത്തിച്ചവിടെയൊ-
രാശ്വാസപ്രദനായി.
ഏതാണ്ടെല്ലാം സന്തോഷംഹൃദി
മോഹൻ കണ്ടവയാകെ
മാതാവില്ലാതുള്ള ഗൃഹത്തി-
ന്നോർമ്മയിൽ മാഞ്ഞുമറഞ്ഞു.
ധന്യൻഗാന്ധി മനക്ഷീണത്താൽ
പാരംപരവശനായി
ഖിന്നതയെന്നവികാരം വിജ്ഞ-
ന്മാർക്കും ബാധകമല്ലൊ.
എങ്കിലുമതിനാൽ കൃത്യവിലോപം
വരുവാനിടയാകില്ല;
സങ്കുചിതാത്മകരാകില്ലാത്മ-
നിയന്ത്രണമുള്ളവരാരും.
വ്യർത്ഥവചസ്സുകളാണെന്നാലും
ചൊല്ലിയ ഭ്രഷ്ടിന്നെല്ലാം
തീർത്ഥസ്നാനത്താലേ ചെയ്തു
പ്രായശ്ചിത്തം ഗാന്ധി.
സമുദായത്തിൽ പ്രമുഖന്മാരാം
യാഥാസ്ഥിതികരെയാകെ
സമയോചിതമായ് ശാന്തിയിലാക്കാ-
മതിനാലെന്നവനോർത്തു.
തദനന്തരമവനെത്തീ നാട്ടിൽ,
ജന്മംനല്കിയ വീട്ടിൽ,
കദനത്തിന്റെയിരിപ്പിടമാണതു
മാതൃവിയോഗം മൂലം
കസ്തൂർബായുണ്ടോമന മകനും
കരളിൽ കുളിരേകീടാൻ
ചിത്താഹ്ളാദമതോർത്താലേവനു
മറിയാമെത്രയ പൂർണ്ണം!
ഭൂതകഥയ്ക്കു മനസ്സാന്നിദ്ധ്യം
കൊണ്ടൊരു യവനികതൂക്കി
ചേതസ്സുറ്റവനായിത്തീർന്നു
കാര്യനടപ്പിനു ഗാന്ധി.
ഭ്രാതാവിന്റെയഭിപ്രായങ്ങളി-
ലാദരവുള്ളവനായി-
ട്ടേതും ചെയ്യാൻ സന്നദ്ധതയു-
ണ്ടകമേയവനതിമാത്രം.
ഇരുവരുമാലോചിച്ചു മികച്ചൊരു
സദ്യയൊരുക്കീ വീട്ടിൽ,
വരുവതിനായിക്ഷണവുമയച്ചു
ബന്ധപ്പെട്ടോർക്കെല്ലാം.
ഒരു സന്തോഷം! യുവനിയമജ്ഞൻ
ഗാന്ധിജി ശീമയിൽനിന്നും
തിരികെയമംഗളലേശവുമെന്യേ,
വരുവാനിടയായ്; ഭാഗ്യം!
തിന്നുകുടിച്ചൊരു പന്തിയിലാഹ്ളാ-
ദിക്കുക സമുചിതമല്ലൊ
സന്ദർഭങ്ങളിതേവിധമെത്തി
ച്ചേരും വേളയിലെല്ലാം
അത്രയുമല്ലതിനകമേയാശയ-
മൊന്നു,ണ്ടായതുമോർത്താ-
ലുത്തമമല്ലൊ, സമുദായത്തിലെ
യുന്നത മൈത്രീബന്ധം.
യാഥാസ്ഥിതികരുമീർഷ്യാലുക്കളു-
മാകെസ്നേഹിതരാകാ-
നാതിഥ്യത്തിനു ശക്തിയതുല്യം
പണ്ടേയുള്ളതുതന്നെ.
എങ്കിലുമെല്ലാമുടനേഭവിക-
സമാപ്തിയിലായെന്നോർക്കേ-
ണ്ടെങ്കക്കാരുടെ ശബ്ദം ശേഷി
ച്ചോരോ മൂലകൾ തോറും.
എതിരില്ലാത്തൊരു കാര്യം ലോകം
കണ്ടിട്ടില്ലൊരു നാളും.
പതിരില്ലാത്തൊരു സത്യമതല്ലോ
പുതുമയുമില്ലതിലേതും.
വക്കാലത്തുതുടങ്ങണമതിനാ-
യൊന്നൊന്നായിട്ടോരോ
ഹൈക്കോടതികളെയോർമ്മിച്ചിരുവരു-
മാലോചിക്കുകയായി.
ലക്ഷ്മീദാസിനു ചിന്തയുദിച്ചു
ബോംബെപ്പട്ടണമായാൽ
പക്ഷേ നന്മ വരാനിടയുണ്ട്,
ന്നതിനാലവിടെപ്പോയി.
ഹൈക്കോടതിയിൽ ബാരിസ്റ്റർമാ-
രവിടെക്കെങ്കേമന്മാർ
വക്കാലത്തിൻ പുകളൊളിവീശി
ലസിച്ചീടുന്നൊരു കാലം
അവരുടെ വാദപ്രതിവാദങ്ങൾ
ശ്രദ്ധിക്കുന്നതുപോലും
ഭവികം ഭാവിയിലുണ്ടാകാനൊരു
മുഖവുരയായിത്തീരും.
ചെറിയൊരു വാടകവീട്ടിൽപ്പാർത്തു
യുവബാരിസ്റ്റർ ഗാന്ധി
നിറവും മോടിയുമുള്ളൊരു ബോർഡും
വീടിനുമുമ്പിൽ തൂക്കി.
പ്രായം തെല്ലുചെറുപ്പം,വാചാ-
ലതയുടെ കാര്യം ശോച്യം,
ന്യായം വാദിക്കാനെഴുനേറ്റാൽ
കായം തളരും പാടേ.
ആരാണവനൊരു കേസുകൊടുക്കുക?
ചെലവുവഹിക്കാൻപോലും
നേരുപറഞ്ഞാലവനാനിലയിൽ
കണ്ടില്ലൊരുവരുമാനം.
നന്നായെഴുതും ഹർജ്ജികൾ, വേണ്ടും
പ്രതിഫലമതിനുണ്ടാകാ-
മെന്നാലതുകൊണ്ടെന്തിനു തികയും?
ബോംബെപ്പട്ടണമല്ലേ?
നിയമംവായനയാണൊരു ജോലി,
കക്ഷികളെത്തുന്നില്ല
കൈയിൽ കാശും കുറവായപ്പോ-
ളാകുലചിന്തയിലാണ്ടു.
ആറുകഴിഞ്ഞൂ മാസം ബോംബെയി-
ലവിടംവിട്ടു വീണ്ടും
കൂറിനുകുറവില്ലാത്തൊരു ജ്യേഷ്ഠ-
ന്നരികത്തെത്തിച്ചേർന്നു.
രാജക്കോട്ടിൽ നന്നായ്ക്കഴിയും
വക്കീലാണദ്ദേഹം
സൗജന്യം സഹതാപവുമെല്ലാം
സോദരനോടുണ്ടായി.
വല്ലവിധത്തിലുമനുജനുമേൽഗ്ഗതി-
വരുവാൻ വേണ്ട സഹായം
കല്യൻചെയ്തതുമൂലം കേസുകൾ
കിട്ടി ചെറുതായാലും.
വരുമാനത്തിൻ നിലയോർക്കുമ്പോൾ
ബോംബെയിലേക്കാൾ ഭേദം,
ശരിയായൊരുവനു ചെലവിനുവേണ്ടതു
വന്നുതുടങ്ങീ കൈയിൽ.
അങ്ങനെയവിടെക്കഴിയും കാല-
ത്തിൻഡ്യാക്കാരുടെനേരേ
ഭംഗിക്കുറവായ് വെള്ളക്കാരുടെ
പെരുമാറ്റങ്ങളൊരോന്നും
കണ്ടുതുടങ്ങീ കേട്ടുതുടങ്ങീ
യനുഭാവപാഠവുമായി
കണ്ടില്ലേതും പ്രതിവിധിമാർഗ്ഗം
ക്ഷമയാലംബനമാക്കി.
വമ്പന്മാരൊടു ചോദ്യംചെയ്താൽ
നീതിപുലർത്താൻ മാത്രം
തൻപരിതസ്ഥിതി തല്ക്കാലംമതി-
യാകില്ലെന്നവനോർത്തു.
ഇന്ത്യാക്കാരനുപോലും വല്ലതു-
മുദ്യോഗംകൈവന്നാൽ
പൊന്തുമഹങ്കാരത്തെപ്പറ്റി-
പ്പറയാൻ വാക്കുകൾ പോരാ.
അഴിമതിവിളയാട്ടത്താലെവിടെയു-
മൃജുബുദ്ധികളുടെനേരേ
വഴിയില്ലൊന്നു തുറക്കപ്പെട്ടതു;
മാർഗ്ഗതടസ്സം മാത്രം.
സത്യം നീതിയുമില്ലാത്തവരൊടു
കൂടിപ്പഴകുവതോർത്താ-
ലത്യന്തം പരിതാപകരം;
ഹൃദി വിഷമപ്രശ്നമതേറ്റം
നിയമവിചക്ഷണനീവക സംഗതി
യെല്ലാം മാനസതാരിൽ
നയമൊടൊതുക്കിക്കൊണ്ടൊരു നേർവഴി
കാണാൻ നോക്കുകയായി.
“മുട്ടുന്നവനുതുറക്കപ്പെടു’മതു
തെറ്റില്ലാത്തൊരു സൂക്തം
കിട്ടുംപദ്ധതി നൂതനമൊന്നിഹ
മോഹൻദാസിനുമേവം.
സഹനം സമരം രണ്ടുമൊഴിഞ്ഞൊരു
വഴിയേപോകാനാകി-
ല്ലിഹലോകത്തിൽ; സത്യാന്വേഷിക-
ളതുവഴി വിജയം നേടും.
ഉണ്ടൊരു സമരമഹാമണ്ഡലമാ-
ക്കടലിന്നക്കരെയായി-
ട്ടിന്ത്യാക്കാരൻ പടനായകനെ
ക്കാത്തുകിടപ്പൂ ദൂരെ.
കൊണ്ടാടി സ്വാഗതമരുളീടാൻ
താവളവും ശരിയാക്കി-
ക്കൊണ്ടാണോരോ നിമിഷംപോക്കുവ-
താരറിയുന്നിക്കാര്യം?
സന്ദർഭം വന്നവിചാരിതമായ്,
ദക്ഷിണയാഫ്രിക്കായിൽ
ചെന്നെത്തീടാൻ ഗാന്ധിക്കിവിടെ
ക്ഷണവും വന്നുകഴിഞ്ഞു.
വ്യാപാരികളാമിൻഡ്യാക്കാരു
ണ്ടവിടെസ്സേട്ടുമാരായ്.
വ്യാപൃതശാഖകളെവിടെയുമുള്ളൊരു
‘ദാദാക്കമ്പനി’തന്നെ
‘അബ്ദുള്ളാക്കമ്പനി’യെന്നും പേർ
പറയും പലരും ‘ദാദാ-
യബ്ദുള്ളാ’യാണാരംഭകനതി-
നാലിതുരണ്ടുംചേരും.
ആരംഭംപോർബന്തറിലാണു
മികച്ച ധനസ്ഥിതിയോടെ
ദൂരവ്യാപകമായ നിലയേറ്റ-
മസൂയാർഹവുമായ്ത്തീർന്നു.
വലിയൊരു കേസുണ്ടാഫ്രിക്കായിൽ
കമ്പനിയാണതിൽവാദി
സലയുടെ സംഖ്യ പറഞ്ഞാൽ പവനൊരു
നാല്പതിനായിരമാകും.
വക്കീൽ വാഗ്മിയഭിജ്ഞനൊരാളു,
ണ്ടുപദേഷ്ടാവായ് ഗാന്ധി
നില്ക്കണമദ്ദേഹത്തിനു സാഹ്യം
നല്കാനവരുടെയാളായ്.
ആംഗലഭാഷാകുശലനുമതുപോൽ
നിയമവിദഗ്ധനുമായാൽ
സംഗതിവേണ്ടവഴിക്കു നയിക്കാ-
മങ്ങനെയീവിളി വന്നു.
ഏതായാലും പോകുകതന്നേ,
ഗാന്ധിജിയകമേയോർത്തു
ജാതാമോദം ജ്യേഷ്ഠൻ ലക്ഷ്മീ-
ദാസനുമനുമതിനല്കി.
