Fifth Verse

അഞ്ചാം സർഗ്ഗം


ഗാന്ധിജി തെക്കേയാഫ്രിക്കായിൽ 

കാലിണമുദ്രപതിച്ചൊരു സുദിനം, 

ബന്ധുരഭൂതലമച്ചേവടികളെ 

യാദരവോടു വഹിച്ചൊരുസുദിനം, 

ഗ്രന്ഥാവലിയുടെ നിർമ്മാതാക്കളി-

ലുത്തേജനമുളവാക്കിയ സുദിനം, 

സന്തതസുസ്മ‌രണയ്ക്കവകാശ-

പ്പെട്ട ജയശ്രീലാളിത സുദിനം! 

 

കേരളനാടിനുമേലായ് നിയതി 

കനിഞ്ഞു ഫലപ്രദമാക്കിയദേശം, 

നീരദപാളികടന്നു ചൊരിഞ്ഞു 

വരും മഴയേറ്റു കുളിർത്തൊരുദേശം, 

പരദേശികളാം ധനമോഹികളെ 

യാകർഷിച്ചു രസിക്കും ദേശം, 

ചരിതംവളരെ മഹാത്മാഗാന്ധി-

ക്കെഴുതാൻ വകയുണ്ടാക്കിയദേശം. 

 

മുന്തിരിയൊന്നാംതരമായ് വിളയും 

കൈതച്ചക്കയ്ക്കൊരു കുറവില്ല 

നേന്ത്രക്കായും സുലഭംതന്നേ 

ചോളംവിളയുമൊരളവില്ലാതെ 

ചന്തംപാരം ഗോതമ്പിൻ വിള-

ഭൂമികൾകാണാൻ; പച്ചക്കറികളു-

മെന്തെന്നില്ലാതെവിടെയുമുണ്ടു 

രസാലതരുക്കൾ ഫലസമ്പൂർണ്ണം. 

 

കാലികൾ, തിന്നുകൊഴുത്തു തടിച്ചവ 

യമ്പാടിയിലെക്കാളും കേമം. 

പാലുസമൃദ്ധം, നീഗ്രോകളുമു-

ണ്ടാദിനിവാസികളുടമസ്ഥന്മാർ. 

കാലപുരോഗതിയവരേയടിമക 

ളാക്കി; വിദേശികൾ വെള്ളക്കാരാ

 ശ്രീലമഹീതല ഭാഗത്തിന്നവ 

കാശികളായ് വാഴുകയാണിപ്പോൾ.

 

അവരുടെയെഴുനിലമാളികയുന്നത 

ഗോപുരനഗരവിശേഷവുമാണി 

ന്നവിടെത്തലപൊക്കി സ്ഥിതിചെയ്തതു, 

കുറവല്ലാളുകളിന്ത്യാക്കാരും. 

സുവിദിതമവിടേയ്ക്കിന്ത്യാക്കാരേ. 

വെള്ളക്കാരും നയിച്ചതുതന്നേ

യവരുടെയദ്ധ്വാനത്താൽവേണം 

ധനമാർജ്ജിക്കാനാഫ്രിക്കായിൽ.

 

നീഗ്രോജാതികളദ്ധ്വാനപ്രിയ

രല്ലെന്നുള്ളതു മാത്രവുമല്ല

നിഗ്രഹഭീതിയുമുണ്ടു വെളുത്തവർ

തോക്കുകളുപയോഗിക്കുകമൂലം,

 ആഗ്രഹസിദ്ധിക്കവരുതകുന്നവ 

രല്ലെന്നകമേ തോന്നുകയാലാ 

വ്യഗ്രമനസ്കന്മാരുടെ ദൃഷ്ടികൾ 

ഭാരതഭൂമിയിലേയ്ക്കു തിരിഞ്ഞു

 

 ബ്രിട്ടീഷ്ഭരണം തന്നേയവിടെയു 

മിവിടെയുമതിനാൽ സംഗതിയെല്ലാ-

മിഷ്‌ടംപോലെ നടക്കും, വേണ്ട 

തൊഴിൽക്കാരെത്തീയാഫ്രിക്കായിൽ. 

കിട്ടുംപണമെന്നുള്ള പ്രതീക്ഷ 

നിരക്ഷരകുക്ഷികളേയാകർഷി-

ച്ചൊട്ടുംമടിയില്ലാതെ തിരിച്ചു 

വീണ്ടും വീണ്ടും തവണകളായി.

 

കച്ചവടക്കാരെന്നല്ലവരൊടു 

ചേർന്നുകണക്കുകളെഴുതുന്നവരും നിശ്ചിതകാലവ്യവസ്ഥകളോടെ

 പലജോലിക്കാരവിടെയണഞ്ഞു.

പാശ്ചാത്യന്മാർക്കടിമകളായി 

ത്തീർന്നെന്നോതാം ചെന്നവരെല്ലാം; 

പുച്ഛംതന്നെയവർക്കു കറുത്ത 

മനുഷ്യരൊടാസ്ഥിതി ദുസ്സഹമല്ലൊ.

 

ഗാന്ധിജിയബ്‌ദുള്ളാ സേട്ടുവിനാൽ

 സാദരമവിടെ സ്വീകൃതനായി 

സ്വന്തംവസതിയിലാതിഥ്യത്തിലു, 

മധിവാസത്തിനുവേണ്ടതുചെയ്‌തു. 

ഇന്ത്യാക്കാരൻ യുവനിയമജ്ഞൻ, 

നീണ്ടൊരുകോട്ടു ശിരസ്ത്രം കാലുറ

 യെന്തൊരു വേഷപ്പുതുമയിതെന്നൊരു 

ചിന്തയുദിച്ചൂ സേട്ടുവിനകമേ.

 

വെള്ളക്കാരൊടു തെല്ലുപൊരുത്തവു-

മില്ലാത്തതിനാലാശയമീവിധ-

മുള്ളിലുദിച്ചതുമാത്രം; ശബ്ദി

ച്ചില്ലൊരുവാക്കും പുറമേ നേരെ.

അങ്ങനെയതിഥിക്കല്‌പം വിശ്രമ-

നിലയിൽനാളുകൾ രണ്ടോ നാലോ 

നീങ്ങി,യനന്തരമബ‌ള്ളായാൽ 

കച്ചേരിയിലേയ്ക്കാനീതനുമായ്.

 

തമ്മിൽപ്പരിചിതരാക്കിക്കൊണ്ടഭി-

ഭാഷകസവിധേമാന്യതയോടേ

 സമ്മോദത്തോടിരുത്തപ്പെട്ടു 

ഗാന്ധിജിസേട്ടുവിനാൽ കോടതിയിൽ.

കണ്ണുമിഴിച്ചു മജിസ്ത്രേട്ടാളിനെ-

യളവേനോക്കി,യൊരിന്ത്യാക്കാരൻ, പണ്യാപതിയുടെയാളാണെന്നും 

വെള്ളക്കാരനറിഞ്ഞവിശങ്കം.

 

“കോടതിയാണിതു” ഗാന്ധിജിയോടു

 സഗൗരവമോതി മജിസ്ത്രേ”ട്ടാർക്കും

 പാടില്ലിങ്ങനെ തലയും മൂടി 

ക്കെട്ടികൊണ്ടിതിനുള്ളിലിരിക്കാൻ 

പീടികയല്ലിതു, സത്വരമായതു 

മാറ്റണമതിനുമനസ്സില്ലെങ്കിൽ 

കോടതിവിട്ടുവെളിക്കു കടക്കണ-

മിവിടെയനാചാരങ്ങൾ നടക്കാ.”

 

വച്ചതലപ്പാവങ്ങനെതന്നെ 

യിരിക്കും; മാറ്റുകയില്ലെന്നുള്ളിൽ 

നിശ്ചയദാർഢ്യത്തോടെഴുനേറ്റു

വിനീതമനസ്ക്കനചഞ്ചലചിത്തൻ,

കച്ചേരിപ്പടിവാതിൽ കടന്നു

 നടന്നഭിമാനക്ഷതമേറ്റതിനാൽ 

വാച്ചവികാരത്തോടേ വസതിയി-

ലെത്തിത്തൂലികകൈയിലെടുത്തു.

 

ഒന്നാംതരമൊരു ലേഖനമെഴുതി-

പ്പത്രാധിപരുടെ പേരിലയച്ചു, 

വന്നൂ പിറ്റേദിവസംതന്നേ 

പത്രത്തിൽ, പലരും വായിച്ചു 

നന്നാണെന്നഭിനന്ദനമിന്ത്യാ-

ക്കാരവിടങ്ങളിലുള്ളവരെല്ലാ-

മൊന്നായ് ശബ്ദ്‌ദമുയർത്തീ സമരാ-

രംഭത്തിന്നതു കാഹളമായി.

 

‘എം.കെ. ഗാന്ധി’യിതാരെന്നേറ്റ-

മമർഷത്തോടേയാരാഞ്ഞു ചില 

വങ്കന്മാരാം പാശ്ചാത്യന്മാർ 

വേറെ ചിലരെ തിർലേഖനമെഴുതി,

അങ്കംതന്നെതുടങ്ങീ, സത്യം

 നീതിയിവയ്ക്കായാരാജ്യത്തിൽ 

തങ്കിയിരുന്നൊരു കാലംമുഴുവൻ 

തുടരേണ്ടുന്നൊരു ഭീകരസമരം.

 

ഓരോദിവസം ചെല്ലുന്തോറും

 ഗാന്ധിയറിഞ്ഞനുഭവപാഠത്താ-

ലാരാജ്യത്തിലെയിന്ത്യാക്കാരുടെ 

ദുസ്സഹയാതനയൊന്നൊന്നായി.

ബാരിസ്റ്റർമാരാകിലുമവരെ 

‘ക്കൂലി’കളെന്നഭിസംബോധനയാ-

ണാരുസഹിക്കുമതഭിമാനം ചെറു-

തെങ്കിലുമുള്ള തൊഴിൽക്കാർപോലും.

 

തീവണ്ടികളിലൊരിന്ത്യക്കാര-

നിരിക്കാൻ പാടില്ലൊന്നാംക്ലാസിൽ 

കൈവശമുള്ളതു നീതിക്കൊത്തൊരു 

ടിക്കറ്റാകിലുമില്ലൊരു വിലയും.

ഭാവം മാറും വെള്ളക്കാരനു

 “വേഗമിറങ്ങു മൂന്നാംക്ലാസിൽ

 പോവൂതാനെന്നാജ്ഞാപിക്കും 

പോയില്ലെങ്കിൽ തള്ളിയിറക്കും.

 

പൊതുവഴികളിലേ യാത്ര നിഷിദ്ധം,

 നിശയിലൊരിന്ത്യനിറങ്ങിക്കൂടാ 

സദനം വിട്ടു വെളിക്കൊരിടത്തും,

കണ്ടാൽ പോലീസവനെത്തല്ലും. 

ഹിതകരഭൂതല ശകലമൊരേട-

ത്തുടമസ്ഥതയിൽ കിട്ടാനാവി-

ല്ലതിനൊരു മൂലയിലുണ്ടൊരു ഭാഗ

 മകന്നു വസിക്കാൻ വേർതിരിവോടേ.

 

വ്യക്തിനിരക്കിൽ മൂന്നു പവൻ കര-

മങ്ങനെ താമസമാക്കും ജനത-

യ്ക്കാർക്കും വോട്ടവകാശവുമില്ല, മനുഷ്യ-

ത്വത്തിനു വിലയില്ലേതും. 

നില്ക്കും കാലടി നീക്കുന്നതിനു വഴിച്ചീട്ടും

 വാങ്ങണമൊഴിവെന്യേ.

മുക്കാലും-മുഴുവൻ തന്നെയുമെ-

 ന്നോതണവിടത്തേയടിമത്തം.

 

വെള്ളക്കാരുടെ പെരുമാറ്റത്തി-

ലനീതി,യഹംഭാവത്തിരയടിയും 

കൊള്ളരുതായ്മ‌കളനവധിയെന്നു 

മഹാത്മാഗാന്ധിയറിഞ്ഞു കഴിഞ്ഞു.

തള്ളും തല്ലുംകിട്ടി പലപ്പൊഴു-

മവഹേളനവും; സച്ചരിതന്മാർ

 ക്കുള്ളഗുണം ക്ഷമ, യതിനാലപജയ-

മുണ്ടായില്ല നിരാശയുമേതും.



എന്തിനു വളരെപ്പറയുന്നഭിമാ-

നംചെറുതെങ്കിലുമുള്ളവനാകിലൊ-

രിന്ത്യാക്കാരനുമവിടെപ്പാർക്കാ-

 നന്നത്തേനില പറ്റിയതല്ല.

സ്വന്തം കാര്യം വിട്ടു മഹാശയ-

നവഗാഢം ചിന്തിക്കുകയായി 

സ്വന്തംജനതയ്ക്കെങ്ങനെ വേണ്ടും 

സ്വാതന്ത്ര്യം കൈവരുമെന്നവിടെ.

 

നയവും കഴിവുംകൊണ്ടുമികച്ചവ-

നബ്ദുള്ളായുടെയാവ്യവഹാരം, 

വ്യയപരനഷ്ട‌ം വാദി പ്രതികൾ

 ക്കമിതം വരുവതുതടയാനായും

 ജയമപജയവും വിധിയാലറിയാൻ 

കാലംവിളംബംപരിധിയിലധികം 

നിയമജ്ഞൻകാണുന്നതിനാലും

രാജിയിലാക്കിയൊതുക്കിത്തീർത്തു.

 

ചിന്തിക്കുന്നതുപോലെയെളുപ്പം

സാധിക്കുന്നൊരു സംഗതിയല്ലിതു ശാന്തിപ്രിയനിതിനായിക്കഴിവുക-

ളങ്ങേയറ്റം വിനിയോഗിച്ചു. 

സന്തത വിദ്വേഷവുമുളവാകാം 

വിധിയൊടുകൂടിക്കക്ഷികൾ തമ്മില-

തെന്തിനു? രമ്യതയത്രേ ഗാന്ധിജി 

തേടിയതഭിഭാഷകവൃത്തിയിലും.

 

ഉദ്ദേശിച്ചതിലുപരി മനസ്സ-

ന്തുഷ്ടിപ്രദമായുള്ള സമാപ്‌തിയി-

ലബ്‌ദുള്ളായുടെ വ്യവഹാരം ചെ-

ന്നെത്തിയതോർത്താൽ വലിയൊരുകാര്യം.

അദ്ദേഹത്തിനുമൊട്ടെല്ലാർക്കും

 വക്കീൽ ഗാന്ധിജി സമ്മതനായി വർദ്ധിതകൃതകൃത്യതയൊടൊരുങ്ങീ 

നാട്ടിനുതിരിയെപ്പോരേണ്ടതിനായ്

 

സേട്ടുവിനുള്ളുനിറഞ്ഞ കൃതജ്ഞത, 

യതുപോൽ തെല്ലൊരുകുറവില്ലാതെ

 പെട്ടികൾനിറയെപ്പണവും; നല്ല 

വിശാലമനസ്കനുമാണദ്ദേഹം.

ഇഷ്ടൻ ഗാന്ധിയെവെറുതേയങ്ങനെ 

വിട്ടാൽപോരാ,യാത്രയയപ്പിനു

 ശിഷ്ടൻ മിത്രരെയാകെവിളിച്ചൊരു 

സദ്യനടത്തീവിഭവസമൃദ്ധം.

 

ഒന്നുമനുഷ്യൻ ചിന്തിക്കുമ്പോൾ 

മറ്റൊന്നാകാമീശ്വരഹിത,മതു 

വന്നുഭവിക്കും നേരത്തെന്യേ

 മുന്നറിവൊരുവനുമുണ്ടാകില്ല.

അന്നത്തെസ്സഭ മംഗളകരമായ് 

ത്തീർന്നെന്നോതുകതീർത്തും ശരിയാ-

ണെന്നാൽ പ്രാരംഭവുമിട്ടതിലൊരു 

വൻകാര്യത്തിന്നവിചാരിതമായ്.

 

‘നെറ്റാൾ മർക്യുറി’യെന്നൊരുപത്രം

 ശ്രദ്ധാർഹംവന്നൊരു ലേഖനമതി, 

ലുറ്റസഖാവൊരുവൻ ഗാന്ധിജിയെ 

സ്സഭപിരിയുംമുമ്പതുകാണിച്ചു.

തെറ്റില്ലാതെ ധരിച്ചതിലുള്ളൊരു 

വികടാശയഗതിയെല്ലാം മതിമാൻ,

മറ്റുള്ളവരെയുമതുകാണിച്ചൊരു 

വിശദീകരണം ശരിയായ്‌നല്കി.

 

പണ്ടേതിൽപ്പരമിന്ത്യാക്കാരെ-

യടിമകളാക്കിത്തീർക്കാൻ ബില്ലൊ-

ന്നുണ്ടാക്കിക്കൊണ്ടുള്ള പരിശ്രമ-

മവിടെ നടക്കുകയാണക്കാലം.

 കൊണ്ടുവരും സത്വരമതു നിയമ-

മഹാസഭമുമ്പാകേയെന്നിങ്ങനെ 

കണ്ടൊരുലേഖനമോതും കാര്യം 

നന്നായ് ബോദ്ധ്യപ്പെട്ടെല്ലാർക്കും.

 

“അതു സാധിക്കി”ല്ലെന്നെല്ലാവരു

 മാർത്തുവിളിച്ചഭിമാനത്തോടേ

 പ്രതിവിധിയെന്തെന്നതുമാലോചി-

ച്ചെന്നത്തേയാസഭയിൽത്തന്നേ. 

പൊതുസംഘടനവിളംബംകൂടാ-

തൊന്നുണ്ടാകണമിന്ത്യാക്കാർക്കെ-

ന്നതു നിശ്ചയമായ് രേഖപ്പെട്ടൂ

 ഗാന്ധിജി നേതാവാകണമെന്നും.

 

റദ്ദാക്കരുതോ തല്ക്കാലത്തേ 

യാത്രാപരിപാടികളെന്നും പല-

രദ്ദേഹത്തൊടു ചോദ്യംചെയ്തു 

തുടങ്ങിയൊരഭ്യർത്ഥനരൂപത്തിൽ 

അബ്ദു‌ള്ളായും വർത്തകസംഘ-

നിയന്താക്കന്മാർ പലരും യോജി-

ച്ചുദ്ദേശിച്ചതിലുപരിധനത്താൽ 

പിൻബലവും വാഗ്ദ‌ാനംചെയ്തു.

 

പൊതുനന്മയ്ക്കായുള്ള പ്രവർത്തന, 

മതിലേർപ്പെടണം കഴിവുള്ളവനെ-

ന്നിതിചിന്തിച്ചവിടത്തേവാസം 

ദീർഘിപ്പിക്കാൻ ഗാന്ധിയുറച്ചു.

അതിനായുടനേ സ്ഥാപിതമായി 

‘നെറ്റാൾ ഇൻഡ്യൻ കോൺഗ്രസ്സ’തിനൊരു 

മതവും ജാതിയുമില്ലവിടത്തേ 

യിന്ത്യാക്കാരെല്ലാമംഗങ്ങൾ.

 

“ഒത്തുപിടിച്ചാൽ മലയും പോരു’മൊ 

രൊറ്റക്കെട്ടായ് നിന്നെല്ലാവരു 

മെത്രപണിപ്പെട്ടാലും നേടണ 

മഭിമാനവുമവകാശവുമെന്നായ്

 പ്രസ്‌തുതബില്ലിന്നൊന്നാം വായന

 തീർന്നതറിഞ്ഞു കമ്പിയടിച്ചു 

നിർത്തണമുടനേയാലോചനയെ-

ന്നറിയിച്ചുധീരതയൊടു സഭയെ.

 

ഹർജിയയച്ചൂ പുറകേതന്നേ

 ചൂണ്ടിക്കാണിച്ചാക്ഷേപങ്ങൾ, 

വർജ്ജിതമായിത്തീർന്നവയെല്ലാ-

മങ്ങനെ ബില്ലവർ വിജയിപ്പിച്ചു. 

ആർജിതനീതിയിലഭയം തേടിയ

ഗാന്ധിജി തെല്ലും നിരാശപ്പെട്ടി-

ല്ലൂർജ്ജസ്വലനായ് ജോലിതുടർന്നു

വിജയംവരെയും പിന്മാറാതെ.

 

റിപ്പൺ പ്രഭുവാണന്നു കൊളോണിയൽ 

സെക്രട്ടറി നല്ലൊരുനീതിജ്ഞൻ; 

ക്ഷിപ്രം പത്തു സഹസ്രത്തിൽപ്പര 

മാളുകളുടെ പേർചേർത്തൊരപേക്ഷ 

ഒപ്പുകളോടൊത്തദ്ദേഹത്തി-

നയച്ചതു ലണ്ടനിലെത്തിച്ചേർന്നു. 

നിഷ്ഫലമായില്ലതിനാൽ ബില്ലുതകർന്നു

പൊടിഞ്ഞു വർഗ്ഗീയതയും.

 

ഓർത്താലിതു വലുതായൊരുനേട്ടം; 

പേർത്തും സമരം തുടരുകയായി, 

വർത്തകരായും കർഷകരായും 

വളരുകയാണിന്ത്യാക്കാരവിടെ, 

ശക്തന്മാരവരിങ്ങനെ പോയാൽ 

താമസമെന്യേ തങ്ങളെയോടി-

ച്ചാസ്ഥലമെല്ലാം കൈവശമാക്കിടു

 മെന്നിതി വെള്ളക്കാർക്കൊരുഭീതി.

 

വെള്ളം കോരിച്ചവരെക്കൊണ്ടഥ

 വിറകും വെട്ടിച്ചടിമകളാക്കി

ക്കൊള്ളരുതാത്തവരാക്കിയമർത്തി 

ത്തലപൊക്കാത്തനിലയ്ക്കു ഭരിക്കാൻ

 വെള്ളക്കാരുവിചാരിച്ചാലും 

തൊലിയുടെവെണ്മയിലെന്യേയൊരുകുറ-

വുള്ളവരായിക്കാണാനൊത്തി-

ല്ലാർക്കും ഭാരതമക്കളെയെങ്ങും.

 

ഗാന്ധിജിയുടെ സാന്നിദ്ധ്യം കൂടാ-

താഫ്രീക്കായിൽകഴിയാൻ വയ്യെ-

ന്നിന്ത്യാക്കാർക്കവബോധനമുണ്ടാ 

യന്നത്തേനിലയാലവിശങ്കം. 

“എന്തും ചെയ്യാമാത്മാർത്ഥതയൊടു

 ഞങ്ങൾക്കങ്ങൊരുനേതാവായി-

പ്പിന്തിരിയാതിഹനില്ക്കാൽ ദയവു-

ണ്ടാകണ”മെന്ന വരഭ്യർത്ഥിച്ചു.

 

സേവനതല്പരനാണു മഹാത്മജി 

സ്വന്തം ജനതയ്ക്കദ്ദേഹത്തിൻ

 സേവനമവിടെയവശ്യം വേണ്ടും 

കാലമതെന്നും നന്നായറിയാം 

ആവശ്യം പോലവിടെത്താമസ-

മാക്കാനില്ലതടസ്സം, നാട്ടിൽ 

പോവാനാശ കുടുംബത്തേയും 

കൂടെക്കൊണ്ടുവരേണ്ടതിനായി. 

 

ആണ്ടുകൾ മൂന്നുകഴിഞ്ഞതിനിടയിൽ; 

കേവലമവിചാരിതമായ്ത്തന്നേ 

വീണ്ടും കാലവിളംബത്തിനുവഴി 

നീണ്ടുകിടക്കുന്നതു കാണുമ്പോൾ 

രണ്ടാമാശ്രമജീവിതധർമ്മ-

മുദാസീനതയുടെയാഴത്തിൽപര

 മാണ്ടുകിടന്നാൽ പുരുഷായുസ്സിനു 

ചേർന്നകളങ്കമതെന്നവനോർത്തു. 

 

അതുമല്ലഭിമാനികളാം ഭാരത 

സന്താനങ്ങളെയാഫ്രിക്കായിൽ 

ചിതമല്ലാതെ ഞെരുക്കുംകാര്യം 

നാട്ടിൽത്തെല്ലൊന്നറിയിക്കാനും 

ഹിതകരപോംവഴിയാരായ‌തിനും 

സാധിച്ചിടുമീയാത്രയിലെന്നു-

ള്ളതുമുദ്ദേശം കരളിന്നകമേ 

യുണ്ടെന്നുള്ള തു നിശ്ചയമല്ലൊ.

 

ഏതാനും മാസത്തേയവധിയി 

ലാഫ്രീക്കാവിട്ടിന്ത്യയിലെത്തി, 

ജാതാമോദം കല്ക്കട്ടാവഴി 

യെത്തിച്ചേർന്നൂബോംബേപ്പൂരിയിൽ.

 ഏതും താമസമുണ്ടായില്ല, 

രാജക്കോട്ടിൽ ചെന്നിട്ടുടനെ 

നേതാക്കന്മാരായിട്ടറിയ-

പ്പെട്ട മഹാന്മാർ പലരെക്കണ്ടു 

മാന്യൻ തിലകമഹാരാജാവിനെ, 

ജി.കെ. ഗോഖലെയെന്ന മഹാനെ, 

ധന്യൻ പ്രോഫസർ ഭന്ദക്കാരേ, 

മേത്താ, റാണഡെ മുതലായവരെ, 

പ്പിന്നെപ്പല പത്രാധിപർമാരെയു, 

മാദ്യം പരിചയമാർജിക്കുകയാ-

ണെന്നാലും പറയേണ്ടും കാര്യം 

നന്നായ്പ്പറയാൻ ശങ്കിച്ചില്ല.

 

ഇരുപത്തഞ്ചുവയസ്സേയുള്ളൂ, 

ഗാന്ധിമഹാശയനാണെന്നറിയാ-

നൊരു മുഖപരിചയമൊരുസംഭാഷണ 

മേതൊരഭിജ്ഞനുമേറ്റം പോരും 

പറയും വാക്കിനു വിലവയ്‌പുണ്ടാ 

ന്നറിയാനിടയായതിനാൽത്തന്നെ 

കുറവില്ലാത്തൊരു പ്രോത്സാഹനവും 

ചരിതാർത്ഥതയും കരളിലുണർന്നു.

 

ഒരു ലഘുലേഖതയാറാക്കിപ്രതി 

പതിനായിരമച്ചടിയിലെടുത്തു 

ശരിയായിട്ടതു ചിത്രിക്കുകയാ-

ണാഫ്രിക്കായിലെയിന്ത്യാക്കാരെ.

വെണ്ടയ്ക്കാലിപിയിൽ ശീർഷകമായ് 

ലേഖനമിട്ടൂ പലപത്രങ്ങളു-

മിണ്ടലൊടതു കണ്ടെഴുതുകയായി പ്ര-

 സംഗവുമായീതുടരെപ്പലരും 

ഉണ്ടായീ വലുതായൊരുകമ്പം 

‘റോയിട്ട’രുമതിനൊത്തുടനേയിം-

ഗ്ലണ്ടിനുനേർക്കൊരു കമ്പിയടിച്ചു.

പിന്നത്തെക്കഥ പറയാനില്ല

 

അവരുടെ ലണ്ടൻ വാർത്താവിനിമയ

ജോലിക്കാരുടെ കമ്പിയുമതുപോ-

ലവിളംബം നെറ്റാളിൽ ചെന്നി-

ട്ടവിടെ സൃഷ്ട‌ിച്ചൊരു ഭൂകമ്പം

ഇവിടെ പൊതുജനഹൃദയങ്ങളിലേ

 യാശയഗതികൾ നിരീക്ഷിച്ചറിയാ-

നവിടെപ്പലനഗരങ്ങളിലും 

പൊതുയോഗങ്ങൾ മുറയ്ക്കുനടത്തി.

 

ബോംബെ പുനാ മദിരാശിയുമഥ

കല്ക്കട്ടായും ഗാന്ധികടന്നു, 

കമ്പക്കാരൻ കമ്പമകന്നൊരു 

വാഗ്മിതയോടേ ചെയ്‌തുപ്രസംഗം

മുമ്പോട്ടുള്ള ഗതിക്കു വിഘാതം; 

ഡർബാനിൽത്തൽക്ഷണമെത്താനായ് 

 

കമ്പിവഴിക്കാഹ്വാനം വന്നു

കാര്യം നിയമസഭാസംരംഭം.

ഒരുമാസം കഴിയുമ്പോളവിടെ

 സ്സഭയുടെ നടപടിയാരംഭിക്കും

 ശരിയായിന്ത്യാക്കാരുടെ കാര്യം

 പറയണമെങ്കിൽ ഗാന്ധിജിവേണം.

അരുമസ്സുതരും പ്രിയദാരങ്ങളു-

മൊത്തുടനേയവിടേയ്ക്കു തിരിക്കാൻ

പരിപാടികളൊരു തെറ്റില്ലാതെ 

യുറപ്പിച്ചേർപ്പാടെല്ലാം ചെയ്തു.

 

അബ്ദുള്ളാക്കമ്പനിയുടെ വകയായ് ‘

` കൂർലാണ്ടെ’ന്നൊരു കപ്പലിലത്രേ-

യദ്ദേഹത്തിനു പോകാനൊത്തതു 

കമ്പനിയുടെയൗദാര്യത്തോടേ 

ഉദ്ദേശിച്ചതുപോലെ കുടുംബ-

സമേതം സസുഖം കയറീ കപ്പലി-

ലദ്ദേശത്തേയ്ക്കിതു ഗാന്ധിജിയുടെ

 രണ്ടാം യാത്രയവിസ്‌മരണീയം.

 

കസ്‌തൂർബായുടെ മീൻകണ്ണുകൾ ഈ-

ലോകം കാണാത്തവയാണല്ലൊ 

വിസ്തൃതപാരാവാരം കാണ്മതു 

വിസ്മിത നോട്ടത്തോടേയാവാം.

ഓർത്താലും മഹതീ, ഗാന്ധിജിയുടെ 

സഹധർമ്മിണി നീ;യിനിയുമിതിൽ പര-

മത്യത്ഭുതകര നാടകവേദികൾ 

സ്വാഗതമോതുന്നുണ്ടു നിനക്കായ്.