ആറാം സർഗ്ഗം

വീണ്ടും വരുന്നുണ്ടു ഗാന്ധിജിയെന്നുകേ-
ട്ടുണ്ടായി സംഭ്രമം ദക്ഷിണാഫ്രിക്കയി-
ലുണ്ടായിരുന്ന വെള്ളക്കാർക്കതേവിധ-
മിൻഡ്യൻ ജനങ്ങൾക്കതീവ സന്തോഷവും.
ഒട്ടേറെയിന്ത്യൻ തൊഴിൽക്കാരെയൊന്നിച്ചു
കൂട്ടിപ്പുറപ്പെട്ടിരിക്കയാണദ്ദേഹ-
മൊന്നല്ല രണ്ടാണു പോതങ്ങൾ രണ്ടിലും
നന്നായ് നിറച്ചാളുമുണ്ടെന്നു കേട്ടവർ.
ഏവം മഹാജനക്കൂട്ടമെത്തീടുകിൽ
കൈവിട്ടുപോയേക്കുമാഫ്രിക്കയെന്നുളള
ഭീതിയാലാംഗ്ലേയരാർത്തരായന്ധരായ്
നീതിയെപ്പോലും വെടിഞ്ഞുചിന്തിക്കയായ്.
അങ്ങുമിങ്ങും ചേർന്ന ഗുഢസംഘങ്ങളിൽ
പൊങ്ങിത്തുടങ്ങീയഭിപ്രായമെത്രയോ?
ആരെയും തന്നേ കരയ്ക്കിറക്കീടാതെ
നേരെ മടക്കി വിട്ടീടണം കപ്പലെ-
ന്നേകസ്വരത്തിൽ, പറഞ്ഞിട്ടു നിശ്ചയം
ഭീകരം ചെയ്തവർ സംഗ്രാമഹേതുകം.
സത്യത്തിനേതും നിരക്കാതെയെത്രയോ
വാർത്താപ്രചാരം നടക്കുന്നനേകധാ
അത്യുക്തിയാകാമസത്യമായും വരാം
ചീത്തസങ്കല്പങ്ങളാണെന്നതും വരാം
രണ്ടാണു കപ്പൽ തൊഴിൽക്കാരുമൊട്ടേറെ
യുണ്ടായിരുന്നു; സത്യം പറഞ്ഞീടുകിൽ
ഗാന്ധിജിക്കാസമൂഹത്തോടശേഷവും
ബന്ധമുണ്ടായിരുന്നില്ല നിസ്സംശയം.
കണ്ടാൽ തിരിച്ചറിഞ്ഞീടും മുഖംപോലു-
മുണ്ടായിരുന്നില്ല കൂട്ടത്തിലെങ്ങുമേ.
ആരാണിതൊക്കെയാരായുന്നതക്ഷമ-
ന്മാരായിരുന്നു വെള്ളക്കാരശേഷവും
ഭാരതത്തിൽ പ്രവർത്തിച്ചിരുന്നപ്പോഴേ
യാരബ്ധമായ്ത്തീർന്ന വൈരം വളർന്നഗ്നി
-പർവ്വതംപോലെയാ, യുദ്വമിക്കുന്നതോ
ഗർവ്വോടമർഷമാം ധൂമമാണെപ്പൊഴും.
ഗർഭസ്ഥിതം ദുർന്നയങ്ങളും പിന്നാലെ-
യുൽപ്പതിപ്പിക്കപ്പെടും വിളംബംവിനാ.
“ആ മഹാദ്രേഹി വന്നെത്തട്ടെ കാൽപ്പാദ
മീമണ്ണിലെങ്ങാൻ തൊടാൻ തുനിഞ്ഞെങ്കിലോ
ആണുങ്ങളാണു നാമെന്നു നിസ്സംശയം
കാണിച്ചു നല്ലപാഠം പഠിപ്പിക്കണം”
ഏവം പരസ്പരം ദുർമന്ത്രണം ചെയ്തു
മേവുന്നനേരത്തൊരത്ഭുതം; വാർദ്ധിയിൽ
ഊക്കൻ പ്രകമ്പനം, സംഭ്രമിച്ചേവരും
വായ്ക്കുന്ന ഭീതിയാൽ ബാക്കിയെന്തോതിടാം!
യാനപാത്രങ്ങളേയമ്മാനമാടുന്നു
നാനാവശത്തേയ്ക്കു തട്ടുന്നു പന്തുപോൽ
വക്തം പിളർന്നു പാഞ്ഞെത്തുന്ന ഘോരയാം
മൃത്യുവെക്കാണും പ്രതീതിയായേവനും
എന്താണു ചെയ്യേണ്ടതെങ്ങോട്ടുപോകേണ്ട-
തന്ത്യം മഹാസിന്ധുവിൽത്തന്നെയെന്നതോ?
അമ്മയെ കെട്ടിപ്പിടിക്കുന്നു കുഞ്ഞുങ്ങ-
ളമ്മകെട്ടിപ്പിടിക്കുന്നു തൻകാന്തനെ.
കൂട്ടമായുണ്ടായ ദീനപ്രരോദനം
വിഷ്ടപേശൻ കേട്ടിരിക്കണം വ്യക്തമായ്.
എന്നാലുമാക്കൊടുംകാറ്റിൻ്റെ താണ്ഡവം
നിന്നു നേരത്തോടുനേരം തുടർച്ചയായ്.
നിശ്ചഞ്ചലൻ ഗാന്ധി പ്രാർത്ഥിച്ചു നിന്നിരു
ന്നുച്ചത്തിലല്ല നിശ്ശബ്ദനായ് ഭക്തനായ്.
ആർത്തും വിളിച്ചും ജഗന്നിയന്താവിനോ-
ടർത്ഥിച്ചനഭ്യസ്തതവിദ്യരും വേണ്ടപോൽ.
ചെന്നെത്തിടും സ്ഥലത്തുണ്ടാകുമീമട്ടി-
ലൊന്നാന്തരം കൊടുങ്കാറ്റൊന്നു രാഷ്ട്രീയം
എന്നുകാണിക്കുവാനായിരിക്കില്ലയോ
വന്നതീക്കാറ്റു പണ്ടില്ലാത്തരീതിയിൽ?
ഏതാകിലും മഹാവാതം നിമിത്തമായ്
യാതൊരാപത്തുമുണ്ടായതില്ലാർക്കുമേ
രക്ഷകൻ വഞ്ചിയിൽ നിദ്രചെയ്യുന്നെങ്കി-
ലക്ഷീണരാണു നാം കാറ്റിലും കോളിലും.
പോതങ്ങൾ ചെന്നെത്തി ഡർബാൻ തുറമുഖ-
ത്താതങ്കമില്ലാതെ, നങ്കൂരമിട്ടുടൻ.
പെട്ടെന്നു യാത്രികന്മാരെയിറക്കുന്ന
ചട്ടമില്ലായ്കയാൽ നാലഞ്ചു നാളേയ്ക്കു
കെട്ടിക്കിടക്കേണ്ടതായ് വന്നു; യാത്രികർ-
ക്കൊട്ടും പകർച്ചരോഗങ്ങളില്ലെന്നുള്ള
സാക്ഷി കിട്ടീടണം നാട്ടിൽ ചവിട്ടുവാൻ
ശിക്ഷിതൻ വൈദ്യനിൽനിന്നു വേണ്ടുംവിധം
ന്യായത്തിനായ് ക്ഷമിച്ചാനാളുകൾ; വീണ്ടു-
പായങ്ങളോരോന്നു കെട്ടിച്ചമച്ചുകൊ-
ണ്ടായുസ്സു പാഴാക്കി നിർവീര്യരാക്കിയി-
ട്ടായാത്രികന്മാരെ വിട്ടയച്ചീടുവാൻ,
പ്രത്യേകമായ് ഗാന്ധിയാഫ്രിക്കയിൽ വീണ്ടു-
പത്തുക്കളൂന്നിക്കടക്കാതിരിക്കുവാൻ
നാലാറു നാളുകൾ വീണ്ടും തടഞ്ഞുവ-
ച്ചാലോചനാമഗ്നരായ്ക്കഴിച്ചാനരർ.
പേർത്തും ചൊരിഞ്ഞാലതുജ്വലിച്ചാളിടും.
മക്കളെച്ചിന്തിച്ചു ദക്ഷിണാഫ്രിക്കയെ
നോക്കി നോക്കിക്കേണു കാലംകഴിക്കുന്ന
വീരപ്രസൂ ഭാരതാംബതൻ കണ്ണിലേ-
തോരാത്ത കണ്ണു നീർനിശ്ശേഷമൊപ്പുവാൻ
ആവേശപൂർവ്വം പുറപ്പെട്ടിരിക്കുന്നൊ-
രാവമ്പനോടുള്ള സംഘട്ടനം പരം
ശക്തിയും നല്കുമദ്ദേഹത്തി-
നക്കാര്യമാംഗ്ലേയരോർക്കാത്തതത്ഭുതം.
ഏറെപ്പയറ്റിനോക്കീട്ടു ഫലിച്ചില്ല
‘ക്വാറന്റയിൻ’ തീർന്നിറങ്ങിയെല്ലാവരും.
ഗാന്ധിയെക്കണ്ടാൽ ചവച്ചിറക്കാൻമാത്ര-
മന്തരാവിദ്വേഷമുണ്ടായിരുന്നവർ
ഒട്ടല്ല നാട്ടിൽ, സുരക്ഷിതത്വം നല്കി
വീട്ടിലേയ്ക്കാനയിച്ചീടുവാനും തഥാ.
മക്കളോടൊത്തു കസ്തൂർബായെയാപത്തു
നീക്കുവാൻ വണ്ടിക്കകത്താക്കി സത്വരം
ബുദ്ധിപൂർവ്വം തന്നെയാത്മമിത്രങ്ങൾ ചേർ-
ന്നുദ്ദിഷ്ടഗേഹത്തിലാക്കിക്കൃതാർത്ഥരായ്.
ഇന്ത്യൻ വണിഗ്വരന്മാർക്കു വക്കീലായി
ഗാന്ധിക്കു വിശ്വസ്തമിത്രമായ് വിജ്ഞനായ്
ലാഫ്ട്ട(ലോട്ട)നെന്നുണ്ടൊരാളെത്രയും നല്ലവൻ,
കൂട്ടത്തിലൊന്നിച്ചുകൊണ്ടുപോയ് ഗാന്ധിയെ.
രണ്ടുപേരും പാദയാത്രയായ് പോകവേ
കണ്ടെത്തിവൈരികൾ ഗാന്ധിയെ, ദുർഗ്ഗതി!
ഒത്തുചേർന്നാർപ്പിട്ടു ഗാന്ധിനാമം വിളി-
ച്ചെത്തിവീണ്ടും വൈരിവർഗ്ഗം തുടർച്ചയായ്.
ലാഫ്റ്റനിൽനിന്നകറ്റിക്കൊണ്ടു ഗാന്ധിയെ
ച്ചുറ്റിച്ചമച്ചു പത്മവ്യൂഹമാഗണം.
മാത്രകൾതോറുമാ വ്യൂഹം വളർന്നിട്ടു
യാത്രയ്ക്കുതാനേ വിരാമമായെന്നല്ല,
ഗാത്രസംരക്ഷണം സാദ്ധ്യമല്ലാതെയായ്
ശത്രുവർഗ്ഗത്തിൻ്റെ മർദ്ദനംഹേതുവാൽ.
കല്ലേറുപോരാഞ്ഞു ചീമൊട്ടകൊണ്ടറു
തല്ലും ചവിട്ടും പലേതരം മർദ്ദനം.
ദുസ്സഹം ചീത്തവാക്കോരോന്നുരച്ചുള്ള
ഭർത്സനം; കേവലം നിസ്സഹായൻ ഗാന്ധി.
വീണേക്കുമെന്നുള്ള മട്ടായി കഷ്ടമേ!
കാണാനടുത്തെങ്ങുമില്ല മിത്രങ്ങളും.
പാർപ്പിടത്തിൽ ചെന്നുചേരുന്ന കാര്യത്തി-
ലല്പം പ്രതീക്ഷയും ഹൃത്തിലില്ലാതെയായ്.
നീതിമാന്മാരായ നിസ്സഹായന്മാർക്കു
നീതിസ്വരൂപൻ സഹായം; മഹാത്മജി
ആത്മനാദൈവത്തെയോർമ്മിച്ചനേരത്താ-
രത്ഭുതംതന്നേ നടന്നെന്നു ചൊല്ലണം
ധീരയാംനാരീ, പോലീസുസൂപ്രണ്ടിൻ്റെ
ഭാര്യ വന്നാവഴി,ക്കോർക്കാത്ത സംഭവം.
ഗാന്ധിയെക്കണ്ടീവിപത്തിന്റെ മധ്യത്തി-
ലെന്തിനുംപോരും പ്രഗത്ഭയാം മാനിനി.
മാന്യമാനിത്വം പഠിച്ചിരിക്കുന്നവൾ
ധന്യനേ നന്നായറിഞ്ഞിരിക്കുന്നവൾ
എത്തിസ്സമീപത്തുചേർന്നുനിന്നിട്ടാത-
പത്രം വിടർത്തുടൻ ദ്രോഹം തടുക്കുവാൻ
ചേരുംവിധംപിടിച്ചായുദ്ധരംഗത്തി-
ലാരുണ്ടവൾക്കുനേരേകൈയുയർത്തുവാൻ?
മെല്ലെക്കരം താഴ്ത്തിയെന്നല്ല കൈയിലെ
ക്കല്ലു കമ്പെല്ലാം നിലത്തിട്ടനേകരും.
പെട്ടെന്നു സൂപ്രണ്ടിതെല്ലാമറിഞ്ഞുടൻ
വിട്ടയച്ചെത്രയോ കോൺസ്റ്റബിൾമാരെയും.
ചില്പൂരുഷൻ തുണച്ചായുസ്സൊടേതന്നെ
പാർപ്പിടത്തിൽ കൊണ്ടുപോയ്ചേർത്തുഗാന്ധിയെ,
സുപ്രണ്ടു സായിപ്പു, പത്നിമാതാമ്മയും
കെല്പോടുപാരം സഹായിച്ചുധന്യനെ
ഉണ്ടാകണം നന്ദിയാ രണ്ടുപേരോടു-
മിന്ത്യൻജനങ്ങൾക്കശേഷമെക്കാലവും.
പെട്ടെന്നുനെറ്റാൾ ഗവൺമെൻ്റിതൊക്കെയും
കേട്ടു വേണ്ടുംവിധം നീതിപാലിക്കുവാൻ
ആരാഞ്ഞു ഗാന്ധിയോടക്രമങ്ങൾ ചെയ്ത-
താരൊക്കെയെന്നറിഞ്ഞാളെപ്പിടിക്കുവാൻ.
ശ്രീയേശുദേവന്റെയാദർശമാദരി-
ച്ചായിരുന്നുത്തരം, കേൾക്കേണ്ടതാണു നാം.
“ആരിലും തെറ്റുഞാൻ കാണായ്കയാലെനി-
ക്കാരെയും ശിക്ഷിക്കുവാനില്ലൊരാഗ്രഹം.
റോയിട്ടർമാർഗ്ഗേണ കേട്ടതെല്ലാം ധരി-
ച്ചായിരിക്കാമവർ ക്ഷോഭിച്ചതിങ്ങനെ.
സത്യം ശരിക്കറിഞ്ഞാൽ കുറ്റവാളികൾ-
ക്കുൾത്താപമുണ്ടാകുമെന്നു ചിന്തിച്ചു ഞാൻ.
വമ്പിച്ച ഭാരതം ബ്രിട്ടൻപതാകയ്ക്കു
സമ്പൂർണ്ണമായിട്ടു കീഴ്പ്പെട്ടിരിക്കയാൽ
നിങ്ങൾക്കുപദ്രവം തെല്ലും വരുത്താതെ
ഞങ്ങൾക്കു മാനവും സ്വാവകാശങ്ങളും
പോറ്റേണമെന്നാശ,യെൻ്റയീവാക്കുകൾ
തെറ്റാതെ നിങ്ങൾ ധരിക്കേണമേവരും.
മാപ്പുഞാൻ നല്കുന്നു ദ്രോഹികൾക്കെല്ലാ’മി-
തപ്പൊഴേരേഖയായ് കൈയിൽ കൊടുത്തവൻ.
വർത്തമാനപ്പത്രമീസംഭവങ്ങളെ-
ച്ചേർത്താദരിച്ചു സമ്പൂജ്യനാം ഗാന്ധിയെ.
ലജ്ജിച്ചുപോയിവെള്ളക്കാ,രതോടൊപ്പ-
മാർജ്ജിച്ചുഗാന്ധി സല്കീർത്തിയാഫ്രീക്കയിൽ.
അന്തരീക്ഷം തെല്ലു ശാന്തമായെന്നാലു
മന്തരാശാന്തി വന്നിട്ടില്ല മർത്യരിൽ.
ഗാന്ധിയിൽ കേന്ദ്രീകരിച്ചിരിക്കാം മന-
ശ്ശാന്തിയെല്ലാമെന്നുതന്നെയൂഹിക്കണം.
ആദരം ഗാന്ധിയോടുണ്ടെങ്കിലും വർണ്ണ-
ഭേദചിന്തയ്ക്കാണു മേൽസ്ഥാനമെപ്പൊഴും.
തന്നിമിത്തം ഹൃത്തിലുണ്ടമർഷം പരം
വന്ദ്യനാം ഗാന്ധിയോടാംഗലർക്കെപ്പൊഴും
എന്താകിലും കുടുംബക്കാരനായ് പാർത്തു
ഗാന്ധിയാഫ്രീക്കയിൽ സന്തുഷ്ടചിത്തനായ്.
ആഡംബരപ്രിയം ലേശമില്ലാതെയാ
പ്രൗഢചിത്തൻ നയിച്ചാദർശജീവിതം.
ഭൃത്യരെക്കൂടാതെ ജോലികൾചെയ്തിരു
ന്നാത്തമോദം സ്വയം സാഭിമാനം സദാ.
അത്രയല്ലന്യർക്കുസേവനം ചെയതിൽ
പ്രത്യേകമുണ്ടായിരുന്നു സന്തോഷവും
ക്രിസ്തുമാർഗ്ഗത്തിൽ ചരിച്ചിരുന്നെപ്പൊഴും
ക്രൈസ്തവൻ ലജ്ജിക്കുമാറുശുഷ്കാന്തിയിൽ.
ഉണ്ടായസംഭവം കേവലം ഞാനൊന്നു
കൊണ്ടാടിരേഖപ്പെടുത്തുന്നു കേൾക്കണം.
സാധാരണന്മാരടുക്കാനറയ്ക്കും നി-
രാധാരനാം കുഷ്ഠരോഗിഭിക്ഷാചരൻ
മുറ്റത്തുപോലും കടക്കാതെ ദൂരെ നി-
ന്നേറ്റവും ദീനസ്വരത്തിൽ വിളിക്കവേ
ഗേഹനാഥൻ ഗാന്ധിയാരോദനം ശ്രവി-
ച്ചാഹന്തഞെട്ടി നിഞ്ചേഷ്ടനായ്, തൽക്ഷണം.
ചെയ്യുന്ന ജോലിവിട്ടോടിയെത്തിക്കൊണ്ടു
കൈയിൽ പതുക്കെപ്പിടിച്ചാർദ്രചിത്തനായ് യാചിച്ചുനില്ക്കുമാരോഗിയെ വീട്ടിലേ-
യ്ക്കാചാരപൂർവ്വം നയിച്ചാ മഹാശയൻ.
ഇഷ്ടമുള്ളേടത്തിരുത്തി, തൻകൈകളാൽ
മൃഷ്ടാന്നവും നല്കിയാതിഥേയൻ മുദാ;
സംതൃപ്തനായില്ല, പിന്നെയുംതെല്ലൊന്നു
ചിന്തിച്ചറപ്പുതോന്നിക്കും വ്രണങ്ങളെ
ആശ്വാസദായകൻ പ്രക്ഷാളനം ചെയ്തു
വിശ്വസ്തനാകും ഭിഷക്കിനേവെല്ലുന്ന
സേവനം, വേണ്ടുംവിധം വെച്ചുകെട്ടിയാ
പാവത്തിനത്ഭുതം ചിന്തയ്ക്കതീതമായ്.
നല്ലവസ്ത്രങ്ങൾ ധരിപ്പിച്ചു ശയ്യയും
നല്ലതായ്ത്തന്നേ കൊടുത്തു കിടക്കുവാൻ
ഇഷ്ടമോ ഭാര്യയ്ക്കനിഷ്ടമോ? ചിന്തയിൽ
പെട്ടില്ലതൊന്നുമാരാഞ്ഞുമില്ലേതുമേ.
വിട്ടയയ്ക്കാതെയാവീട്ടിലെത്താമസം
നീട്ടിക്കൊടുത്തിരുന്നൊട്ടുനാൾ പിന്നെയും.
ആഭിജാത്യത്തിൽ മികച്ചുനില്ക്കുന്നവൾ
സ്വാഭിമാനത്തെപ്പിടിച്ചു നില്ക്കുന്നവൾ
“ഭ്രഷ്ടി’ന്റെ പാറാവിനുള്ളിൽ ജീവിക്കുവാ-
നിഷ്ടപ്പെടും ചെറുപ്പക്കാരി ഭാര്യയും.
ഗാന്ധിമാർഗ്ഗം വിട്ടു കാലൊന്നു വയ്ക്കുവാ-
നന്ധമാം സ്നേഹംനിമിത്തമാണെങ്കിലും
സമ്മതിച്ചിട്ടില്ല ഭർത്താവൊരിക്കലും
നന്മയ്ക്കുവേണ്ടി ക്ഷമിച്ചു സാധ്വീമണി.
കണ്ണീർക്കണങ്ങൾ ചിലപ്പോൾ പൊഴിഞ്ഞുപോം
പെണ്ണല്ലയോ? തെല്ലനഭ്യസ്തവിദ്യയും.
ബാരിസ്റ്റർ കാന്തൻ, ഗുമസ്താക്കളായൊട്ടു
പേരുണ്ടു, താമസംകൂട്ടത്തിലാണവർ.
ഹൈന്ദവൻ, ക്രൈസ്തവൻ, മുസ്ലീംപലേജാതി-
യൊന്നിച്ചുതന്നേയിരുന്നാണു ഭക്ഷണം.
ഏർപ്പെടുത്തീട്ടില്ല പ്രത്യേകമായിട്ടു
തൂപ്പുകാരേ; ഗാന്ധിചെയ്യുന്നരീതിയിൽ
സ്വന്തം സ്ഥലങ്ങൾ സ്വയം വെടിപ്പാക്കണം
സന്തുഷ്ടിയാണതിൽക്കാണിച്ചതേവരും
വ്യർത്ഥാഭിമാനം നിമിത്തമക്കാര്യത്തി-
ലത്രസന്നദ്ധരല്ലാത്തവർക്കായിട്ടു
പാണിഗൃഹീതയാൾചെയ്യണം ജോലിയെ-
ന്നാണു നിർദ്ദേശവും; മാറ്റമില്ലായതിൽ.
അല്പം മടിച്ചുനിന്നീടിലാ ബാരിസ്റ്റ-
രേർപ്പെടും തൽക്ഷണം തന്നെയാവേലയിൽ
കണ്ടുനില്ക്കാവതല്ലാരംഗമാകയാൽ
മിണ്ടാതെയെല്ലാം സഹിച്ചവൾ ചെയ്തിടും.
ഉണ്ടൊരാൾ സാക്ഷാലധഃകൃതൻ, വേലയോ-
ടുണ്ടയാൾക്കുള്ളത്തിലേറ്റം ജുഗുപ്സയും
തൂപ്പുംതുടയ്ക്കലും പാത്രംമിഴക്കലും
കീഴ്പെട്ടതെന്നോർത്തു ചെയ്യില്ലൊരിക്കലും.
കോളാമ്പിപോലും വെടിപ്പാക്കിവയ്ക്കുവാ-
നാളു കസ്തൂർബായവൾ സഹിച്ചീടുമോ?
“കഷ്ടമേ, ഞാനീയധഃകൃതന്നീവിധം
കെട്ടശുശ്രൂഷകൾചെയ്തു ജീവിക്കയോ?”
പൊട്ടിക്കരഞ്ഞവൾ കോളാമ്പിയുംകൊണ്ടു
വീട്ടിലേമേൽത്തട്ടിൽ നിന്നിറങ്ങീടവേ
കണ്ടിരിക്കും ഗാന്ധി കണ്ണും ചുവപ്പിച്ചു
കൊണ്ടോതി നിർദ്ദയം ശാസനാവാക്കുകൾ,
“ആവില്ലവേണ്ടാതനങ്ങളെൻ ഗേഹത്തി-
ലേവമെന്നെപ്പോഴുമോർമ്മയുണ്ടാകണം.”
ഒട്ടും കുറച്ചില്ല, മാനസംക്ഷോഭിച്ചു
പെട്ടെന്നു പ്രത്യുത്തരം നല്കി മാനിനി
“നോക്കിയാലും സ്വന്തവീട്ടിലെക്കാര്യങ്ങ-
ളൊക്കെ,യെന്നെപ്പറഞ്ഞങ്ങയച്ചേക്കണം”
ചിക്കെന്നെഴുന്നേറ്റു കോപിഷ്ഠനാം ഗാന്ധി-
യൂക്കൊടേയുന്തിയും തള്ളിയും ഭാര്യയെ
മുറ്റത്തിനപ്പുറംകൊണ്ടെയെത്തിച്ചിട്ടു
ഗേറ്റുംതുറന്നു പുറത്തേയ്ക്കുതള്ളുവാൻ
“കഷ്ടം!” പറഞ്ഞവൾ “ഗേറ്റടയ്ക്കൂ; ലജ്ജ-
യൊട്ടുമില്ലേ? നമ്മൾകാട്ടുന്ന ഗോഷ്ഠികൾ
നാട്ടുകാർകണ്ടാൽ കുറച്ചിലല്ലേ! എന്നെ
വിട്ടയച്ചാലെങ്ങുപോകുമീനാട്ടിൽ ഞാൻ?
ആരുണ്ടെനിക്കത്ര ബന്ധുക്കളോർക്കണം,
ഭാര്യഞാൻ നിങ്ങൾക്കു കൈയിലെപ്പാവയോ?
ദൈവത്തെയോർത്തിട്ടൊരല്പം
മനുഷ്യത്വ- മീവാമയോടുകാണിച്ചാലതുത്തമം,”
“ഗംഭീരഭാവം നടിച്ചെങ്കിലും വന്ന
സംഭ്രാന്തിയോർത്തുഞാൻ ലജ്ജിച്ചുസത്യമായ്”
എന്നേവമത്രേ സമാപിപ്പതിക്കാര്യ-
മന്നത്തെയോർമ്മക്കുറിപ്പിൽ മഹാത്മജി.
തമ്മിൽ കലാപങ്ങളൊന്നല്ലിതേവിധം
സമ്മതിക്കുന്നുണ്ടനേകം നടന്നതായ്
അന്ത്യത്തിലെത്തിടും യോജിപ്പിലാകയാ-
ലന്തരാഭിന്നിച്ചിരുന്നില്ലൊരിക്കലും.
കല്യകസ്തൂർബാ സദാപിതൻക്ഷാന്തിയാൽ
വല്ലഭൻ ഗാന്ധിയേവെല്ലാൻ സമർത്ഥയായ്.
