Seventh Verse

ഏഴാം സർഗ്ഗം


ആങ്ങനെ കാലംനീങ്ങും വേളയി-

ലവിടെച്ചില സംസ്ഥാനങ്ങൾ 

സംഗ്രാമത്തിനു രംഗവിധാനം 

ചെയ്യുകയാണു രഹസ്യത്തിൽ. 

പാശ്ചാത്യന്മാരിരു വർഗ്ഗക്കാർ 

തെക്കേയാഫ്രീക്കായുടെ മേൽ

വച്ചുപുലർത്തുകയാണധികാരം 

ബോവർമാരിംഗ്ലീഷ്കാരും.

ഇരുവരുമൊരു പോലാശിക്കുന്നു-

ണ്ടവരവർ വാഴും രാജ്യത്തിൻ 

പരിധിവളർത്തിയെടുക്കാൻ, സ്വാഭാ-

വികമാണാദുരമാനവരിൽ.

 ‘കനകംമൂലം കാമിനിമൂലം 

കലഹം വരു’മെന്നുണ്ടല്ലൊ. 

കനകംപ്രസ്തുത ദേശത്തെങ്ങും

ഖനികളിലാണ്ടുകിടപ്പത്രെ 

കാഞ്ചനനിർമ്മിതമെന്നും പക്ഷേ 

പറയാം”ട്രാൻസ്വാൾ’ സംസ്ഥാനം.

സഞ്ചിതരത്നാവലിയും കുറവ-

ല്ലകമേ,യാരതു കാണുന്നു? 

ഒന്നേമുക്കാൽ റാത്തലിലധികം 

തൂക്കം നില്ക്കും വൈരക്ക-

ല്ലൊന്നേലോകം കണ്ടിട്ടുള്ളതു 

തന്നൊരു ദേശവുമിതുതന്നെ.

ഉന്നംനോക്കിയിരിക്കുകയാണീ

നാടുപിടിക്കാനിംഗ്ലീഷ്കാർ.

കന്നന്മാരുടെ നാട്ടിൽക്കയറാൻ

ബോവർമാരും നോക്കുന്നു.

പുകയും ശൈലമൊരിക്കൽപൊട്ടു-

മൊഴുക്കും ലാവാ നാടെങ്ങും. 

വകവയ്ക്കാതതു നോക്കിയിരിപ്പാൻ

സാധിക്കില്ലൊരു വ്യക്തിക്കും.

 

അഭിസംപാതവുമതുപോൽത്തന്നെ 

യിരമ്പിപ്പൊട്ടീ; ബഹളംകേ-

ട്ടഭയം നല്കും ഗുഹകളെയാരാ-

ഞ്ഞാർക്കുമിരിക്കാൻ വയ്യാതായ് 

‘ബോവർയുദ്ധം’പേരുമറക്കാ 

വായിക്കുന്ന ചരിത്രജ്ഞൻ, 

ശ്രീവായ്‌പിൻ്റെ മനോഹരതാവള-

മൊന്നു കുലുക്കി ഭയങ്കരമായ്.

സേവനതല്പരനല്ലോ നമ്മുടെ 

ഗാന്ധിജി, ധീരൻ സത്വരമാ-

സേവനരംഗത്തേയ്ക്കു കുതിക്കാ-

നാവും പണിചെയ്തക്ഷമനായ്.

എവിടെച്ചേരണമെങ്ങനെ ചേരണ- 

മെന്നാലോചിക്കേണ്ടതിനാ-

യവിളംബം ചേർന്നിന്ത്യാക്കാരിൽ

പ്രമുഖന്മാരുടെയൊരു സംഘം 

നീതിയിരിപ്പതു ബോവർമാരുടെ 

ഭാഗത്താണതുശരി,യെന്നാ-

ലേതൊരിടത്തുമൊരിന്ത്യാക്കാരൻ 

ബ്രിട്ടീഷ് പ്രജയാണെന്നതിനാൽ 

അവരൊടുചേരുകയത്രേ വേണ്ടതു

ഗാന്ധിജി ധീമാനുരചെയ്തു. 

ലവമൊരെതിർപ്പുനടന്നില്ലുടനേ-

യഖിലരുമതിനെപ്പിന്താങ്ങി.

 

ആയുധവിദ്യയിലൊരു പരിശീലന-

മില്ലാത്തവരാണിന്ത്യാക്കാർ, 

കായക്ലേശം വേണ്ടുംനിലയിൽ 

ചെയ്യാൻ മടിയില്ലാത്തവരും,

പ്രാഗത്ഭ്യത്തിനു കുറവില്ലേതും, 

വെള്ളക്കാരെക്കാളധികം.

ത്യാഗംചെയ്യാൻ സന്നദ്ധരുമാ-

ണീനിലയാകെ നിനച്ചപ്പോൾ 

ക്ഷതമേറ്റവരെ, രോഗികളേയും

സസ്നേഹം ശുശ്രൂഷിപ്പാൻ

നിതരാം സന്നദ്ധതയുള്ളവരെ-

ച്ചേർത്തിട്ടങ്ങനെയൊരു സംഘം

രൂപീകൃതമാക്കാമെന്നോർത്തു, 

നിർബന്ധിച്ചില്ലൊരുവനെയും 

വ്യാപകമായിത്തീർന്നാസംഘം 

സന്നദ്ധന്മാരാൽത്തന്നേ,

പലരും വന്നു, പേരുകൊടുത്തു

ദൈവാനുഗ്രഹമെന്നോതാം

വലുതായ് സംഖ്യനിനച്ചതിലധികം

 

പത്തു ശതത്തോടൊരു നൂറും.

ചരിതാർത്ഥതയൊടു ഗാന്ധിജിവീക്ഷി-

ച്ചാസംഘത്തെ, നല്ലൊരുപേർ 

പരിചൊടു നല്‌കി ‘ഭാരതസംഘം’

സാർത്ഥകനാമമതാണല്ലൊ.

 

മലവെള്ളംപോൽ പായും പടയുടെ

നടുവിൽപ്പലരും വീഴുന്നു, 

ചിലരുടെ കാലുതകർന്നു ചിലരുടെ

നെഞ്ചിൽ പാഞ്ഞു വെടിയുണ്ട. 

തലയുംപൊട്ടിത്തറയിൽ വീണു 

പിടയ്ക്കുന്നു ചിലർ, രണഭൂവിൽ

വിലവയ്പില്ലാതവിടവിടെപ്പല

മൃതദേഹങ്ങൾ കിടക്കുന്നു. 

മരണാസന്നർക്കാരൊരു പിൻതുണ 

ചുണ്ടു നനയ്ക്കാൻ പാനീയം 

വിരലിൽ തൊട്ടുകൊടുക്കാനവരുടെ

നിലവിളികേൾക്കാനാളില്ല. 

ചത്തുകിടക്കുന്നവരുടെ മീതേ 

വീണ്ടും സൈനികർ പായുന്നു. 

പേർത്തും സ്വാഗതമവരോതുന്നു 

വെടിയുണ്ടയ്ക്കും മൃത്യുവിനും, 

വീരന്മാരും ധീരന്മാരും

 മറ്റൊരു ചിന്തയുമില്ലാതെ

ഘോരായോധന വ്യഗ്രതയോടെ 

കഴിയും പടനിലമൊരു ലോകം. 

ഊരുമുണർച്ചയുമുള്ളൊരു ലോകം 

സ്വാർത്ഥവിചാരം നിശ്ശേഷം

ദൂരെ വെടിഞ്ഞ പരിത്യാഗികളാൽ 

പൂരിതമായുള്ളാരു ലോകം. 

ഇങ്ങനെയുള്ളൊരു രംഗത്തെത്തി 

ഗാന്ധിജിയുടെ നേതൃത്വത്തിൽ

ഭംഗമകന്നാത്മാർത്ഥതയേറും 

പരിചര്യയ്ക്കായാസംഘം, 

ഓതീഗാന്ധിജി പഠനം പരിശീ

ലനവും കുറവാണെന്നോർത്തി

ട്ടേതും കുണ്ഠിതമാർക്കും വേണ്ടാ 

ദൈവം തീർക്കും കുറവെല്ലാം. 

എന്തും ചെയ്യാൻ സന്നദ്ധതയാ 

ണേറ്റമവശ്യമതുണ്ടായാ 

ലിന്ത്യന്മാർക്കഭിമാനം; വിജയം 

നേടും നമ്മുടെ സംരംഭം,

ഈശ്വരചിന്ത മനഃപ്രാർത്ഥനയും

ശക്തിപ്രദമെന്നകതാരിൽ

വിശ്വാസത്തോടിറങ്ങാം സേവന

മാരംഭിക്കാമവിളംബം,”

വേദോക്തംപോലോരോവാക്കും

സശ്രദ്ധം കേട്ടവരെല്ലാം 

സാദരമുള്ളിൽ മുദ്രിതമാക്കി

യിറങ്ങീ സേവനതല്പരരായ്.

 

ആഹവഭൂമിക്കരികത്തെങ്ങുമൊ

രാതുരശാലയുമില്ലവിടെ. 

വാഹനമോടും പാതകളില്ല, 

യാത്രാപ്രശ്നം ബഹുവിഷമം. 

അവശന്മാരെത്തോളിലെടുക്കണ

മാളുകൾ തന്നെ മഞ്ചലിലും.

ദിവസംതോറും പലനാഴികവഴി

യാതൊരു മടിയും കൂടാതെ 

പദചാരികളായാതുര ശാലകൾ

പലതിലുമവരേയെത്തിച്ചു; 

ഹൃദയാഹ്ളാദത്തോടു പൊഴിച്ചു

സ്വേദകണങ്ങൾ വഴിനീളെ. 

നാഴികയിരുപത്തഞ്ചിലുമേറെ 

നടന്നദിനങ്ങൾ കുറവല്ല,

പാഴായ്പ്പോയെന്നോർക്കാനില്ലൊരു

നിമിഷവുമാർക്കും രാത്രിയിലും.

സേനാനികളെപ്പോലുമിതേവിധ 

മിന്ത്യൻ സംഘംരക്ഷിച്ചു.

മാനിതയോടേതന്നെ ഗാന്ധിജി

പറയുന്നുണ്ടീ സംഗതികൾ,

തോട്ടിപ്പണി മുതൽ ഡോക്ടർപ്പണിവരെ

യെന്തും ചെയ്യാനിന്ത്യാക്കാർ

കാട്ടിയവിരുതും സന്നദ്ധതയും

കണ്ടവരെല്ലാം കൈകൂപ്പി.

വെണ്ടയ്ക്കാലിപി തുടരെത്തുരരെ 

പലപത്രങ്ങളിലൊരുപോലെ

കണ്ടുതുടങ്ങീ സേവനതല്പര

രിൻഡ്യാക്കാർക്കഭിമാനകരം.

“കൂലികളെന്നവരാലവഹേളിത

രായവരീ സന്ദർഭത്തിൽ

നാലുവഴിക്കും ചെയ്യും സേവന- 

മിംഗ്ലീഷ്കാരുടെ ദൃഷ്ടികളിൽ 

അത്ഭുതമൊട്ടല്ലുളവാക്കിയതെ

ന്നോതാമിവിടെസ്സംഗ്രഹമാ

പേതര ബഹുമാനവുമതിനാ 

ലുണ്ടായ ഗാന്ധിജിയുടെനേരേ. 

എല്ലാം ശുഭമായവസാനിച്ചു 

വിജയികളായി ബ്രിട്ടീഷ്കാർ. 

നല്ലൊരു സേവനമല്ലോ ചെയ്തതു

“ഭാരതസംഘം’ യുദ്ധത്തിൽ.

ബഹുമാനിതമായ് സംഘം പൊതുവേ

നേതാക്കന്മാർക്കർഹതപോൽ

ബഹുമതി മുദ്രകൾ നല്കപ്പെട്ടു 

നീതന്മാർക്കും ധീരതപോൽ

വേണ്ടതുചെയ്തെന്നുള്ള കൃതാർത്ഥത

കരളിൽത്തിങ്ങും വ്യക്തികളെ

കണ്ടനുമോദനപൂർവ്വം ഗാന്ധി

പിരിച്ചുടനേ വിട്ടാസംഘം.

ഇന്ത്യയിലേയ്ക്കു മടങ്ങാൻ തന്നേ

സേവനനിരതൻ ചിന്തിച്ചു. 

സ്വന്തംനാടിനു പലതും ചെയ്യണ 

മെന്നാഗുണവാനാശിച്ചു. 

തദ്ദേശികരാമിന്ത്യാക്കാരൊടു

യാത്ര പറഞ്ഞു; പോകരുതെ 

ന്നുദ്ദേശിക്കിലുമങ്ങനെ തടയുക 

ശരിയല്ലെന്ന വിചാരത്താൽ

“ഇനിയും വിഷമസ്ഥിതിയുണ്ടായാൽ 

വരണം പിന്തുണനല്കാനെ 

ന്നനുചിന്തിച്ചവരഭ്യർത്ഥിച്ചു 

യാത്രയയപ്പിനൊരുക്കവുമായ്.

വാക്കിനഗോചരമായ കൃതജ്ഞത

യുള്ളിൽത്തിങ്ങുകയാലോരോ

വ്യക്തിയുമതിനെ പ്രകടിതമാക്കാൻ

നിർബന്ധിതരായ് നിലകൊണ്ടു. 

വന്നുതുടങ്ങീ വേശ്മനി പലവിധ 

സമ്മാനങ്ങളമൂല്യങ്ങൾ; 

സുന്ദരിമാരുടെ മെയ്യിൽച്ചേർന്നു 

ലസിച്ചീടേണ്ടും മാല്യങ്ങൾ, 

കൈവള, കർണ്ണാഭരണങ്ങൾ,കൈ

വാച്ചും രത്നവിഭൂഷിതമായ്

കൈവിരലിന്നു പൊരുത്തപ്പെട്ടു 

ലസിക്കും പലതരമോതിരവും 

പാകസ്ഥാനം ഭൂഷിതമാക്കും

വെള്ളിപ്പാത്രവിശേഷങ്ങൾ

ശ്രീകരമോഹനപട്ടുടയാടക 

ളെല്ലാമെങ്ങനെ വർണ്ണിക്കും? 

വിശ്വമഹാനാം ഗാന്ധിജികണ്ടിവ

യെല്ലാ, മതിനാൽ ഹൃദയത്തിൽ

നിശ്ശേഷം സുഖമില്ലാതായ്, നിശി 

നിദ്രയുമില്ലാതായ്ത്തീർന്നു. 

അതിവാക്കല്ലിവ,ചിന്താകുലനാ

യതിജീവിച്ചു നിശീഥിനിയെ 

പൊതുനന്മയ്ക്കവ ചെലവാക്കാമെ

ന്നൊടുവിൽ തോന്നിയൊരുപശാന്തി.

 

സംഗതി കസ്തൂർബായോടുരച്ചു

മറുപടിയെന്തെന്നൂഹിക്കാ 

മിംഗിതമോതാൻ കണ്ണീർത്തുള്ളികൾ 

വാക്കുകളെക്കാൾ മുമ്പെത്തി.

ശാന്തത തെല്ലും വെടിയാതവളൊടു

സംസാരിച്ചു നയശാലി

കാന്തഹിതത്തോടു യോജിച്ചൊടുവിൽ 

സാധ്വീമണിയാം കസ്തൂർബാ

അങ്ങനെയൊരു നിധി രൂപീകൃതമായ്,

കാര്യസ്ഥന്മാർ നിയമിതരായ്

ഭംഗമകന്നതു ഭദ്രംകരമായ്

വിനിയോഗിക്കാൻ ചിരകാലം.

 “സേവനനിരതനു ജീവിതമേറ്റം 

ലളിതം സാക്ഷാൽ സ്വീകാര്യം. 

സ്ത്രീ വിഷയ സുഖഭോഗങ്ങളെയും 

വിട്ടെന്നാലേ വിജയിക്കൂ’ 

അനുഭൂതികളാൽത്തന്നെ ഗാന്ധി 

പഠിച്ചവയാണീ സംഗതികൾ, 

വനിതാമണി നിജ ദാരങ്ങൾക്കും 

മവശ്യംവേണ്ടും പാഠങ്ങൾ.

ആചാര്യനു സമമാത്മനിയന്ത്രണ 

മവളേ ഗാന്ധി പഠിപ്പിച്ചു.

വാചാലതയൊടു സഹധർമ്മിണിയെ-

യുപദേശിച്ചു സസ്നേഹം.

പെണ്മണിയാളുടെ സമ്മതിയോടേ 

യൊന്നാമാശ്രമ ധർമ്മത്തിൽ 

മേന്മയെഴും വ്രതമങ്ങനെ ചെയ്തൊരു 

കർമ്മകയോഗിയുമായ്ത്തീർന്നു.

 

ഇൻഡ്യയിലേയ്ക്കു മടങ്ങിപ്പോന്നു,

വക്കാലത്തു തുടങ്ങാതെ

വേണ്ടും കാര്യങ്ങൾക്കായ് ചിലനാൾ

പര്യടനത്തിൽ ചെലവാക്കി.

കല്ക്കട്ടാ നഗരത്തിൽ കോൺഗ്ര

സ്നവിളംബം സമ്മേളിക്കും,

ഗോഖലെ മുതലായ നേതാക്കന്മാ

രവിടെപ്പലരും വന്നെത്തും. 

തെക്കേയാഫ്രീക്കായിലെയിന്ത്യാ 

ക്കാരുടെ കാര്യം കോൺഗ്രസ്സിൽ 

കേൾക്കപ്പെടുവാൻ വേണ്ടതു ചെയ്യണ

മതിനായ് സന്നദ്ധതയോടെ

പലടത്തും പോയ് പലരെക്കണ്ടും

സംസാരിച്ചും ദിവസങ്ങൾ

ഫലവത്താക്കുകയത്രേ, പഴുതിൽ

കളയുന്നില്ല വിനാഴികയും.

തയ്യാറാക്കി പ്രമേയം ശരിയാ

യവതാരണവും സാധിച്ചു.

കൈയോടേയതു പാസായ് തെല്ലൊ 

രെതിർപ്പും വാദവുമില്ലാതെ. 

ഉള്ളിൽത്തിങ്ങും കൃതകൃത്യതയോടു

ബോംബേപ്പുരിയിൽ ചെന്നെത്തി,

കൊള്ളാമവിടം വക്കീൽപ്പണിയൊടു 

ചേർത്തീടാൻ പൊതുസേവനവും. 

നന്നായിട്ടൊരു വാടകവീടു

മെടുത്തു, വരുത്തി കുടുംബത്തെ 

യൊന്നിച്ചവിടെത്താമസമാക്കി 

ബാറിൽ പ്രാക്റ്റീസ് ചെയ്യുകയായ്, 

ഉദ്ദേശിച്ചതിലധികം ജോലിയി 

ലഭിവൃദ്ധിപ്പെട്ടതുമൂലം

വർദ്ധിതമായ വരുമാനവുമാകെ 

ക്കൊള്ളാവുന്നൊരു നിലയായി; 

കല്ക്കട്ടായിൽ നിന്നു മടങ്ങിയ 

വന്ദ്യൻ ജി.കെ. ഗോഖലെയും

പാർക്കുന്നവിടെ വിദൂരത്തല്ലാ-

തിരുവരുമധികം പരിചിതരായ്.

നിഷ്കന്മഷനാം ഗാന്ധിയെയുന്നത

ഭാസുര ഭാവിയസംശയമായ് 

നോക്കിയിരിപ്പതറിഞ്ഞു ധീമാൻ

ഗോഖലെയാ സമ്പർക്കത്താൽ.