എട്ടാം സർഗ്ഗം

കമ്പിസന്ദേശമൊന്നതാപെട്ടെന്നൊ-
രമ്പരപ്പുളവാക്കുമാറെത്തുന്നു,
“ചേമ്പർലേൻ* വരുന്നുണ്ടങ്ങ സാന്നിദ്ധ്യ
മൻപോടേകിത്തുണയ്ക്കുക ഞങ്ങളെ.
കർമ്മയോഗിക്കു തൻ്റെ വാഗ്ദാനവും
മോർമ്മയുണ്ടായി; ദക്ഷിണാഫ്രിക്കയിൽ
നന്മചെയ്യണം ഭാരതീയർക്കെന്നു
തന്മനസ്സിലുറച്ചിരിക്കുന്നവൻ.
വാരിധി കടന്നങ്ങു പോയെങ്കിലും
ഭാരതത്തിന്റെ മക്കളാണാജനം.
പാരമല്ലലിലങ്ങവർ ജീവിക്കും
കാര്യമോർക്കുക ദുസ്സഹമേറ്റവും.
“എത്തിടുന്നു ഞാനാവതും വേഗത്തിൽ
സത്വരം പ്രതിസന്ദേശം വിട്ടിദം
കാത്തിരിക്കുകയായിരുന്നാകയാൽ
മിത്രസംഹതിയാശാനിബദ്ധരായ്.
ഉന്നതി തനിക്ക് കൈവന്നിടു
മെന്നു പാരം പ്രതീക്ഷയിലാകിലും
അന്നുതന്നേ സ്ഥലം വിടാനും മടി
യൊന്നുമില്ല. സന്നദ്ധനായ് പോകുവാൻ.
ജ്യേഷ്ഠനേയറിയിച്ചു വിശേഷങ്ങ,
ളിഷ്ട വിശ്വസ്ത മിത്രസമേതയായ്
വീട്ടിലേക്കു സുരക്ഷിതയായ് വിട്ടു
കുട്ടികളൊത്തു ധർമ്മദാരങ്ങളെ,
മറ്റുകാര്യങ്ങളൊക്കെയിതേവിധം
ചെറ്റുകാലവിളംബവുമില്ലാതെ
ഭദ്രമാക്കിപ്പുറപ്പെട്ടുഡർബാനി
ലാദ്യമെത്തുന്ന കപ്പലിൽ ഗാന്ധിജി.
തെല്ലുമാർഗ്ഗതടസ്സങ്ങളില്ലാതെ
ചെല്ലുമാക്കപ്പൽ കണ്ടുതീർന്നപ്പൊഴേ
ഉല്ലസത്തര നേത്രസഹസങ്ങ
ളല്ലോ നേരുന്നു ഗാന്ധിക്കു സ്വാഗതം,
കൂപ്പുകൈയോടെ ഗാന്ധിയെ സ്വീകരി
ച്ചപ്പൊഴേയവരോതിയിതേ വിധം:
“അല്പമാശ്വാസമങ്ങേയ്ക്കു നല്കുവാ
നിപ്പൊഴാവാതെ വന്നതു സങ്കടം.
നാളെയാണു നിവേദനം നല്കുവാൻ
നാളുറപ്പിച്ചിരിക്കുന്നതാകയാൽ
നീളുവാനൊരു മാത്രയുമില്ലിനി
യാളുകൾക്ക കേവലമായം.”
കേട്ടു കാര്യങ്ങൾ, സംഭ്രമം കൂടാതെ
പെട്ടെന്നാകിലുമാക്ഷേപമറ്റതായ്
രാഷ്ട്രനേതാവു കേൾക്കേണ്ടും കാര്യങ്ങൾ
വിട്ടുപോകാതെ തീർത്തു നിവേദനം.
സ്വീകരിച്ചു നിവേദനം രണ്ടിട
ത്താകെക്കൂടിച്ചുരുക്കമായോതിയാൽ
ഏതുമാശ്വാസദായകമല്ലാതെ
നീതിക്കൊക്കാതെ പ്രത്യുക്തിലമായ്.
“രാഷ്ട്രം ചിന്തിച്ചാൽ കോളനിക്കാര്യങ്ങ
ളിഷ്ടംപോലെ നിയന്ത്രിക്കാനാവില്ല
ഇച്ഛയുണ്ടിഹ ജീവിക്കാനെങ്കിലോ
പാശ്ചാത്യർക്കു വിധേയരായ് നില്ക്കണം.
ഓർത്തിരിക്കാതെ കിട്ടിയ പ്രത്യുക്തി
തീർത്തും നൈരാശ്യദായകമാകിലും
പേർത്തുമിന്ത്യാക്കാരൂർജ്ജസ്വലരായി
ഗാന്ധിയും ദീർഘിച്ചു വാസമായ്.
അത്രയല്ലഭിഭാഷക വൃത്തിയാൽ
നിത്യവൃത്തി നിവർത്തിച്ചു വേണ്ടപോൽ
ശക്തിമത്തായ സേവനം പിന്നെയും
തത്ര ചെയ്യുവാൻ തീരുമാനിച്ചവൻ.
പത്രമൊന്നു തുടങ്ങിയതിൻ്റെ പേർ
സാർത്ഥകം തന്നേയിന്ത്യൻ ഒപ്പീനിയൻ’
ഒത്തുപോകുന്ന സ്നേഹിതന്മാർ സഹ
വർത്തകരായിച്ചേർന്നിരുന്ന ചിലർ.
ഗാന്ധിജിയുടെ ലേഖനമെപ്പൊഴും
പൊന്തിവന്നിരുന്നായതിൽ മേൽക്കുമേൽ.
ഇന്ത്യക്കാരവകാശരക്ഷയ്ക്കായി
ട്ടേന്തിയ കൊടുവാളതെന്നോതിടാം.
സത്യമെപ്പൊഴുമാരാഞ്ഞ ഗാന്ധിക്കു
ചിത്തനിർവൃതി പൂർണ്ണമായ് നല്കുവാൻ
ഒത്തിണങ്ങി സുഹൃത്തുക്കളായ് ചില
പുസ്തകങ്ങളഹോ മഹൽ ഗ്രന്ഥങ്ങൾ.
ഗീത, രാജയോഗം, യോഗസൂത്രങ്ങൾ
ഏതിനും മേലായിനില്ക്കുന്നബൈബിളും
“സ്വർഗ്ഗസാമ്രാജ്യം’ നിങ്ങളി’ൽ തന്നെയെ
ന്നുദ്ഘോഷിക്കുന്ന പേരുള്ള ഗ്രന്ഥവും.
ആവതുപോലെ ഗീതാതത്ത്വങ്ങളെ
ജീവിതത്തിൽ പ്രായോഗികമാക്കുവാൻ
ആവിചക്ഷണൻ നന്നായ് പഠിച്ചവ
കേവലം പടുവങ്കനാവാനല്ല.
നിർദ്ധനത്വവും നിഷ്കാമകർമ്മവും
സത്യമായ് സമഭാവനയെന്നിവ
ഹൃത്തിൽ മുദ്രിതമാക്കി നിരന്തര
മോർത്തുവ്യാഖ്യാനിച്ചന്തരാസാത്വികൻ.
ആയിടയിലൊരാംഗ്ലേയ സ്നേഹിതൻ
കൈയിൽ വച്ചുകൊടുത്തൊരു പുസ്തകം.
“വായിക്കൂ നിങ്ങൾക്കേറ്റം പ്രിയംകര
മായിരിക്കുമിതെന്നുപദേശിച്ചു.
മൂന്നു തത്ത്വങ്ങളേറ്റവും ഹൃദ്യമായ്
തോന്നി ഗാന്ധിക്കാഗ്രന്ഥത്തിൽ കണ്ടവ
റസിനോതുന്നു “സാമൂഹ്യനന്മയിൽ
വ്യക്തികൾക്കുള്ള നന്മ നാം കാണണം.
മേന്മതാഴ്‌മകൾ ജോലികൾക്കില്ലെന്നു
സമ്മതിക്കണം ബുദ്ധിമാനെപ്പൊഴും
ക്ഷൗരവുമഭിഭാഷകവൃത്തിയും
സാരമോർക്കുകിൽ തമ്മിലില്ലന്തരം.
മണ്ണിനോടെന്നും മല്ലടിക്കുന്നതു
പുണ്യമാണഭികാമ്യമാണേറ്റവും
ബുദ്ധിമുട്ടുള്ള കൈത്തൊഴിൽ ചെയ്തും
ബുദ്ധിജീവികൾക്കൊത്തതുതന്നെയാം.
ഉള്ളിലീവിലയേറിയ തത്ത്വങ്ങൾ
പള്ളികൊണ്ടുവരുന്നതാണെങ്കിലും
ഇന്നവയ്ക്കൊരു നവ്യതസ്പഷ്ടമായ്
വന്നിരിക്കുന്നു, ചിന്തിച്ചു ഗാന്ധിജി
ആർഷമാനസനോർത്തുനോക്കീടവേ
കർഷകത്തൊഴിലിത്രയും മേന്മയിൽ
ഇന്നലെയോളം കണ്ടിരുന്നില്ലെന്നു
തോന്നി; നിശ്ചയിച്ചാക്കും തീർക്കുവാൻ.
തെല്ലുമഭ്യസിക്കാത്തൊരു ജോലിയി
ലല്ലൽ നേരിടുമെന്നറിഞ്ഞീടിലും
നല്ല കർഷകനാകുവാനപ്പൊഴേ
കില്ലകന്നുതുടങ്ങീ പരിശ്രമം.
ആത്മമിത്രങ്ങളാമഭിജ്ഞന്മാരോ
ടാത്മ്യമാം പരിവർത്തനമോത
ആദരിച്ചവർ നല്കി പ്രോത്സാഹനം
മേതുസാഹ്യവും വാഗ്ദാനം ചെയ്തവർ.
പത്തുനൂറേക്കർ ഭൂതലം ഗാന്ധിയും
മിത്രരും ചേർന്നു വാങ്ങിച്ചു വേഗത്തിൽ
തത്ര താമസമാക്കിയെല്ലാവരും
പുത്തനായ്ത്തീർത്ത ചെറ്റകളോരോന്നിൽ.
ജാതിവർഗ്ഗ വിവേചന ചിന്തക
ളേതുമില്ലാതെ മൈത്രിയാൽ
ബദ്ധരായ് ജോലി ചെയ്തിരുന്നവരും;
കിട്ടുന്ന കൂലിജീവിതവൃത്തിക്കു കേവലം.
ആർഷഭാരതത്തിന്റെ പ്രതീതിയാ
കർഷകതലം കാമികൾക്കേകിടും.
വർഷം വേനലും ജോലിയിലെത്രയും
ഹർഷവർദ്ധകമായിട്ടു കണ്ടവർ.
ആ സ്ഥലത്താക്കി “ഇന്ത്യനൊപ്പീനിയൻ’
പത്രമാഫീസും, ഗാന്ധി പത്രാധിപർ,
മുദ്രണജോലി വിശ്രമനേരത്തും
രാത്രിനേരത്തും ചെയ്തിരുന്നൊട്ടുപേർ.
പദ്ധതി വിജയത്തിൻ്റെയുച്ചിയി
ലെത്തിയെന്നു പറയുന്നില്ലദ്ദേഹം.
സത്യത്തിന്റെ ഗവേഷണശാലയി
ലെത്തിടും ജയം തോൽവിയുമൊന്നുപോൽ.
ചൊന്നകാലത്തും നേരത്തുമിന്ത്യയിൽ
ചെന്നുചേരുകയെന്നതസാദ്ധ്യമായ്
കണ്ടുതൻ്റെ കുടുംബത്തെയും തത്ര
കൊണ്ടുപോയ്‌വാസമാക്കി മഹാമതി.
ജോലിയുമുപവാസവും, കണ്വനെ
പ്പോലെയാശ്രമജീവിത,മീവിധം
മേലിലേറ്റമഭംഗമാം ശാന്തിയിൽ
കാലചക്രം കറങ്ങുമെന്നോർക്കയോ?
ഇല്ല; താവക ജീവിതമങ്ങനെയല്ല
നീങ്ങുവാനീശ്വരനിശ്ചയം.
നല്ലവേലകളങ്ങയെയന്വൊഷി –
ച്ചല്ലയോ ഗുരോ മുട്ടുന്നു വാതിലിൽ
നീഗ്രോവർഗ്ഗത്തിലുൽകൃഷ്ടന്മാർ “സുളു
വർഗ്ഗക്കാർ കരം വർദ്ധിക്കമൂലമായ്
ഒത്തുചേർന്നു ഗവർമ്മെന്റിനോടൊന്നു
നേർത്തു നിന്നുതുടങ്ങി സംഘട്ടനം.
ഒട്ടുപേർക്കു പരിക്കേറ്റു, മൃത്യുവി
നൊട്ടുപേരിരയായിരുഭാഗത്തും.
കഷ്ടമേ! ദയനീയമാം വാർത്തകൾ
കേട്ടു ദീനദയാലുവാം ഗാന്ധിജി.
ബോവർ യുദ്ധത്തിലെന്നതുപോലിന്നും
സേവനത്തിനു സന്നദ്ധസംഘത്തെ
ചേർത്തിറങ്ങിയാത്മാർത്ഥനിഷേവണം
ശത്രുമിത്രഭേദം വിനാ ചെയ്തവൻ.
കാലതാമസമേതുമുണ്ടായില്ല
കാളമേഘങ്ങളംബരവീഥിയിൽ
നീളെ വന്നു നിരക്കുന്നു; നേരമായ്
കാളപാനിയിൽ കോളുകൊണ്ടീടുവാൻ.
ഭാരതീയർക്കതീവമാനക്ഷയം
ചേരുമാറൊരു നൂതന ബില്ലിൻ്റെ
ആവിർഭാവത്താലേറ്റവും ക്ഷുബ്ധരായ്
മേവിടുന്നു മഹാജനസഞ്ചയം.
ഓതാം പേരതിനേഷ്യാറ്റിക്കുബില്ലെന്നും
നീതിക്കൊക്കാത്ത “ശ്യാമളബില്ലെന്നും
ഏതൊരിൻഡ്യനുമാത്മാഭിമാനത്തിൽ
പ്രീതിയുണ്ടെങ്കിൽ ദ്വേഷിക്കും ബില്ലിനെ.
ഓർഡിനൻസൊന്നു വായിച്ചു ഗാന്ധിജി
താടിതാങ്ങിയിരുന്നു ചിന്തിച്ചുപോയ്
ഏതുവാക്കിലുമിന്ത്യാക്കാരോടുള്ള
സീതവിദ്വേഷം പ്രസ്പഷ്ടമാണതിൽ.
ഇന്ത്യാക്കാരനു ട്രാൻസ്വാളിൽ പാർക്കുവാ
നുണ്ടഭിലാഷമെങ്കിലവൻ്റെ പേർ
വേണ്ടമട്ടിൽ രജിസ്റ്റർ ചെയ്യിക്കണം
രണ്ടു പക്ഷം നിയമത്തിനുണ്ടാകാ.
പത്തു കൈവിരൽ വച്ചുള്ള മുദ്രയും
ചേർത്തു സർട്ടിഫിക്കേറ്റു വാങ്ങിക്കണം
കൃത്യതീയതി തെറ്റിയെങ്കിൽ പക്ഷേ
യെത്തിടും വിധി നാടുകടത്തുവാൻ,
എട്ടു പൂർണ്ണവയസ്സിനു കീഴുള്ള
കുട്ടികൾക്കൊഴിവുണ്ടിതിലെങ്കിലും
വിട്ടുവീഴ്ചയാപ്രായത്തിനപ്പുറം
കിട്ടിടാ; ശിക്ഷ തെറ്റിനു നല്കിടും.
സർട്ടിഫിക്കേറ്റു പോലീസുദ്യോഗസ്ഥൻ
വീട്ടിൽ വന്നു ചോദിച്ചാൽ കൊടുക്കണം
നാട്ടിലേതിടത്തേതു കാര്യത്തിലേർ
പ്പെട്ടിരുന്നാലും നല്കണം ചോദിച്ചാൽ.
വല്ലതുമൊരു ലൈസൻസിനാകിലും
ചില്ലറയനുവാദങ്ങൾക്കാകിലും
ഇൻഡ്യാക്കാരനപേക്ഷ സമർപ്പിക്കാൻ
കൊണ്ടുചെല്ലണം സർട്ടിഫിക്കേറ്റവൻ.
തെറ്റിതിൽ ചെറുതാകിലും വല്ലതും
പറ്റിയെങ്കിൽ തുറുങ്കിലടച്ചിടും
ചെറ്റുസംഗ്രഹമായി ഞാനോതിടു
ന്നറ്റമില്ലാതെ പോയിടും നീട്ടിയാൽ.
ബില്ലിതു നിയമത്തോളമെത്താതെ
വല്ലതും പണി ചെയ്തു മാറ്റീടുവാൻ
അല്ലിലും ദിവസത്തിലുമേവരും
മല്ലലോടേ തുടങ്ങീ പരിശ്രമം.
എത്രയോഗങ്ങളെത്ര പ്രമേയങ്ങ
ളെത്ര ശക്തിമത്തായ നിവേദനം
പ്രതപംക്തികൾതോറും വിമർശങ്ങ
ളിത്രയുമെല്ലാം നിഷ്ഫലയമായ്.
ഈ നിയമത്തിനെങ്ങനെ കീഴ്പ്പെട്ടു
മാനമുള്ളവൻ ജീവിക്കുമാദിക്കിൽ?
ആർഷഭാരതമാതാവിൻ്റെ മക്കളോ
ടീർഷ്യ വച്ചു പുലർത്തുക സഹ്യമോ?
ഭാരതീയർ ക്ഷമിക്കില്ലിതിന്നൊരു
തീരുമാനം കാണാതെയേതാകിലും
ആര്യമാർഗ്ഗമറിഞ്ഞവരെന്നല്ല
വീരശുരരുമാണവരൊക്കെയും,
“തോക്കെടുക്കുംഞാനെന്നൊരാളക്ഷമൻ
“ബാക്കിയെന്തും നിസ്സാരമാണെന്നയാൾ
നാട്ടിലേയ്ക്കു മടങ്ങിപ്പോകാമെന്നു
കൂട്ടരോടു പറയുന്നു വേറൊരാൾ,
“എന്തുചെയ്യണം നാമെന്നു ഗാന്ധിജി
ചിന്തിച്ചാലതു തെറ്റുകില്ലെന്നൊരാൾ
അന്തരംഗത്തിലാകവേ ശാന്തിയി
ല്ലിന്ത്യന്മാർക്കവരൊന്നാകെ ക്ഷോഭിച്ചു.
ഒത്തതീരുമാനത്തിനെല്ലാവരും
മൊത്തുകൂടിയൊരാലോചനാസംഘം
വിസ്തൃതമൊരു നാടകശാലയിൽ
സത്യമോതിടുന്നെങ്കിൽ മഹാസഭ.
പൂഴിനുള്ളിയിട്ടാലതു താഴോട്ടു
വീഴുകില്ലെന്നു ചൊല്ലുവാൻ തക്കപോൽ
അത്രതിക്കലായ് മെത്തുമുൽക്കണ്‌ഠയോ
ടെത്തി നിന്നു മനുഷ്യമഹാർണ്ണവം.
മുഖ്യരെന്നുപറയപ്പെടേണ്ടവർ
ശക്തിയുക്തം പ്രസംഗിച്ചനേകരും
വ്യക്തമാക്കി മനോവികാരത്തിൻ്റെ
ശക്തിമാത്രമാ വാക്കുകളൊക്കെയും
ശാന്തിമാനുഷരൂപമായ്ത്തീർന്നപോൽ
ഗാന്ധിനിന്നു പ്രസംഗകവേദിയിൽ.
ശാന്തമായി മഹാജനസഞ്ചയം
പ്രാന്തദേശവുമച്ചടക്കത്തിലായ്.
മന്ദമന്ദം പുറപ്പെട്ടീവാക്കുകൾ,
“ഒന്നും നേടുകില്ലക്രമംകൊണ്ടു നാം
എന്നുമാത്രമല്ലാ വഴിക്കെപ്പൊഴും
വന്നുചേരും പരാജയം നിശ്ചയം,
പിന്നെയെന്തു നാം ചെയ്തെന്നോർക്കവേ
യൊന്നുകാണുന്നുപോംവഴി, ലംഘനം’
മാനഹാനിവരുത്തുമീബില്ലിനെ
ഞാനനുസരിക്കില്ലതു നിശ്ചയം.
ബന്ധനം ജയിൽ വാസവും മൃത്യുവും
മെന്തു ശിക്ഷയും കൈവരിച്ചീടുവാൻ
അന്തരാഭയമില്ലൊരു ലേശവും
പന്തികേടതിൽ കാണുന്നുമില്ല ഞാൻ.”
കേട്ടിരുന്ന ജനാവലിക്കീനയ
മിഷ്ടമെന്നു ധരിക്കയാൽ ഗാന്ധിജി
സ്പഷ്ടമാക്കിയിതിൻ്റെ ഭവിഷ്യത്തുകൾ
ദിഷ്ടവും ചില ദിഷ്ടദോശഷങ്ങളും
ആയുധം ധരിക്കാത്തൊരായോധന
മീയപൂർവ്വമാം പ്രസ്ഥാനം ശോഭനം
സ്വീകരിച്ചതിൽ സത്യപ്രതിജ്ഞയും
ചെയ്തു;ജന്മമെടുത്തു “സത്യാഗ്രഹം’
ആയിരത്തിന്റെ പിന്നിലായ് ചേർന്നുതൊ
ള്ളായിരത്താറു നില്ക്കുന്ന വത്സരം
ആയിരുന്നതു സെപ്റ്റംബർമാസവും
തീയതി പതിനൊന്നതുമോർക്കണം.
അന്നുദർശിച്ച സുപ്രഭാതം തന്നേ
യിന്നും പുല്കുന്നു ദക്ഷിണാഫ്രിക്കയെ
അന്നിതൊക്കെയും സംഭവിച്ചില്ലെങ്കി
ലെന്നും ചേടകരായേനേ തത്രനാം,
ശാന്തിതല്‌പരൻ ഗാന്ധിജി പിന്നെയും
സന്ധിയുണ്ടാക്കാൻ വേണ്ടിയത്നിക്കയായ്
വെട്ടാനോടിയടുക്കുന്ന ഭീകര
കാട്ടുപോത്തിനു വേദമോതുംവിധം,
ഏവമാംഗ്ലേയർ പഞ്ചതന്ത്രങ്ങളാ
ലാവതു നോക്കി ഗാന്ധിയേ വെല്ലുവാൻ
സൗരഭേയിയെ ബന്ധിക്കും പാശത്താൽ
വാരണത്തെക്കുടുക്കുക സാദ്ധ്യമോ?
ശാന്തിമാർഗ്ഗമടഞ്ഞതായ് കാണുകയാൽ *
ക്ഷാന്തി സംയുഗസംഘടനക്കാരേ
ഗാന്ധിതന്നെ നയിച്ചു രണത്തിനായ്
ഗാന്ധിയുദ്ധം നിരായുധായോധനം.
ധീരതയോടിറങ്ങി, നിയമങ്ങ
ളാരും സംശയിച്ചില്ല ലംഘിക്കുവാൻ.
ഭാരതീയരെ നേരേയറിഞ്ഞതി
ല്ലാരംഭിച്ചു ഗവൺമെന്റു ശിക്ഷയും.
ശിക്ഷിതന്മാരാമിന്ത്യാക്കാരെക്കൊണ്ടു
ദക്ഷിണാഫ്രിക്കൻ കാരാഗാരങ്ങളിൽ
തിക്കലായിട്ടുമൊന്നിനു പത്തായി
നില്ക്കുന്നാളുകൾ പിന്നെയും കേറുവാൻ.
പുരുഷന്മാരെ വെല്ലുവാൻ പോരുന്ന
ധീരതയോടെ കസ്തൂർബാതൊട്ടുള്ള
നാരിമാരും കടന്നു തടങ്കലി
ലാരും നിർബ്ബന്ധിക്കാതെ സ്വമേധയാ
ആകവേയന്തരീക്ഷം കലുഷിത
മാകിലും തുടർന്നാഹവും ശക്തിയായ്
തൂലികകൊണ്ടു കാര്യം സമാപിക്കാൻ
വേലചെയ്തിട്ടും ദീർഘിച്ചു നാളുകൾ.
എട്ടുവത്സരമീദൃശയുദ്ധത്തിൽ
പെട്ടപാടുകളോതുക ദുഷ്കക്കരം,
ഒട്ടനേകരും മർദ്ദിതരായ്, പുകൾ
പ്പെട്ട സമ്പന്നർ നിർദ്ധനന്മാരായി.
മാന്യന്മാരവമാനിതരായ്,
പല ധന്യന്മാരും ദിവംഗതന്മാരായി
വന്നതൊക്കെസ്സഹിച്ചുകൊണ്ടങ്ങനെ
നിന്നുസുസ്ഥിര ചിത്തരായിന്ത്യാക്കാർ.
നാലുഭാഗത്തുനിന്നും സത്യാഗ്രഹ
മാലുമിക്കനുകൂലമായ് പത്രങ്ങൾ
ആലപിക്കും സ്വരത്തിൻ്റെപ്രതിധ്വനി
യാലരാതികൾ കൃത്യവിഭ്രാന്തരായ്,
താനറിയാതെ ദാംഭികരാമവ
രാനതശീർഷരായ് വിധിവൈഭവം
ഭാരതത്തിനു പാരമഭിമാന
കാരണമായിട്ടൊത്തു തീർപ്പുണ്ടായി.
ഗാന്ധിജിയുടെ നൂതനപ്രസ്ഥാനം,
സന്തതവിജയത്തിൻ്റെ നാന്ദിയായ്
എന്തെന്നില്ലാത്ത ചാരിതാർത്ഥ്യത്തോടെ
ഏന്തിനിന്നു ജയക്കൊടിയാദ്യമായ്.
