Ninth Verse

ഒൻപതാം സർഗ്ഗം


അങ്ങനെയാ ഫ്രീക്കായിലാരംഭിച്ചവയെല്ലാം

മംഗളകരമായിപ്പരിണമിച്ചു.

കർമ്മയോഗിയാം ഗാന്ധി യൗവനപ്രായത്തിലേ

ഘർമ്മബിന്ദുക്കളെല്ലാമവിടെ വീഴ്ത്തി.

പൂർണ്ണമായിരുപതു വർഷമാപത്തുക്കളാ 

മണ്ണിനെ സ്പർശിച്ചതു പവിത്രമാക്കി 

ജീവിതശിഷ്ടംകൊണ്ടു മാതൃഭൂമിക്കാണേറ്റ 

മാവശ്യമെന്നാമഹാനറിഞ്ഞു നന്നായ്.

യാത്ര ചോദിച്ചു തെക്കേയാ ഫ്രീക്കായോടെന്നാലും

മൈത്രിയാൽ വന്നബന്ധം സുശക്തമെന്നും 

രാഷ്ട്രീയഗുരുനാഥൻ ഗോഖലേയിംഗ്ലണ്ടിലാ 

ണിഷ്ടശിഷ്യനങ്ങോട്ടു തിരിച്ചു യാത്ര. 

 

ചെന്നുകണ്ടിരുവരും വേണ്ടകാര്യങ്ങളെല്ലാ 

മന്യോന്യം സംസാരിച്ചുകൃതാർത്ഥരായി, 

കേവലം പ്രതീക്ഷിക്കാതുള്ളൊരു ഞടുക്കമീ

ഭൂവിലക്കാലത്തുണ്ടായ്, മഹാസമരം 

ഒന്നാമതായുണ്ടായ ഭൂലോകമഹായുദ്ധ 

മന്നഹോ! ദാവാഗ്നി പോൽ കടന്നുവന്നു. 

ഭൂവിലേ വൻശക്തികൾ ബ്രിട്ടനും ജർമ്മനിയും

ഭീവികാരമില്ലാതെയിടഞ്ഞടുത്തു.

 

സേവനോത്സുകൻ ഗാന്ധി വീക്ഷിച്ചീ മഹാരംഗം

ബോവർയുദ്ധത്തേക്കാളും ഗുരുതരമായ്. 

സാമ്രാജ്യമതിൻ്റെ പ്രജതാനെന്ന ചിന്തയെന്നു 

മോർമ്മയിലുള്ളവനാം മഹാപുരുഷൻ

ഭാരതീയരായധിവാസമാസ്ഥലത്താർന്ന

പുരുഷന്മാരേയെല്ലാം വിളിച്ചുകൂട്ടി. 

ആംഗ്ലേയ പക്ഷത്തിനുസേവനം ചെയ്കയെന്ന

സംഗതി ചർച്ചയ്ക്കായിട്ടവർക്കു നല്കി.

വാദകോലാഹലങ്ങളേറെയുണ്ടായി, സഭ 

നാദവത്തായി കുറേ സമയത്തോളം. 

ദേശീയചിന്തവിട്ടു ഗാന്ധിജി മുമ്പിൽ വച്ചോ 

രാശയമവസാനം സുസമ്മതമായ്.

സാമ്രാജ്യത്തിന്റെ വിപൽ സന്ധിയിൽ സഹായിക്കാൻ 

സമ്മതിച്ചെല്ലാവരുമൊരേ സ്വരത്തിൽ. 

ആഫ്രീക്കൻ രണാങ്കണം വിട്ടിറങ്ങീട്ടു ധന്യൻ

സ്വല്പവും വിശ്രമിച്ചില്ലതിനുമുമ്പേ 

ലോകമഹായുദ്ധത്തിൽ ബ്രിട്ടനു നൽസേവന-

സാകല്യം നൽകാനായിത്തുനിഞ്ഞിറങ്ങി. 

തന്നോടുതന്നെയേറ്റം നിർദ്ദയം വർത്തിക്കയാൽ 

വന്നുചേർന്നനാരോഗ്യസ്ഥിതിയില്പം.

ആരോഗ്യം വീണ്ടെടുക്കാൻ താനേ നിർബന്ധിതനായ് 

ഭാരതത്തിലേയ്ക്കുടൻ മടങ്ങിപ്പോന്നു.

നീണ്ടവേർപാടിൻ ശേഷം മാതാവിന്മടിത്തട്ടിൽ

വീണ്ടുമാരോമൽ സുതനണഞ്ഞനേരം

ആശ്ലേഷിച്ചാനന്ദാശ്രു മാല്യങ്ങളണിയിച്ചി-

ട്ടാശ്വാസത്തോടേയവൾ നെടുവീർപ്പിട്ടു. 

അമ്മതന്നടിമത്തച്ചങ്ങല പൊട്ടിക്കുവാ

 നമ്മകനുള്ളിൽ ദൃഢപ്രതിജ്ഞ ചെയ്തു. 

വീരസുവാം ധന്യേ, യാർഷഭാരതാംബികേ, 

പാരിനുമുടിമുത്തായ് വിജയിക്കും നീ. 

മാതൃഭൂമിയിലെത്തിച്ചേർന്ന ഗാന്ധിജി തൻ്റെ 

നൂതനാദർശങ്ങളെയകത്തൊതുക്കി.

 

നാടൊന്നു ചുറ്റിക്കാണാനായുള്ള നല്ല പരി- 

പാടിയൊന്നാമതായിത്തുടങ്ങിമോദാൽ, 

മാമല ഹിമാലയം തൊട്ടങ്ങു സേതുവോള-

മാമഹാനശാന്തമായടനം ചെയ്തു. 

ചെന്നെടത്തെല്ലാം ധന്യൻ സാദരം സ്വീകൃതനായ്

നന്നായി പ്രസംഗിച്ചു ജനതയോടായ്

ആർജ്ജവമനോഭാവമാത്മാർത്ഥഭാഷിതവും 

സജ്ജനചിത്തങ്ങളേ വശീകരിച്ചു.

പോകുന്ന സ്ഥലത്തെല്ലാം പാകിയ വിത്തു മുള 

ച്ചാകവേയന്തരീക്ഷം പവിത്രമായി.

ഹൈന്ദവസർവ്വകലാശാലയൊന്നാരംഭിക്കാ-

നന്നൊരു മഹാസംഘം നടത്തപ്പെട്ടു.

ആസ്ഥാനം ബനാറീസാണന്നത്തേയുഘാടകൻ

വൈസ്രോയി ഹാർഡിഞ്ച് പ്രഭു പരമവിജ്ഞൻ. 

മന്നവന്മാരും സെമിന്ദാരന്മാരെന്നിങ്ങനെ –

യുന്നതവ്യക്തികളാൽ നിറഞ്ഞു സംഘം 

കാഞ്ചന നവരത്ന ഭൂഷാദിപ്രദർശനം 

വാഞ്ഛിച്ചുവന്നതുപോലവരിരുന്നു.

ഗാന്ധിജി പ്രശാന്തനാണെങ്കിലുമിക്കാഴ്ചയി-

ലന്തരംഗമാവേഗവിജ്യംഭിതമായ്.

ഭാവുകം നാട്ടിൽച്ചേരാനാവശ്യമൊന്നാണതു 

ജീവിതലാളിത്യമെന്നുറച്ച തത്ത്വം

വീതശങ്കമായ് നല്ല തീപ്പൊരി പ്രസംഗമാ-

യെയ്തുവിട്ടമ്പേറ്റവർ തലകുനിച്ചു.

ക്ഷുബ്ധരായ് സംഘത്തിൽ നിന്നൊട്ടു പേരിറങ്ങിപ്പോയ്,

സ്തബ്ധരായ് ചിലർ കണ്ണുതുറിച്ചിരുന്നു.

തൽക്ഷണം വായടയ്ക്കാനാജ്ഞയും നല്കി ചിലർ

പക്ഷേയാപ്രതിഷേധം പ്രതിക്ഷിപ്തമായ്

വേണ്ടവർക്കെല്ലാമന്നു വേണ്ടതൊക്കെയും കിട്ടി,

രണ്ടില്ല പക്ഷമതു വിഫലമാകാ 

കാര്യമായ് നടക്കേണ്ട സംഭവവികാസങ്ങൾ 

വേറെയും നടക്കുന്നുണ്ടിതിനിടയിൽ. 

പൂർവ്വികഗുരുകുല രീതിയിലൊരാശ്രമം 

സാർവ്വജനീനമായി സബർമതിയിൽ.

സ്ഥാപിതമായി ഗുരുദേവനാം ഗാന്ധിജിയാൽ, 

കാപട്യലേശമറ്റ പഠനങ്ങൾക്കായ്. 

സത്യവുമഹിംസയും, ബ്രഹ്മചര്യവും സാക്ഷാൽ 

നിർദ്ധനതയുമാത്മനിയന്ത്രണവും, 

വർണ്ണഭേദചിന്തകളില്ലാത്ത പെരുമാറ്റം, 

പൂർണ്ണമായ് ഹൃദയത്തിൽ സ്വദേശസ്നേഹം, 

ഈവിധമുള്ള പരിശീലനങ്ങളൊക്കെയു-

 മേവനും നല്കീടുന്നു ഗുരുകുലത്തിൽ. 

സ്ഥാപനമതിൽനിന്നുമാശിച്ചു മഹാത്മജി 

കാപട്യമറ്റ സത്യാഗ്രഹികുലത്തെ 

ഉന്നതവ്യക്തികളിൽ നിന്നുള്ള പ്രോത്സാഹനം 

വന്നിരുന്നതിനന്നു പലതരത്തിൽ. 

ഗോഖലേയഭിവന്ദ്യൻ ദീർഘനിദ്രയിലാണ്ടു

പോയ്ക്കഴിഞ്ഞതിനിടയ്ക്കതീവദുഃഖം! 

ഭാരതത്തിനു നേതൃസത്തമൻ നഷ്ടപ്പെട്ടു. 

സൂരിയാം ഗുരുവരൻ മഹാത്മജിക്കും. 

ദേശികനിർദ്ദേശങ്ങൾക്കെന്നതിലേറെ ഗാന്ധി

യീശ്വരഹിതത്തിനു വിധേയനായി.

വത്സരമൊന്നു നീങ്ങി രാഷ്ട്രീയകാര്യങ്ങളിൽ 

സോത്സാഹം പ്രവർത്തനം തുടങ്ങുകയായ്. 

സ്വേദബിന്ദുക്കൾ ചിന്തി ഭൂമിയെ നനയ്ക്കുന്ന

സാധുക്കൾ കർഷകന്മാർ പലേതരത്തിൽ 

നീതിക്കുവേണ്ടിക്കേണു യാചിക്കുന്നതു കേൾക്കാൻ

നീതിസ്വരൂപനല്ലാതൊരുവനില്ല.

ജന്മിമാർ ഗവർമ്മെന്റും നിർദ്ദയമേല്പിക്കുന്ന 

സമ്മർദ്ദനത്താലവരവശരെന്നും 

ദേഹണ്ണമെല്ലാമവർക്കാദായം ജന്മിമാർക്കു-

മാഹന്ത ബാക്കിയെല്ലാം ഗവർമ്മെന്റിനും, 

ആഹാരത്തിനുവകയോലുന്ന കണ്ണീർ തുള്ളി

ദാഹിച്ചാൽ പാനീയവുമിതരമല്ല. 

ദീനദയാലുവായ ഗാന്ധിജിക്കിതു പാരം 

മാനസവേദനയ്ക്കു വിഷയമായി.

ചമ്പാരൻ, ഖേദാതൊട്ട് ഗ്രാമപ്രദേശങ്ങളിൽ 

സമ്പർക്കം പുലർത്തികർഷകരുമായി. 

സങ്കടങ്ങൾക്കു പരിഹാരമുണ്ടാക്കാനായി

സംഘടിപ്പിച്ചു ഗാന്ധിയവരെയെല്ലാം.

വല്ലഭായ് പട്ടേലെന്ന നേതാവുമിക്കാര്യത്തിൽ

കില്ലെന്യേ ഗാന്ധിജിക്കു വലതുകൈയായ്.

ഏറ്റിടപെട്ടു ഗവർമ്മേന്റതിനൊത്തവിധ-

മൂറ്റമായ് പെരുമാറി മഹാത്മജിയും.

നോട്ടീസും സമൻസുമായ് കോടതികയറ്റമായ്.

ഒട്ടെല്ലാം ഗവണ്മെന്റു പയറ്റിനോക്കി.

ബോദ്ധ്യമായ് നിസ്സംശയമിപ്പൂമാനധൃഷ്യനെ –

ന്നദ്രു തം പിടിത്തമൊന്നയച്ചുവിട്ടു

ആയുധം സത്യാഗ്രഹമേന്തിയ മഹാരഥൻ

ന്യായമായ് സ്വദേശത്തു ജയംവരിച്ചു. 

ആരംഭസമാഘാതമാണിതു; തുടർച്ചയായ്

“ഘോരയുദ്ധങ്ങൾ പിമ്പേയൊരുങ്ങി നില്പൂ. 

നൂതനമൊരുബില്ലു റൗളറ്റെ’ന്നഭിധയോ 

ടാതങ്കജനകമായവതരിച്ചു.

ഏതൊരു പൗരനേയും മേതുനേരത്തും ബന്ധി-

ച്ചേതൊരു തുറങ്കിലുമടച്ചുപൂട്ടാം

യാതോരു വിസ്താരവും ചോദ്യവുമില്ല സർക്കാർ 

നീതിയിലധികാരമതിന്നിരിപ്പൂ

മാനസകുടിലത കാട്ടുമീബില്ലിന്നഭി-

മാനിയാമൊരു പൗരൻ വഴങ്ങുകയോ?

ഹീനമാം നിയമത്തെ നാട്ടിൽ നടപ്പാക്കാതെ 

നൂനമെതിർത്തിടേണമതാണു ധർമ്മം.

വേണ്ടതു സത്യാഗ്രഹം തന്നെയാണതിനെന്നു 

കണ്ടുറപ്പിച്ചു ഗാന്ധി കരളിനുള്ളിൽ, 

വീണ്ടുമൊന്നാലോചിച്ചു വൈസ്രോയിക്കെഴുത്തുകൾ

വേണ്ടതുപോലെ നന്നായെഴുതിവിട്ടു, 

മൗനമല്ലാതെ വേറെ വന്നില്ല മറുപടി 

മാനവും മര്യാദയും പുലർത്താൻ പോലും. 

ബില്ലിനെത്തകർക്കുവാൻ കാലുമുമ്പോട്ടുവച്ചു 

വെല്ലുവിളിച്ചു വില്ലുകുലച്ചു ധന്യൻ.

ആ വില്ലു ചീറിപ്പാഞ്ഞുചോരചിന്താത്തയുദ്ധ –

മാവേശത്തോടേ ചെയ്യും വിജയം നേടും. 

സാമാന്യജനങ്ങളെക്കാര്യങ്ങൾ ഗ്രഹിപ്പിക്കാ –

നാമാന്യൻ പ്രസംഗിച്ചു പലസ്ഥലത്തും. 

ബില്ലിതു നിയമമായ്ത്തീരുകിലെതിർക്കുവാൻ 

കില്ലെന്യേ തയാറെന്ന പ്രതിജ്ഞാപത്രം 

സാടോപം വായിച്ചുകണ്ടവരുമൊപ്പുവയ്ക്കാൻ 

നാടാകെ പ്രചരിപ്പിച്ചവിളംബമായ്.

നേതാക്കന്മാരുണർന്നു സംഘടനകളുണ്ടായ് 

വീതശങ്കമെല്ലാരുമൊരു നിലയായ്.

ഈവിധമൊരുക്കങ്ങൾ നീങ്ങിക്കൊണ്ടിരിക്കവേ 

യാവിനാശകബില്ലു നിയമമായി.

നാടാകെ ഹർത്താലായി ഘോഷയാത്രകളായി 

കാടന്മാർ പട്ടാളക്കാരെതിർപ്പുമായി. 

നിർദ്ദയം വെടിവയ്ക്കും മർദ്ദനങ്ങളുമേറ്റം

വർദ്ധിതനിലയിലായ്ത്തകർത്തുപൊങ്ങി. 

ഗാന്ധിജി തൊട്ടനേക നേതാക്കളറസ്റ്റിലായ് 

ഭ്രാന്തുപോൽ ജനതതിക്കമർഷമായി. 

അക്രമരഹിതമാം യുദ്ധമെന്നുള്ളചിന്ത 

നിഷ്ക്രമിച്ചതുപോലായ് മനസ്സിൽ നിന്നും. 

ആരാലും നിയന്ത്രിക്കാനാകാത്തനില വന്നു 

ചേരുവാനിടയായി, പലസ്ഥലത്തും.

“ജാലിയൻ വാലാ’യിലേ ഭീകരസംഭവത്തെ

തൂലികയാലെങ്ങനെ വിശദമാക്കും?

ഹൈന്ദവനവവത്സരാഘോഷത്തിനായ് തത്ര

വന്നിരുന്നൊരു മഹാജനസമൂഹം. 

ശാന്തരായ് നിരായുധരായവർ സമ്മേളിച്ചു 

ചിന്തയിൽപ്പോലുമില്ലകുഴപ്പമൊന്നും.

എന്തിനെന്നറിഞ്ഞില്ല പാഞ്ഞുവന്നെത്തി 

തോക്കും. കുന്തവും വഹിച്ചുടനൊരു പട്ടാളം,

സേനാനായകൻ “ഡയർ’ നേതൃത്വം നല്കിവന്നു, 

താനസൃഷ്യനാണെന്നൊരഹന്തയോടേ,

ആളുകളിരുപതിനായിരത്തിലുമേറെ മേളിച്ച

സദസ്സിനെത്തുറിച്ചുനോക്കി.

പൂരുഷകേസരികൾ മാത്രമല്ലവിടെയു-

ണ്ടാരോമൽക്കുഞ്ഞുങ്ങളുമബലമാരും. 

വല്ലാതെ പരിഭ്രാന്തരായ്ത്തീർന്നു ജനാവലി

ചൊല്ലുവതെന്തുബാക്കി? ജഗൽപിതാവേ!

ലൂസിഫേറനുഗരുമെന്നതുപോലെതെല്ലും

കൂസലില്ലാതെയവർ വെടിതുടങ്ങി.

നാലുഭാഗത്തും മതിൽ, ഗ്രീഷ്മകാലത്തെക്കാറ്റി-

ലാലിലപോലെജനം മരിച്ചുവീണു.

ഒന്നിനുമീതേയൊന്നു പിന്നെയുമതിന്മീതേ

കുന്നുപോലായിത്തീർന്നു ശവക്കൂമ്പാരം. 

ആയിരങ്ങളിൽനിന്നു ദീനരോദനം പൊങ്ങി

വായുവിൽ ലയിക്കുന്നു തുടർച്ചയായി. 

ശോണിതം തളംകെട്ടിത്താറുമാറായിട്ടെങ്ങും 

കാണുന്ന കാഴ്ച കണ്ണു സഹിക്കുകില്ല. 

ചാകാതെ ചാകുന്നവരൊട്ടല്ല, സഹായിക്കാ 

നാകുന്ന മനുഷ്യരേയെവിടെക്കാണും?

ക്രൂരമാം വെടിക്കെട്ടു നാരകീയമായ്ക്കുറേ

നേരമങ്ങനെനിന്നു, മരുന്നുതീർന്നു. 

ഭീകരംപടക്കളമീവിധം കാണാൻ സാദ്ധ്യ 

മാകുകില്ലൊരേടത്തുമഹോ കഠോരം! 

ജാലിയൻ വാലാബാഗിൽ താണമാനുഷരക്തം 

കാലങ്ങൾ കഴിഞ്ഞാലും നിലവിളിക്കും 

സന്തതമഹിംസയെ സ്നേഹിക്കും മഹാത്മജി 

ക്കന്തരംഗവേദനയസഹ്യമായി.

ഈ വിനാശങ്ങൾക്കെല്ലാം കാരണം താനെന്നോർത്തു

പാവനചിത്തൻ പശ്ചാത്തപിച്ചുപാരം, 

കണ്ണുനീർ ചിന്തിക്കൊണ്ടു മൂന്നുനാളുപവാസം 

പൂർണ്ണമായനുഷ്ഠിച്ചു പ്രശാന്തനായി. 

വന്നൊരുപരാജയമെങ്കിലുമതിൽത്തന്നെ 

വന്നൊരു വിജയവുമറിയണം നാം

“അന്ധരെപ്പോലെ ബ്രിട്ടീഷ്കാരുടെയധികാര –

മിന്ത്യാക്കാർ മേലിൽ പരിഗണിക്കുകില്ല.”

എന്നൊരു പ്രഖ്യാപനം സംശയരഹിതമായ്!

മന്ദ്രമായതിലൂടേ പ്രതിധ്വനിച്ചു.

അക്രമരാഹിത്യത്തിനുള്ള സന്നദ്ധതയിൽ 

തല്ക്കാലംജനതതി പ്രബുദ്ധരല്ല,

എന്നുകണ്ടാ നിയമലംഘനപ്രസ്ഥാനത്തി-

നന്നു ഗാന്ധിജിയൊരു വിരാമമിട്ടു.