Tenth Verse

പത്താം സർഗ്ഗം


ഭാരതമാതാവിൻ വീരസന്താനമാം

പുരുഷകേസരി മുമ്പിലേക്കാൾ 

ഊർജ്ജിതമായിത്തുടങ്ങി പ്രവർത്ത-

മാർജ്ജിത പ്രാബല്യത്തോടുകൂടി.

ഓരോനാൾ ചെല്ലുമ്പോൾ ശക്തിയും ധൈര്യവു-

മാരിലും വർദ്ധിക്കും മേല്ക്കുമേലായ്,

ബ്രിട്ടൻ്റെ മേൽക്കോയ്മ സ്ഥാനത്തെയിന്നോളം

ശിഷ്ടനാം ഗാന്ധിജി ആദരിച്ചു,

ബോവർയുദ്ധത്തിലേയാത്മാർത്ഥമായുള്ള 

സേവനം ബ്രിട്ടൻ മറന്നുപോയോ?

ബ്രിട്ടനെ വെമ്പിച്ച ലോകമഹായുദ്ധം 

പൊട്ടിപ്പുറപ്പെട്ട സന്ദർഭത്തിൽ

വേണ്ടിവന്നെത്രയോ ത്യാഗങ്ങൾ ഗാന്ധിജി-

ക്കിൻഡ്യയെക്കൊണ്ടു സഹായം നല്കാൻ 

തെല്ലുമിക്കാര്യങ്ങൾ ബ്രിട്ടന്റെയോർമ്മയി-

ലില്ലാതെ പോയതു കഷ്ടമേറ്റം. 

ഉള്ളിൽ കൃതജ്ഞത ലേശമില്ലാത്തവർ 

വെള്ളക്കാരെന്നതു സ്പഷ്ടമായി. 

കാലാൽ ചവിട്ടിത്തിരുമ്മിപ്പിപീലികാ 

ജാലത്തെക്കൊന്നു നശിപ്പിക്കുംപോൽ 

ജാലിയൻ വാലായിൽ ഘോരനരവേട്ട, 

ഭൂലോകം ഞെട്ടും ചരിത്രരേഖ, 

കണ്ടല്ലോ വായനക്കാരൻ; മഹാത്മജി 

ക്കുണ്ടായ ഹൃത്താപമെത്രയാവാം!

നീതിബോധംപോലുമില്ലാത്ത “കോയിമ്മ –

കേതും വിധേയരായ് നിന്നിടാതെ 

കേവലം നിസ്സഹവർത്തനമാണിൻഡ്യ

ക്കാവശ്യമെന്നുറപ്പിച്ചു ഗാന്ധി.

തോന്നിയതോന്നലിൽ വന്നതല്ലീവ്രതം

നന്നായിച്ചിന്തിച്ചു ചെയ്തതത്രേ.

ചന്തമായ് ഭാസുരഭാവിക്കു സ്വാഗത –

പ്പന്തലുണ്ടാക്കുവാൻ തൂണുനാലും

കാട്ടിക്കൊടുത്തു ജനങ്ങൾക്കു ഗാന്ധിജി

നാട്ടിയുറപ്പിച്ചിടേണ്ടതിനായ്.

നിസ്സഹവർത്തനം നാലായിഭാഗിച്ചു

സോത്സാഹം പ്രഖ്യാപിച്ചീ വിധത്തിൽ,

 

“ഈ ഗവർമ്മെൻ്റിനു കൊച്ചു കാശും കരം 

നല്കരുതിന്നുതൊട്ടേതൊരാളും 

ഉദ്യോഗവർത്തികളേവരുമൊത്തുചേർ-

ന്നുദ്യോഗമൊന്നാകെ വർജ്ജിക്കേണം.

ബ്രിട്ടീഷ് ഗവർമ്മെന്റിൻ്റിൽ നിന്നാരോസ്ഥാനങ്ങൾ 

കിട്ടിയിട്ടുള്ളോരുപേക്ഷിക്കേണം. 

വിട്ടിറങ്ങീടണം തൽക്ഷണം പോലീസു

പട്ടാളം തൊട്ടുള്ള സേവനങ്ങൾ, 

ത്യാഗത്തെയാതൊരു കൂസലും കൂടാതെ 

സ്വാഗതം ചെയ്യുമീ പ്രസ്ഥാനത്തെ –

യാതനാമാർഗ്ഗം വിശാലമായ്ക്കാണിച്ചു 

ഭീതിപ്പെടുത്തുമീ സേവനത്തെ-

നിശ്ശങ്കം ധീരരായ് മുന്നോട്ടുവന്നുകൊ 

ണ്ടാശ്ശേഷിക്കാൻ മടിച്ചീടുമാരും.

എങ്കിലും സാമാന്യക്കാരെല്ലാം ചേർന്നിതിൽ 

ശങ്കയും ഭീതിയും ലേശമെന്യേ, 

എന്നും ശുഭാപ്തിവിശ്വാസിയാം ഗാന്ധിജി 

ക്കിന്നതു വർദ്ധിച്ചുയർന്നു ഹൃത്തിൽ. 

നിഷ്കാമകർമ്മപടുത്വമാനേതാവി 

ന്നുല്കർഷഹേതുകമായിത്തീർന്നു. 

മുന്നിട്ടുനിന്നുകൊണ്ടേതു വൈഷമ്യവും 

തന്നത്താനദ്ദേഹം കൈവരിച്ചു. 

പിന്നാലേയാളുകൾ ചേരുവാനീനയം 

നന്നായിരുന്നു വിതർക്കമെന്യേ. 

നിസ്സഹവർത്തനക്കാര്യങ്ങൾ സ്പഷ്ടമായ് 

വൈസാസ്രോയി ബോദ്ധ്യപ്പെടേണ്ടതിനായ്

നല്ലൊരു കത്തുമയച്ചു സത്യാഗ്രഹി –

ക്കില്ല മറയ്ക്കേണ്ട കാര്യമൊന്നും. 

ആരാൽ സമ്മേളിക്കാനുദ്ദേശിക്കുന്നുണ്ടു 

ഭാരതകോൺഗ്രസ്സു കല്‌ക്കട്ടായിൽ 

രാഷ്ട്രീയ നേതാക്കന്മാരെല്ലാം കൂടുന്ന 

ഗോഷ്ടിയിൽ ചർച്ചയ്ക്കായി പ്രമേയം

വയ്ക്കേണമെന്നു മഹാത്മജി ചിന്തിച്ചു 

വായ്ക്കും ശുഭാപ്തി വിശ്വാസത്തോടെ. 

എങ്കിലും ശക്തിയായുണ്ടായെതിർപ്പുകൾ 

കോൺഗ്രസിനുള്ളിലുമിക്കാര്യത്തിൽ

ലാലാലജ്പത്റായി, സി.ആർ. ദാസും പ്രതി –

കൂലിച്ചു നിന്നു മഹാരഥന്മാർ. 

പ്രക്ഷുബ്ധരംഗത്തെയെല്ലാമതിജീവി-

ച്ചാക്ഷേപമില്ലാതെ യാപ്രമേയം 

വമ്പിച്ചഭൂരിപക്ഷത്തൊടെ പാസ്സായി

വൻപന്മാർ ഗാന്ധിക്കധീനരായി.

പണ്ഡിതമോട്ടിലാൽ നെഹൃവക്കാലത്തേ-

യെണ്ണപ്പെട്ടുള്ള മഹാപ്രഗത്ഭൻ, 

ശേമുഷിശേഷിയും നിശേഷമർപ്പിച്ചു 

സാമോദം ഗാന്ധിപ്രസ്ഥാനത്തിന്നായ് 

ഒന്നാകെ രാജ്യമുണർന്നൊരു ദേശത്തും

ഭിന്നിച്ചുനിന്നവരേറെയില്ല.

ഗാന്ധിജി നല്കിയിരുന്ന നിർദ്ദേശങ്ങൾ

പന്തികേടില്ലാതെ നാട്ടിലെങ്ങും

ആദരിക്കപ്പെട്ടു സർവ്വപ്രധാനമായ് 

ഖാദിധരിച്ചു ജനങ്ങളെല്ലാം,

ഓരോസ്ഥലങ്ങളിൽ മാഞ്ചെസ്റ്റർ വസ്ത്രങ്ങൾ

വാരി വാരിക്കൂട്ടിത്തീകൊളുത്തി. 

കുട്ടികളില്ലാതായ് വിദ്യാലയങ്ങളിൽ

പട്ടാളക്കാരില്ല പാളയത്തിൽ.

കോടതിവിട്ടഭിഭാഷക, രുദ്യോഗ

പീഠങ്ങൾ വിട്ടുപോയുദ്യോഗസ്ഥർ, 

വന്നു റീഡിംഗ് പ്രഭു വൈസ്രോയിസ്ഥാനത്തു

സന്ദർശനത്തിനായ് ഗാന്ധി ചെന്നു.

ഒന്നുകൊണ്ടും ഗുണം യാതൊന്നുമുണ്ടായി-

ല്ലെന്നല്ല വർദ്ധിച്ചു മർദ്ദനങ്ങൾ. 

നിസ്സഹവർത്തനം ശക്തിയായ് നില്ക്കവേ 

വേയിൽസിലേ രാജകുമാരൻ വന്നു. 

പണ്ടെങ്ങുമുണ്ടാകാതുള്ളവിധത്തില –

ന്നുണ്ടായ സ്വീകരണം വിചിത്രം! 

നാടൊട്ടുക്കന്നൊരു ദുഃഖാചരണമായ്, 

പാടേ കടകളടച്ചുപൂട്ടി. 

സ്വീകരണച്ചടങ്ങെല്ലാമെതിർത്തുകൊ –

ണ്ടാകെപ്പണിമുടക്കാചരിച്ചു.

ബോംബെയിൽ രാജകുമാരനെത്തീടവേ 

ഗംഭീരതോതിൽ കലാപനൃത്തം

തത്ര പോലീസും ജനങ്ങളും തമ്മിലാ –

ണെത്രയുമൂക്കാർന്നൊരേറ്റുമുട്ടൽ.

ശാന്തിക്കുചേരാത്ത കാര്യങ്ങളിൽ 

പങ്കു ഗാന്ധിജിക്കില്ലതു സത്യമത്രേ. 

പശ്ചാത്തപിച്ചുപവാസം തുടങ്ങിയി–

ദുശ്ചേഷ്ടിതം ശ്രവിച്ചാമഹാത്മാ. 

പുഞ്ചിരിക്കുംമുഖം ദൃശ്യമല്ലാഗതൻ 

സഞ്ചരിക്കും സ്ഥലത്തേതിടത്തും. 

ഭിത്തികൾ തോറും വലിപ്പമേറും ലിപി 

ച്ചാർത്തുകൾ കാണാമിതേവിധത്തിൽ,

“ഹേ, മാന്യരാജകുമാരാ, തിരിച്ചങ്ങു

പോകൂവിളംബം വരുത്തിടാതെ.”

കൂവിപ്പറഞ്ഞു ജനക്കൂട്ടമുള്ളട 

ത്തീവാചകം തന്നെ കൂസലെന്യേ. 

ഏതുഭാഗത്തും കുഴപ്പങ്ങൾ; നാട്ടിലെ 

നേതാക്കളെല്ലാമറസ്റ്റിലായി.

ഏറെസ്സഹസങ്ങൾ പാറാവിലാണതി –

ലേറെയാലക്ഷ്യത്തെ നോക്കിനില്പ്. 

ജാതിഭേദം കക്ഷിഭേദങ്ങളെന്നിവ

യേതുമില്ലാതെയൊന്നായ് ജനങ്ങൾ. 

അക്രമരാഹിത്യം ഗാന്ധിജിയെത്രമേ 

ലാഗ്രഹിച്ചെങ്കിലും സാധിക്കാതെ 

നാട്ടിൽ പലേടത്തനിഷ്ടങ്ങളുണ്ടായി 

നാട്ടാരിലാവേശം ജ്യoഭിക്കയാൽ. 

‘ചൗരിചൗരാ’യിലേ സംഭവം ഭീകരം, 

ധീരരായുള്ളപോലീസുകാരെ

സ്റ്റേഷനിൽ കൂട്ടിത്തീ വച്ചു ദഹിപ്പിച്ചു

ശേഷമെന്തോതണം ശാന്തംപാപം!

വെന്തുനീറും മനസ്സാക്ഷിയാൽ പ്രേരിതൻ 

ഗാന്ധിജി തൽക്ഷണം താൻകൊടുത്ത നി

ർദ്ദേശം-സർക്കാർ ചട്ടത്തിന്റെ ലംഘനം- 

റദ്ദാക്കി നാടാകെ പ്രഖ്യാപിച്ചു.

കഷ്ടമേ, യാത്മഹത്യാപരമാണിതെ –

ന്നൊട്ടേറെപ്പേരും പരാതിപ്പെട്ടു.

വ്യക്തിപ്രഭാവം കുറഞ്ഞുപോയ ഗാന്ധിക്കെ-

ന്നോർക്കുന്നുണ്ടാവാം ഭരണകൂടം 

ഏറെയുണ്ടായില്ല താമസം ബന്ധിച്ചു

പാറാവിലാക്കുവാനദ്ദേഹത്തെ.

കോടതിമുമ്പാകെ ഹാജരാക്കിക്കൊണ്ടു 

സാടോപം വായിച്ചു കുറ്റപത്രം 

“ഒന്നുമെതിരായിട്ടില്ല പറയുവാ-

നെന്നോതി പ്രത്യുക്തി കുറ്റക്കാരൻ. 

ഉണ്ടായിരുന്ന പ്രസ്താവന വായിച്ചു 

മിണ്ടാതെ കോടതി കേട്ടിരുന്നു. 

രണ്ടായിരക്കൊല്ലം മുമ്പൊരു സംഭവ 

മുണ്ടായതോർമ്മിച്ചുപോകയാലോ 

കക്ഷിയെനോക്കിയിരുന്നു വിധിയാള 

നക്ഷികൾ തെല്ലും ചലിപ്പിക്കാതെ.

 പാശ്ചാത്യനദ്ദേഹം ക്രിസ്ത്യാനിയാകയാൽ

നിശ്ചയമങ്ങനെ തന്നെയാവാം.

 

അന്തരാശാന്തിയില്ലാതെ,യെന്നല്ല,ഗ –

ത്യന്തരമില്ലാതെയാവിദഗ്ദ്ധൻ

ആറുകൊല്ലത്തവെറും തടങ്കൽ ശിക്ഷ –

യേറെ ദുഃഖത്തോടെ രേഖയാക്കി. 

“ആദർശപൂരുഷൻ’ “പുണ്യവാനെന്നൊക്കെ –

യാദരിച്ചോതുന്ന വാചകങ്ങൾ

കാണാം പലേടത്തുമായതിൽ, മറ്റെന്തു

വേണം പ്രതിക്കുള്ള മേന്മയോതാൻ 

ഏറും ജയാരവം ഭക്ത്യാമുഴക്കുന്ന 

നൂറായിരങ്ങൾക്കിടയ്ക്കുകൂടി

പോയി മഹാത്മജി കാരാഗാരത്തിലേ

യ്ക്കായി പ്രസന്നവദനനായി.

 

ശിക്ഷവാങ്ങിക്കേണ്ട കുറ്റങ്ങളൊന്നുമി-

കക്ഷിയിലില്ലെന്നു കണ്ടുദൈവം.

നീതിസ്വരൂപൻ്റെ നേതൃത്വം മൂലമാ-

പൂതാത്മാബന്ധനമുക്തനായി.

ശസ്ത്രക്രിയയ്ക്കു വിധേയനാക്കും വിധ-

മെത്തിപ്പിടിപെട്ട രോഗത്താലേ

വിട്ടയയ്ക്കാനധികാരികൾ നിർബന്ധ-

പ്പെട്ടതുകേവലം സത്യമത്രേ.

പട്ടണം വിട്ടൊരു ഗ്രാമത്തിൽ വാസമാർ –

ന്നൊട്ടുകാലത്തോ സച്ചരിതൻ, 

തൂലികയാലേ സമർത്ഥമായൊട്ടേറെ 

ജോലിയക്കാലത്തും ചെയ്തിരുന്നു. 

അന്നും കലാപങ്ങൾ രക്തച്ചൊരിച്ചിലും 

നന്നായുടമാടി നാട്ടിലെങ്ങും 

ദീർഘമായുള്ളാരുപവാസം ഗാന്ധിജി

പ്രഖ്യാപനം ചെയ്തു; നാടുഞെട്ടി. 

ആ വഴിക്കേതാണ്ടൊരല്പം സമാധാനം 

കൈവന്നു ഗാന്ധി സമാശ്വസിച്ചു. 

സമ്മേളിച്ചായിടെ കോൺഗ്രസ്സു ബൽഗാമിൽ 

സമ്മതൻ ഗാന്ധിയദ്ധ്യക്ഷനായി.

വൈസ്രായിസ്ഥാനത്തേയ്ക്കിർവിൻ പ്രഭു വന്നു

നിസ്സഹവർത്തനകാലഘട്ടം.

പ്രസ്ഥാനം ഗൗരവമേറുന്നതാണെന്ന

വാസ്തവം നന്നായ് ധരിച്ചുധിമാൻ.

സൈമൺ കമ്മീഷനും വന്നു, കരിങ്കൊടി

ക്ഷാമമില്ലാതെയണിനിരന്നു.

“പോകൂതിരി’ച്ചെന്നു നാട്ടുകാരെങ്ങുമേ 

കൂകിപ്രതിഷേധം സ്പഷ്ടമാക്കി. 

ലാഹൂറിൽ കോൺഗ്രസ്സുവീണ്ടും സമ്മേളിച്ചു

നെഹ്രുജവഹറദ്ധ്യക്ഷനായി.

ബ്രിട്ടൻ്റെ ബന്ധത്തെ നിശ്ശേഷമായിട്ടു

വെട്ടി വിച്ഛേദിച്ചു ഭാരതത്തിൽ 

സമ്പൂർണ്ണസ്വാതന്ത്ര്യം സമ്പാദിക്കാനുള്ള 

വൻപ്രമേയത്തിൻ്റെയംഗീകാരം

അന്നത്തെ സമ്മേളനത്തിലാണുണ്ടായ –

തെന്നുള്ള കാര്യം സ്മരിക്കണം നാം. 

നിസ്സഹവർത്തനക്കാര്യത്തിലാളുകൾ

ക്കുത്സാഹം ശക്തിമത്തായി വീണ്ടും. 

ശാന്തിയുണ്ടാക്കുവാൻ പേർത്തും പണിപ്പെട്ടു

ഗാന്ധി,യെന്നാലതു സാധിച്ചില്ല.

“അപ്പത്തിനായിട്ടു താണു ഞാൻ യാചിച്ചു

കൈപ്പറ്റി പാഷാണ,മെന്തുചെയ്യാം?

സത്യം ജയിപ്പതുയാതനയൊന്നിനാൽ 

മാത്രമാണെന്ന പ്രതീക്ഷയോടെ

ജോലികൾ വീണ്ടും തുടങ്ങി ജഗദീശ

നാലംബമെന്നുറച്ചാമഹാത്മാ.