Eleventh Verse

പതിനൊന്നാം സർഗ്ഗം


 

ഇലയിലാദ്യമായുപ്പു വിളമ്പുന്ന 

നിലയിലുപ്പളം തൊട്ടുതുടങ്ങണം 

നിയമലംഘനമെന്നു വിചാരിച്ചു

നയവിശാരദനായ മഹാത്മജി.

 

അതിനുവേണ്ടുന്ന സന്നദ്ധസൈനികർ 

മുദിതരായി നിന്ന ജലീബദ്ധരായ്. 

ഗുരുവിനൊപ്പമായ് ത്യാഗസന്നദ്ധത 

കരളിലുള്ളവർ തന്നെയാ ശിഷ്യരും.

 

നിബിഡമായി മഹാജനസംഘത്താൽ

സബർമതിയൊരു നല്ല വിഭാതത്തിൽ. 

വിലയെഴുന്ന സന്ദേശങ്ങൾ നല്കിയാ 

വലിയ സംഹിതയ്ക്കായി മഹാശയൻ.

 

“തിരികെയെത്തുമെന്നശ്വമേധത്തിൻ്റെ

വരശുഭാപ്തിയിൽ ഞാൻ കൃതകൃത്യനായ്. 

വരും പരാജയമെങ്കിലീ ഭാരത

ധരയ്ക്കുവേണ്ടെന്നെയെന്നു സമാപിച്ചു. 

 

അവിടെനിന്നിരു നൂറുണ്ടു നാഴിക 

സുവിദിതം സ്ഥലം “ദണ്ഡിയാമുപ്പളം 

പദികരായിട്ടുതത് ചെന്നെത്തുവാൻ 

സുദൃഢനിശ്ചയം ചെയ്തിരുന്നേവരും 

 

നെടിയയാത്രയ്ക്കു വന്ദ്യവയോധികൻ 

വടിയുമൂന്നി നടന്നുതുടങ്ങവേ 

അടനമംഗളാശംസകൾ ദ്യോവിലേ –

ടനുയർന്നു വളർന്നു ജയാരവം. 

ചരണപല്ലവം മുമ്പോട്ടുവയ്ക്കുവാൻ

അരിയപുഷ്പലതാദിവിരിച്ചഹോ 

സരണി മോഹനമാക്കുന്നു ഭക്തന്മാർ 

ഒരു ജയഘോഷയാത്രയിലെന്നപോൽ.

 

പുതിയൊരിസായേൽ വംശവും നേതാവായ് 

പുതിയമോസസ്സും കാനാൻ പ്രദേശത്തെ 

വിരവിലാരാഞ്ഞുപോകും പ്രതീതിയാ

പരിസരസ്ഥിതർക്കുണ്ടായിരിക്കണം. 

 

സരണിയിൽ നീളെ ഗംഭീരയോഗങ്ങൾ, 

പുരുഷകേസരിക്കായ് വരവേല്പുകൾ, 

അരുളിയാദരിച്ചങ്ങനെ നാളുക

ളിരുപതും നാലും പിന്നിട്ടു യാത്രികർ. 

 

പുരുകൃതാർത്ഥതയോടെത്തി ദണ്ഡിയി-

ലരിയ തീർത്ഥകസംഹതിയെന്നപോൽ. 

ഒരു നിശീഥിനിതത്ര വിശ്രാന്തിയാൽ 

വിരുന്നുനൽകിയാ സംഘത്തിന്നാദരാൽ,

 

ഉദയസൂര്യനുമുമ്പായുണർന്നവർ 

ഹൃദയമീശനിലർപ്പിച്ചു പ്രാർത്ഥിച്ചു. 

ഉദധിയിൽ ശിവസ്‌നാനവും ചെയ്തലം

മുദിതരായിന്നു തീരപ്രദേശത്തിൽ. 

 

അവിടെയുണ്ടു മഹാജനസഞ്ചയ-

മവരിൽ മുഖ്യ സരോജിനി നായിഡു

നിയമംലംഘകൻ്റെ  ബാപ്പുവിൻ  നെറ്റിയിൽ 

ജയകലാഞ്ചനം ചാർത്തിച്ചു ചന്തമായ്. 

 

ത്വരിതമുപ്പളത്തിൽ കടന്നേവരും 

പരിചിൽ സംഭരിച്ചുപ്പു ധാരാളമായ്. 

“വരുക വാരുക വേണ്ടവരൊക്കെയെ-

ന്നരുളിലോകത്തോടായിട്ടു ഗാന്ധിജി.

 

“പരമപുരുഷൻ തന്നിരിക്കുന്നിതീ

ധരയിൽ വേണ്ടുന്ന ജീവികൾക്കൊക്കെയായ് 

ഒരുവനില്ലവകാശി പ്രത്യേകമായ് 

വരുകവാരുക വേണ്ടവരൊക്കെയും.

 

ഒരു ഗവർമ്മെൻ്റെതിർത്തു വന്നീടുകിൽ 

ശരിവരെത്തരും ശിക്ഷയും വാങ്ങണം. 

അരുതു സംഘട്ടനങ്ങൾ പരസ്പരം 

വരുവതെല്ലാം സഹിക്കസത്യാഗ്രഹി “

 

സഹനസംപ്രഹാരം പലേടത്തുമായ് 

സഹകരിച്ചു വളർന്നു പടർന്നുപോയ് 

ലഹളയുണ്ടാക്കാൻ സന്നദ്ധമായ് പോലീ-

സഹിത സംഭവമുണ്ടായനേകധാ.

 

ജവഹർലാൽ നെഹ്രു, സെൻഗുപ്ത, പട്ടേൽ തൊ-

ട്ടവരെ,യൊട്ടേറെ ധീരനേതാക്കളെ 

അവിഘ്നമായിട്ടറസ്റ്റു ചെയ്തെങ്കിലു-

മവികലസ്ഥിതി വന്നില്ലരാജ്യത്തിൽ.

 

ഒടുവിലല്‌പവിശങ്കയോടെങ്കിലും

കുടിലബുദ്ധികൾ കൈവച്ചു ഗാന്ധിയിൽ. 

നടുനിശീഥിനീ നേരത്തു ബന്ധിച്ചു 

തടവിലാക്കിയാ പൂജിതപൂജ്യനെ. 

 

ഇളകി ഭാരതമാകവേ, കേവലം

കളിയിതല്ല വൃഥാവിലായ് പോകില്ല. 

വലിയപട്ടണം കല്ക്കട്ടാബോംബേയും 

പലതും വല്ലാതെ സ്തംഭിച്ചമട്ടിലായ്

 

പണിമുടക്കിയനേക സഹസ്രങ്ങൾ, 

വണിജരുംപൂട്ടി വാണിഭശാലകൾ, 

അണിനിരന്നുകിടന്നു നിർജ്ജീവമായ് 

തുണികൾ നെയ്യുന്ന മില്ലുകളൊക്കെയും. 

 

അകലെയായ് പരദേശത്തുപാർക്കുന്നോർ

സകലരുമറിഞ്ഞീദൃശവാർത്തകൾ

അവരുമീ പ്രതിഷേധത്തിൽ പൂർണ്ണമായ്

സഹകരിച്ചു സ്വദേശാഭിമാനികൾ.

 

“വദലാദർശനാ’യുപ്പളങ്ങൾ രണ്ടിൽ 

കദനമെങ്ങനെ ചൊന്നിടും വാക്കിനാൽ 

വലിയസംഖ്യയിൽ സന്നദ്ധസേനയെ 

പലവിധത്തിലും പോലീസുമർദ്ദിച്ചു.

 

ഉദിതമങ്ങനെ ഭൂഖണ്ഡമഞ്ചിലും 

വിദിതമായ്; പറന്നെത്തിയപത്രക്കാർ 

എഴുതിവിട്ടവയോലുന്ന ബാഷ്പത്തിൽ 

കഴുകി വായിച്ചു വായനക്കാരെല്ലാം. 

 

ഒരുവൻ രേഖപ്പെടുത്തിയിട്ടുള്ളതി-

ലൊരുവിഭാഗമിങ്ങുദ്ധരിക്കുന്നു ഞാൻ.

“പതിനെട്ടാണ്ടിടയ്ക്ക് പ്രാതിനിധ്യത്തിൽ 

ഇരുപതു രണ്ടും രാജ്യങ്ങൾ കണ്ടു ഞാൻ.

 

പലയിടങ്ങളിലാഭ്യന്തരങ്ങളായ്

പല കലാപങ്ങൾ കണ്ടവനാണുഞാൻ 

അവയിലൊന്നുമീ ദർശനാ’യിൽ ദർശി-

ച്ചതിനുതുല്യമാകില്ലെന്നു നിശ്ചയം,

 

അതിലുമത്ഭുതം, ധാർമ്മികസൈന്യത്തിൻ

സഹനശക്തിയതാരു വർണ്ണിച്ചിടും?

അവരഹിംസകൻ ഗാന്ധിക്കു ശിഷ്യരെ

ന്നതിനുവേണ്ടൊരു സാക്ഷി വേറൊന്നുമേ.”

 

“യറവാദാ’യിലേ കാരാലയത്തിനു-

ള്ളറയിലേകനായ് ധ്യാനിച്ചു ജീവിക്കും

പരമസാത്വികൻ ഗാന്ധിയെ നേരേ ക

ണ്ടൊരുവൻ; ഡെയ്ലിഹെറാൾഡി’ന്റെയാളവൻ

 

സകലസത്യവും നന്നായ് ഗ്രഹിച്ചുകൊ-

 ണ്ടെഴുതി ശക്തിയായ് പ്രതത്തിലേക്കയാൾ 

“ഇവിടെയിന്ത്യതന്നാത്മാവിരുമ്പഴി-

ക്കകമേവാഴുന്നു; സങ്കടമെത്രയും.

 

സുകൃതിയദ്ദേഹം രാജിയിൽ കാര്യങ്ങൾ 

സുകരമാക്കുവാനാശിക്കുന്നെപ്പൊഴും.

 അതിനു സമ്മതമില്ലെങ്കിൽ രക്ഷയി-

 ല്ലതു ഗവൺമെന്ററിയുന്നില്ലേതുമേ.”

 

 തലയെടുപ്പുള്ള രാഷ്ട്രീയനേതാക്കൾ 

നിലയുറപ്പുള്ള സന്നദ്ധസൈനികർ

 ശതസഹസക്കണക്കിനു പൗരരും 

ഹതകരെപ്പോലെ പാറാവിനുള്ളിലായ്. 

 

അതുനിമിത്തമീ നാടുനിശ്ചേഷ്ടമാ –

യതിൽ ഗവൺമെന്റിനെന്തു കൃതാർത്ഥത 

ഉദധി നിശ്ശേഷം നിശ്ചലമെങ്കിലോ 

വിദിതമാണുടൻ ക്ഷോഭമുണ്ടായിടും. 

തുടങ്ങി സന്ധിയാലോചന; നേതാക്കൾ 

വിടുക സാദ്ധ്യമോ പൂർണ്ണസ്വരാജിനേ?

 നടന്നു വട്ടമേശോത്സവമിംഗ്ലണ്ടിൽ, 

കടന്നുപോയതും നിഷ്ഫലയത്‌നമായ്.

 

 ഭരണകൂടം കുഴങ്ങിയ മട്ടിലാ-

യൊരു വിഭാതത്തിൽ മുഖ്യനേതാക്കളേ 

സ്വതന്ത്രരായി വിട്ടു; ഡൽഹിയിലെത്തുവാൻ 

വിളിയുമുണ്ടായ് ഗാന്ധിജിക്കാദരാൽ.

 

തുടർച്ചയായ പലസന്ദർശനങ്ങളും 

നടന്നു ഗാന്ധിജി വൈസ്രായിമാർ തമ്മിൽ. 

സഫലപര്യവസാനത്തിലെത്തിച്ചേർ-

ന്നൊടുവിലുണ്ടായി “ഗാന്ധി-ഇർവിൻ സന്ധി’, 

 

തടവുകാരെ വിമുക്തരാക്കി, നീതി-

 ക്കുടവുതട്ടാതെ ഗാന്ധിജി ചോദിച്ച 

അവകാശങ്ങളും വൈസായി സമ്മതി-

 ച്ചവയിൽ കോൺഗ്രസ്സു യോജിച്ചു രമ്യമായ്. 

 

ഉടനെയിംഗ്ലണ്ടിൽ രണ്ടാമതായിട്ടു

നടക്കുമാറായി വട്ടമേശോത്സവം. 

അതിലേക്കായിട്ട് ഗാന്ധി കോൺഗ്രസിനെ 

പ്രതിനിധീകരിച്ചെത്തി സുസമ്മതൻ. 

 

വിരുദ്ധകക്ഷികൾക്കൊക്കെ പ്രവേശന-

 മരുളി വാതിൽ തുറന്നു പ്രവർത്തകർ. 

പരസ്പരം ഭിന്നിപ്പിക്കുവാൻ ആഗ്രഹം 

ഭരണകൂടത്തിനുണ്ടെന്നു വ്യക്തമായ്.

 

അധഃകൃതർക്കായി പ്രത്യേകമണ്ഡലം 

തിരിച്ചതിനെതിരായിട്ടു ഗാന്ധിജി

 വളരെശക്തിയായ് വാദിച്ചു, യാതൊന്നും 

സഫലമായില്ല നൈരാശ്യം ബാക്കിയായ്. 

 

അവിടേയും ചിലരാഷ്ട്രീയമാറ്റങ്ങൾ

തലയുയർത്തി തുടങ്ങുക മൂലമായ് 

ഝടിതിതീർന്നു സമ്മേളനം, പണ്ടത്തെ

 പടുതിയിൽനിന്നു ഭാരതപ്രശ്നങ്ങൾ. 

 

ഒടുവിലേവം പ്രസംഗിച്ചു ഗാന്ധിജി 

“അറിയണം നിങ്ങൾ, മാമകജീവനും 

അഖിലഭാരതജീവനും താവക

 കരതലത്തിലാ,ണോതുന്നു നന്ദിഞാൻ.”

 

 പലരുമൊട്ടേറെ ഉന്നതവ്യക്തികൾ

വിലമതിച്ചിരുന്നീയിന്ത്യാക്കാരനെ

വലിയസ്വീകരണങ്ങളനേകമായ്

നലമൊടേ നല്കി മാനിച്ചുവേണ്ടപോൽ.

 

അവരിൽ ബർണാർഡ്ഷാ, ലോയിഡ് ജോർജ്ജും കാന്റർ –

ബറിയിലേ മെത്രാപ്പോലീത്തായാദിയായ് 

ഉലകിൽ വിഖ്യാതിയാർജ്ജിച്ചമേൽത്തരം 

നിലയിലുള്ളവരായിരുന്നൊട്ടുപേർ.

 

എവിടെയും ബഹുമാന്യനായ് ഗാന്ധിജി

പരിലസിച്ചിരുന്നെന്നതു വാസ്തവം

വസനനിർമ്മാണകേന്ദ്രമാകും ലങ്കാ

ഷയറി’ലുമെന്നതത്ഭുതമോർക്കുകിൽ. 

 

അവിടമിന്ത്യാ വിദേശവസ്ത്രം ത്യജി –

ച്ചതുനിമിത്തം തകർന്നിരിക്കും സ്ഥലം, 

അരുളി ഗാന്ധിജി സ്നേഹവും ശാന്തിയും 

പരിചിലൊ സന്ദേശങ്ങളീ വിധം.

 

“ഉദരപൂരണപ്രശ്നപരാജയം

 പരിഹരിപ്പതിനിന്ത്യയ്ക്കുവേണ്ടി ഞാൻ 

സരണിയൊന്നു തുറന്നതാണിങ്ങനെ

 ഒരുവനും തെറ്റിദ്ധാരണ വേണ്ടതിൽ. 

 

“എവിടെയേതൊരു കാര്യത്തിലേർപ്പെട്ടു

മരുവിടുമ്പോഴുമുന്മേഷപൂർണ്ണനായ്

ഫലിതമാനസനായി ഗംഭീരനായ് 

വിലസിയീശ്വരഭക്തനാം ഗാന്ധിജി,

 

ഒരു മതാമ്മയദ്ദേഹത്തിന്നാതിഥ്യം

 പരിചിൽ നല്കിയിരുന്ന മഹാശയ 

അരുളിടും സാക്ഷ്യമാണിതുവന്ദ്യനെ-

പ്പരിചയിച്ചവൾ, സത്യമാണാമൊഴി. 

 

തിരിച്ചുവന്നെത്തിയിന്ത്യയിലസ്വാസ്ഥ്യ-

മിരച്ചുകേറുന്നതായ്ക്കണ്ടു ഗാന്ധിജി 

ഭരണകൂടത്തെ വല്ലാതെയാവേശി- 

ച്ചിരുന്നു ഗാന്ധിയെപ്പറ്റിയാശങ്കകൾ, 

 

അറസ്റ്റിലായിത്തീർന്നബ്‌ദുൾ ഗാഫർഖാനു-

 മനുചരന്മാരും, നെഹ്രു, ഷെർവാണിയും. 

പിടിച്ചുഗാന്ധിയെ ബന്ധിതനാക്കുവാൻ

മടിച്ചു ശങ്കിച്ചിരുന്നധികാരികൾ.

 

എഴുത്തയച്ചു മഹാത്മജി വൈസ്രായി

കൊക്കൊഴിച്ചുവയ്ക്കുവാൻ നാട്ടിൽ കലാപങ്ങൾ 

പഴുതിലായി പരിശ്രമം, മാനസേ-

 യഴലഹിംസകന്നമല്ലാതെയായ്,

 

ഒരു തമസ്വിനിയന്ത്യയാമംവരേ 

ഇരുളുകൊണ്ടു പുതപ്പിച്ചു ദാരയായ് 

പരിചിൽ വിശ്രമം നല്കിയുറക്കിയാ 

പുരുഷകേസരി ഗാന്ധിയെ സസ്നേഹം. 

 

“മണിഭവൻ്റെ കവാടം തുറന്നുകൊ –

ണ്ടണിനിരന്നകത്തേയ്ക്കു വന്നെത്തുന്ന 

ഒരുസമൂഹം പോലീസിനെക്കണ്ടുണർ

 ന്നിരുളകറ്റം വെളിച്ചത്തിലാമഹാൻ. 

 

പതിവുപോലുള്ള പുഞ്ചിരിയോടുണർ

 ന്നതു നിരീക്ഷിച്ചു പോലീസുദ്യോഗസ്ഥൻ

 ലിഖിതപത്രം കൊടുത്തൊന്നു കൈയിലേ

 ഹിതമെന്നിയെ വായിച്ചു ഗാന്ധിജി. 

 

ഉടനിറങ്ങിപ്പുറപ്പെട്ടു രാഷ്ട്രീയ- 

ത്തടവുകാരനായ്ത്തീർന്ന മഹാപുമാൻ.

തുടരെ മറ്റുള്ളനേതാക്കന്മാരെയും 

തടവിലാക്കി പ്രവർത്തകന്മാരെയും,

 

ഭരണശക്തിയോടെന്തെന്നു ചോദിക്കാ-

 നൊരുവനാരുള്ളൂ? കോൺഗ്രസ്സിൻ്റെ നേട്ടങ്ങൾ 

സകലതുംതന്നെ കണ്ടുകെട്ടിക്കഴി-

 ഞ്ഞകരുണം;ഗവർമ്മെന്റു കൃതാർത്ഥമായ്. 

 

“അരുതുമിണ്ടാട്ടമെന്നതിശക്തിയായ് 

വരുതി നൽകി വായ്കെട്ടി പത്ര’ങ്ങളെ 

ഒരു ഭയങ്കരമർദ്ദനമാരംഭി-

ച്ചരിത്രബ്രിട്ടൻ്റെ സാരഥിയിന്ത്യയിൽ, 

ഝടിതിയെങ്ങുമുണ്ടായൊരു മൂകത 

ചുടലയിൽ കളിയാടുന്ന രീതിയിൽ 

അതുഭയാനകമെന്നതല്ലാതൊരു

വിജയലക്ഷ്യമെന്നോർത്തിടാബുദ്ധിമാൻ.

 

നിരപരാധികൾ ഭാരതപുത്രന്മാർ

പരസഹസ്രങ്ങൾ പാർക്കുന്ന പാറാവിൽ 

കരൾതപിച്ചുയരും നെടുവീർപ്പുകൾ 

വരുമൊരു കൊടുങ്കാറ്റിലും ശക്തിയായ്. 

 

ഭരണകൂടമവർണ്ണസവർണ്ണമെ-

 ന്നിരുവിഭാഗത്തിലാക്കി ഹിന്ദുക്കളെ

ഒരുവനില്ലെതിർനിൽക്കുവാനെന്നിപ്പോൾ 

കരുതിടുന്നതു സാഹസം കേവലം. 

 

ജയിലറയ്ക്കുള്ളിൽനിന്നു സുശക്തമാ –

യെഴുതി കത്തുകളേറ്റമാത്മാർത്ഥമായ്

ഹരിജനക്ഷേമകാംക്ഷിയാം ഗാന്ധിജി 

പരിഗണിച്ചില്ല വൈസ്രായിയുദ്ധതൻ

 

.ഉപരിതന്ത്രമറിഞ്ഞവൻ ഗാന്ധിജി-

 യുപവസിക്കുവാനാമരണാന്തമായ് 

സപദിനിശ്ചയം ചെയ്തു തടങ്കലിൽ, 

അപനയഭയം ലേശവുമെന്നിയെ. 

 

സകല ശത്രുമിത്രങ്ങളുമൊന്നുപോ-

 ലകമുലഞ്ഞൊന്നു ഞെട്ടിയീ വാർത്തയിൽ 

അധിക ഗൗരവമുള്ളൊരു കാര്യമെ-

 ന്നധിരഥന്മാരുമാഴമായ് ചിന്തിച്ചു.

 

കരിനിഴൽ പരന്നഞ്ചുഭൂഖണ്ഡവു-

മൊരുതരത്തിലഹോപരം മ്ലാനമായ് 

പരസഹസമായ് കമ്പിസന്ദേശങ്ങൾ 

വിരവിലെത്തിയ മാത്യപ്രവീണനും. 

 

ഉടനൊരൊത്തുതീർപ്പുണ്ടാക്കിവേണ്ടപോൽ

ഝടിതി കാര്യങ്ങൾ ഭംഗിയായ്ത്തീർക്കുവാൻ 

അവിടെനിന്നെത്തികല്പന, വൈസ്രായി-

ക്കവഗണിക്കുവാൻ സാദ്ധ്യമല്ലേതുമേ.

 

അധഃകൃതർക്കും സവർണ്ണർക്കുമൊന്നുപോ-

ലധികസംതൃപ്തി നൽകുന്നരീതിയിൽ 

ഉടലെടുത്തു വിഖ്യാതിയാർജ്ജിച്ചതാ –

ണുടനെയുണ്ടായ ‘പൂനായുടമ്പടി’,

 

തടങ്കലിൽ വച്ചു നേടിയ നേട്ടമീ –

യുടമ്പടി; കൃതകൃത്യനായ് ഗാന്ധിജി. 

തുടർന്ന ബന്ധന ജീവിതകാലത്തും 

തുടർന്നധഃകൃതർക്കായുള്ള ജോലികൾ, 

 

ചലിച്ചു തൂലിക വിശ്രമം കൂടാതെ 

വിലക്കുവന്നു ഗവർമ്മെൻ്റിൽ നിന്നുടൻ 

തുടങ്ങിവീണ്ടും നിരാഹാര ജീവിതം 

പൊടുന്നനേ ദയനീയനായ് ഗാന്ധിജി, 

 

ഇതരമാർഗ്ഗങ്ങൾ കണ്ടുകിട്ടായ്കയാൽ 

സ്വതന്ത്രനാക്കി ഗവർമ്മെൻ്റു ധന്യനെ. 

പൊതുവിലാദർശഭിന്നത വർദ്ധിച്ച 

സ്ഥിതിയിലദ്ദേഹം കണ്ടു കോൺഗ്രസ്സിനെ 

 

വിതതവീക്ഷണമില്ല കോൺഗ്രസ്സിലേ 

യധികമാളുകൾക്കെന്നതുമൂലമായ് 

പതിവുവിട്ടിട്ടു തന്നിലാരോപണ –

മതുമിതുമെല്ലാം കേട്ടിരുന്നാ മഹാൻ.

 

പൊതുഗുണത്തിനായേതാനും കാലത്തേ-

യ്ക്കതിനെ വിട്ടൊന്നുമാറിയ ബുദ്ധിമാൻ 

ഇതരനേതാക്കൾ ചെയ്യട്ടെ കാര്യങ്ങൾ

ഹിതത്തിനൊന്നുമോർമ്മിപ്പിച്ചിരിക്കണം.

 

പുരാണകാലത്തെ യോഗിമാരെപ്പൊലെ –

യൊരുപ്രശാന്തമാമേകാന്ത ജീവിതം 

വരിച്ചുവാർദ്ധായിൽ സ്ഥാപിച്ചൊരാശ്രമ

 മൊരു ചെറിയമൺകൂരയിൽ ജീവിച്ചു.

 

അഭികുലജാതർ ഭൂദേവന്മാർ മുതൽ 

ഹരിജനംവരേ-പാശ്ചാത്യർ കൂടെയും

 അവിടെവന്നെത്തി ഗാന്ധിജീശിഷ്യരായ്

സവിനയംവരിച്ചാശ്രമജീവിതം.

 

അവിടെയും കർമ്മയോഗിയാണദ്ദേഹ-

 മവിശ്രമം ജോലി ചെയ്തിരുന്നപ്പോഴും

 എവിടെയും വരും രാഷ്ട്രീയ ചിന്തക-

 ളവയോടൊന്നിക്കും പത്രപ്രവർത്തനം. 

 

അതിഥിസൽക്കാരം പാചകവൃത്തിയും

 പതിവുപോലുള്ള പ്രാർത്ഥന, ധ്യാനവും

ഹരിജനസമുദ്ധാരണകാര്യങ്ങൾ

പരിചൊടേ വിദ്യാഭ്യാസപ്രവർത്തം. 

 

ഒരു ഭിക്ഷക്കിനെക്കാളും സമർത്ഥമായ് 

കരളലിവാർന്ന രോഗി ശുശ്രൂഷയും 

സകലരുമിതിലൊക്കെയും ത്രാണിപോൽ

സഹകരിച്ചുപോന്നേറ്റമാത്മാർത്ഥമായ്. 

 

പുരുഷകേസരി സേവനതല്പരൻ

അരുളിപേരിതിന്നർത്ഥവത്താം വിധം 

അറിയണമിതുതന്നെ സേവാഗ്രാമം’ 

നിറയുമാദരവർഹിക്കും സ്ഥാപനം.

 

“അകന്നുനില്ക്കണം രാഷ്ട്രീയത്തിൽ നിന്നു

മകത്തുചിന്തയീമട്ടിലാണെങ്കിലും

അകലെനിന്നെത്തി നേതാക്കന്മാരോരോ 

വികടഘട്ടങ്ങൾ നേരിടുമ്പോളെല്ലാം.

 

അഹിതലേശമില്ലാതഭിപ്രായങ്ങ –

ളവർക്കു നൽകി വേണ്ടുംവിധം ഗാന്ധിജി 

ചെറുതുനീങ്ങുമോ ഭാരതരാഷ്ട്രീയം 

കുറവകന്നൊരീ മേധാവിയില്ലാതെ? 

 

അഭിനവമായി പ്രാദേശിക മന്ത്രി 

സഭയധീനമായ കോൺഗ്രസ്സിന്നപ്പോഴും 

അഭിനിയുക്തന്മാരീ വന്ദ്യനേതാവി –

ന്നഭിമതമാരാഞ്ഞപ്പോഴും വർത്തിച്ചു.

 

 അകന്നു ഹിന്ദുക്കൾ മുസ്ലീങ്ങളും തമ്മിൽ 

അകന്നുപോയ് ജിന്നാ ഗാന്ധിജിയിൽ നിന്നും 

പലതരത്തിലായ് കക്ഷി വൈരാഗ്യങ്ങ –

ളലയടിക്കുന്ന രംഗമായ് ഭാരതം.