പന്ത്രണ്ടാം സർഗ്ഗം

ആട്ടെന്നൊരു പ്രകമ്പനം! രണ്ടാം ലോകമഹായുദ്ധം
പൊട്ടിപ്പുറപ്പെട്ടു, ലോകം കിടുങ്ങിപ്പോയി,
അധികാരമെടുത്തൊന്നു പെരുമാറി ബ്രിട്ടൻ, തനി-
ക്കധീനയാണിന്ത്യയെന്ന വിചാരത്തോടെ.
ഭാരതത്തെക്കൂട്ടിച്ചേർത്തിട്ട ക്യകക്ഷി രൂപീകരി –
ച്ചാരോടുമാലോചിക്കാതെ; സ്വേച്ഛാധിപത്യം!
പ്രാദേശിക കോൺഗ്രസ് മന്ത്രിസഭയെല്ലാം രാജിവച്ചു
പ്രതിഷേധസൂചകമായ്; സ്തംഭിച്ചു രാജ്യം.
ആയോധനവിരുദ്ധമായ പ്രചരണം പലടത്തു-
ണ്ടായി, പ്രഖ്യാപനങ്ങളുമതുപോൽ തന്നെ.
ഗതിമുട്ടി ഗവർമ്മെൻ്റു ജയിലറകളിലാക്കി
മതിശാലികളായുള്ള നേതാക്കന്മാരെ
മഹായുദ്ധമൊരു ഭാഗത്തിന്ത്യാരാജ്യം നിശ്ശേഷമായ്
സഹകരണമില്ലാതെ മറുഭാഗത്തും.
ഇവരണ്ടിനിടയ്ക്കായി ഞെരുങ്ങുന്ന മഹാബ്രിട്ടൻ
നിവൃത്തിമാർഗ്ഗങ്ങൾക്കായി ശ്രമിച്ചുനോക്കി.
അവകാശവാദങ്ങളെയൊട്ടുംതന്നെ ഗവർമ്മെൻ്റു
ചെവിക്കൊള്ളാൻ ഭാവമില്ലാതുറച്ചുനിന്നു.
സമാധാനസരണിയിലിടമില്ല, കോൺഗ്രസ്സൊരു
സമരത്തിന്നായി വീണ്ടുമൊരുക്കമായി.
എല്ലാവരും നിർബന്ധിച്ചു ഗാന്ധിജിയെ നേതാവാക്കി
നല്ലമാർഗ്ഗം കോൺഗ്രസ്സിന്നു തെളിച്ചുകാട്ടാൻ,
സന്ന്യാസിയായ്ക്കഴിഞ്ഞവൻ രംഗത്തേയ്ക്കു വന്നുവീണ്ടും
തന്നാലാവുന്നതു തന്റെ നാട്ടിനു ചെയ്യാൻ.
ആലോചിച്ചു പ്രവർത്തകസമിതിയി,ലേതുമാർഗ്ഗ-
മാലംബമാക്കേണമെന്ന കാര്യത്തെപ്പറ്റി.
അക്രമം കൂടാതെയുള്ള സഹകരണരാഹിത്യം
തക്കതാണെന്നുള്ള നിഗമനത്തിലെത്തി.
ഇൻഡ്യൻ സ്തംഭനത്തിനൊരു പരിഹാരമവിളംബ-
മുണ്ടാക്കുവാനൈക്യകക്ഷി തിടുക്കം കൂട്ടി.
നയതന്ത്ര വിശാരദൻ സ്റ്റാഫോർഡ് ക്രിപ്‌സു മിക്കാര്യത്തിൽ
ജയം പ്രതീക്ഷിച്ചുതന്നെയിൻഡ്യയിലെത്തി.
ആർജവലേശമില്ലാത്ത നയങ്ങളാൽ ഭാരതത്തി-
ലാർജ്ജിക്കുവാൻ കഴിഞ്ഞില്ല വിജയമൊന്നും.
പൂർവ്വാധികമുണർവ്വോടെ സമ്മേളിച്ചു കോൺഗ്രസ്സിൻ്റെ
നിർവ്വാഹകസംഘമന്നു ബോംബെയിൽ ശീഘ്രം.
വാർദ്ധക്യത്തിൽ പോലും യുവപ്രസരിപ്പുമെത്തിനില്ക്കും
വൃദ്ധകർമ്മയോഗിയുണ്ടു നേതൃസ്ഥാനത്തിൽ,
അറ്റകൈയായഹോ ബ്രിട്ടനശേഷം പ്രതീക്ഷിക്കാത്ത
“ക്വിറ്റിൻഡ്യാ പ്രമേയം വന്നു ഗാന്ധിയിൽ നിന്നും.
“ഇറങ്ങു ഭാരതംവിട്ടെന്നിതിൽപരം മറ്റെന്തുണ്ടു
പറയുവാൻ ദുരമൂത്ത ബ്രിട്ടീഷ്കാരോടായ് ?
എതിരറ്റ ശക്തിയോടെ ദിഗന്തങ്ങൾതോറും ചെന്നു
പ്രതിധ്വനിമുഴക്കിയാ ചെറിയവാക്യം.
സമരകാഹളതുല്യമതുമുഴങ്ങവേയിൻഡ്യാ
ഹിമവൽസേതുപര്യന്തം രോമാഞ്ചം പൂണ്ടു.
“സൂര്യനസ്തമിക്കാതുള്ള ബ്രിട്ടീഷ് സാമ്രാജ്യ’ത്തിലധി-
കാരിവർഗ്ഗം പാടേയന്നു സ്തംഭിച്ചു പോയി.
ഇരുപതാം നൂറ്റാണ്ടിന്റെ നാല്പത്തിരണ്ടാം വർഷത്തിൽ
സ്മരണീയശുഭദിനമോഗസ്റ്റെട്ടല്ലൊ.
സ്വതന്ത്രഭാരതമേ നീ മറക്കരുതൊരുനാളു-
മിതുനിൻ്റെ ചരിത്രത്തിലൊന്നാമധ്യായം.
മതിവിഭ്രാന്തിയായ്ത്തീർന്നു ബ്രിട്ടീഷിൻഡ്യാ ഗവർമ്മെൻ്റി-
ന്നതുകാണാമനന്തരചെയ്തിയിലെല്ലാം.
നാടുനീളെയറസ്റ്റായി, തടങ്കലായ്,ബഹളമാ-
യോർഡിനൻസായ്, മർദ്ദനമായെന്തെന്നില്ലാതെ.
അനങ്ങരുതാരും നാട്ടിൽ ശബ്ദിച്ചുപോകരുതെന്ന
കനത്തഗൗരവത്തിലായ് ഭരണകൂടം.
കുഴപ്പങ്ങൾ കോൺഗ്രസ്സിലും വിശിഷ്യാ ഗാന്ധിജിയിലും
വിഴുപ്പുകെട്ടുപോലവർ ചുമത്തിനോക്കി
സമസ്തലോകവുമതിന്നെതിരായിനിന്നു, തെല്ലും
ക്ഷമിക്കാതെ സുശക്തമായ് മുഴക്കി ശബ്ദം.
എഴുത്തുകാർ വിഖ്യാതന്മാരെടുത്തുതൂലിക, കാര്യം
ചുഴിഞ്ഞു ചിന്തിച്ചുകണ്ട ബ്രിട്ടീഷ്കാർ പോലും
“മഹാനാണു, വിശ്വമഹാന്മാരിൽ മികച്ചവനാണു
മഹാത്മജി’യെന്നു രേഖപ്പെടുത്തിവിട്ടു.
“ലൂയി ഫിഷർ ഫീൽഡുമാർഷൽ ആദിയായ മഹാശയ-
രായിരുന്നു മുഖ്യന്മാരാകൂട്ടത്തിലേറ്റം.
മഹാദേവദേശായിയും തടങ്കലിൽ പാർത്തിരുന്നു
മഹാത്മജിയോടുകൂടിശ്ശിഷ്യ പ്രവീണൻ.
മനസ്സാന്നിദ്ധ്യത്തിനെല്ലാം മറുകരകണ്ട ഗാന്ധി
ക്കനുഭൂതിതത്രയുണ്ടായ പാരദുഃഖം.
പരിപൂർണ്ണാരോഗ്യവാനായ്ക്കഴിയുന്ന ദേശായിക്കു
മരണത്തിൻ്റെ വരവന്നു പ്രതീക്ഷയില്ല.
ശരിതന്നെയെന്നാലതു സംഭവിച്ചു ദൈവഹിത,
മൊരുനാളിലദ്ദേഹത്തെ ക്ഷണിച്ചു മൃത്യു,
ഇഹലോകം വിട്ടു പോയി ദേശായി, തന്റെ പ്രിയശിഷ്യൻ
സഹിച്ചില്ല ഗാന്ധിക്കുള്ളുതപിച്ചു നീറി.
മനക്ഷീണമന്നുണ്ടായതൊരിക്കലും വിട്ടുമാറാ-
തനുദിനമനുക്ഷണം വർദ്ധിതമായി.
അടയ്ക്കപ്പെട്ടിരിക്കുന്നു സഹസ്രാനുസഹസങ്ങൾ
തടങ്കലിൽ, വിസ്മൃതരായ് പോയതുപോലെ.
ഭയങ്കര മഹായുദ്ധം തകർക്കുന്നരംഗങ്ങളെ
നയിക്കുന്ന ബ്രിട്ടനെന്തുണ്ടിതിൽപരമായ്
സജീവാംഗങ്ങളെയെല്ലാം കാരാഗാരങ്ങളിൽ പൂട്ടി
വിജയിച്ചെന്നോർത്തിടുന്നോ ഭാരതപ്രശ്നം?
സമാരംഭം രേഖപ്പെട്ട ഭാരതസ്വാതന്ത്ര്യത്തിൻ്റെ
സമസ്ത പ്രത്യാശകളുമസ്തമിച്ചെന്നോ?
ആഗഖാൻ കൊട്ടാരത്തിന്റെ മതിലുകൾ തട്ടിക്കട
ന്നഗമിച്ചു വ്യാപിക്കുന്ന വാർത്തയൊന്നേവം.
“മൂന്നുവാരക്കാലത്തേയ്ക്കായ് ദൃഢവ്രതൻ മഹാത്മജി
യിന്നു തൊട്ടൊരുപവാസം സമാരംഭിച്ചു.
പ്രായമെഴുപത്തിനാലു, ശരീരാരോഗ്യവും മോശ
മായിരിക്കുമീഘട്ടത്തിൽ നിരാഹാരമോ?
അപകടകരമിതെന്നറിഞ്ഞല്ലാവരും പാര-
മപധൈര്യത്തോടെ സ്വരം മുഴക്കി നാട്ടിൽ.
അവിവേകമായിട്ടല്ല തുടങ്ങിയതുപവാസ-
മവിളംബം കാര്യമെല്ലാം വിശദമായി.
എഴുതിയിരുന്നു ഗാന്ധിയനാവശ്യക്കുഴപ്പങ്ങ –
ളൊഴിവാക്കാൻ വൈസ്രായിക്കുവേണ്ടുംപോലെല്ലാം.
കത്തുമൂലമറിയിച്ചിട്ടല്ലാതൊരു വിധത്തിലും
പ്രത്യക്ഷമായ് സമരമാരംഭിക്കില്ലെന്നും
കേന്ദ്രത്തോടുബന്ധിപ്പിച്ചു ദേശീയ ഗവർമ്മെൻ്റൊന്നു
തന്നാൽ തുണ സമരത്തിലുണ്ടാകുമെന്നും,
ലവലേശമിവയൊന്നും പരിഗണിക്കാതെയറ –
സ്റ്റെവിടേയും നടത്തിയതബദ്ധമോർത്താൽ.
എഴുതുന്നു തുടർന്നേവ്മെന്റെ മനഃശാന്തിക്കൊരു
വഴിനോക്കാൻ ഗവർമ്മെന്റു തയാറില്ലെങ്കിൽ
പരമാധികാരത്തുങ്കൽ പരാതിയും പ്രാർത്ഥനയും
ശരിക്കുാൻ സമർപ്പിക്കുമുപവാസത്താൽ.
അതുതന്നെ ചെയ്തുഗാന്ധി,
യവിവേകമനീതിയുമതിലില്ല, സത്യാഗ്രഹിക്കതു താൻധർമ്മം.
“മരിച്ചുപോയെങ്കിലെന്തു? നിരപരാധിയായ്ത്തന്നെ
പരമനീതിപീഠത്തിന്റെ മുമ്പിൽ ഞാൻ നിൽക്കും.
വരും തലമുറകളിൽ വിമർശനവിധേയരാ-
യിരിക്കും നാം പരസ്പരം വിഭിന്നനായി.
ഒരു മഹാസാമ്രാജ്യത്തിന്റെ പ്രതിനിധിയായിത്താങ്കൾ
പരിഗണിക്കപ്പെട്ടേക്കാം സബഹുമാനം.
സ്വരാജ്യത്തിന്റെ നന്മയ്ക്കായിട്ടായുസ്സുഴിഞ്ഞർപ്പിച്ചിരു –
ന്നൊരു വ്യക്തിയിവൻ, ലോകസേവനത്തിന്നും
ഇരുവരെപ്പറ്റി വേണ്ടും വിധി തയാറാക്കിക്കൊള്ളും
ചരിത്രലേഖകന്മാരും വായനക്കാരും.
അറിയുക സുഹൃത്തേ”യെന്നാത്മാർത്ഥമാം പദങ്ങളാ-
ലുറപ്പിച്ചു വിരമിച്ചാലിഖിതം ധന്യൻ.
അപരാധം ഗാന്ധിജിയിലാരോപിച്ചു ഗവർമ്മെൻ്റൊ
രൂപവാസകാലവിമോചനവും നൽകി.
“വിമോചനത്തിനായിട്ടല്ലപവാസമെന്നോതിയാ –
പുമാൻ തടങ്കലിൽത്തന്നെ കഴിച്ചുകൂട്ടി.
ഇലച്ചാർത്തുകൊണ്ടു തണൽ കൊടുക്കും വൃക്ഷത്തിൻ കീഴിൽ
ജലപാനമാത്രനായിട്ടവശനായി
കിടക്കുന്നു ഭാരതത്തിൻ്റെ ജീവാത്മാവാം പുണ്യവുമാ-
നടുത്തുണ്ടു ഭിഷക്കുകൾ സശ്രദ്ധരായി.
പഞ്ചഭൂഖണ്ഡങ്ങളിലുമെന്തെന്നില്ലാതുണയായ്
കെഞ്ചിലോകമാ ധന്യന്റെ ജീവനുവേണ്ടി.
പത്രങ്ങളിലെല്ലാം തന്നേ വെണ്ടയ്ക്കാലിപിയിലന്നു
ചേർത്തിരുന്നതൊരേകാര്യമായുപവാസം
ഉന്നതശീർഷന്മാരെല്ലാമൊന്നുപോലന്നിക്കാര്യത്തിൽ
തവ്യഗ്രചിത്തന്മാരായിരുന്നു പാരം.
വമ്പന്മാരാം വ്യക്തികളിൽ നിന്നുവൈസ്രോയിക്കുവന്ന
കമ്പിസന്ദേശങ്ങൾക്കൊരു കണക്കുമില്ല.
രാഷ്ട്രീയമാം കാര്യങ്ങളോടൊട്ടും തന്നെയടുക്കാതെ
വിട്ടുമാറി നിന്ന മിതവാദികൾ പോലും
ഇക്കാര്യത്തിൽ മുന്നോട്ടുവന്നനമായി പ്രദർശിപ്പി –
പുച്ചുല്ക്കണ്ഠയെന്നതുമത്ര പ്രസ്താവ്യം തന്നേ.
തമ്മിൽ തല്ലുകാരായ് നിന്ന ഭിന്നമതക്കാരുമെല്ലാം
സമ്മേളിച്ചു ബാപ്പുജിയെ രക്ഷിക്കാൻ വേണ്ടി.
പതിനേഴു സഹസ്രങ്ങൾ കൈയ്യൊപ്പുവച്ചുള്ള ഹർജി-
യതിശീഘ്രമെത്തിച്ചവർ വേണ്ടവർക്കെല്ലാം.
വൈസ്രായിക്കു മാത്രമല്ല, സംസ്ഥാന സിക്രട്ടറിക്കും
വൈശാരദ്യം മുന്തിനിൽക്കും മന്ത്രിമുഖ്യനും.
ആനുകൂല്യമൊന്നുമില്ല, കേബിൾ സന്ദേശവും വിട്ടു
മാനിതമാംബ്രിട്ടീഷ് പാർലിമെന്റിലേക്കായി.
ഹൃദയാലുത്വമില്ലാത്ത മറുപടിമാത്രം കിട്ടി.
ഹൃദയത്തിൽ ഭാരതീയരമർഷം പൂണ്ടു
ചർച്ചിൽ ഗവർണ്മെന്റു തെല്ലും വകവെച്ചഭാവമില്ല
സച്ചരിതൻ പരിക്ഷീണനാകുന്ന കാര്യം.
നിരാഹാരവ്രതമൊരു ഭീഷണിയാണെന്നുപോലും
പരിഗണിച്ചതായ് തോന്നുമെഴുത്തുകണ്ടാൽ.
ഉപവാസദിവസങ്ങളെണ്ണിയെണ്ണിപ്പന്ത്രണ്ടായി
വിപശങ്കഭിഷഗ്വരർക്കധികമായി.
മഹാത്മജി, സത്യാഗ്രഹി, മരണത്തെ ഭയന്നില്ല
മഹാന്മാർക്കുമൃത നിത്യജിവിതാരംഭം.
ദിവസവും മണിക്കൂറും വീണ്ടും വീണ്ടും നീട്ടിനീട്ടി-
യവധിയോരോന്നു പറഞ്ഞിരുന്നെല്ലാരും.
അമംഗളക്കരിനിഴലകലത്തുമണയാതെ-
യമന്ദമാദിവസങ്ങൾ കടന്നുപോയി.
നിരാഹാരതിവാരവും നിരപായം സമാപിച്ചു
പരമോജസ്വിയായ്ത്തന്നെ പരമാചാര്യൻ.
ശരീരശാസ്ത്രത്തിന്നിതു വിധേയമായ് കാണായ്കയാ-
ലൊരുപോലെ വിസ്മിതരായ ഭിഷഗ്വരന്മാർ.
മഹാത്മജിയെന്നേരവും ശുഭാപ്തിവിശ്വാസിയല്ലോ
മഹത്തായ മനശ്ശക്തിയിതിൻ്റെ ഹേതു.
ഹിതകരപാനീയമാ പ്രിയപത്നി നൽകി, മന്ദ-
സ്മിതവദനായ് ധന്യൻ പാരണവീട്ടി.
ആഗാഖാൻ കൊട്ടാരത്തിന്റെയകന്ന ചുറ്റുപാടിലു-
മാഗന്തുകരായിരുന്ന മഹാജനനൗഘം,
എന്നല്ല ഭാരതമാകെയന്നേരത്തു പ്രശാന്തമാ –
യൊന്നു നിശ്വസിച്ചു പഞ്ചഭൂഖണ്ഡം കേൾക്കെ.
അനന്തരമൊരു കൊല്ലം കഴിഞ്ഞില്ലാതടങ്കലിൽ
വിനയൊന്നു വന്നുചേർന്നു വിധിവിഹിതം!
സഹനജീവിതത്തിനു സദാപി പങ്കാളിയായ
“സഹധർമ്മിണിയാൾ സതികസ്തൂർബാഗാന്ധി
ഇഹലോകം വെടിഞ്ഞുപോയൊരുവിധത്തിലുമോർത്താൽ
സഹിക്കാനും മറക്കാനുമാകാത്തദുഃഖം,
മിടിപ്പുകൾ ശക്തിപ്പെട്ടു ഹൃദയത്തിൽ, ബാഷ്പപൂരം
തിടുക്കെന്നു കണ്ണുകളിൽ നിറഞ്ഞുചിന്തി.
നോക്കിനിന്നു പ്രിയപ്പെട്ട ജഡത്തെയാപുണ്യശ്ലോകൻ
വാക്കുകളെ പരാജയപ്പെടുത്തും നോട്ടം.
ചുടലയിലേ ശവമെടുക്കുന്ന നേരംവ
നെടുനിശ്വാസങ്ങളർപ്പിച്ചതിന്നു മുമ്പിൽ.
ലിപികൾക്കു ലവലേശം വഴിപ്പെടാതുള്ളമട്ടി-
ലപാരമായ നന്തമായുള്ളിന്റെയുള്ളിൽ
തിളയ്ക്കുന്ന സ്നേഹത്തിൻ്റെ യനർഗ്ഗളതള്ളൽ കണ്ണിൽ
തുളുമ്പിനിന്നതിൽ നിന്നുമടർന്നുവീണ
ചുടുകണങ്ങളാൽ മുക്തിയവൾക്കുണ്ടായിരിക്കണം
ചുടലയിൽ തീർത്ഥജലം തളിച്ചതുപോൽ.
ദഹിപ്പിച്ചു യഥാവിധി ജഡം, പ്രിയപ്പെട്ട ശിഷ്യൻ
മഹാദേവദേശായിതൻ ചിതയ്ക്കുചാരെ.
ഇരുചിതകളിലുമാക്കരങ്ങളാൽ പതിവായി
പരിചൊടർപ്പിതമായ പുഷ്പമാല്യങ്ങൾ.
അതുമല്ലയോഗിയെപ്പോലാ സ്ഥലത്തു പലപ്പൊഴും
ഹിതകരസമാധിയിലിരുന്നിരുന്നു.
ആരോഗ്യവുമന്നുമുതൽ തൃപ്തികരമല്ലാതായി
കാരാഗാരവിമുക്തനായക്കാരണത്താൽ.
വെളിയിൽ വന്നതുമുതൽ തുടങ്ങിക്കത്തിടപാടു
കളങ്കമേശാതെ തൻ്റെ ലക്ഷ്യത്തിലെത്താൻ.
നിയമസമിതിയന്നു കേന്ദ്രത്തിലുള്ളതിനോടു
സ്വയമുത്തരവാദിത്വം പുലർത്തുംമട്ടിൽ
ദേശീയ ഗവർമ്മെൻ്റൊന്നു സ്ഥാപിച്ചുകിട്ടേണ്ടതിനായ്
വാശിയോടേശ്രമം വീണ്ടും തുടങ്ങിധന്യൻ.
വേവൽ പ്രഭുവൈസ്രായിയാണദ്ദേഹത്തിനടുക്കലീ-
യാവലാതി സഫലമായ്ത്തീർന്നില്ലതെല്ലും.
വീണ്ടുമൊരു സമരത്തിന്നാലോചിച്ചു ഗാന്ധിയപ്പോൾ
കണ്ടുനേരേമുമ്പിലൊരുകരിങ്കൽകോട്ട.
ഉറ്റമിത്രമായിരുന്ന ജിന്നായിപ്പോളടുക്കുന്നി –
ല്ലേറ്റം കാര്യമാമഹാനു പാക്കിസ്ഥാൻ പ്രശ്നം.
ഹിന്ദുമുസ്ലീം ചേരികളായ് വിഭക്തമാം നിലയൊടെ-
യിന്ത്യാ സ്വതന്ത്രയാകേണമെന്ന ശാഠ്യം.
ശുദ്ധഹൃദയനാം ഗാന്ധിയെത്രതന്നെ ശ്രമിച്ചിട്ടും
സിദ്ധാന്തത്തിൽത്തന്നെയവരുറച്ചുനിന്നു.
മഹായുദ്ധസമാപ്തിയിലൈക്യകക്ഷി ജയിച്ചതി-
ലഹന്തയ്ക്കുവകയില്ല ബ്രിട്ടീഷ്കാർക്കേതും.
ചർച്ചിൽ മന്ത്രിസഭ യുദ്ധവിരാമത്തോടെയറിഞ്ഞു,
മെച്ചമെല്ലാമവസാനിച്ചതോടുകൂടി
തൽസ്ഥാനത്തു വന്നെത്തിയതാി മന്ത്രിസഭയത്രേ
സുസ്ഥിതിയല്ലിൻഡ്യയിലെന്നറിഞ്ഞു നന്നായി.
കഴിഞ്ഞകൊല്ലങ്ങളിലേഭയങ്കരമർദ്ദനങ്ങ-
ളഴിമതികളുമിന്ത്യൻ ജനതയ്ക്കാകെ
പൊറുക്കാത്ത ക്ഷതമുള്ളിൽ വരുത്തിയിട്ടുള്ള സത്യ-
മറിഞ്ഞുബുദ്ധിയുള്ളവർ പ്രസ്പഷ്ടമായി.
വളർന്നരോഷത്തോടിന്ത്യ ബ്രിട്ടനെ വിഴുങ്ങുവാനായ്
പിളർന്നവായുമായ് കുതിച്ചടുക്കുംമട്ടിൽ
“ഇൻഡ്യൻ ദേശീയസൈന്യമെന്നൊരുസൈന്യം സുശക്തമായ്
ചൂണ്ടപ്പെട്ട പീരങ്കിയായ് ബ്രിട്ടന്റെ നേരെ.
എതിരറ്റ ശക്തൻ സുഭാഷ് ചന്ദ്രബോസാണതിന്റെ നേതാ-
വതിനോടു ബ്രിട്ടൺ ശക്തിപരീക്ഷിച്ചില്ല.
പട്ടാളങ്ങൾപോലുമാജ്ഞവിധേയരാകുമെന്ന
മട്ടിൽ ശങ്കാകുലമായി ഭരണകൂടം.
അതിൽ തെറ്റുപറ്റിയില്ല, പണിമുടക്കാരംഭിച്ചു
മതിപൂർവ്വം പലേടത്തും നാവികസൈന്യം.
ബ്രിട്ടീഷ്കൊടി തട്ടിക്കളഞ്ഞിൻഡ്യൻ കൊടി കപ്പലിന്മേൽ
നാട്ടുവാനും പട്ടാളക്കാർ മടിച്ചില്ലേതും
“ക്വിറ്റിൻഡ്യാപ്രമേയമെന്തെന്നറിഞ്ഞുതുടങ്ങി തെല്ലും
മാറ്റമെന്യേയാംഗ്ലേയരാം വമ്പന്മാരിപ്പോൾ.
ഗത്യന്തരമില്ല, വിട്ടു പോകുകതന്നെയെന്നവർ
ഹൃത്തിലോർത്തു വൈമനസ്യത്തോടെയെന്നാലും.
ഭാരതീയരോടുതന്നെ യാലോചിച്ചു മേലിലേയ്ക്കു
ഭാരതത്തിൽ ഹിതകരഭരണരീതി
തീരുമാനപ്പെടുത്തുവാൻ മന്ത്രിസഭാദൗത്യസംഘം
നേരേതന്നെയയ്ക്കപ്പെട്ടിൻഡ്യയിലേയ്ക്കായ്.
പെത്തി ലോറൻസ്, സ്റ്റാഫോർഡ് ക്രിപ്‌സും
എ.വി. അലക്സാണ്ടറും വ-
ന്നെത്തി ഭാരതത്തിൽ സമാധാനദൂതരായ്.
കോൺസ്റ്റിറ്റ്യൂവന്റസ്സംബ്ളിയുമിടക്കാല ഗവർമ്മെന്റും-
സംസ്ഥാപിതമാക്കാൻ വേണ്ട നിശ്ചയം ചെയ്തു.
ഇംഗ്ലീഷ്കാരൻ വിടവാങ്ങി, പടിവാതിൽ തുറന്നിട്ടു
ഭംഗിയായിക്കാലെടുത്തുവെളിയിൽക്കുത്തി.
ഇരുപതാം നൂറ്റാണ്ടിന്റെ നാല്പത്താറാം ശുഭവർഷം
ശരിക്കുതീയതിയൊന്നു സെപ്റ്റംബർ മാസം
ജവഹർലാൽ നെഹൃവിന്റെ നേതൃത്വത്തിലിടക്കാല
ഗവർമ്മെന്റുസമംഗളം സ്ഥാപിതമായി.
