Aadhyathekallu Arerium

ആദ്യത്തെ  കല്ല് 

 ആരെറിയും?

–—- (1925) —–


ക്കാലമേശു മിശിഹാ ‘സിനഗോഗി’ലേറ്റം 

ശുഷ്ക്കാന്തി പൂർവ്വമതുമല്ലധികാരപൂർവ്വം 

ഉൾക്കാമ്പിലജ്ഞത നിറഞ്ഞ ജനാവലിക്കായ് 

ചൊല്കൊണ്ട് തന്റെ പഠനങ്ങൾ നടത്തിവന്നു.                                         

നേരായ മാർഗ്ഗമറിയാതജപാലനില്ലാ- 

തോരോ വഴിക്കുഴലുമാടുകളെന്ന മട്ടിൽ 

ആ രാജ്യസീമനിയലഞ്ഞ മഹാജനത്തിൻ 

നേരേ മഹേശനനുകമ്പയപാരമായി.                                                                

2

സാധുക്കളാം ജനതയെപ്പടുകുണ്ടിൽ വീഴ്ത്താൻ 

സാധിക്കുമാറു കുപഥങ്ങൾ തെളിച്ചിരുന്ന 

നേതാക്കളെന്നു കുറവല്ല നിനച്ചിടുമ്പോ- 

ളോതാവതല്ലവരെടുത്ത നയങ്ങളൊന്നും.                                                      

3

അന്ധന്നു മാർഗ്ഗമതുകാട്ടി നടത്തിടുന്നോ 

നാന്ധ്യത്തിലായവനിലും ദയനീയനെങ്കിൽ 

എന്തിന്നു ശങ്ക, യൊരുമിച്ചവർ രണ്ടുപേരും 

ചിന്തിച്ചിടാത്ത സമയം പടുകുണ്ടിൽ വീഴും.                                                

4

സ്വാർത്ഥപ്രസക്തി, കുടിലത്വ, മഹന്തയെന്ന- 

ല്ലർത്ഥാശ, യീർഷ്യ മുതലായവയാൽ നിറഞ്ഞ 

ധൂർത്താഗ്യരായ ഫരിസേയരിൽ നിന്നുനാശ- 

മിത്ഥം ജനത്തിനുളവായതല്പമത്രേ.                                                                  

5

മാൻതോലുടുത്ത കടുവാകളിൽ നിന്നു ശീഘ്രം 

സ്വന്തം ജനത്തെയഖിലം പരിരക്ഷ ചെയ്യാൻ 

ചിന്തിച്ചുകൊണ്ടു മരിയാസുതനേശുനാഥൻ 

സന്തുഷ്ടി പൂർവ്വമതിനായ് പണിചെയ്തിരുന്നു.                                               

6

ആനന്ദമാധുരി കലർന്നൊരു വാഗ്വിലാസം, 

ദീനാനുകമ്പ, വിനയാന്വിതശാന്തഭാവം 

നാനാവിധം ഗുണഗണം ജനസഞ്ചയത്തേ- 

യാനീതരാക്കി ഗുരുവിൻ സവിധത്തിലെന്നും.

7

കാന്താരസീമനിയിരുട്ടിലുഴന്നുകേഴും 

പാന്ഥന്റെ കണ്ണിലമൃതാംശു ചൊരിഞ്ഞുയർന്ന 

പൂന്തിങ്കളിന്നു സമമായ് സുജനങ്ങളെല്ലാം 

ചിന്തിച്ചു ദേവസുതനെപ്പരമാദരിച്ചു.

8

ആരാധ്യനായ ഗുരുവിൻ പദരേണുജാലം 

ചേരും സ്ഥലത്തിതരചിന്തകളേതുമെന്യേ 

ധാരാളമാളുകളണഞ്ഞതിമോദമോടേ 

ചാരത്തിരുന്നു ദിവസങ്ങൾ കഴിച്ചിരുന്നു.

9

ദേവാത്മജന്റെ വചനങ്ങൾ ശ്രവിപ്പതേക്കാൾ 

ഭൂവിങ്കലാജനത മറ്റൊരു ഭാഗധേയം 

ആവശ്യമായ്കരുതിയില്ലതിലാണു ഭാഗ്യ- 

സർവ്വസ്വമെന്നനിശമായവരോർത്തിരുന്നു.

10

എന്നല്ലടുത്തു പദസേവ നടത്തിടുന്നോർ-

യ്കന്നു വേണ്ടതഖിലം കുറവേതുമെന്യേ 

തന്നീടുവാൻ കനിവുശക്തിയുമുണ്ടു ദിവ്യ-

ന്നെന്നാ ജനങ്ങളവിശങ്കമുറച്ചിരുന്നു.

11

കാനായിലന്നൊരു വിരുന്നിനു പച്ചവെള്ള- 

മീ നല്ലദിവ്യഗുരുവിന്റെ ഹിതാനുസാരം 

താനേനിറം ഗുണവുമാർന്നു വിശിഷ്ടമായ 

പാനീയമായ കഥയാരു മറിഞ്ഞതല്ലൊ.

12

ജാത്യന്ധരായവർ മഹേശകൃപാതിരേകാൽ 

നേത്രം തെളിഞ്ഞതികൃതജ്ഞതയോടുകൂടി 

വാഴ്ത്തുന്നു നിത്യമഖിലേശനെ നാടുനീളെ- 

ക്കീർത്തിച്ചിടുന്നു പരിപാവനമേശുനാമം.

13

മൂകൻ, മുടന്തനു,മനേകതരത്തിലംഗ-

വൈകല്യമുള്ളവരുമേറിടുമാശയോടേ 

പോകുന്നു നാഥസവിധത്തിലഭീഷ്ടമാർക്കും 

നല്കുന്നു തൃക്കരമതക്ഷയപാത്രമല്ലൊ.

14

മുപ്പത്തിയെട്ടു സമയേറ്റമസഹ്യമായോ

രപ്പക്ഷവാതരുജപൂണ്ടുകിടന്ന രോഗി 

ക്കെന്നല്‌പാർന്നവന്റെയൊരുവാക്കിനെണീറ്റഹോ,തൻ 

തല്പം വഹിച്ചു ഗൃഹസീമനി ചെന്നുചേർന്നു.

15

ദുഷ്ടപ്പിശാചിനുടെ ബാധനിമിത്തമേറ്റം 

കഷ്ടപ്പെടുന്നവരെയും കരുണാർദ്രചിത്തൻ 

സൃഷ്ടിസ്ഥിതി പ്രളയകാരണനാത്മദേഹാ 

രിഷ്ടങ്ങൾ മാറ്റി ഹൃദയത്തെളിവോടയച്ചു.

16

ഭേദപ്പെടാത്ത രുജയെന്നറിയുന്ന കുഷ്ഠം 

ബാധിക്കയാൽ ജനപദങ്ങളെ വിട്ടുമാറി 

ഖേദിച്ചിരുന്ന ദയനീയരിലൊട്ടനേകർ- 

ക്കൗദാര്യബുദ്ധിയവിടുന്നു സുഖം കൊടുത്തു.

17

നായീമിലേ വിധവ തന്റെ മരിച്ച പുത്ര 

ന്നായുസ്സു വീണ്ടുമരുളീട്ടതിയായ മോദം 

തായയ്ക്കുചേർത്ത കഥകണ്ടവർ നിർന്നിമേഷ- 

രായിച്ചമഞ്ഞു തുലയറ്റൊരു വിസ്മയത്താൽ.

18

അയ്യായിരത്തിലധികം ജനതയ്ക്കു തന്റെ

കൈയാൽ മുറിച്ച ചെറുതായിടുമഞ്ചപൂപം 

വയ്യാതെയായ് മുഴുവനന്നു ഭുജിച്ചിടാനാ- 

ക്കെയല്ലയോ കരുണയേറിയ കല്പവൃക്ഷം.

19

വേണ്ടുന്നതൊക്കെയവിടെക്കുറവേതുമില്ലാ- 

തുണ്ടെന്നു കണ്ടു പകലും നിശയും ജനങ്ങൾ 

പണ്ടെങ്ങുമാരുമറിയാത്ത മനസ്സുഖത്തെ- 

പ്പുണ്ടേശുവിന്റെ പദതാരിണ പിൻതുടർന്നു.

20

“ഈ മാന്യനാണു മിശിഹാ, യിവനാണു ലോക- 

ക്ഷേമത്തിനായവതരിച്ചൊരു ദീർഘദർശി. 

ഈ മട്ടുഭക്തജനമോതിയിരുന്നു മോദാ- 

ലാമർത്ത്യദൈവസുതനേയറിയാതെ തന്നെ.

21

മാനത്തിനൊക്കെയവകാശികളെന്ന മട്ടിൽ

സ്ഥാനത്തിരുന്ന ഫരിസേയരിതിങ്കലെല്ലാം 

കാണിച്ചിരുന്നു വലുതായൊരസൂയ,യെന്നാൽ 

കാണിക്കു മുന്നതനതിന്നടിപെട്ടതില്ല.

22

“ഭൂതങ്ങളേയിവനൊഴിച്ചു വിടുന്നതെല്ലാം 

ഭൂതാധിനാഥനുടെ സേവനിമിത്തമെന്നും, 

നീതിക്കുചേർന്ന നിയമങ്ങൾ വിലക്കിടും ദു- 

സ്സ്വാതന്ത്ര്യ മേതിലുമിവൻ തുടരുന്നുവെന്നും.

23

ഓരോതരം കൊടിയ പാപികൾ, നീചർ, ചുങ്ക- 

ക്കാരൊക്കെയാണിവനടുത്ത സഖാക്കളെന്നും, 

ആരോടുമൊത്തിട കലർന്നു ഭുജിച്ചിടാനും 

ചേരുന്നതില്ലിവനു തെല്ലു വിശങ്കയെന്നും,

24

വാക്കാലിതേവിധമനേകതരത്തിലങ്ങേ

സല്ക്കീർത്തിചന്ദ്രിക മലീമസമാക്കിടാനായ് 

മുഷ്ക്കോടടുത്തവരെയുന്നത യുക്തിയാലേ 

ചില്ക്കാതലാകുമവിടുന്നു മടക്കിവിട്ടു. (വിശേഷകം)*

25

“സാത്താൻ തനിക്കു വിപരീതഫലം വരുത്തും 

കൃത്യം നടത്തിടുകയെന്നതുവന്നുപോയാൽ 

സാത്താന്റെ രാജ്യമുടനേ ശിഥിലീഭവിക്കും 

വ്യത്യാസമില്ല, നിലനില്പതിനില്ല മേലിൽ.

26

ആരോഗ്യമറ്റവനു വൈദ്യനടുത്തുവേണം 

പാരം സുഖസ്ഥിതിയിലുള്ളവനേവമല്ല.” 

ആരും ധരിപ്പതിനു തക്കവിധത്തിലേവം

സാരം കലർന്ന മറുവാക്കുകളങ്ങു നല്കി-

27

ചോദിച്ചൊരുത്ത, “നയി, ദേശികസത്തമാ, നീ 

വേദപ്രമാണമറിയുന്നവനായിരിക്കെ

ആ ദിവ്യമാം മുറകളൊക്കെ ഹിതാനുസാരം 

ഭേദപ്പെടുത്തിടുവതെങ്ങനെ സാധുവാകും?

28

ഭക്ഷിച്ചിടുന്നു തവ ശിഷ്യർ കരങ്ങൾ രണ്ടും 

പ്രക്ഷാളനം വഴി വിശുദ്ധി വരുത്തിടാതെ, 

ആക്ഷേപയോഗ്യമതു യൂദജനത്തിനെല്ലാം; 

പക്ഷേ ഭവാനതറിയാത്തവനല്ല നൂനം. “

29

വായിൽക്കടന്നുദരസീമനി പോവതൊന്നും 

മായം മനുഷ്യനു വരുത്തുകയില്ല തെല്ലും. 

പ്രായേണയാവഴി വെളിക്കു വരുന്നതത്രേ

ചെയ്യുന്നു നാശഫലമെന്നരുൾ ചെയ്തുനാഥൻ.

30

“ആശ്വാസനാളുകളിലാതുരരാം ജനങ്ങൾ- 

ക്കാശ്വാസമേകുവതു വേദവിധിപ്രകാരം 

ആശാസ്യമോ? സദയമോതുക സദ്ഗുരോ”യെ- 

ന്നാശങ്കയറ്റു ചില ശാസ്ത്രികൾ ചോദ്യമായി. 

31

“കൂപത്തിനുള്ളിലജമൊന്നു പതിച്ചുപോയാ- 

ലാപത്തുനീക്കിയതിനെപ്പരിരക്ഷ ചെയ്‌വാൻ 

സാബത്തിലും ക്ഷമയകന്നു തിടുക്കമോടേ 

ഹാ! ബുദ്ധിപൂർവ്വമുടമസ്ഥനൊരുങ്ങുകില്ലേ?

32

എന്താണു മർത്യനതിലുന്നതനല്ലയോ? നാം 

ചിന്തിക്ക; സാബതദിനങ്ങളിൽ സത്പ്രവൃത്തി 

എന്താകിലും വിഹിത” മെന്നവിടുന്നുരച്ചു; 

പന്തം കൊളുത്തുകിലുമന്ധനു കാഴ്ചയുണ്ടോ?

33

കൗടില്യമൂർത്തികൾ പലപ്പൊഴുമീവിധത്തിൽ 

തേടിപ്പിടിച്ചൊരു കുയുക്തികളപ്പഴപ്പോൾ 

പാടേ തകർത്തു മിശിഹാ, യതുമൂലമായി- 

ക്കൂടിത്തുടങ്ങിയകതാരിലവർക്കു വൈരം.

34

ഈശന്റെ യേകസുതനെച്ചതിവായ്തുലയ്ക്കാ- 

നാശിച്ചതിന്നൊരു കുരുക്കു ശരിപ്പെടുത്താൻ 

പ്രീശപ്രധാനികളുറച്ചു കുബുദ്ധികൾ ദുർ- 

വാശിക്കു ഹൃത്തിലിടമേകി നിറച്ചു പാർത്തു.

35

പട്ടാളമൊന്നവരയച്ച,വനെപ്പിടിച്ചു 

കെട്ടിസ്സഭാനടുവിലക്ഷണമാനയിപ്പാൻ.

ഒട്ടും വിശങ്കയകതാരിലണഞ്ഞിടാത- 

ക്കൂട്ടം കടന്നു സിനഗോഗിനകത്തു നേരേ.

36

തേനോലുമാവചനമാധുരിയാൽ ഭടന്മാ-

രാനന്ദമാർന്നു പുളകാഞ്ചിതഗാത്രരായി 

താനേ മടങ്ങി ഫരിസേയരസഹ്യമായ 

മാനക്ഷയത്തിനടിപെട്ടു കുഴങ്ങിപാരം.

37

ഡംഭാൽ നിറഞ്ഞു നിലവിട്ടവർ പല്ലിറുമ്മി 

ജംഭിച്ചുകൊണ്ടു ഭടരോടു കയർത്തനേരം 

സ്തംഭിച്ചിടാതെ, ഭയവിഹ്വലരായിടാതെ, 

ദംഭം വെടിഞ്ഞ മറുവാക്കവരേവമോതി.

38

“എന്താണു ചെയ്ക? മനുജാധമനെന്നു നിങ്ങൾ 

ചിന്തിച്ച മർത്യനുടെ നാവു പൊഴിച്ചിടുന്ന 

പൂന്തേനിലും മധുരമായ വചോമൃതങ്ങൾ 

സന്തോഷമേതു ഹൃദയത്തിനു നൽകുകില്ല?

39

ആ വാക്കിലൊന്നു മതി, കാതിനകത്തുതിർന്നാൽ 

കൈവല്യഭാഗ്യമതിനാൽ വരുമേതൊരാൾക്കും 

ഭൂവിങ്കലിന്നുവരെ, യിത്രവിശേഷമായി- 

ട്ടേവന്റെ വാങ്മധു ജനാവലി കേട്ടിരിപ്പൂ?

40

എല്ലാവരും സപദിയാ ഗുരുവിന്റെ പക്കൽ 

ചെല്ലാത്തതാണു പരമത്ഭുതമോർത്തുകണ്ടാൽ. 

നല്ലോരു മർത്ത്യനവനേയൊരു ബന്ധമെന്യേ 

കൊല്ലാൻ തുനിഞ്ഞിടുകിലോ ദുരിതം ഭവിക്കും.

41

” ഈ വാക്കു കേട്ടു കരൾ തിങ്ങുമസൂയ മൂലം 

പൂർവ്വാധികം ക്ഷുഭിതരായ് ഫരിസേയരെല്ലാം

നിർവ്വാണമാർഗ്ഗമരുളുന്നവനെത്തുലയ്ക്കാൻ 

ഗർവ്വോടു ചെയ്ത ശപഥം ദൃഢമാക്കി വീണ്ടും.

42

ഒന്നും പ്രവൃത്തി തുടരാൻ ശരിയായ മാർഗ്ഗ- 

മന്നേദിനം മതിയിലെത്തു പെടായ്ക മൂലം 

സന്ദർഭമൊന്നിനി മുറയ്ക്ക് ചമച്ചുകൊള്ളാ- 

മെന്നോർത്തു ദുഷ്ടജനമന്നു പിരിഞ്ഞുപോയി.

43

പിറ്റേന്നുഷസ്സിലഴകേറിയ സൂര്യബിംബം 

മാറ്റേറിടുന്ന കനകക്കുടമെന്നപോലെ 

ചുറ്റും തെളിഞ്ഞകിരണാവലി വീശിയേതും 

തെറ്റാതെ കൃത്യസമയത്തിനു വന്നുദിച്ചു.

44

പാരം വിശുദ്ധി കലരുന്ന മരീചിജാലം 

പാരിൽ പരന്ന സമയത്തതി ഭീതിയോടേ

ഘോരാന്ധകാരപടലം നിലവിട്ടു പാഞ്ഞി- 

ട്ടോരോ ഖലന്റെ ഹൃദയത്തെയുമാശ്രയിച്ചു.

45

ദുസ്സംഗമാർക്കു മരുതാത്തതുതന്നെയെന്നായ് 

നിസ്സംശയം ജനതതിക്കൊരു പാഠമേകാൻ 

കുത്സാർഹമായ ഖലഹൃത്തുകളേയശേഷം 

ഭർത്സിച്ചുകൊണ്ടു കിരണാവലി ദൂരെ നിന്നു.

46

അന്നാളിലും പതിവുപോൽ സിനഗോഗിലേക്കായ് 

ചെന്നാൻ ജഗദ്ഗുരുവമാനുഷനേശുനാഥൻ 

അന്നും ജനാവലിയണഞ്ഞു പദാരവിന്ദം 

വന്ദിച്ചുകൊണ്ടു ചുഴലം സ്ഥിതിചെയ്തിരുന്നു.

47

തേജസ്വരൂപനഖിലാണ്ഡമടക്കിവാഴും 

രാജാധിരാജനുടെ കാൽത്തളിർ കൂപ്പുവാനായ് 

രാജീവബന്ധു വിനയത്തോടു ഭൂവിലെങ്ങും 

തേജസ്സെഴും നിജകരങ്ങളണച്ചിരുന്നു.

48

സർവ്വജ്ഞപീഠമഭിമാനമൊടേറി വാഴും 

ഗർവ്വിഷ്ഠരന്നുവരെയേതുമറിഞ്ഞിടാത്ത

സർവ്വപ്രധാന പരമോന്നത തത്വമെല്ലാം 

സർവ്വേശപുത്രനവിടെ പ്രവചിച്ചിരുന്നു.

49

പഞ്ചാമൃതം ചെവിയിലേക്കു ചൊരിഞ്ഞിടുമ്പോൽ,

നെഞ്ചിനകത്തമൃതധാരയൊഴുക്കിടുമ്പോൽ,

മിഞ്ചുന്ന മാധുരി കലർന്നെഴുമാപ്രസംഗം

ചാഞ്ചല്യമറ്റു ജനസംഹതി കേട്ടിരുന്നു.

50

ഏവം ജനാവലി ഗുരുപ്രവരന്റെ ചുറ്റും

താവുന്ന മോദമൊടു നിശ്ചലരായിരിക്കെ

കൈവന്ന ഭാഗ്യമതിനല്‌പ വിഘാതമായി 

സാവജ്‌ഞമായൊരു ജനാരവമങ്ങു കേൾക്കായ്.

51

മറ്റൊന്നുമല്ലതു, തിരഞ്ഞൊരു വള്ളികാലിൽ 

ചുറ്റിക്കുടുങ്ങിയതു മൂലമകക്കുരുന്നിൽ 

ഏറ്റം കൃതാർത്ഥത കലർന്നൊരു ദുർജ്ജനങ്ങ- 

ളൂറ്റം മുഴുത്തിളകിയാർപ്പു വിളിക്കയത്രേ.

52

ഉൽക്കണ്ഠയോടു ജനമങ്ങുതിരിഞ്ഞുമന്ദം 

നോക്കുമ്പോഴാ മദമിയന്ന ജനപ്രവാഹം 

ഊക്കോടുകൂടി ജവമാ സിനഗോഗിനെത്താൻ 

ലാക്കാക്കിയാണു വരവെന്നതു ബോദ്ധ്യമായി.

53

കൂട്ടത്തിലുണ്ടു പല ശാസ്ത്രികൾ, താർക്കികന്മാർ

നാട്ടിൽ പ്രമാണികൾ തുടങ്ങിയ മാന്യരെല്ലാം 

കുട്ടിക്കുരംഗമിഴിയേകയവർക്കു മദ്ധ്യേ- 

യൊട്ടേറെ നമ്രമുഖിയായി നടന്നിടുന്നു.

54

തേജോമയം കനകവിഗ്രഹമാകമാനം 

രാജോചിതം വിലയെഴും വസനങ്ങളാലും 

തേജസ്സെഴും പല വിഭൂഷകളാലുമേറ്റം 

രാജിക്കുമാറവളലംകൃതയായിരുന്നു.

55

ഉച്ചസ്ഥിതിക്കിടിവു തട്ടിയധഃപതിച്ചു 

പാശ്ചാത്യമാംനില വഹിച്ചു വിളർച്ചയേറ്റ 

നൽചന്ദ്രബിംബമതിനോടനുകമ്പയാലോ 

ഇച്ചന്ദ്രബിംബമുഖി, തൻതല താഴ്ത്തിടുന്നു?

56

ചെന്താർതൊഴും പദയുഗം തടവിക്കിടക്കും 

ബന്ധം വെടിഞ്ഞൊരണികൂന്തൽ വിശങ്കയെന്യേ 

“പൂന്തേനിടഞ്ഞമൊഴിയാൾ സുകുമാരിയെത്താൻ 

താന്തോന്നി”യെന്നു പറയുന്നതുപോലെ തോന്നും.

57

മത്തേഭമന്ദഗമനം മധുവാണിതന്റെ 

പത്തുക്കളാലൊരുവിധം തുടരുന്നു, പക്ഷേ 

ഗത്യന്തരം സുലഭമായി വരായ്കയാലേ 

വർത്തിപ്പതെന്നു മുഖഭാവമുരച്ചിടുന്നു.

58

കൂട്ടത്തിലുള്ളവരിലാരുമൊരൊറ്റയാളും 

കാട്ടുന്നതില്ലബലയോടനുകമ്പ തെല്ലും

കേട്ടാൽ ചെവിക്കു നിശിതാശൂഗമെന്നു തോന്നും 

മട്ടുള്ള വാക്കുകളുരച്ചുഹസിക്കയത്രേ.

59

വണ്ടാറണിക്കുഴലിയാളതിനൊന്നുമേതും 

മിണ്ടുന്നില്ല മറുവാക്കതു സത്യമെന്നാൽ 

കണ്ടാൽ മുഖത്തതിനു ചേർന്നൊരു ശാന്തഭാവ- 

മുണ്ടെന്നു തോന്നുവതുമില്ല, പരം വിചിത്രം!

60

കോപം വിനാശകരമായൊരഹന്ത, ലജ്ജ, 

കാപട്യഭാവമിവയാണൊരു കൂസലെന്യേ 

ലോപം വെടിഞ്ഞു കളിയാടുവതാമുഖത്തിൽ, 

പാപിഷ്ഠ തന്റെ ഹൃദയത്തിലുമേവമല്ലോ.

61

മോഷ്ടിച്ച വസ്തുവൊടുകൂടിയുടൻ പിടിക്ക- 

പ്പെട്ടോരു തസ്കരകുലപ്രവരന്റെ ഭാവം 

കാട്ടുന്നു സുന്ദരമുഖം; ഗതി മന്ദമായീ, 

മട്ടോൽ മൊഴിക്കു പദതാരിണ നീങ്ങിടാതായ്.

62

കൺകോണിനാൽ പുരുഷകേസരി വീരരേയും 

തൻകാലിനന്തികമടിച്ചു മറിച്ചു വീഴ്ത്തും

പെൺകുഞ്ഞിതിന്നമളിയൊന്നു പിണഞ്ഞുവെന്നോ? 

തൻകർമ്മദോഷമതിനാലതുവേണ്ടതല്ലൊ.

63

ആരാകിലെന്തു? ജഗദീശഹിതത്തിനേയും 

ചേരാത്തകൃത്യമധികം തുനിവോടുകൂടി 

ധാരാളമായനുദിനം തുടരുന്നതായാ- 

ലാരും പഴിക്കു, മവഹേളന പാത്രമാകും.

64

എന്നല്ലവർക്കിവിടെ നശ്വരമായ ജന്മം 

തീർന്നാലുമില്ലസുഖ, മീശ്വരനീതിയാലേ 

എന്നേക്കുമുള്ള ദുരിതം പിഴയേതുമെന്യേ 

വന്നെത്തുമായതിനുമേൽ വിധിയില്ല നൂനം.

65

കാമാദികൾക്കടിപെടും സമയത്തു നിത്യ- 

ക്ഷേമാദിചിന്തമനുജന്നകമേ കടക്കാ 

സാമോദമച്ചെളിയിലാണ്ടൊരു പന്നിയേപ്പോ- 

ലാമർത്യനായതിലടിഞ്ഞു കിടന്നുപോകും.

66

ഇക്കാമിനിക്കുമിതുപോലൊരബദ്ധമത്രേ

തത്കാലമെത്തിയതു; പൂർവ്വചരിത്രമെല്ലാം

ആർക്കാണു നിശ്ചയ, മശേഷമറിഞ്ഞിടുന്നു 

ചിത്കാതലേകനഖിലാണ്ഡവുമാണ്ടിരിപ്പോൾ.

67

ആയോഷയെക്കുടിലബുദ്ധികളുന്തി നീക്കി

ശ്രീയേശുവിന്റെ പദസന്നിധിയിങ്കലാക്കി 

ന്യായാധിപന്റെയരികത്തതി ലജ്ജയോടും 

ഭീയോടുമത്തരുണിയാൾ തലതാഴ്ത്തി നിന്നു.

68

കണ്ണൊന്നുയർത്തി വിധിയാളനെ നോക്കുവാനും 

പെണ്ണിന്നു ധീരത മനസ്സിലുദിച്ചതില്ല 

കണ്ണീർകണങ്ങൾ ചെറുമുത്തുകളോടുതുല്യം 

മണ്ണിൽ പൊഴിച്ചവൾ വിവർണ്ണയുമായ് ചമഞ്ഞു.

69

സാക്ഷാലസച്ചരിതയാണവ, ളോർത്തുകണ്ടാൽ 

ശിക്ഷാവിധിക്കൊഴിവിനർഹതയേതുമില്ല. 

പക്ഷേ മഹച്ചരിതനാം വിധിയാളനുള്ളിൽ 

ദാക്ഷിണ്യമേറി നിറയും കരുണാസ്വരൂപൻ.

70

കാരുണ്യമൂർത്തിയുടെ വാസ്തവമൊന്നുമേതു-

മോരാതെ തന്നെയപരാധിനിയായ നാരി 

വാരാശിപോൽ കരുണയീവിധിയാളനെന്നിൽ 

ചേരേണമെന്നു ഹൃദിയർത്ഥന ചെയ്തിരിക്കാം.

71

അന്തർഗ്ഗതങ്ങളറിയുന്നവനായ ദേവൻ 

കാന്താരവിന്ദദളലോചന തന്റെ ഹൃത്തിൽ 

ചിന്തിച്ച യാചന ധരിച്ചതിനൊത്തവണ്ണം 

സന്തുഷ്ടിയോടു കൃപയങ്ങു ചൊരിഞ്ഞിരിക്കാം.

72

അക്കാര്യമെങ്ങനെയിരിക്കിലുമുള്ളിലേറ്റം 

ധിക്കാരമോടു ഫരിസേയരടുത്തു ചെന്നു 

വക്രത്വമൊക്കെയൊരുമട്ടകമേയൊതുക്കി- 

ച്ചിത്ക്കാതലിന്നടിനമിച്ചുരചെയ്തു മന്ദം.

73

“അല്ലേ ഗുരുപ്രവര, താവക നീതിമാർഗ്ഗ- 

മെല്ലാവരും വിലമതിപ്പതു തന്നെയല്ലോ. 

കില്ലേതുമില്ല വിധിയോ കരുണാന്വിതം, മ- 

റ്റെല്ലാം നിനച്ചിടുകിലങ്ങൊരു സദ്ഗുണാഢ്യൻ.

74

ന്യായാസനത്തിലമരുന്നവർ മിക്കവാറും 

ന്യായത്തിനൊത്ത വിധി ചെയ്ക ചുരുക്കമത്രേ.

നീയോ മുഖസ്തുതികളൊക്കെയഗണ്യമാക്കി 

ശ്രേയസ്കരം വിധികൾ തന്നെ നടത്തിടുന്നു.

75

കണ്ടാലുമിത്തരുണിയേ, വ്യഭിചാരകുറ്റം 

കണ്ടാണു ഞങ്ങൾ പിടികൂടിയിതേ വിധത്തിൽ 

കൊണ്ടിങ്ങു വന്നതു, മറിച്ചൊരു സാക്ഷി വേറ- 

യുണ്ടാകയില്ലിതിനു, സംഗതി സത്യമത്രേ.

76

കല്ലാലെറിഞ്ഞീടണമീദൃശ ദുഷ്ടരേയെ-

ന്നല്ലോ വിശുദ്ധ നിയമങ്ങൾ വിധിച്ചിടുന്നു. 

അല്ലേ വിഭോ! പറവതെന്തവിടുന്നിതിങ്കൽ? 

കല്യാശയാ, പരമകോവിദ മൗലിഭാസ്സേ!”

77

എല്ലാമറിഞ്ഞ വിബുധാഗ്രണിദുർജ്ജനത്തിൻ

കല്ലോലമാടുമൊരു വക്രതകണ്ടു നന്നായ്

മെല്ലെക്കുനിഞ്ഞു മണലിൽ ചിലതൊക്കെയെന്തോ

കല്യാണമൂർത്തി വിരലാലെഴുതിത്തുടങ്ങി.

78

ചോദിച്ചചോദ്യമവരപ്പൊഴുതും തുടർന്നു, 

വേദസ്വരൂപനതിലക്ഷമനായതില്ല. 

ആദിത്യനാധിയരുളും മുഖമൊന്നുയർത്തീ- 

ട്ടാദിവ്യനോതി മറുവാക്കുകളൊത്ത മട്ടിൽ.

79

“കൊള്ളാം! വിശുദ്ധനബി മോശ വിധിച്ചതല്ലേ? 

എള്ളോളമാരുമതിൽ നിന്നിളകേണ്ടതില്ല.

ഉള്ളിൽ കളങ്കമറിയാത്തവനാദ്യമായി-

പ്പുള്ളിക്കുരംഗമിഴിയാളെയെറിഞ്ഞിടട്ടെ!”

80

വീണ്ടും കുനിഞ്ഞു ലിഖിതം തുടരേണ്ടതിന്നായ് 

രണ്ടാമതും ധരണിയിലംഗുലിചേർത്തു നാഥൻ 

മിണ്ടുന്നതില്ല സുവിശേഷകരീയെഴുത്തി- 

ലുണ്ടായിരുന്ന കഥയേതുമതെന്തുകൊണ്ടോ?

81

കാപട്യമൂർത്തികളകത്തു മറച്ചിരുന്ന 

പാപങ്ങളെന്നു ചില വിജ്ഞരുച്ചരിച്ചിടുന്നു. 

ശാപത്തിനർഹ,രവരാരുമെറിഞ്ഞതില്ല-

പ്പാപിഷ്ഠയെക്കുടിലരാം ജനവഞ്ചകന്മാർ.

82

വിജ്ഞാനമൂർത്തിയുടെയീവിധികേട്ടുപാരം 

ലജ്ജിച്ചു വീണ്ടുമൊരു വാക്കുരിയാടിടാതെ 

അജ്ഞാനമൂർത്തികളൊരാളിനു പിപിമ്പൊളായ് 

പൂജ്യന്റെ സന്നിധിയിൽ നിന്നു മറഞ്ഞുമാറി.

83

ആലേഖനത്തിനു സമാപനമായി, വീണ്ടും 

ചേലോടു ദിവ്യഗുരു ശീർഷമുയർത്തിയപ്പോൾ 

ആലോലഗാത്രിയവളെന്നിയെ വേറൊരാളു- 

മാലോചനദ്വയമരീചിയിലെത്തിയില്ല.

84

“കുറ്റം ചുമത്തിയിവിടേയ്ക്കു നയിച്ചുനിന്നെ- 

ചുറ്റും നിരന്നു നിലകൊണ്ടവരെങ്ങുപോയി? 

ഒറ്റയ്ക്കു നിന്നെയിഹ കാണ്മതിനെന്തു ബന്ധം? 

തെറ്റേശിടാത്ത വിധിയാരു മുരച്ചതില്ലേ?”

85

സ്വർല്ലോക നാഥനുടെ ചോദ്യമിദം ശ്രവിച്ചു 

മല്ലാക്ഷി ലജ്ജയോടുമേറിയ ഭീതിയോടും 

“അല്ലേ! വിഭോ! വിധിയൊരുത്തനിൽ നിന്നുമുണ്ടാ- 

യില്ലെ”ന്നുരച്ചു തലതാഴ്ത്തി നമിച്ചുവീണ്ടും.

86

ശ്രീയേശുനാഥനനുകമ്പയിൽ മഗ്നനായി- 

ട്ടായോഷയോടരുളി ശാന്തിദവാക്യമേവം. 

“പോയാലു,മിന്നുമുതൽ യാതൊരു പാപവും നീ 

ചെയ്യാതിരിക്ക, വിധിചെയ്യുവതില്ല ഞാനും.”

87

വീണ്ടും തുടർന്നു പഠനം സിനഗോഗിലപ്പോ- 

ളുണ്ടായിരുന്നൊരു ജനത്തിനുവേണ്ടി യേശു 

പണ്ടെങ്ങുമാരുമറിയാത്തൊരുതത്ത്വമെല്ലാം 

കൊണ്ടാടി വേണ്ടവിധമായ് വിശദീകരിച്ചു.

88 

പരലോകപഥം തെളിക്കുവാൻ 

നരനായ് നിർദ്ധനനായി ഭൂമിയിൽ 

പരിചോടു ജനിച്ച ചിൽപുമാ-

നരുളിച്ചെയ്തവരോടു ശാന്തനായ്.

89

“വിധിക്കുവാൻ തുനിഞ്ഞിടുന്നതില്ല ഞാനൊരാളെയും 

വിധിച്ചുവെങ്കിലേതുമേ പിഴയ്ക്കയില്ല നിശ്ചയം. 

വദിച്ചിടാമതിന്റെ ഹേതു; നിത്യതാതനോടു ഞാൻ

സദാപി ചേർന്നിരുന്നുകൊണ്ടു ചെയ്തിടുന്നിതൊക്കെയും.

90

ധരിക്ക നിങ്ങളൊക്കെ, ഞാൻ ജഗത്തിലെ പ്രകാശമാ- 

ണൊരുത്തനെന്റെ പാദമുദ്രനോക്കിയാത്രചെയ്യുകിൽ 

ചരിക്കയില്ലിരുട്ടിലെന്നുറച്ചിരിക്കസത്യമായ്, 

പരത്തിവീശിടും സദാപി ജീവദീപ്തിയപ്പുമാൻ.”

91