അബലയുടെ അശ്രുബിന്ദു

ആദിത്യദേവന്റെ തങ്കക്കിരണത്തിൽ
മേദിനി മുങ്ങുന്ന സുപ്രഭാതം.
സാദം വെടിഞ്ഞങ്ങു പാടുന്നു പക്ഷികൾ
മോദിച്ചു വീശുന്നുമന്ദവാതം
ആരാമസീമനികോരകതല്ലജ-
മോരോന്നായ് മെല്ലെ വിടുർത്തിടുന്നു.
കൊച്ചുപെൺകുട്ടികൾ മാലകൾ കോർക്കുവാ-
നിച്ഛയാ പൂക്കൾ പറിച്ചിടുന്നു.
ആ ദിശി പണ്ടെങ്ങും കേൾക്കാത്ത കാഹള-
നാദവുമൊന്നു മുഴങ്ങിടുന്നു.
വേദാഗമത്തിലെ കന്യകാവല്ലഭൻ
മോദിച്ചണയുന്നു മേദിനിയിൽ
ആ മണവാളന്റെ പാണിസംസ്പർശനം
കാമിച്ചു പാർക്കുന്ന കന്യകമാർ
ലില്ലിപ്പൂന്തോട്ടത്തിൽ പൂക്കൾ പറിച്ചുകൊ-
ണ്ടുല്ലാസപൂർവ്വം ചരിച്ചിടുന്നു.
കാരണപൂരുഷനായമണവാളൻ
ശാരദനീരദവാഹനത്തിൽ
ആരാമസീമനിവന്നിറങ്ങീടുന്നു
നാരിമാർക്കുള്ളം കുളുർത്തീടുന്നു.
തെന്നലിലാടിയും ബാലമാർത്താണ്ഡന്റെ
യുന്നമകാന്തിയേറ്റുല്ലസിച്ചും
ചന്തം തുളുമ്പുന്ന വാടിയിലോരോന്നിൽ
ബന്ധുരഗാത്രിമാർ നിന്നിടുന്നു.
“എൻ പ്രിയനേകനെനിക്കുമെൻ നാഥനു
തൻപ്രിയാനു”മെന്നുള്ള ഗാനം
സ്വർണ്ണവിപഞ്ചിക മീട്ടുന്ന നാദത്തി-
ലർണ്ണോജനേത്രമാർ പാടിടുന്നു.
വാട്ടവും കോട്ടവുമില്ലാതെ, വണ്ടുകൾ
തൊട്ടുമുഷിക്കാതെ ഭദ്രമായി.
സൂക്ഷിക്കപ്പെട്ടുള്ള വാടികൾ കണ്ടുക-
ണ്ടക്ഷികുതുർത്തിട്ടു ദിവ്യനാഥൻ
മന്ദം നടന്നുചെന്നോരോപൂവാടിയിൽ
സന്ദേഹം കൂടാതെ തൃപ്പദങ്ങൾ
ചേർത്തുമനോതുഷ്ടി പൂണ്ടുടമസ്ഥയാം
തർത്തേൻമൊഴിയാളേ ധന്യയാക്കി
ആയവളർപ്പിച്ചലില്ലിപ്പൂമാലയേ
മായമകന്നുള്ള സ്നേഹത്തോടേ
മാറിലണിഞ്ഞിട്ടു, മാറോടണച്ചുടൻ
കാറണിവേണിയേയാശ്ലാഷിച്ച്
സ്നേഹത്തിന്റെ ചുംബനമുച്ചിയിലേകിടൂ
മോഹനമാംകരപല്ലവത്താൽ
കന്നങ്ങൾ രണ്ടിലും മെല്ലെത്തലോടിക്കൊ-
“ണ്ടെന്നുടെ റാണി നീ”യെന്നുചൊല്ലി
ശാശ്വതമായോരനുഗ്രഹവർഷവും
പേശലഗാത്രിക്കു നൽകിടുന്നു-
നിലപ്രേമത്തിൻ ദിവ്യമനോഹര
മൂർത്തിയാം വല്ലഭനീവിധത്തിൽ
ഓരോരോ കന്യകമാരേയും സന്ദർശി-
ച്ചോരോ പൂവാടിയും പിന്നിലാക്കി.
ചെല്ലുന്നനേരത്തു കാണുന്നു മാനസം
തല്ലിത്തകർക്കുന്ന കാഴ്ചയൊന്ന്.
ചേലേറും പൂവാടിയൊന്നൊരുഭാഗത്തു
വേലിയും കാവലുമേതുമെന്ന്യേ
കാലികൾ കേറിയും തിന്നു നശിപ്പിച്ചും
മാലണച്ചീടുന്നു കാണികൾക്ക്.
കല്ലും ചരലുമാ കുറ്റിച്ചെടികളു-
മല്ലാതെയായതിലൊന്നുമില്ല.
ലില്ലിപ്പൂന്തോട്ടത്തിൽ മേയുന്ന വല്ലഭൻ
കല്യനിക്കാഴ്ചയാൽ ഖിന്നനായി.
“കഷ്ടമേ!” എന്നുള്ളോരാംഗ്യമാത്രം കൊണ്ടാ-
നഷ്ടത്തിന്റെ ഗൗരവം സ്പഷ്ടമാക്കി.
കൗമാരകാലത്തു ലീലയിലാസക്തി
സീമാവിഹീനമായ് വർദ്ധിക്കയാൽ
ചേതോഹരമായ തോട്ടത്തിന്റെ നാശത്തേ-
യേതും ഗണിക്കാതെ പോയ ഭോഷി
പിന്തിരിഞ്ഞെത്തിയ നേരത്തിക്കാഴ്ചയി-
ലന്തസ്താപം പരമാർന്നിരിക്കാം.
ഇച്ഛാഭംഗത്താലും നിസ്സീമമായുള്ള
പശ്ചാത്താപത്താലും ദീനയായി
വേല തുടർന്നവളെങ്കിലും പൂവാടി
മേലിൽ പ്രസാദിച്ചതില്ല തെല്ലും.
“പോയതുപോയെന്നു നിശ്ചയം വന്നപ്പോ-
ളായതലോചനയാർത്തയായി.
എന്തിനിച്ചെയ്യേണ്ടതെന്നുള്ളോരാകുല
ചിന്തയിലാണ്ടു കുഴഞ്ഞുപാരം.
“ലില്ലിപ്പൂന്തോട്ടത്തിൽ മേയുന്ന കന്യകാ-
വല്ലഭനല്ലോയെൻ പ്രാണനാഥൻ.
ആ മഹാസ്നേഹസ്വരൂപനേ വിട്ടൊരു
കാമുകനേയുള്ളിൽ ചിന്തിയാ ഞാൻ.
പക്ഷേയെൻ നാഥനെന്നന്തികസീമനി-
പക്ഷമോടേയണയുന്നനേരം
ചാലയണിയിച്ചുവേട്ടുകൊണ്ടീടുവാൻ
മാലയില്ലാതെ ഞാനെന്തുചെയ്യും!
നല്ലനവരത്നമാലകളൊന്നുമെൻ
വല്ലഭൻ സ്വീകരിക്കില്ല നൂനം.
എന്നിൽ നിന്നദ്ദേഹമാശിച്ചണയുന്ന
സുന്ദരമായുള്ള ലില്ലിപുഷ്പം
മേലിലെൻ തോട്ടത്തിൽ സംഫുല്ലമാകുന്ന
കാലമുണ്ടാകയില്ലെന്തു ചെയ്യാം!
കാരുണ്യവാരിധേ! ദിവ്യപ്രേമാംബുധേ!
ഓരാതെചെയ്തുപോയ പാഹി! പാഹി!
ഈവിധം കേണുമിനിറ്റുകളെണ്ണിയു-
മാവോളം ദീർഘമായി നിശ്വസിച്ചും
കണ്ണുനീർധാരയാൽ പൂവാടിതന്നിലേ
മണ്ണിനേനിത്യം നനച്ചുകൊണ്ടും
കാലങ്ങൾ പോക്കുന്ന ദീനയാം സുന്ദരീ-
മൗലിതന്നന്തികേയെത്തി നാഥൻ.
വെണ്ണീരണിഞ്ഞൊരുവാർമുടി, ചിന്തുവാൻ
ക്കണ്ണീരില്ലാതുള്ള ലോചനങ്ങൾ,
ശുഷ്കിച്ചഗണ്ഡങ്ങൾ, നിർജ്ജീവഭാവത്തേ
മുക്കാലും ദ്യോതിപ്പിച്ചീടുമോഷ്ഠം
നീക്കമേതും വിനാ പാരം കനത്തൊരു
ചാക്കിനാലാടയണിഞ്ഞദേഹം,
ശോഷിച്ചദേഹത്തെ താങ്ങി നയിക്കുവാൻ
ശേഷിയില്ലാതുള്ള കാൽകരങ്ങൾ
ഇവ്വിധമുള്ളൊരു കാമിനീരൂപം തൻ
ദിവ്യനാം നാഥനേക്കണ്ടനേരം
ജീവനും ബുദ്ധിയുമില്ലാതെ ചാഞ്ചാടും
പാവയെപ്പോലെഴുന്നേറ്റുശീഘ്രം.
എന്തുതാൻ ചെയ്യുന്നതെന്നറിയാതൊരു
ഭ്രാന്തിയെപ്പോലെയങ്ങോടിയെത്തി.
“പാഹിമാം! പാഹിമാമാശ്രിതവത്സലാ!
പാഹിമാം! പാഹിമാം!! ദീനബന്ധാ!
ഓരാതെ ചെയ്തുപോ, യോരാതെചെയ്തുപോയ്
കാരുണ്യവാരിധേ! പാഹി പാഹി!”
ക്ഷീണിച്ചനാവിനാൽ ഗദ്ഗദപൂർവ്വമീ
വാണികളഷ്ടമായുരച്ച്
ദീനദയാലുവാം നാഥന്റെ പാദത്തിൽ
മാനിനിതാണു നമിച്ചുവീണു.
കാരുണ്യപൂരത്താലുള്ളലിഞ്ഞീശനാ
നാരിയേത്താങ്ങി തൻ കൈകളാലേ.
“വന്നതുപോകട്ടെ! മേലിൽ നീ സൂക്ഷിക്ക”
എന്നുള്ള സാന്ത്വനവാക്യമോതി.
സന്തപിച്ചീടുമാ സാധുവിൻ കണ്ണുനീർ
തൻ തിരുകൈകളാൽ താൻ തുടച്ചു.
കാലമൊട്ടേറെയായ് വറ്റിവരണ്ടുള്ള
നീലവിലോചന തല്ലജങ്ങൾ
പെട്ടെന്നു ചിന്തിയ കണ്ണുനീർതുള്ളിയേ
മട്ടോലും വാണിയാൾ തൻപ്രിയന്റെ
പാവനമായുള്ള കൈകളിലർപ്പിച്ചു.
ജീവിതസൂര്യനുമസ്തമിച്ചു.
ശാന്തമായുള്ളോരു ദീർഘനിശ്വാസത്തോടേ
കാന്തമാം ലോചനപങ്കജങ്ങൾ
മന്ദം തുറന്നങ്ങടയുന്ന വേളയിൽ
വന്നൊരു പുഞ്ചിരിയാമുഖത്തിൽ
അന്ത്യമായി ചിന്തിയ കണ്ണുനീർതുള്ളി തൻ
കാന്തന്റെ കൈത്തലപങ്കജത്തിൽ
മുത്തുപോൽ മിന്നിത്തിളങ്ങുന്ന കാഴ്ചയിൽ
നിത്യമായ് സുന്ദരിയാശ്വസിച്ചു.
