അന്നത്തെ അദ്ഭുതം

ശ്രീയേശുനാഥന്റെ ഭൂലോകജീവിതം
സായാഹ്നം തേടിയടുത്ത കാലം
ചില്‌പുമാനൊട്ടേറെയദ്ഭുതകൃത്യങ്ങൾ
തൃപ്പാദഭക്തർക്കായ് ചെയ്തിരുന്നു.
അന്ധന്മാർ കാഴ്ചയേ പ്രാപിച്ചു മൂകന്മാ-
രന്തരം കൂടാതെ സംസാരിച്ചു,
മാറാത്ത ഭീകരരോഗത്താൽ ബാധിത-
രേറെപ്പേർ നിശ്ശേഷം സ്വസ്ഥരായി,
മൃത്യുവാൽ ഗ്രസ്തരായ് തീർന്നവർ ജീവിച്ചു.
മേൽത്തരം കാഴ്ചകൾ കണ്ടുലോകം!
യൂദാഗലിലേയാദേശങ്ങളൊക്കെയും
പാദസംസ്പർശത്താൽ ശുദ്ധമാക്കി
അക്കാലം ചെന്നു ജരുശലേമിൽ വീണ്ടും
ചില്കാതൽ ഭക്തരാം ശിഷ്യരുമായ്.
ഉണ്ടൊരു ദിവ്യമാം വാപിയാദേശത്തിൽ
പണ്ട് മഹാജനപൂജിതമായ്.
ആശയെകൈവിട്ടരോഗികളായതി-
ലാശ്വാസം പ്രാപിച്ചുപോയിരുന്നു.
എന്നുമീ ദിവ്യമാം ശക്തിയാവെള്ളത്തി-
ലൊന്നുപോൽ കണ്ടിരുന്നില്ല നൂനം
വന്നിറങ്ങീടും ചിലപ്പോളാവാപിയിൽ
സന്ദേഹമില്ലൊരു ദൈവദൂതൻ.
ആരുമാ ദിവ്യമനോഹരമൂർത്തിയേ
നേരിട്ടൊരിക്കലും കാണാറില്ല.
വെള്ളംകലങ്ങിച്ചെറുതിരമാലകൾ
തുള്ളിക്കളിപ്പതുമാത്രം കാണാം
കാരണം പൂർവ്വന്മാർ ച്ചൊന്നുകേട്ടിട്ടുള്ള-
താരുമവിശ്വസിച്ചില്ല തെല്ലും
ദൂതനിറങ്ങിക്കാക്കുന്ന വെള്ളത്തി-
ലേതും പിഴയ്ക്കാതെയാദ്യമായി
മുങ്ങും മഹാരോഗിക്കാരോഗ്യസൗഭാഗ്യം
ഭംഗമില്ലാതെ ലഭിച്ചിരുന്നു.
സ്വസ്ഥതയാശിച്ചു രോഗികളെപ്പോഴു-
മാസ്ഥലത്തൊട്ടുപേർ വന്നിരുന്നു.
ഊമന്മാരന്ധന്മാർ പക്ഷവാതക്കാരും
കാൽ മുടന്തന്മാരും മറ്റുമായി
എണ്ണമില്ലാതുള്ളരോഗികൾ വാപിതൻ
മണ്ഡലമഞ്ചിലായി പാർത്തിരുന്നു.
ചെന്നിതു ദീനദയാലുവാസംഘത്തേ
സന്ദർശിച്ചാശ്വാസം നല്കുവാനായ്.
ആർദ്രതതിങ്ങുമാദിവ്യകടാക്ഷങ്ങ-
ളാദ്യമായേകനിൽ ചെന്നുറച്ചു.
ആ മഹാരോഗിയോ പാരിൽ നിരാശയ-
നീ മഹാഭാഗ്യത്തിനർഹനത്രേ.
പക്ഷവാതക്കാരനെങ്കിലുമാരോഗ്യ
കാംക്ഷിയായ് ദൈവവിശ്വാസത്തോടേ
കൊല്ലങ്ങൾ മുപ്പത്തെട്ടായിട്ടു നൈരാശ്യ-
മില്ലാതെയങ്ങു ശയിച്ചിരുന്നു.
കാരുണ്യക്കാതലായുള്ളോരു കാരണ-
പുരുഷനേശുവാസാധുവിന്റെ
ജീർണ്ണിച്ച ശയ്യയോടേറ്റം സമീപിച്ചു
കർണ്ണത്തിൽ തേനോലും വാണിയാലേ
ചോദിച്ചു, “സത്യമായാശിക്കുന്നുണ്ടോ നീ
വ്യാധിവിമുക്തനായ്ത്തീർന്നിടുവാൻ?
“അയ്യോ, ഞാനേറ്റമാശിക്കുന്നു സദ്ഗുരോ
വയ്യാതനിച്ചെഴുനേറ്റുപോവാൻ.
വെള്ളം കലങ്ങുമ്പോളൊന്നാമതായെത്താൻ
കള്ളമല്ലെന്നെക്കൊണ്ടാവതില്ല.
ഒറ്റടിവച്ചും നിരങ്ങിയും ചെല്ലുമ്പോൾ
മറ്റൊരാളെന്നെക്കാൾ മുമ്പിറങ്ങും
എന്നെസ്സഹായിപ്പാൻ ബന്ധുക്കളായിട്ടി
മന്നിലെനിക്കാരുമില്ല നാഥാ”
അത്തലാൽ മാനസം തിങ്ങിത്തകർന്നവ-
നുത്തരമിത്രയുമോതിയപ്പോൾ
സർവ്വമഹാരോഗശാന്തിയും വാക്കിനാൽ
നിർവ്വഹിച്ചീടും ഭിഷക്പ്രവീണൻ
കല്പിച്ചു നീ നിന്റെ കട്ടിലെടുത്തുകൊ-
ണ്ടിപ്പോഴേ പൊയ്ക്കൊൾക വീട്ടിലേക്കായ്
തൽക്ഷണം കട്ടിലും തോളിൽ വഹിച്ചവ-
നക്ഷീണഗാത്രനായ യാത്രയായി
അത്ഭുതാവേശമോ നിസ്തുലമാണപ്പോ-
ളുദ്ഭൂതമായതു കാണികളിൽ
എങ്കിലും യൂദപ്രമാണികളീർഷ്യയാൽ
പങ്കിലമാനസർ സ്വസ്ഥനോടായ്
ചോദിച്ചു, “നീയിന്നു കട്ടിൽ ചുമക്കുന്നോ?
വേദപ്രമാണങ്ങൾ ലംഘിക്കാമോ?
പാവനമായൊരു സാബതനാളിനേ
യേവനുമാദരിക്കേണ്ടതല്ലേ?”
തെല്ലൊരു കൂസലും കൂടാതെയുത്തരം
ചൊല്ലിനാൽ പെട്ടെന്നാ ദൈവദാസൻ.
“ഇന്നെനിക്കീവിധം സ്വസ്ഥത നല്കിയ
വന്ദ്യനാം പുരുഷനാമഹാത്മാ
എന്നോടു കല്പിച്ചു കട്ടിലെടുക്കുവാൻ
പിന്നെ ഞാൻ ചെയ്തിലെന്തുകുറ്റം?
നശ്വരദേഹത്തേക്കാളുമാസാധുവിൻ
ശാശ്വതദേഹിയാണേറ്റമേറ്റം
രോഗവിമുക്തമായ് ചാരിതാർത്ഥ്യം പൂണ്ട-
താഗമക്കാതലിൻ കാരുണ്യത്താൽ
പ്രേമസ്വരൂപനൊരാളല്ലാതിപ്പാരി-
ലാമഹാസംഭവമാരറിഞ്ഞു!
അദ്ഭുതമീവിധം സാധിച്ച മാത്രയി-
ലത്ഭുതപൂരുഷനങ്ങുനിന്നും
മാറി ജനാവലിക്കുള്ളിൽ മറഞ്ഞുപോയ്
കേറി യഹൂദദേവാലയത്തിൽ.
സ്വസ്ഥനായ് തീർന്നൊരു തൃപ്പാദഭക്തനേ-
യാസ്ഥലത്തങ്ങുന്നു കണ്ടനേരം
സ്നേഹം തുളുമ്പുന്ന ദിവ്യോപദേശമാ
സ്നേഹസ്വരൂപനവന്നു നല്കി
“സൂക്ഷിക്കനീയിപ്പോളാരോഗ്യ പ്രാപ്തനായ്,
പക്ഷേയിതിൽ പരം ദുസ്സഹമായ
ആപത്തുവല്ലതും സംഭവിച്ചീടായ്വാൻ
പാപത്തിൽ വീഴാതെ ജീവിക്കേണം.
(കുടുംബദീപം, ജൂബിലി വിശേഷാൽ പ്രതി, 1954)
