Bhakki Rand

ബാക്കി രണ്ട്


ലങ്ങാടും പറവൂരും ര-

ണ്ടയൽരാജ്യങ്ങൾ, ചെറുതായാലും 

തമ്മിൽത്തല്ലുകൾ കൂടാതങ്ങനെ 

തമ്മിലിണങ്ങിക്കഴിയും കാലം 

ആലങ്ങാട്ടരചന്റെയടുക്കൽ 

പറവൂർ നിന്നൊരു ദൂതൻ വന്നു 

കാര്യമറിഞ്ഞു കല്പന നല്കി 

നേരേവന്നു മുഖം കാണിപ്പാൻ. 

 

സൌഹാർദ്ദത്താൽ വിട്ടൊരു ദൂതനെ 

ബഹുമാനിക്കാൻ വേണ്ടതു ചെയ്തു 

പരമസുഹൃത്താം പറവൂർ രാജൻ 

വിലയേറും പല സമ്മാനങ്ങൾ 

ദൂതനെയേല്പിച്ചവ തിരുമുമ്പിൽ 

സാദരമെല്ലാമവനർപ്പിച്ചു.

ഒടുവിലെഴുത്തും തൊഴുതു കൊടുത്തു 

കടലാസല്ല കരിമ്പനയോല

ഉണ്ടോ കടലാസന്നാരാനും 

കണ്ടിട്ടുള്ളു? കേട്ടിട്ടുള്ളൂ? 

നാരായത്താലോലയിലെഴുതി- 

ക്കാര്യങ്ങൾ സാധിക്കും കാലം. 

രായസമുദ്യോഗസ്ഥന്മാരെ-

ക്കൈവിരലിന്റെ തഴമ്പാലറിയാം.

 

കായിതമെന്തെന്നറിയാനരചൻ

വായനയായി ഗൗരവപൂർവ്വം 

നെറ്റി ചുളിച്ചൊരു ചിന്തയിലാണ്ടു 

ചുറ്റും ദൃഷ്ടികളൊന്നു തിരിച്ചു. 

ഹിതമെന്തെന്നറിയേണ്ടതിനായി-

സ്സചിവനടുത്തു സവിനയമരികിൽ 

“ബാക്കികൊടുത്തു വിടാനോ? നാമൊരു 

ബാക്കിയുമില്ല കൊടുക്കാനവിടെ.” 

ആത്മഗതത്തോടു ലേഖനമുടനെ 

നോക്കാനായിസ്സചിവനുനീട്ടി. 

വിഷമപ്രശ്നം-വിഷമപ്രശ്നം- 

സചിവൻ നോക്കി വിയർത്തുതുടങ്ങി. 

അറ്റം രണ്ടും കണ്ടിച്ചോലയി- 

ലേറ്റം വടിവോടെഴുതിയിരിപ്പൂ

“ആത്മസുഹൃത്തേ, കോട്ടക്കാവിൽ

ക്ഷേത്രമഹോത്സവമാണതിലേക്കായ് 

ബാക്കി (നമുക്കറിയാം) രണ്ടെണ്ണം 

തക്കംപോലെ കൊടുത്തുവിടേണം.”

 

കല്പനയായാലേടുകണക്കുകൾ 

ക്ഷിപ്രംനോക്കാമെന്നായ് സചിവൻ. 

ഏടുകളല്ലിഹ വേണ്ടതുബുദ്ധി- 

ക്കീടാണെന്നു നരേന്ദ്രനുരച്ചു. 

പണ്ഡിതരെന്നു പറഞ്ഞു നടക്കും 

പൊണ്ണന്മാരെപ്പലരെ വരുത്തി. 

അവരും നോക്കിത്തലചൊറിയുന്നു 

വിവരം പിടികിട്ടായ്കനിമിത്തം 

നാലക്ഷരമിതു നമ്മെത്തോല്പി- 

ച്ചാലോ വലിയപരാജയമല്ലൊ 

രാജ്യം പോയാലിത്രയമില്ലെ- 

ന്നോർത്തഭിമാനം വിറകൊള്ളുമ്പോൾ 

യാദൃച്ഛികമായങ്ങനെ തച്ചിൽ

വറിയതുവന്നു മുഖം കാണിപ്പാൻ. 

 

അറിയാമദ്ദേഹത്തെ, നിസ്തുല 

ധിഷണാഗുണസമ്പുർണ്ണനെ,യതിനാൽ

പലരെത്തോല്പിച്ചൊരു ലേഖനമാ 

വലതുകരത്തിലെടുത്തിട്ടരുളി: 

“നോക്കുക, പറവൂർ രാജൻ നമ്മൊടു 

ബാക്കികൊടുപ്പാൻ ചോദിക്കുന്നു. 

എന്തൊരുബാക്കി? ശരിക്കതുചൊന്നാൽ 

മന്ത്രി നമുക്കിനി വറിയതുതന്നേ.” 

ഓലയെഴുത്താരു നോട്ടം നോക്കീ- 

ട്ടാലോചിച്ചില്ലധികം സമയം 

സവിനയമോതി “അടിയനുണർത്താ- 

മിനിയതു ‘വാരണ’മതുതാൻ ബാക്കി 

അറ്റം വേണ്ടതുപോലെ മുറിച്ചു 

മറ്റൊന്നില്ലിനി ‘വാരണ’മിതിനെ” 

“ശരി ശരി ‘വാരണ’മതുതാൻ ബാക്കി 

വറിയതുതന്നേ പ്രതിഭാശാലി.” 

വാരണവീരന്മാരേയുടനേ 

നേരേ കോട്ടക്കാവിനയച്ചു, 

അന്തരമുണ്ടോ വാക്കിനു? വറിയതു 

മന്ത്രിപദത്തിലുമാരോഹിതനായ്. 

 

കേട്ടറിവില്ലേ മാത്തൂത്തരകനെ 

നാട്ടിനു നന്മകൾ ചെയ്ത മഹാനേ? 

തരകൻ തന്റെ പിതാമഹനാണീ 

വറിയതുമന്ത്രി മഹാമതിശാലി.

 

(സാഹിത്യപരിഷത്, 1964)