ആഹ്വാനം

കാണുന്നില്ലേ കർഷകവരരേ
മാണിക്യം വിളയുന്ന നിലങ്ങൾ
കാടുപിടിച്ചുകിടന്നീടുന്നതു,
നാടു ഞെരുങ്ങി വലഞ്ഞീടുമ്പോൾ
കാടു തെളിക്കാൻ, വീടുകൾ വയ്ക്കാൻ,
മോടിയിലുഴതിഹ വിത്തുകളിടുവാൻ,
പൗരുഷമുള്ളവരില്ലേ നാട്ടിൽ
ധീരതയോടിങ്ങെത്തുക വേഗം.
കാട്ടിൽ ചിലെടത്താനകൾ, പന്നി
ക്കൂട്ടം, കടുവാ, പുലിയും കാണും.
പേടിക്കേണ്ട, മരക്കൊമ്പുകളിൽ
പാടും പക്ഷികളനവധി കാണും.
മാനസമോഹനബിസിനികളിൽ പര
മാനന്ദത്തോടുകളിയാടീടും
ധവളമനോഹരഹംസാവലി കരൾ
കവരും രംഗവുമിടയിൽ കാണും.
ശക്തന്മാരേ, ജഗദീശ്വരനിൽ
ഭക്തന്മാരാം മലയാളികളേ,
ശീഘ്രം വന്നീ കാടു തെളിക്കുക
വ്യാഘ്രാദികളെക്കൊല്ലുക വേഗം.
എന്തിനു നിങ്ങൾ ശങ്കിക്കുന്നു
സ്വന്തം നേട്ടമിതില്പരമുണ്ടോ?
വിത്തുകൾ കൈവശമുള്ളവ വെറുതേ
കുത്തിപ്പോയാലെന്തൊരുലാഭം?
നല്ലൊരുമണ്ണിലതിന്നു വിതച്ചാൽ
ചില്ലറയല്ല ലഭിപ്പതു നാളെ
കൊയ്തുവരുമ്പോളൊന്നിനു നൂറായ്
പത്താഴങ്ങളിലിട്ടു നിറയ്ക്കാം.
വെട്ടുക ഭീകരകാടുകളവയെ
ചുട്ടുദഹിപ്പിച്ചീടുക തീയിൽ
തട്ടു തിരിക്കുക, ഭൂമിയൊരുക്കുക,
കെട്ടുക വേലികൾ, കയ്യാലകളും!
കൊത്തിയൊരുക്കിയ ഭൂമിയിൽ നല്ലൊരു
വിത്തുവിതച്ചാലവയെപ്പിന്നെ
പക്ഷികൾ തിന്നു നശിപ്പിക്കാതെ
സൂക്ഷിച്ചീടുക രാവും പകലും.
കളകളശേഷം മാറ്റിപ്പരിചൊടു
വളമിട്ടീടുക വേണ്ടുംപോലെ.
കളിവാക്കല്ല പറഞ്ഞീടുന്നതു
വിളവിനുപുറമേ ചിലെടത്തെല്ലാം
പൊങ്ങിവരും ചിലമണി കുംഭങ്ങൾ
മങ്ങീടാത്തൊരു തേജസ്സോടേ.
കർഷകവരരേ നിങ്ങൾക്കപ്പോൾ
ഹർഷാവേശം ചില്ലറയെന്നോ!
സന്നദ്ധതയൊടു കൂടിയിറങ്ങുക
പിന്നീടെന്നു വിചാരിക്കാതെ.
നാളത്തെക്കഥയാരറിയുന്നു!
നാളുകൾ പോയാൽ പോയതുതന്നെ.
കത്തും ദീപം വെളിയിലെടുക്കാ-
തത്യാദരവോടുപറയുടെ കീഴിൽ
വച്ചീടുന്നവനാരായാലും
നിശ്ചയമവനൊരു ബുദ്ധിവിഹീനൻ.
എല്ലാമറിയാം, വാചാലതയും
ചില്ലറയല്ലെന്നാകിലുമൊരുവൻ
ജനസംഘത്തിൽ സംസാരിക്കാൻ
തുനിവില്ലാത്തവനെങ്കിൽ പാഴൻ.
സാധുക്കൾക്കൊരു കാശു കൊടുക്കാൻ
സാധിക്കാത്ത മനസ്ഥിതിയുള്ളോൻ
ധനവാനായാലെന്തു വിശേഷം?
ധനമില്ലാത്തവനതിലും ധന്യൻ.
കൊള്ളാം കൊച്ചുസഹോദരരേ, ഞാ-
നുള്ളതുതന്നെ ചൊന്നീടുന്നു,
വീട്ടിൽനിന്നും വെളിയിലിറങ്ങുക
നാട്ടിൽ കൊള്ളാം നിങ്ങളെയപ്പോൾ.
(പ്രേഷിതകേരളം, മേയ്-ജൂൺ, 1954)
