യഥാർത്ഥലോകം

എന്താണീലോക, മാരാണൊരുവനിവിടെയീ
ദേഹികൾക്കുറ്റമിത്രം?
സന്താപാംഭോധി തന്നിൽ തുഴയുമൊരുവനി-
ങ്ങാരൊരാലംബമോർത്താൽ?
സന്തോഷത്തിന്നു പാർത്താലെവിടെയൊരഭയ
സ്ഥാനമിന്നീജഗത്തിൽ?
ശാന്തം പാപം! നിനച്ചാൽ ചെറിയൊരു നരകം
തന്നെയീലോകവാസം.
ഇന്നത്തേയാപൂമിത്രം പരമൊരുരിപൂവായ്
തീർന്നിടുന്നുണ്ടു നാളേ,
യ്ക്കിന്നത്തേ വാക്കുമാറ്റിപ്പലരെയുമപരൻ
നാളെ വഞ്ചിപ്പതുണ്ടാം!
ഇന്നത്തേരാജഹർമ്മ്യം ചെറിയൊരു കുടിലായ്
ക്കണ്ടിടാം നാളെ, യെന്ന-
ല്ലിന്നത്തേ ഹൃദ്യരംഗം കദനനിലയമായ്
നാളെ മാറുന്നു കഷ്ടം!
സമ്പൂർണ്ണാരോഗ്യവാനാം തരുണനുമൊരുനാൾ
വൃദ്ധനായ് മൃത്യുചേരും
വമ്പേറും പൂർണ്ണചന്ദ്രൻ പുനരൊരുകലയായ്
ശൂന്യനായ് തീർന്നുപോകും.
കമ്പം കൈവിട്ടുയർന്നുള്ളൊരു പെരിയമരം
താഴെവീഴും ക്രമത്തിൽ
തൻപാദം കൂപ്പുവോനെതിരികെയടിപണി-
ഞ്ഞാശ്രയിക്കും ധനാഢ്യൻ.
പൊങ്ങിക്കത്തുന്ന ദീപം പൊലിയു, മുദയമാർ-
ത്താണ്ഡനുച്ചസ്ഥനായ്ത്തീർ-
ന്നങ്ങേഭാഗത്തുതാണിടുവിടെയുമൊടുവിൽ
ദൃശ്യനല്ലാതെയാകും.
എങ്ങും കാണായതാരാവലിയതുമറയും
വിണ്ടലം ശൂന്യമാകും.
തിങ്ങിപ്പൊങ്ങുന്ന വിചീകുലമതമരുമാ
സാഗരം ശാന്തമാകും.
മാറ്റം കൂടാത്തതാകും സ്ഥിരനിലയിവിടെ-
ക്കാണ്മതില്ലൊന്നിനും നാം.
കുറ്റംകൂടാതെവർത്തിപ്പൊരുമനുജനുമീ
ഭൂമുഖത്തെങ്ങുമില്ല.
ചെറ്റും പാർത്താൽ ഭവിഷ്യത്തൊരുവനുമറിയാ
നില്ലമാർഗ്ഗങ്ങളൊന്നും.
മാറ്റിത്തം വിട്ടൊഴിഞ്ഞിധരണിയിൽ നിവസി
ച്ചീടുവാനെന്തുപായം!!
ഓരോ കാലത്തിലോരോ പടുവിന്കയറി-
ക്രൂരമായാക്രമിച്ചി-
ട്ടോരോമർത്ത്യന്നു ചേർക്കും ദുരിതമതരുളാൻ
വാണിയാൽ താണിപോരാ.
ഭാരം കൂടുന്ന ജീവൻ തലയിലൊരുവിധം
പേറി ദുഷ്കാലമാകും.
പാരാവാരം കടപ്പാൻ തരണിയുമിവിടെ
കാണ്മതില്ലെന്തു ചെയ്യാം!
ആശ്വാസം നാം പ്രതീക്ഷിച്ചിടുമരിയ സുഹൃ
ത്തുക്കളിൽ നിന്നുപോലും
നിശ്ശേഷം നിർദ്ദയത്വം പലതരമുളവാം
കാലദോഷപഭാവാൽ.
വിശ്വാസത്തിന്റെ ഭദ്രസഥിതി പരിചൊടു നാം
പാർത്തിരിക്കുന്നെടത്തും
വിശ്വം വട്ടം കറക്കും കപടത കഠിനം
ഗൂഢമായാവസിക്കും.
ജീവിപ്പാനാശകൈവിട്ടവനൊടു മരണം
വന്നടുക്കുന്നതില്ലാ.
ജീവൻ താൻ ദൈവമെന്നായ് കരുതുമപരനേ
യാക്രമിക്കുന്നു മൃത്യു.
ഭൂവിൽ താഴാൻ കൊതിക്കുന്നവനുടെ നിലയെ
പ്പൊക്കിടുന്നു പ്രപഞ്ചം.
ദ്യോവിൽപ്പൊങ്ങാൻ ശ്രമിക്കുന്നവനെയടിവരെ
താഴ്ത്തിമർദ്ദിച്ചിടുന്നു!ഇഷ്ടംപോൽ
ജീവിതത്തെസ്സസുഖമിഹനയി
ച്ചീടുവാൻ സാദ്ധ്യമല്ലാ.
ശിഷ്ടന്മാർക്കും ചിലപ്പോൾ പടുതരദുരിതം
ദുസ്സഹം വന്നുചേരും.
ദുഷ്ടന്മാരിണ്ടലെന്യേ പരമപദവിയിൽ
പൂർണ്ണസൗഭാഗ്യമോടേ
കഷ്ടം! വാഴുന്നതുണ്ടാം, നിയതിനിയമമി-
ന്നാർക്കുമേ നീക്കവയ്യാ.
ഏതു ഭേദം വിനാതന്നുദരത്തിൽ ജനി-
ച്ചുള്ള തന്മക്കളോടും
മാതാവിന്നന്തരംഗസ്ഥിതി പലവിധമാ-
ണെന്നു കാണാം ചിലപ്പോൾ.
ചേതസ്സിൽപ്പക്ഷമേറ്റം വളരുമൊരുവനോ
ടപ്രിയം ദൈവഗത്യാ
നീതിക്കൊക്കാത്തമട്ടിൽ പരനൊടു ഹൃദയ
ക്കാമ്പതിൽ ചേർന്നുതിങ്ങും.
കഷ്ടം! നല്ലോരു തേന്മാവതിനെയൊരണുവും
ഗണ്യമാക്കാതെ തള്ളി-
തൊട്ടാവാടിക്കുവെള്ളം പകലിരവൊരുപോൽ
വിശ്രമിക്കാതെ കോരി
ശ്രേഷ്ഠൻ ഞാനെന്നമട്ടിൽ പണിയതു തുടരും
കർഷകന്മാരെയും ഹാ!
വിട്ടല്ലോതുന്നു, കാണാംധരണിയിലുളവേ
കണ്ണുമെല്ലെത്തിരിച്ചാൽ.
നീതിക്കൊക്കാത്തതാകും ഗതിവിഗതികളി-
കാണ്മതിന്നൊന്നുമേ നാ-
മേതും കീഴ്പെട്ടിടായ്‌വാൻ പരമൊരു വഴിയ
ല്ലാതെ മറ്റൊന്നുമില്ല.
ചേതസാമ്രാജ്യസിംഹാസനമതിലമരും
രാജനാ‘മാശ’യേ നാം
വീതാശങ്കം പുറത്താക്കിടണമുടനെവ-
ന്നെത്തിടും ഭവ്യമെല്ലാം.
പിന്നീടെല്ലാം ശുഭം; നാമൊരു വകയഹിതം
കൊണ്ടുമസ്വസ്ഥരാകാ.
മന്നിൽക്കാണുന്നതെല്ലാം സുഖതരവഴിയായ്-
ത്തന്നെ തോന്നീടുമപ്പോൾ.
വർണ്ണിക്കാൻ സാദ്ധ്യമല്ലാത്തൊരുപരമപദ-
പ്രാപ്തിയും ലഭ്യമാകും.
വിണ്ണോരും ശങ്കകൈവിട്ട വിരതമഭിന
ന്ദിച്ചിടും നമ്മെയെല്ലാം.
(ദീപിക, സെപ്തംബർ, 1936)
