വിതക്കാരൻ

വിതയ്ക്കുന്നു വിതക്കാരൻ,
നല്ല വിത്തു ഭൂതലത്തിൽ
പതിക്കുന്നു പലേടത്തും, പതിരില്ലൊന്നും,
പുറമ്പോക്കിൽ ചെന്നു വീണ
വിത്തുമണിയപ്പോൾ തന്നെ
പറവകൾ കൊത്തിത്തിന്നു, ശേഷിച്ചില്ലൊന്നും,
പാറക്കെട്ടിൽ ചെന്നു വീണു,
നാമ്പു മേലോട്ടെടുത്തവ-
യ്ക്കേറെ മണ്ണു കിട്ടിയില്ല, വേരു പാകുവാൻ,
സൂര്യനുദിച്ചുയർന്നപ്പോ-
ളവയെല്ലാം വാടി തെല്ലും
വേരിന്നാഴമില്ലായ്കയാലുണങ്ങിപ്പോയി.
മുൾപ്പടർപ്പിന്നുള്ളിൽ വീണു
മുളച്ചവ വളരാതെ-
യാപ്പടർപ്പിൽ ഞെരുക്കത്താൽ, നശിച്ചുപോയി.
ഫലഭൂയിഷ്ഠമാം സ്ഥല-
ത്തെത്തിവീണു ശേഷിച്ചവ,
നലമൊടു തഴച്ചവ വളർന്നുയർന്നു.
കതിരിട്ടു വിളഞ്ഞൊരു
നൂറുമേനി വരെയതിൽ
വിതക്കാരൻ കൃതാർത്ഥതാഭരിതനായി
ശ്രവിക്കുവാൻ ചെവിയുള്ളോ-
നിവയെല്ലാം ശ്രവിക്കട്ടെ!
ശ്രവിച്ചാലുമെല്ലാവരും ഗ്രഹിക്കുകില്ല.
(കർമ്മലാരാമം, ഒക്ടോബർ, 1975)
