Vedantha Chintha

വേദാന്തചിന്ത


കേട്ടാലും വേദവാക്യം;”പനയൊടുസമമായ് 

            ചില്‌പുമാൻ സ്നേഹരൂപൻ

ദുഷ്ടന്മാരെ വളർത്തും,” നയനജലമതിൽ 

         ഭക്തരേ മഗ്നരാക്കും 

പിട്ടെന്നോർത്തത്ഭുതം വേണ്ടനുദിനമിതു നാം 

          കണ്ടുപോരുന്നതല്ലോ

ശിഷ്ടന്മാർക്കങ്ങു ചെന്നിട്ടരുളിടുമവിടു- 

           ന്നന്തമില്ലാത്ത ഭാഗ്യം.

ത്യാഗത്താൽ നേട്ടമുണ്ടാക്കിടുവതിനിവിടേ- 

            യ്ക്കങ്ങയയ്ക്കുന്നു നമ്മെ

പ്രഗത്ഭ്യത്തോടുവാഴാനിവിടമുചിതമോ 

              മിന്നിമായുന്ന ദേശം?

വേഗം നാം ജോലിചെയ്താലുരുതരവിജയം- 

             കൊണ്ടു സമ്പന്നരാകാം

യോഗംചേരും ശിരസ്സിൽ മകുടമണിയുവാ- 

             നെന്നുമെന്നേയ്ക്കുമായി.

ക്ലേശങ്ങൾ ചിത്സ്വരൂപൻ മനുജരിലധികം 

             പ്രീതനായ് ചിന്തിടുന്നൊ- 

രാശിസ്സാണജ്ഞരാം നാമതിനെയഹിതമാം

              ശാപമെന്നെണ്ണിടൊല്ലാ.

ലേശം കൂസാതെ മുള്ളിൻവിഷമുനകൾ ചവി- 

              ട്ടിക്കടന്നോടിയത്രേ

ശശ്വത്താം സ്വർഗ്ഗഭാഗ്യം സുകൃതികളഖിലം 

              സ്വന്തമാക്കുന്നു മോദാൽ.

പാരിക്കും ദ്രവ്യനാശം, പ്രിയജനവിരഹം, 

              ദുസ്സഹം കീർത്തിദോഷം,

വൈരാഗ്യത്തിന്റെ സമ്മർദ്ദനമതികഠിനം, 

              രോഗ,മാപത്തിതെല്ലാം

ഓരോ വ്യക്തിക്കുമോരോ നിലയിൽ വരണമെ-

               ന്നീശ്വരാഭീഷ്ടമത

യാരാലും സാദ്ധ്യമാവില്ലതിനൊരു ചെറുതും

               മാറ്റമുണ്ടാക്കിവയ്പ്പാൻ.

എല്ലാക്ലേശങ്ങളും തീർന്നൊരുസുദിനംമുദി- 

               ച്ചീടു,മീ ദീർഘയാത്ര-

യ്ക്കെല്ലാമപ്പോൾ വിരാമം വരു,മവിടെ നമു-

               ക്കെത്രയാനന്ദമോർത്താൽ

വല്ലാതപ്പോൾ ലലാടസ്ഥലമതിൽ നിറയും 

                സ്വേദബിന്ദുക്കളേ നി-

സ്തുല്യസ്നേഹത്തോടേ നല്ലൊരു മൃദുലകരം 

                 മന്ദമന്ദം തുടയ്ക്കും.

പിന്നിട്ടുള്ളൊരു മാർഗ്ഗം, കഠിനശിലകളും 

                 മുൾപ്പടർപ്പും ശരീരം

ചിന്നിക്കീറിച്ചൊരിഞ്ഞുള്ളൊരു നിണവുമണി 

                 ഞ്ഞുള്ളതായ് കണ്ടിടുമ്പോൾ

തന്നെത്താൻ വിസ്മരിച്ചാ വിഷമതകൾ ജയി- 

                 ച്ചെത്തി ലക്ഷ്യത്തിൽ നില്ക്കും

ധന്യാത്മാക്കൾക്കു വാക്കിന്നളവുകവിയുമാ- 

                 ത്രെയോ ചാരിതാർത്ഥ്യം!

വർണ്ണിക്കാനാവതല്ലാത്തൊരു കഠിനതരം

                 യാതനാബാധമൂലം

കണ്ണീരും കൈയുമായിട്ടിരവുപകൽകഴി-

                 ഞ്ഞുള്ള കാലങ്ങളെല്ലാം

വിണ്ണിൽചെന്നെത്തിടാനായ് പണിത മഹിതമാ-

               ണിക്യസോപാനമായി നാ-

മെണ്ണിക്കൊണ്ടാടിടുമ്പോൾ കരളുകവിയുമാ- 

            റെത്രയോ ചാരിതാർത്ഥ്യം!

നഷ്ടപ്പെട്ടുള്ള സമ്പ,ത്തപകടമൃതിയിൽ

            പെട്ടൊരോമല്ക്കുമാരൻ

ദുഷ്ടന്മാർ താറടിച്ചോരമലതരയശ 

            സ്സെ,ന്നുതൊട്ടുള്ളതെല്ലാം

പുഷ്ടിപ്പെട്ടൊന്നിനോരായിരമതിലധികം 

           സംഖ്യയില്ലാതവണ്ണം

കിട്ടും വീണ്ടും നശിക്കാത്തൊരു നിലയിൽ; 

           നമു ക്കെത്രയോ ചാരിതാർത്ഥ്യം!

എന്തുംവന്നാൽ വരട്ടെ ഭൂവനമൊരു വെറും

           നാടകത്തട്ടുമാത്രം;

സ്വന്തം വേഷത്തിനൊക്കും നിലയിലഭിനയം 

           മെച്ചമാക്കീടണം നാം

അന്ത്യത്തിൽ സ്ഥാനമാനാദികളരുളിടുവാൻ

           ലോകസമ്രാട്ടുതന്നേ 

സന്തോഷത്തൃക്കടാക്ഷക്കതിരൊളി വിതറി- 

           ക്കൊണ്ടിരിക്കുന്നുവല്ലോ.

ആശങ്കയ്ക്കെന്തുകാര്യം? വരിക വരിക നാം 

         ത്യാഗമാർഗ്ഗത്തിലൂടേ

യാശിക്കും ലക്ഷ്യമൊന്നേ ശരണമിതി നിന- 

         ച്ചോടണം ധീരരായി.

ഈശന്മാർക്കീശനിൽ നിന്നവരവരുടെ സ-

         മ്മാനവും കൈയിൽ വാങ്ങി-

ദ്ദേശീയാനന്ദഗാനം വിരവിലണിനിര-

              ന്നൊത്തുചേർന്നാലപിക്കാം.

                                                                  (ദീപിക, 25 ഒക്ടോബർ 1957)