02 Alvernayile Athbutham

അൽവേർണയിലേ അത്ഭുതം


പഞ്ചപവിത്രക്ഷതവാൻ ഫ്രാൻസീസ്, 

ഉന്നതസിദ്ധികളാൽ 

പഞ്ചമഹീതലഖണ്ഡങ്ങളിലും 

കീർത്തിതനാദൃതനും

സഞ്ചിതവിനയവിശിഷ്‌ടഗുണത്താൽ

ഭൂഷിതനെങ്ങനെയി 

പഞ്ചക്ഷതമുണ്ടായി? വിരോധിക 

ളവനെ ക്രൂശിച്ചോ?

 

ക്രൂശിതനായില്ലെന്നാലും നര

കുലപരിരക്ഷയ്ക്കാ- 

യീശോനാഥൻ തൻ തിരുമേനിയി

ലേറ്റൊരു പീഡകളേ 

ക്രൂശിലെ മരണം വരെയവനെന്നും 

ധ്യാനിച്ചതിനാലേ- 

യാശവളർന്നതിലോഹരികിട്ടാ, 

നതിനായ് പ്രാർത്ഥിച്ചു.

 

തീരാനരകം മർത്യാത്മാക്കളെ 

വാരിവിഴുങ്ങുകയോ!

പോരാസിദ്ധനുചേതശ്ശക്തിയ 

തോർമ്മിക്കാൻപോലും 

മേരീസുതനക്കാൽവരിമലയിൽ 

കടശിത്തുള്ളിവരേ 

ചോര ചൊരിഞ്ഞതുമാനുഷരിങ്ങനെ 

നിഷ്‌ഫലമാക്കുകയോ?

 

പാപാത്മക്കൾക്കെല്ലാം വേണ്ടി 

കുരിശുചുമന്നവനേ 

പാപികൾ മദ്ധ്യേയവഹേളിതനായ് 

ക്കുരിശിൽ മരിച്ചവനേ 

സ്വാപത്തിലുമവനോർക്കുക പതിവായ് 

ഭക്തിപുരസ്സരമാ 

താപസനങ്ങനെയുന്നതമായ 

സമാധിയിലാണ്ടൊരുനാൾ. 

 

ദിവസം കുരിശു പുകഴ്‌ചത്തിരുനാൾ

സമയം യാമിനിയും 

ഭുവനമശേഷം ശബ്ദമടക്കി 

സ്സുഖനിദ്രയിലാർന്നു 

അൽവേർണ്ണാമലമുകളിൽക്കാണാം 

പ്രസ്തരപീഠത്തിൽ 

ദിവ്യമനുഷ്യൻ നിലകൊള്ളുന്നതു

കാൽമുട്ടുകളൂന്നി. 

 

കൈകൾ നീട്ടിവിരിച്ചിട്ടുണ്ടിരു 

ഭാഗങ്ങളിലേക്കും 

നാകത്തേക്കു തിരിച്ച വിധത്തിൽ 

കണ്ണുകളും നിൽപൂ 

ആകപ്പാടേ നിശ്ചലനായ് ചില 

മാത്രകൾ പിന്നിട്ടു 

നാകത്തിൻ പടിവാതിൽ 

തുറക്കപ്പെട്ടതുപോൽ തോന്നി.

 

പരമപ്രഭയിൽ പരിശോഭിതമായ് 

മലയും പരിസരവും 

പരിശുദ്ധന്റെ മുഖത്തെ ജ്യോതി

സ്സെങ്ങനെ വർണ്ണിക്കും? 

ഒരു മിന്നൽപ്പിണർപോലൊളിയാർന്ന 

സെറാഫീൻ മാലാഖാ 

യരികത്തേക്കു പറന്നുവരുന്നതു 

കണ്ടു മഹാസിദ്ധൻ.

 

രണ്ടു മനോഹരപക്ഷം വീശി 

വിരിച്ചു പറക്കുന്നു 

രണ്ടു തനുരൂഹമങ്ങനെ നില്ക്കു-

ന്നുപരിയൊരഞ്ജലിപോൽ.

വീണ്ടും ചിറകുകൾ രണ്ടുണ്ടവയെ 

സ്സവിനയമായ് താഴ്ത്തി- 

ക്കൊണ്ടു ശരീരം മുടിമറയ്ക്കു

ന്നാടധരിച്ചതുപോൽ.

 

ചിമ്മിക്കണ്ണു തുറന്നപ്പോളൊരു 

ക്രൂശിതനേയത്രേ 

കാണ്മതുമുമ്പിൽ,കാൽവരിമലയിലെ

രക്ഷകനേശുവിനേ 

അത്ഭുതഭക്തിവികാരപരമ്പരയകമേ

യലയടിയായ് 

അപ്രതികർമ്മാവങ്ങനെ തന്നേ 

നിശ്ചലനായ് നിന്നു.

 

പാറപ്പുറമേകൊത്തിച്ചേർത്തൊരു

വിഗ്രഹമെന്നതുപോ- 

ലേറെസ്സമയം നിന്നു വിശുദ്ധൻ 

തിരുനാഥനെ നോക്കി.

ഏറും വിലയാനിമിഷങ്ങൾക്കു

ണ്ടതുലരഹസ്യങ്ങൾ 

കൂറൊടു ഭക്തനു നൽകീട്ടുണ്ടോ 

ഭക്തപ്രിയനപ്പോൾ 

 

ഉഗ്രമരീചികൾ ചീറിപ്പാഞ്ഞു 

ക്രൂശിതനിൽനിന്നും 

ശീഘ്രമണഞ്ഞു തറച്ചവ ദിവ്യനി

ലമ്പുകളെപ്പോലെ 

സ്വർഗ്ഗനിവാസികളാനന്ദത്താൽ

പുളകിതരാകുകയോ!

സുഗ്രാഹ്യവുമല്ലവിടെ നടന്ന 

മഹാസംഭവമെല്ലാം.

 

പെട്ടെന്നവനൊരു മൂർച്ഛയിലായി 

കേവലമൊരു നിമിഷം, 

ശിഷ്ടൻ കണ്ണുതുറന്നതിനിടയിൽ 

ത്തീർന്നു ദർശനവും 

മുട്ടിന്മേലാനിലയാണപ്പൊഴു

മെങ്കിലുമവശതയാ- 

ലിഷ്ടം പോലെഴുന്നേല്ക്കാൻ വയ്യാ 

കാരണമാരാഞ്ഞു.

രുധിരം ചിന്തും മുറിവുകളഞ്ചും 

കണ്ടു ശരീരത്തിൽ 

വ്യഥയുണ്ടെന്നാൽ ദിവ്യാനന്ദ 

പ്രദമാം വ്യഥയത്രെ.

അധികസ്പൃഹയോടർത്ഥിച്ചതുപോൽ 

സഹനത്തിൻ നാഥൻ 

സദയം തന്നുതനിക്കതിലോഹരി 

യെന്നു ധരിച്ചവനും, 

അതിവിനയത്തിൻ മൂർത്തിയതന്യരിൽ 

നിന്നു മറച്ചീടാൻ 

നിതരാം വ്യഗ്രത കാണിച്ചെങ്കിലു

മെങ്ങനെ സാധിക്കും?

 

കൈകാലുകളേയെവിടെയൊളിക്കും?

കണ്ടില്ലൊരു മാർഗ്ഗം 

വൈകാതെഴുനേറ്റൊരുവിധമടികൾ 

ചേർത്താക്കല്ലിന്മേൽ.

 

മന്ദം മന്ദം നീക്കിയകാലടി 

താങ്ങിയഭൂതലമേ,

എന്നും നീ പരിപാവനമല്ലോ

സഭയാലാദ്യതവും 

വന്ദ്യൻ വാസസ്ഥലമാം ഗുഹയിൽ 

ചെന്നു പരിക്ഷീണൻ 

വന്നു ‘ലെയോ’സന്ന്യാസിയുമാത്മ 

സുഹൃത്താം പ്രിയശിഷ്യൻ.

 

അത്ഭുതവിവശൻ താണു നമിച്ചാ 

ഗുരുവിനെയാദരവോ- 

ടപ്പോഴും നിണമോലും മുറിവുകൾ 

ദൃഷ്ടികളിൽപെട്ടു.

നില്പിൽത്തന്നേ നിന്നൊരു ചലനവു 

മുരിയാട്ടവുമെന്യേ 

അല്പേതര ജിജ്ഞാസയുമുണ്ടായ് 

നൂതനകാഴ്ചകളിൽ

 

അരികിലിരുത്തി പ്രേഷ്‌ഠസുഹൃത്തിനെ

യാത്മാർത്ഥതയോടെ 

നിരഹങ്കാരവചസ്സിൽ ധന്യൻ

സംഗതി വിവരിച്ചു 

മരണംവരെയാ മുറിവുകളഞ്ചും 

മിശിഹാനാഥൻ്റെ 

കുരിശിലെ വേദനതന്നേ ദിവ്യനു 

നല്കിയിരുന്നനിശം.

(അസ്സീസി, 1969)