അവർക്കു പറ്റിയ അബദ്ധം

കുലവധൂടികൾ കാലിണകൂപ്പിടും
ജലജനേർമിഴിക്കാസന്നമായ് വന്നു
തുലയകന്നവിവാഹമഹോത്സവം
പലതരത്തിലുമാനന്ദദായകം.
കലിതകൗതുകപൂരിതമാനസ
വിലയെഴുന്നൊരു സംവിധാനങ്ങളാൽ
നിലയമാകെയലങ്കൃതമാക്കിനാൾ
നലമൊടുന്നതഭൂഷകൾ ചാർത്തിനാൾ
അവികലാഭാടസ്‌തമയാചലേ
രവിയണഞ്ഞു മറഞ്ഞുതുടങ്ങവേ
ഭവനസീമനി തൂക്കി വിളക്കുകൾ
ദിവി വിളങ്ങിന താരകളെന്നപോൽ
ഇരവിലാണു വരന്റെ സമാഗമം
പരിജനങ്ങളുമായ് ബഹുമോടിയായ്
സരസിജാനനഭാവുകമൂർത്തിതൻ
വരവുനോക്കിയിരുന്നിതു രാത്രിയിൽ
സുമസമാനമനോഹരഗാത്രികൾ
ചമയമോടികളാൽ പരിശോഭിതർ
രമണിതൻ പ്രിയതോഴികൾ പത്തുപേർ
പ്രമുഖായെതിരേല്പിനൊരുങ്ങിനാർ
മണിവിഭൂഷകൾ ചാർത്തി, മനോഹര
മണിവിളക്കുകൾ കൈകളിലേന്തിയും
അണിനിരന്നവർസ്വർഗ്ഗസമാനമാം
മണവറയ്ക്കു പുരോഭുവിഭംഗിയിൽ
അധികനേരമതേനില നില്ക്കയാൽ
മൃദുശരീരികൾ ക്ഷീണിതഗാത്രരായ്
സുദതിമാരവരല്പമുറങ്ങുവാൻ
ഹൃദിനിനച്ചു ശയിച്ചു കിടക്കയിൽ.
സുഖസുഷുപ്തിയിലാണ്ടു സുധാകര-
മുഖികൾ, മദ്ധ്യനിശീഥിനിവേളയിൽ
പ്രകൃതീദേവിയെക്കോൾമയിർക്കൊള്ളിക്കും
തകൃതിയാർന്നൊരുകാഹളം കേൾക്കയായ്,
വരസമാഗമമംഗളഘോഷണം
കരളിനാനന്ദദായകം കേൾക്കവേ
വിരവിൽഞെട്ടിയുണർന്നവരുല്ലാസ-
ത്തരസുഷുപ്‌തിയിൽ നിന്നെഴുന്നേറ്റുടൻ.
“വരികനാമെതിരേല്ക്കുക മാന്യനാം
വരനെ’യെന്നു പറഞ്ഞു പരസ്പരം
തിരി തെളിച്ചു നിറച്ചു വിളക്കുകൾ
പരിചൊടേന്തി നടന്നു തുടങ്ങിനാർ.
ചില വിളക്കുകൾ മങ്ങിയിടയ്ക്കിടെ
കലിതകാന്തികുറഞ്ഞു പൊലിഞ്ഞുപോയേ്
നലമൊടായവവീണ്ടുതെളിക്കുവാ-
നലസനേത്രങ്ങൾ പാരമശക്തരായ്
കരുതലറ്റൊരു ഭോഷികൾ, “ഞങ്ങൾക്കും
തരിക തൈല’മെന്നാശ്രയിച്ചന്യരേ.
തിരിയണഞ്ഞവിളക്കുകളേന്തുവോർ
വരനെയെങ്ങനെചെന്നെതിരേറ്റിടും!
പ്രതിഭാശാലികളായവർ തൽക്ഷണം
പ്രതിവചിച്ചുപചാരപുരസ്സരം
“ഇതിലൊരോഹരി നിങ്ങൾക്കു നല്കിയാൽ
മതിയാകില്ലിരുകൂട്ടർക്കുമേതുമേ.
അവിളംബം നിങ്ങൾ പോയി വാങ്ങിപ്പതാ-
ണവസരോചിതമെന്നു ധരിച്ചാലും”
അവരാവാക്കുകേട്ടാപണവീഥിയിൽ
ജവമായ്ച്ചെന്നുചേർന്നെണ്ണയും വാങ്ങിച്ചു.
മടങ്ങിവന്നപ്പോൾ ഗേഹകവാടമു-
ണ്ടടഞ്ഞുകാണുന്നു നൈരാശ്യഭാരമേ!
പിടഞ്ഞുമാനസം, സംഭ്രമത്തോടേ ചെ-
ന്നുടനേ വാതിലിൽ തട്ടിവിളിക്കയായ്.
“കാരുണ്യസാഗര! കാരുണ്യം ഞങ്ങളിൽ
ചൊരിയണേ വിഭോ! വാതിൽ തുറക്കണേ!
തരിക ഞങ്ങൾക്കും ഭാഗധേയം മഹാ
വിരുന്നിൽ സാമോദം പങ്കുകൊണ്ടീടുവാൻ”
“അറിയുന്നില്ല ഞാൻ നിങ്ങളേ’യെന്നുള്ള
മറുപടി മാത്രം കേട്ടിതു “ഭോഷികൾ”
അപരിഹാര്യമാം നൈരാശ്യകൂപത്തിൽ
സപദിവീണവർ താണിതു നിത്യമായ്
പരമദൈവപ്രസാദദീപം വിനാ
മരണവേളയിൽ കാണപ്പെടുന്നാകിൽ
പരഗതി വാതിൽപൂട്ടി ദൈവം നമ്മേ
ദുരിതകൂപത്തിൽ നിത്യമായ് തള്ളിടും.
(കത്തോലിക്കാപ്രവർത്തനം (കൊല്ലം), മേയ്, 1939)
