04 Avide Sthalamile

അവിടെ സ്ഥലമില്ലേ?


അയി, നോക്കുക രണ്ടു യാത്രികർ 

വളരെ ക്ഷീണിതർ പാദചാരികൾ 

എവിടേയ്ക്കു ഗമിച്ചിടുന്നതീ 

നിശയിൽ നിർദ്ധനവേഷധാരികൾ!

അകളങ്കമനോഹരാംഗിയാ-

ളവളഹോ! പരിപൂർണ്ണഗർഭിണി.

തളരുന്നവിധത്തിലാണു കാ-

ലടികൾവയ്പ്പതു സാധുദുർബ്ബല.

സഹയാത്രികനൊരു ഭൃത്യന-

ല്ലൊരു പക്ഷേ ധവനായിരിക്കണം 

അവളോടുവയഃ പൊരുത്തമി 

ല്ലവനെക്കാണുകിലെന്നു നിശ്ചയം.

“ജഗദീശ്വരാ,പാഹി പാഹി’യെ-

ന്നിടയിൽ പ്രാർത്ഥനചെയ്‌തിടുന്നവർ 

ഒരു ദിവ്യമഹസ്സു തനിയേ 

വലയം ചെയതുപോലെ കാണ്ണുതേ.

ചില സാന്ത്വനവാക്കുകൾ പുമാ- 

നുരചെയ്യുന്നവളോടു സാദരം 

പരിപൂർണ്ണ വിധേയസാധ്വിയാ- 

ളവകേൾക്കുന്നധികം വിനീതയായ്.

സഹനത്തിനു നല്ലമാതൃക- 

യ്ക്കിവരേഭൂവിലയച്ചിതോപരൻ?

ഇതിലെന്തുരഹസ്യമല്പമൊ- 

ന്നവരെപ്പിൻതുടരേണ്ടതാണു നാം.

പ്രസവത്തിനവൾക്കു നേരമാ- 

യൊരു ചെറ്റക്കുടിലില്ല കഷ്ടമേ!

ഒരു ബന്ധുഗൃഹത്തിലെത്തിയാ 

പുരുഷൻ വാതിലിൽ മുട്ടിടുന്നിതാ.

“ഇവിടെ സ്ഥലമില്ല” വാതിലി

ന്നകമേ നിന്നൊരു നിർദ്ദയസ്വരം.

അധികക്ഷമയോടു പിൻതിരി- 

ഞ്ഞവർ വീണ്ടും നടകൊണ്ടു ശാന്തരായ്.

ദയനീയനിലയ്ക്കു നാരിയെ

പ്പുരുഷൻ കണ്ടുരുകുന്നു മാനസം 

ഒരു തെല്ലകലത്തു പിന്നെയും 

ഗൃഹമൊന്നുണ്ടവിടേയ്ക്കു പോകയായ് 

അവിടെസ്സദിരാണു സദ്യയാ-

ണിവരെക്കണ്ടു കഴിഞ്ഞമാത്രയിൽ 

“ഇവിടെ സ്ഥലമില്ലയാത്രികർ-

ക്കുടനേപോവുക – തീർന്നു സംഗതി.

പലവീട്ടുകവാടവും കട-

ന്നൊരിടത്തും “സ്ഥലമില്ല” സങ്കടം! 

ഒരു വാതിൽ തുറന്നു കിട്ടിയി- 

ല്ലവരാരാത്രിയിലെന്തു ചെയ്തിടും?

ജനസംഖ്യയെടുപ്പുകാലമാ- 

ണതിനാൽ പട്ടണമാൾത്തിരക്കിലായ് 

വഴിയമ്പലവും നിറഞ്ഞുപോയ് 

‘വഴിയാധാര’മിതെന്നുവന്നിതോ?

സ്വജനങ്ങളറിഞ്ഞഭാവമി-

ല്ലവർ സമ്പന്നരിവർ ദരിദ്രരും 

ഗതിയെന്തിനിയെന്ന ചിന്തയാൽ

വിഷമിക്കും സ്ഥിതിയാരു കാണുവാൻ! 

അവരേതൊരിടത്തിലേയ്ക്കു പോ,-

യഭയം നല്കിയതേതുദാരനോ! 

അഥവാ കൃപനിസ്സഹായരിൽ 

ചൊരിയാൻ മാനുഷനജ്ഞനല്ലയോ? 

അജപാലകർ മേട്ടിലൊട്ടുപേ- 

രറിവില്ലാത്തവരെന്നിരിക്കിലും

അഖിലേശ്വരഭക്തർ പ്രാർത്ഥനാ- 

നിരതർ രാവിലുണർന്നിരിക്കയാം. 

നരരക്ഷകനാഗമിച്ചിടേ-

ണ്ടതിനായ് പ്രാർത്ഥനചെയ്കയാണവർ.

ഇടയിൽ ചില വർത്തമാനമു- 

ണ്ടതിലും കാര്യമിതൊന്നു മാത്രമാം. 

പ്രകൃതീശ്വരിയച്ചടക്കമായ്, 

സമയത്തിൻ നിലയർദ്ധരാത്രിയായ്, 

ഹൃദയം കവരുന്ന ഗാനമൊ-

ന്നവർ കേൾക്കുന്നൊരമർത്യഗീതകം. 

“നിതരാം സ്തുതിയുന്നതങ്ങളിൽ

സകലേശനു; ധരാതലത്തിലോ 

സുജനത്തിനുശാന്തി” മേന്മയോ-

ടവർ പാടുന്നിതു ദിവ്യഗായകർ. 

ശിശുവായി ജനിച്ചു രക്ഷകൻ

മൃഗശാലയ്ക്കകമേ ശയിപ്പതും 

അവരേയറിയിച്ചു; മംഗളം

ചൊരിയും ദൂതതു സാർവ്വലൌകികം. 

“ഇവിടെ സ്ഥലമില്ല”-നിങ്ങളെ

ന്തുരചെയ്തെന്നു നിനയ്ക്കവമ്പരേ, 

ഇതിലും വലുതായ നഷ്ടമെ 

ന്തിനി നിങ്ങൾക്കു വരേണ്ടതോർക്കുകിൽ!

ധനവാനകലത്തെറിഞ്ഞൊരാ 

മണി ഗോശാലയിലെത്തിവീണിതാ.

അതു നിർദ്ധനർ കൈയടക്കിവ 

ച്ചണിയുന്നുണ്ടു ശിരസ്സിലാദരാൽ. 

അവിടെ “സ്ഥലമുണ്ടു” നിർദ്ധനർ- 

ക്കിടയിൽ, കാൺക പശുത്തൊഴുത്തിലും 

അവർ നിസ്തുലഭാഗ്യശാലികൾ

വിലയേറും നിധി നേട്ടമായവർ.

ഹൃദയങ്ങൾ തുറന്നുകിട്ടുവാ 

നിനിയും രക്ഷകനെത്തിടുന്നിതാ 

പരദേശികളെത്തുരത്തിനാ- 

മുടമസ്ഥന്നു വിരുന്നൊരുക്കണം.

“ഇവിടെ സ്ഥലമുണ്ടൊരുക്കമു-

ണ്ടകമേയുണ്ടു തെളിഞ്ഞദീപവും.

അവിടേയ്ക്കു തുറന്ന വാതിലാ- 

ണിതു, വന്നാലുമകത്തു സസ്‌മിതം” 

ഇതുമട്ടു സദാപിനാം ക്ഷണി

ച്ചിടണം സ്വീകരണങ്ങൾ നല്‌കണം.

ഒരു നിത്യവിരുന്നിലങ്ങയോ-

ടൊരുമിക്കും ദിനമെത്തിടുംവരേ.

(ദീപിക, ഡിസംബർ 1961)