ഭുവനമഹാൾ

ഇക്കാണും മണിമന്ദിരം-വിപുലമാം
കൊട്ടാരം-എൻ സ്ത്രീധനം,
നോക്കീടുന്നവരമ്പരന്നു നിലകൊ-
ണ്ടീടും മഹാസൗധമേ!
ഇക്കാലംവരെ ഞാനിതിൻ്റെയകമേ
പാർക്കുന്നതുണ്ടെങ്കിലും
നോക്കീട്ടെത്തുപെടുന്നതില്ലെവിടെയാ-
ണേതാണിതിൻ സീമകൾ?
ഓർത്താലെന്റെ പിതാവു മൂന്നുലകിലേ-
യ്ക്കേറ്റം ധനാഢ്യൻ, പരം
പുത്രീവത്സലനാണനന്തഗുണവാ-
നൌദാര്യ വാരാന്നിധി.
ഇത്രത്തോളമുയർന്നപൈതൃകധനം
മറ്റേതുസമ്പന്നനും
പുത്രിക്കിന്നുവരെക്കൊടുത്തൊരറിവി-
ല്ലെന്താ ചരിത്രജ്ഞരേ?
കൊട്ടാരത്തിലെടുപ്പുകൾ പലതരം,
നീന്തൽക്കുളങ്ങൾ പലേ
മട്ടിൽ, നിത്യവസന്തകാന്തിയെഴുമാ-
രാമങ്ങൾ, നൂറായിരം,
ഇഷ്ടംപോൽ കളിയാടുവാനകമിണ-
ങ്ങീടും സഖീവൃന്ദവും,
കെട്ടീടാതെ സദാപി ദീപ്തിചൊരിയും
ദീപപ്രകാണ്ഡങ്ങളും.
മേലാപ്പെത്രമനോഹരം! വിലയെഴും
രത്നങ്ങളാൽ ഭൂഷിതം
നീലച്ചാന്തിതുപോലെ ശില്പിയൊരുവൻ
മേനിപ്പെടുത്തീടുമോ?
ചേലേറും മണിതല്ലജങ്ങ,ളവയിൽ
നിസ്സാരമാമൊന്നിനെ-
പ്പോലും വാങ്ങീടുവാൻ തികഞ്ഞധനമി-
ല്ലേതോരു സമ്രാട്ടിനും.
അങ്ങിങ്ങായി മണൽപ്പരപ്പുപലതും
കാണുന്നതുണ്ടെന്തിനോ!
ഭംഗിപ്പെട്ട വിനോദരംഗതലമാ-
ണോരോന്നുമെന്നോർപ്പു ഞാൻ.
സംഗീതത്തിനു വീണമീട്ടിടുവതും
കേൾക്കുന്നഹോ ചുറ്റിലും
പൊങ്ങും മംഗളവാദ്യഘോഷബഹളം
മേൽത്തട്ടിലുണ്ടെപ്പൊഴും.
പച്ചപ്പട്ടണിമെത്തയാർന്നെവിടെയും
ശയ്യാഗൃഹം, വേണ്ടിട-
ത്തിച്ഛയ്ക്കൊത്തു ശയിച്ചിടാം, വിശറിയി-
ല്ലാതുള്ള വീച്ചേറ്റിടാം.
മെച്ചപ്പെട്ട പഴങ്ങളെത്രതരമാ-
ണോരോന്നിനേയുച്ചിയിൽ
വച്ചുംകൊണ്ടു വിളിക്കയാണു വിടപീ-
ജാലങ്ങളെന്നെസ്സദാ.
പാനീയം പരിപാവനം, രസനയെ-
സംതൃപ്തമാക്കീടുമാ
തേനും പാലുമുറന്നുറന്നു നിറയു-
ന്നെൻ പാനപാത്രങ്ങളിൽ
സ്നാനത്തിന്നു കുളങ്ങളുണ്ടരുവികൾ
ധാരാജലം കൂടെയും
നൂനം നൂതനമിഷ്ടദാനമിതിലു-
ണ്ടെല്ലാമെനിക്കെപ്പോഴും.
വാനമ്പാടികൾ ഗീതകങ്ങൾ വഴിയാ-
യോതുന്നു, കാവ്യാമൃതം
സാനന്ദം വിരചിച്ചു സല്ലയതിൽ
നിർവ്വാണമാരായുവാൻ
വാനിൽ ശാരദനീരദങ്ങളൊളിതൂ-
കീടുന്ന വെൺപ്രതവും
മാനിച്ചങ്ങു വിരിച്ചുകൊണ്ടെഴുതുവാ-
നെന്നെ ക്ഷണിക്കുന്നിതാ.
‘ബക്കിങ്ങാ’മിനെവെന്നമാളിക,”യിതിൽ
സൗഭാഗ്യസമ്പൂർണ്ണയായ്
പാർക്കാം രാജകുമാരിയായ്, വരിക’യെ-
ന്നോതുന്ന സൽസ്വാഗതം
അക്കാണുന്ന മഹാവനങ്ങളുപദേ-
ശിക്കുന്നു “വന്നാലുമി-
ങ്ങാർക്കും ദൈവികചിന്തയോടു തുടരാം
സ്വൈരം തപോജീവിതം.”
ഓരോകൊച്ചുമണൽത്തരിക്കുമറിയാം
സ്നേഹിക്കുവാനത്രയ-
ല്ലാരോരാപകലാലപിച്ചിടുവതു-
ണ്ടാസ്നേഹഗാനാമൃതം
ചേരുന്നുണ്ടുസമസ്തവസ്തുവുമതിൽ
സാമൂഹ്യഗാനം-മടി-
ച്ചാരും നില്ക്കുവതില്ലപസ്വരവുമി-
ല്ലാശ്ചര്യമാനന്ദമേ!
ആരീവിശ്രുതഗായകൻ? വിരയണം
കണ്ടെത്തണം തൽക്ഷണം
പാരാതുള്ള പരിശ്രമത്തിൽ വിജയം
ചേരേണ്ടതാണെപ്പോഴും
ആരായാലുമവൻ മഹാ,നവനുഞാൻ
ശിഷ്യപ്പെടും, ഹൃദ്യമായ്
തീരും ജീവിതമാവഴിക്കു, ഹൃദയം
നൽകുന്നിദം ചോദനം.
എല്ലാമുണ്ടിഹ ബുദ്ധിപൂർവ്വമവയെ
സ്സംവീക്ഷണം ചെയ്തുഞാൻ
കില്ലെന്യേ കുശലപ്രദങ്ങളെ വരി-
ച്ചീടേണ്ടതല്ലോ സദാ
കല്ലും മുള്ളുമിടയ്ക്കുവല്ലൊരിടവും
കണ്ടെന്നതും വന്നിടാം
ഫുല്ലാംബ്ജംകഴൽ താങ്ങുമെങ്കിലവിടെ-
പ്പോകുന്നതെന്തിന്നു ഞാൻ?
വന്നാലും വരഗായകാഗ്രണി, യെനി-
ക്കങ്ങേപ്രസാദം ലഭി-
ച്ചെന്നാലോ ഗുരുപാദരേ, സകലതും
നിസ്സാരമെൻ ദൃഷ്ടിയിൽ.
തന്നാലും മുഖദർശനം, പിതൃധനം
നിശ്ശേഷമർപ്പിച്ചിടാ-
മെന്നാലും ഗുരുദക്ഷിണയ്ക്കുമതിയാ-
കില്ലെന്നൊരാശങ്കമേ.
ഏതായാലുമതൊക്കെയങ്ങനെ, യിനി-
ച്ചെയ്യേണ്ടതെന്താണു ഞാൻ!
ഗീതാലാപകനെത്തിരഞ്ഞെടുത്തിടുകയാ-
ണേതും വിളംബംവിനാ
ഏതാണങ്ങുവസിച്ചിടും സദനമെ-
ന്നാരോടു ചോദിച്ചിടും!
വീതാശങ്കമിറങ്ങിടാം വഴികളിൽ
മുമ്പോട്ടു പൊയ്ക്കൊണ്ടിടാം.
അല്ലേയെങ്ങുഗമിച്ചിടുന്നരുവി നീ?
ഹേ തെന്നലേ, നീ കളി-
ച്ചുല്ലാസത്തൊടു പോയിടുന്നതെവിടേ-
യ്ക്കാണെന്നു ചൊന്നീടുമോ?
ചില്ലക്കമ്പുകളിട്ടിളക്കി വിടപ,
നീയെന്തുചെയ്യുന്നു? ഞാൻ
ചെല്ലേണ്ടുന്നൊരിടത്തിലേയ്ക്കു ദയവാ-
യാരെന്നെയൊന്നാക്കിടും?
എന്താണിങ്ങനെവിഭ്രമം? വഴിതിര-
ഞ്ഞെങ്ങോട്ടു പോകുന്നു നീ?”
പൊന്തീടുന്ന സമൂഹഗാനമതിൽ നി-
എന്നെന്നോടു ചോദിക്കയായ്.
“പൂന്തേൻവാണി, വിരഞ്ഞിടും ഗുരുവരൻ
സ്നേഹസ്വരൂപൻ മഹാൻ
നിൻ താതൻസവിധത്തിലുണ്ടു സുഭഗേ,
പോകേണ്ട നീയെങ്ങുമേ.”
എന്താണെൻ പ്രിതതാതനോ? മടയിഞാ-
നങ്ങേയറിഞ്ഞില്ലയോ?
സ്വന്തം താതനെ? ജന്മമേകിയനിശം
പോറ്റുന്ന സമ്പൂജ്യനെ?
ചിന്തും രാഗവുമാലപിപ്പുതവിടു
ന്നാണോ? നമസ്ക്കാര,
മ ങ്ങെന്തേ ദർശനഭാഗധേയമിനിയും
നൽകാൻ മടിക്കുന്നുമേ?
കാണാതുള്ള കരങ്ങളെന്നെ മൃദുവായ്
കൈക്കുഞ്ഞിനെപ്പോലെടു
ത്തീണത്തോടിതപാടിടുന്നു.
മുകരു ന്നൂഞ്ഞാലിലാട്ടുന്നിതാ.
വേണോവേറെയൊരുത്തരം? ഹൃദയമോ
സമ്പൂർണ്ണസംതൃപ്തിയിൽ
താണീടുന്നു; നമോനമോജനകഭോ,
തുഭ്യം നമോചിന്മയ!
(മനോരമ വാർഷികപ്പതിപ്പ് 1962)
