ചെറുപുഷ്പമഞ്ജരി

ഓമനത്താക്കോലേ, നിൻ്റെ നേർക്കീർഷ്യയാൽ
മാമക മാനസം തിങ്ങുന്നേറ്റം!
ശക്തരിൽ ശക്തനാം സത്പ്രേമമൂർത്തിയെ
യുൾക്കൊള്ളും ഗേഹത്തിൻ കാവലാളായ്
ഇപ്പോപോലെപ്പോഴും നീ തുറക്കുന്നല്ലൊ
ശ്രേഷ്ഠമാം ഭാഗധേയപ്രഭാവം!
എന്നാലുമദ്ഭുതം! വിശ്വാസശക്തിയാ-
ലൊന്നു ഞാൻ തള്ളുന്നോരക്ഷണത്തിൽ
ഹന്തവാതായനം താനേ തുറന്നെന്റെ
സ്വന്തമാം രക്ഷകനോടുകൂടി
എന്നെയും സക്രാരിക്കുള്ളിൽ മറയ്ക്കുന്നു
ധന്യ ഞാൻ, മോഹനമീ രഹസ്യം!
ഉത്തുംഗഭാസ്സോടെ ശുദ്ധസ്ഥലത്തെന്നും
കത്തുന്ന ദീപമേ, നിന്നെക്കാളും
ദൈവത്തിൻ സന്നിധൗ ശോഭിക്കും ഞാനെന്നും
പാവനസ്നേഹാഗ്നിജ്വാലയാലേ
എന്നിലജ്ജ്വാലയുണ്ടെന്നതു മാത്രമാ
ല്ലുന്നതനെൻ പ്രിയനേശുവിന്നായ്
വേറെയും ദൈവികസ്നേഹത്താൽ ദീപിക്കു-
മേറെയാത്മാക്കളെ നേടുവാനും
സാധ്യമാണെന്നെക്കൊണ്ടായതോർത്താലഹോ!
നിസ്തുലസൗഭാഗ്യം തന്നെയല്ലോ!
വാനവർകാവലായ് ചുറ്റിലും നിന്നിട്ടു
മാനിച്ചു സൂക്ഷിക്കും കെത്താനായേ!
ചേലോടെൻ നിക്ഷേപം വെണ്മയേറീടുന്ന
ബാലപ്പൂങ്കച്ചയിലെന്നപോലെ
നിന്നിൽ ശയിക്കുന്ന കാഴ്‌ചകണ്ടീടുമ്പോ-
ളെന്നുള്ളം തിങ്ങീടുന്നീർഷ്യയാലേ.
കന്യകാമാതാവേ! മാമകഹൃത്തട-
മുന്നതകാന്തിയെച്ചിന്നീടുന്ന
പുതവെൺകച്ചയായ് മാറ്റിത്തരേണമേ!
ശ്വേതമാമോസിക്കു വിശ്രമിപ്പാൻ
ശാന്തിസ്വരൂപനാം കുഞ്ഞാടുവന്നതിൽ
സന്തതസങ്കേതം കണ്ടിടട്ടെ!
എത്രയോ പൂജ്യയാം പീലാസാ! നീയല്ലോ
മർത്യനാം ദൈവത്തിൻ ദിവ്യപീഠം!
അല്പനേരത്തേക്കീയെന്നോടു ചേരുവാൻ
ചില്പുമാനിത്രയും താഴുന്നെങ്കിൽ
നീണാളായുള്ളോരൻ പ്രത്യാശ സാധിച്ചു
പ്രിണിതയാക്കിടുമങ്ങുന്നെന്നെ.
മൃത്യുനേരത്തോളമെന്തിനു ഞാനങ്ങേ
പാർത്തുനിന്നീടുന്നു! സത്യമോർത്താൽ
എന്നുള്ളിലെന്നുമെഴുന്നള്ളുമങ്ങേയ്ക്കു
ധന്യസിംഹാസനമാണല്ലോ ഞാൻ!
ഹാ! തിരുരക്തത്തെത്താണുവീണെന്നും ഞാ-
നേതൊരു കാസായിലാരാധിപ്പൂ
അപ്പരിശുദ്ധമാം കാസായായ്ത്തിരാനു-
മല്പമല്ലാശയെൻ മാനസത്തിൽ.
പക്ഷേയെൻ സ്വന്തമാണെന്നുമാപൂജയിൽ
രക്ഷകനേശുവിൻ ദിവ്യരക്തം.
പൊന്നിനാൽ മിന്നുന്ന കാസായേക്കാളേറ്റ-
മെന്നാത്മമാവേശുവിന്നിഷ്‌ടമത്രേ.
സന്ദേഹമില്ലങ്ങേ രക്തമെനിക്കായി-
ട്ടെന്നും മുടങ്ങാതെ ചിന്തിടുന്ന
ആതങ്കമേശാത്തോരാബലിപീഠമോ
നൂതനകാൽവരിതന്നെയ ല്ലോ.
മുന്തിരിക്കൊച്ചുകുലയൊന്നു സാമോദ-
മന്തർധാനം ചെയ്യുന്നങ്ങേക്കായി.
ഞാനങ്ങേ ക്രൂശിനാൽ മർദ്ദിതയാകുവാൻ
സാനന്ദമാശിക്കും സത്യമെല്ലാം
അങ്ങുന്നറിയുന്നു, ക്രിസ്തുവേ! സംശുദ്ധി
തിങ്ങുന്ന സ്വർഗ്ഗീയദ്രാക്ഷാവല്ലീ!
എപ്പോഴുമങ്ങേനേർക്കുള്ളോരൻ സ്നേഹത്തേ
പ്രസ്പഷ്ടമാക്കുന്നു നാഥാ ഞാനും.
എന്നും സ്വയം ബലിയാവുകയെന്നല്ലാ-
തൊന്നുമാശിക്കുന്നില്ലാനന്ദം ഞാൻ.
കന്മഷലേശവുമേശാത്തഗോതമ്പു
നന്മണിവൃന്ദത്തിൽ നിന്നുമെന്നെ
അദ്ദേഹമേവം തിരഞ്ഞെടുത്തീനില
സിദ്ധിച്ചതോർത്താലെൻ ഭാഗധേയം!
ജീവിതം നാമങ്ങേയ്ക്കർപ്പിച്ചു പൂജയായ്!
ഭാവുകം! സൗഭാഗ്യപാരാവാരം!
ഞാനങ്ങേ സൽപ്രേമഭാജനം! പ്രത്യേകാ-
ഹ്വാനത്താൽ സ്വീകൃത, സൽകൃതാർത്ഥ!
വന്നാലും! പാവനപ്രേമസർവ്വസ്വമേ!
എന്നാളുമെന്നിൽ വസിച്ചുകൊൾക!
സന്തതം താവകമോഹനരൂപമെ-
ന്നന്തരാത്മാവിനേയാകർഷിപ്പൂ.
വന്നാലുമുള്ളലിഞ്ഞങ്ങേയിലേക്കുമേ
തന്നാലും നല്ലൊരു രൂപമാറ്റം!
(കുടുംബദീപം, ഒക്ടോബർ, 1947)
